ഞാനറിഞ്ഞ ഇസ്‌ലാം

ക്രൈസ്തവ വിശ്വാസ വൈരുദ്ധ്യങ്ങളെ തിരിച്ചറിഞ്ഞ് ഇസ് ലാമിലേക്ക്

1931 ല്‍ ജര്‍മ്മനിയില്‍ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഡോ. മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ ജനിക്കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം മ്യൂണിച്ച് സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1980കളിലാണ് ഇസ് ലാമിലേക്ക് ആകൃഷ്ടനാവുന്നത്. തുടര്‍ച്ചയായ പഠനവും ചിന്തയും അദ്ദേഹത്തെ ഇസ് ലാമിലേക്ക് വഴിനടത്തി. 1982 ല്‍ ആദ്യമായി ഹജ്ജും ഉംറയും നിര്‍വഹിച്ചു. 1987 ല്‍ അള്‍ജീരിയയിലും 1990 ല്‍ മൊറോക്കോയിലും ജര്‍മ്മന്‍ അംബാസഡറായി സേവനമനുഷ്ഠിച്ചു.

ഇസ് ലാമാശ്ലേഷണം
ജീവിതത്തിലെ ചില അനുഭവങ്ങളാണ് മുറാദ് ഹോഫ്മാനെ ഇസ് ലാമിലേക്ക് നയിച്ചത്. 1961 ല്‍ നടന്ന ഒരു സംഭവമാണ് അതില്‍ ഏറ്റവും പ്രധാനം. അള്‍ജീരിയിലെ ജര്‍മ്മന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായി 1961 ലാണ് ഹോഫ്മാന്‍ ചുമതലയേല്‍ക്കുന്നത്. അള്‍ജീരിയയില്‍ ദേശീയ മുന്നണിയും ഫ്രഞ്ച് സേനയും തമ്മില്‍ ശക്തമായ യുദ്ധം നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. 8 വര്‍ഷമായി അള്‍ജീരിയക്കാര്‍ സ്വാതന്ത്രത്തിന് വേണ്ടി പടപൊരുതി കൊണ്ടിരിക്കുന്നു. ഫ്രഞ്ചു സേനക്കെതിരെ ഗറില്ല യുദ്ധമാണ് അവര്‍ നടത്തിയിരുന്നത്. പോരാളികളോട് ഫ്രഞ്ചു സേന നടത്തിയിരുന്ന കൊടും ക്രൂരതക്കും അക്രമങ്ങള്‍ക്കും ഹോഫ്മാന്‍ അവിടെ സാക്ഷിയായി. ദിവസവും നിരവധി പേര്‍ കൊലചെയ്യപ്പെടുന്നു. അറബിയാണെന്നതിന്റെ പേരില്‍, അല്ലെങ്കില്‍ സ്വാതന്ത്രത്തിന് വേണ്ടി ശബ്ദിച്ചതിന്റെ പേരിലായിരുന്നു പലരും നിഷ്‌കരുണം വധിക്കപ്പെട്ടത്.
ഹോഫ്മാന്‍ തന്നെ പറയുന്നു: ഈ ദുരിത പര്‍വത്തിലും അള്‍ജീരിയക്കാര്‍ കാണിച്ച ക്ഷമയും സഹനവും എന്നെ അത്ഭുതപ്പെടുത്തി. റമദാന്‍ മാസത്തില്‍ നേടിയ വിജയം അവര്‍ക്ക് അങ്ങേയറ്റം ശുഭാപ്തി വിശ്വാസം നല്‍കി. കൊടും ദുരിതത്തിന്റെ ഈ നാളുകളിലും സഹനമുള്ളവരായിരുന്നു അള്‍ജീരിയന്‍ ജനത’.
പ്രതികൂല സാഹചര്യത്തിലും അവര്‍ക്ക് ഈ ക്ഷമയും സഹനവും നല്‍കുന്നത് അവരുടെ മതമാണെന്ന് ഹോഫ്മാന് ബോധ്യമായി. അങ്ങനെയാണ് ഇസ് ലാമിനെ കുറിച്ച് പഠിക്കാനും വായിക്കാനും തുടങ്ങുന്നത്. പ്രത്യേകിച്ച് വിശുദ്ധ ഖുര്‍ആന്‍ പഠനം.
