ഖുര്‍ആന്‍ ഖുര്‍ആന്‍-ലേഖനങ്ങള്‍

ഖുര്‍ആന്റെ വ്യാഖ്യാന ഭേദങ്ങള്‍ ഭിന്നതയോ?

ഖുര്‍ആനെ സംബന്ധിച്ച് ജനമനസ്സുകളില്‍ തറച്ചുനില്‍ക്കുന്ന ഒട്ടേറെ ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്: ദൈവികഗ്രന്ഥത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഭിന്നിപ്പിലും കക്ഷിമാത്സര്യത്തിലും പെട്ടിരിക്കുന്നവരെയും സ്വമതത്തെ തുണ്ടംതുണ്ടമാക്കിയവരെയും ഖുര്‍ആന്‍ ശക്തിയായി ആക്ഷേപിക്കുന്നുണ്ട്; അതേസമയം ഖുര്‍ആനിക നിയമങ്ങളുടെതന്നെ വ്യാഖ്യാനങ്ങളില്‍ സാരമായ അഭിപ്രായഭിന്നതകള്‍ കാണപ്പെടുകയും ചെയ്യുന്നു. പില്‍ക്കാല പണ്ഡിതന്‍മാര്‍ക്കിടയില്‍ മാത്രമല്ല, പൂര്‍വികരായ ‘ഇമാമു’കള്‍ക്കും ‘താബിഉ’കള്‍ക്കും ഇടയില്‍തന്നെ, നബി(സ)യുടെ സഖാക്കള്‍ക്കിടയില്‍പോലും ! ഇതെത്രത്തോളമെന്നാല്‍ നിയമപ്രധാനമായ ഒരു സൂക്തത്തിനെങ്കിലും സര്‍വാംഗീകൃതമായ ഒരു വ്യാഖ്യാനമുള്ളതയി കാണുന്നില്ല. അപ്പോള്‍ മതഭിന്നതയെ സംബന്ധിച്ച ഖുര്‍ആനികാധിക്ഷേപം ഇവര്‍ക്കെല്ലാം ബാധകമാണോ? അല്ലെങ്കില്‍ ഖുര്‍ആന്‍ വിരോധിച്ച കക്ഷിത്വവും ഭിന്നതയും എവ്വിധമുള്ളതാണ്?

ഇതൊരു വിപുലമായ പ്രശ്‌നമാണ്. തത്കാലം ഒരു സാമാന്യവായനക്കാരന്റെ സംശയനിവൃത്തിക്കാവശ്യമായ ചില കാര്യങ്ങള്‍ മാത്രമേ ഞാനിവിടെ സൂചിപ്പിക്കുന്നുള്ളൂ. ദീനില്‍ യോജിച്ചവരും ഇസ്‌ലാമികസംഘടനയില്‍ ഒന്നിച്ചവരുമായിരിക്കെ, കേവലം നിയമവിധികളുടെ വ്യാഖ്യാനങ്ങളില്‍ സത്യസന്ധമായ ഗവേഷണഫലമായുണ്ടാകാവുന്ന ആരോഗ്യകരമായ അഭിപ്രായഭിന്നതകള്‍ക്ക് ഖുര്‍ആന്‍ ഒരിക്കലും എതിരല്ല. മറിച്ച്, വക്രവീക്ഷണത്തില്‍നിന്നുയിര്‍കൊണ്ടതും കക്ഷിമാത്സര്യത്തിലേക്ക് നയിക്കുന്നതുമായ സ്വേഛാ പ്രേരിതമായ ഭിന്നിപ്പിനെയാണത് ഭര്‍ത്സിക്കുന്നത്. ഈ രണ്ടുതരം ഭിന്നതകള്‍ അതതിന്റെ സ്വഭാവത്തില്‍ വ്യത്യസ്തമായതുപോല, അനന്തരഫലങ്ങളെ വിലയിരുത്തുമ്പോഴും പരസ്പരം ഭിന്നമാണ്. അതുകൊണ്ടുതന്നെ അവയെ ഒരേ മാനദണ്ഡം കൊണ്ടളക്കാനും പാടുള്ളതല്ല. ആദ്യം പറഞ്ഞ ഭിന്നത പുരോഗതിയുടെ അന്തസ്സത്തയും ചലനബദ്ധമായ ജീവിതത്തിന്റെ ചൈതന്യവുമാണ്. പ്രത്യുല്‍പന്നമതികളും പ്രതിഭാശാലികളുമടങ്ങിയ ഏത് സമൂഹത്തിലും അതുണ്ടായിരിക്കും. കേവലം പൊങ്ങുതടികളുടേതായ സമൂഹം മാത്രമേ അതില്‍നിന്നൊഴിവാകൂ. പക്ഷേ, രണ്ടാമതുപറഞ്ഞ ഭിന്നത അങ്ങനെയല്ല. അതേതെല്ലാം സമൂഹത്തില്‍ തലപൊക്കിയിട്ടുണ്ടോ അവിടെയെല്ലാം ശൈഥില്യം അനിവാര്യമാക്കിയിട്ടുണ്ട്.അത്തരം ഭിന്നതകള്‍ ആരോഗ്യത്തിന്റെ ലക്ഷണമല്ല; രോഗലക്ഷണമാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു സമുദായത്തിനും ഗുണപ്രദമായിരിക്കുകയില്ല.

