- ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായ വിധി വന്നിട്ടില്ലാത്ത ഒരു വിഷയത്തെ കാരണം ഒന്നായതു കൊണ്ട് ഖണ്ഡിതമായി വിധി വന്ന സമാനമായ മറ്റൊരു വിഷയത്തോട് ചേര്‍ത്ത്, വിധി നിര്‍ദ്ധാരണം ചെയ്‌തെടുക്കുന്നതിനാണ് സാങ്കേതികമായി ഖിയാസ് (ന്യായാധികരണം) എന്നു പറയുന്നത്. ഉദാ: അവധി വെച്ച് കടമിടപാട് നടത്തുകയാണെങ്കില്‍ രണ്ട് പുരുഷന്‍മാരെ സാക്ഷിയായി നിര്‍ത്തണം. രണ്ട് പുരുഷന്‍മാരില്ലെങ്കില്‍ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയും സാക്ഷികളായി നിര്‍ത്തണം – ഇത് ഖുര്‍ആനില്‍ വന്ന ഖണ്ഡിതമായ നിയമമാണ്. ഈ നിയമം വസ്വിയ്യത്ത്, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയില്‍ക്കൂടി ബാധകമാണ്. കാരണം രണ്ടിലുമുള്ള ന്യായം ഒന്നാണ്.
ഖിയാസിന് നാല് ഘടകങ്ങളുണ്ട്:
(1) അസ്വ്ല്‍: ഖുര്‍ആനിലോ സുന്നത്തിലോ വന്ന ഖണ്ഡിതമായ തെളിവുള്ള ഒരു പ്രശ്‌നമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
(2) ഫര്‍അ്: ഖണ്ഡിതമായ വിധി വന്നിട്ടില്ലാത്ത പുതിയ പ്രശ്‌നമാണിത്. അസ്വ്‌ലിനെ ഈ പ്രശ്‌നവുമായി താരതമ്യം ചെയ്യുകയാണ് ഖിയാസിലൂടെ ചെയ്യുന്നത്.
(3) ഹുക്മുല്‍ അസ്വ്ല്‍ (അസ്വ്‌ലിന്റെ വിധി): താരതമ്യം ചെയ്യപ്പെടുന്ന പ്രശ്‌നത്തിന് ഖുര്‍ആനിലോ സുന്നത്തിലോ വന്ന ഖണ്ഡിതമായ വിധിയാണിത്.
(4) ഇല്ലത്ത് (ന്യായം): രണ്ട് പ്രശ്‌നങ്ങളും തുലനം ചെയ്യാനുള്ള ന്യായമാണ് ഇല്ലത്ത്.
മദ്യം നിരോധിക്കപ്പെട്ടതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നിരോധന കാരണം അത് ലഹരിയുണ്ടാക്കുന്നു എന്നതാണ്. അതിനാല്‍ ഇതേ കാരണമുള്ള ബ്രാണ്ടി, വിസ്‌കി പോലുള്ള മറ്റു ലഹരി വസ്തുക്കളും നിഷിദ്ധം തന്നെ. ഇവിടെ മദ്യത്തെക്കുറിച്ചാണ് ഖുര്‍ആന്‍ ഖണ്ഡിതമായി പറഞ്ഞിട്ടുള്ളത്. അതാണ് അസ്വ്ല്‍.
മദ്യത്തിനോട് സമാനത പുലര്‍ത്തുന്ന മറ്റു വസ്തുക്കളാണ് ഫര്‍അ്. മദ്യത്തിന്റെ വിധി-നിഷിദ്ധം (ഹറാം)- യാണ് ഹുക്മുല്‍ അസ്വ്ല്‍. രണ്ടിലും പൊതുവായുള്ള, തുലനം ചെയ്യപ്പെടാനുള്ള (ന്യായം) കാരണമാണ് ഇല്ലത്ത്.
‘ഖിയാസ്’ എല്ലാ കാലഘട്ടത്തിലും അനിവാര്യമായി വരുന്നതാണ്. ശഹ്‌റസ്താനി പറയുന്നു: ‘രേഖകള്‍ തീര്‍ന്നുപോകും, സംഭവങ്ങളാകട്ടെ ഒരിക്കലും അവസാനിക്കുകയില്ല, അതുകൊണ്ട് ഓരോ പുതിയ പ്രശ്‌നങ്ങളുണ്ടാകുമ്പോഴും അതിന് അനുസൃതമായ നിയമം കണ്ടുപിടിക്കേണ്ടത് അനിവാര്യമാകുന്നു’.
എന്നാല്‍ ശറഈ വിധികള്‍ അറിയാന്‍ ഖിയാസ് അവലംബമാക്കാം എന്നതിനു തെളിവായി ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാറുണ്ടെങ്കിലും അവയൊന്നും സ്പഷ്ടമായ തെളിവല്ല. സുന്നത്താണ് ഈ വിഷയത്തില്‍ ശക്തവും യുക്തവുമായ തെളിവ് നല്‍കുന്നത്. മുആദ്ബ്‌നു ജബല്‍(റ) ന്റെ മേലുദ്ധരിച്ച ഹദീസില്‍ ഖുര്‍ആനിലും സുന്നത്തിലും ഒരു പ്രശ്‌നത്തിന്റെ വിധി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ അറിവ് വെച്ച് ഇജ്തിഹാദ് ചെയ്യും എന്ന മുആദ്(റ)ന്റെ പരാമര്‍ശത്തെ നബി(സ) തന്റെ കൂടി അഭിപ്രായമാണതെന്ന് പറഞ്ഞ് അദ്ദേഹത്തെ പ്രശംസിക്കുകയാണ് ചെയ്തത്.
എന്നാല്‍ ഖിയാസിനെ നിഷേധിക്കുന്ന പണ്ഡിതന്‍മാരുമുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ ഖിയാസിനെ സംബന്ധിച്ച് വ്യക്തമായ സൂചനകളില്ലെന്നും എല്ലാകാര്യത്തിന്റെയും വിവരണം ഖുര്‍ആനിലുണ്ടെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നതിനാല്‍ ഇനി ഖിയാസ് ആവശ്യമില്ല എന്നുമാണവരുടെ വാദം.
Add Comment