ഭിന്നത രണ്ടുവിധത്തിലാണുള്ളത്. ഒന്ന് ഇതാണ്: ദൈവത്തിനും ദൈവദൂതന്നുമുള്ള അനുസരണത്തില്‍ സമുദായാംഗങ്ങളെല്ലാം ഏകാഭിപ്രായക്കാരായിരിക്കുന്നു. നിയമങ്ങള്‍ക്ക് അടിസ്ഥാനങ്ങളായി ഖുര്‍ആനും സുന്നത്തും സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അനന്തരം ഏതെങ്കിലുമൊരു ശാഖാപ്രശ്‌നത്തിന്റെ പഠനനിരീക്ഷണത്തില്‍ രണ്ടു പണ്ഡിതന്‍മാര്‍- അഥവാ ഒരു കേസിന്റെ വിധിയില്‍ രണ്ട് ന്യായാധിപന്‍മാര്‍ – പരസ്പരം വിയോജിക്കുന്നു. പക്ഷേ, ഇവരിലൊരാളുംതന്നെ ആ പ്രശ്‌നത്തെയും തല്‍സംബന്ധമായ തന്റെ അഭിപ്രായത്തെയും ദീനിന്റെ അടിസ്ഥാനമായി വ്യാഖ്യാനിക്കുകയോ തന്നോട് വിയോജിക്കുന്നവര്‍ ദീനില്‍നിന്ന് പുറത്താണെന്ന് ധരിക്കുകയോ ചെയ്യുന്നില്ല. രണ്ടുപേരും അവനവന്റെ തെളിവുകള്‍ സമര്‍പിച്ചുകൊണ്ട് തങ്ങളെ സംബന്ധിച്ചിടത്തോളം ഗവേഷണബാധ്യത നിറവേറ്റുന്നുവെന്ന് മാത്രം. രണ്ടില്‍ ഏതഭിപ്രായം സ്വീകരിക്കണം അഥവാ രണ്ടും സ്വീകാര്യമാണോ എന്ന പ്രശ്‌നം പൊതുജനഹിതത്തിന്-കോടതിക്കാര്യമാണെങ്കില്‍ നാട്ടിലെ അന്തിമനീതിപീഠത്തിനും സാമൂഹികപ്രശ്‌നമാണെങ്കില്‍ സംഘടനക്കും -വിട്ടുകൊടുക്കുകയുംചെയ്യുന്നു.

ദീനിന്റെ അടിസ്ഥാനങ്ങളില്‍ തന്നെ അഭിപ്രായ ഭിന്നത പ്രകടമാക്കുകയത്രേ രണ്ടാമത്തെ രൂപം. അല്ലെങ്കില്‍, അല്ലാഹുവും റസൂലും ദീനിന്റെ അടിസ്ഥാനമായി അംഗീകരിച്ചിട്ടില്ലാത്ത ഒരു പ്രശ്‌നത്തില്‍ ഏതെങ്കിലും ‘ആലി’മോ,’സൂഫി’യോ ‘മുഫ്തി’യോ ‘മുതവല്ലി’യോ ‘ലീഡറോ’ ഒരഭിപ്രായം സ്വീകരിക്കുകയും അതിനെ അനാവശ്യമായി വലിച്ചുനീട്ടി ദീനിന്റെ മൗലികപ്രശ്‌നമാക്കുകയും ചെയ്യുക; അതിലദ്ദേഹത്തോട് വിയോജിക്കുന്നവരെ മതഭ്രഷ്ടരും സമുദായഭ്രഷ്ടരുമായി മുദ്രകുത്തുകയും തന്നോട് കൂറുള്ളവരുടെ ഒരു സംഘം രൂപവത്കരിച്ച് , ഇവരാണ് സാക്ഷാല്‍ മുസ് ലിംസമുദായമെന്നും മറ്റുള്ളവരെല്ലാം നരകപാപികളാണെന്നും വാദിക്കുകയും, മുസ്‌ലിമാണെങ്കില്‍ ഈ സംഘത്തില്‍ വന്നുകൊള്ളണമെന്നും അല്ലാത്തവരൊന്നും മുസ്‌ലിമല്ലെന്നും ഘോഷിക്കുകയും ചെയ്യുക!

എവിടെയൊക്കെ ഖുര്‍ആന്‍ ഭിന്നതകളെയും കക്ഷിമാത്സര്യത്തെയും എതിര്‍ത്തിട്ടുണ്ടോ അവിടെയൊക്കെ ഈ രണ്ടാമത്തെ ഭിന്നതയാണുദ്ദേശിച്ചിട്ടുള്ളത്. ആദ്യം പറഞ്ഞ ഭിന്നതകളാകട്ടെ- നബിതിരുമേനിയുടെ സന്നിധിയില്‍തന്നെ അതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ വന്നിരുന്നതാണ്- തിരുമേനി അതിനെ അനുവദിക്കുകയുണ്ടായെന്ന് മാത്രമല്ല അനുമോദിക്കുകകൂടി ചെയ്തു. കാരണം, സമുദായത്തില്‍ ചിന്താശക്തിയും ഗവേഷണതൃഷ്ണയും പഠനപാടവവും ഉണ്ടെന്നാണത് കുറിക്കുന്നത്. സമുദായത്തിലെ ബുദ്ധിജീവികള്‍ക്ക് തങ്ങളുടെ ദീനിലും ദീനിന്റെ നിയമങ്ങളിലും താല്‍പര്യമുണ്ടെന്ന് അത് തെളിയിക്കുന്നു. ജീവിതപ്രശ്‌നങ്ങളുടെ പരിഹാരം ദീനിനകത്തുനിന്നുതന്നെ കണ്ടെത്താന്‍ അവരുട ബുദ്ധിശക്തി ശ്രമിക്കുന്നതിന്റെ ലക്ഷണമാണത്. അങ്ങനെ അടിസ്ഥാനങ്ങളില്‍ യോജിക്കുകവഴി സമുദായത്തിന്റെ ഏകീഭാവം നിലനിര്‍ത്തുകയും അതേസമയം ന്യായമായ പരിധിക്കുള്ളില്‍ പണ്ഡിതന്‍മാര്‍ക്കും ചിന്തകന്‍മാര്‍ക്കും ഗവേഷണസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് പുരോഗതിക്കുള്ള സാഹചര്യം സൃഷ്ടിക്കുകയുംചെയ്യുക എന്ന വിലപ്പെട്ട തത്ത്വം സമുദായം പൊതുവെ അംഗീകരിക്കുന്നു. ഇതേ്രത ശരിയായ മാര്‍ഗം.

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

Topics