ഇസ് ലാമിക കലയാണ് അദ്ദേഹത്തെ ആകര്‍ഷിച്ച മറ്റൊന്ന്. വളരെ ചെറുപ്പത്തിലേ കലയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് ഇസ് ലാമിക കലയോടും അധികം അടുപ്പം തോന്നി.
ഹോഫ്മാന്‍ എഴുതുന്നു:’മതമെന്ന നിലയില്‍ ഇസ് ലാമിന്റെ സാര്‍വത്രിക സാന്നിധ്യവും കലാചാതുരിയും അതിന്റെ കാലിഗ്രഫിയിലും പാര്‍പ്പിടപള്ളി നിര്‍മ്മാണത്തിലും തുടങ്ങി എല്ലാ മേഖലയിലും ഞാന്‍ ശ്രദ്ധിച്ചു. പള്ളികളുടെ വാസ്തു ശില്‍പകല എന്നെ ഹഠാദാകര്‍ഷിച്ചു. ഇസ് ലാമിന്റെ ചൈതന്യം അവിടെയെല്ലാം എനിക്ക് അനുഭവിക്കാനായി.’  
ക്രിസ്ത്യന്‍ ചരിത്രവും അതിന്റെ അധ്യാപനങ്ങളും മനസ്സിലാക്കിയ ഹോഫ്മാന് ഇസ് ലാമിന്റെ ചരിത്രവും അധ്യാപനങ്ങളും പഠിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ഒരു ക്രിസ്തീയ വിശ്വാസിയുടെ വിശ്വാസവും യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനിസവും തമ്മിലെ വ്യത്യാസം അദ്ദേഹം തിരിച്ചറിഞ്ഞു. യേശുവിനെ നേരിട്ട് കണ്ടിട്ടില്ലാത്ത സെന്റ് പോളിന്റെ ജൂതക്രിസ്ത്യന്‍ വീക്ഷണവും അദ്ദേഹം തിരിച്ചറിഞ്ഞു.
ആദിപാപമെന്ന പേരില്‍ മനുഷ്യരാശി പേറുന്ന പാപഭാരം തന്റെ മനസ്സിന് ഒരു നിലക്കും യോജിക്കാനാവില്ലെന്ന് ബോധ്യപ്പെട്ട അദ്ദേഹം ദൈവപുത്രന്‍ മറ്റു സൃഷ്ടികള്‍ക്ക് വേണ്ടി മനുഷ്യരാല്‍ പീഡനങ്ങളേറ്റു വാങ്ങിയെന്ന സിദ്ധാന്തം ബുദ്ധിക്ക് നിരക്കാത്തതാണെന്നും മനസ്സിലാക്കി.
തത്വചിന്തകനായ വിറ്റിന്‍ഗ്സ്റ്റണ്‍ വാസകലിന്റെയും കാന്റിന്റെയും അസ്തിത്വവാദ ആശയങ്ങള്‍ വായിച്ച് ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ച് അദ്ദേഹം പഠനം നടത്തിയിരുന്നു. എന്നാല്‍ ബുദ്ധിപരമായി ദൈവാസ്തിത്വം ബോധ്യപ്പെടാനാണ് അവരുടെ ചിന്തകള്‍ ഇടയാക്കിയത്. ദൈവാസ്തിത്വത്തെ തിരിച്ചറിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ചിന്ത ദൈവം എങ്ങനെ മനുഷ്യനുമായി ആശയ വിനിമയം നടത്തുന്നു എന്നതായിരുന്നു. ദൈവിക വെളിപാടുകളിലേക്കും പ്രവാചകന്‍മാരിലേക്കും ദൈവിക ഗ്രന്ഥങ്ങളിലേക്കുമാണ് ആ ചിന്ത അദ്ദേഹത്തെ കൊണ്ടത്തിച്ചത്. ജീവിതത്തിന്റെ സന്നിഗ്ദ്ധമായ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉടക്കിയ ഒരു ചോദ്യത്തിന് വിശുദ്ധ ഖുര്‍ആനില്‍ അദ്ദേഹം ഉത്തരം കണ്ടെത്തി. ‘ഒരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നില്ല’ എന്ന ഖുര്‍ആനിക വചനം, ക്രിസ്തീയ വിശ്വാസ പ്രകാരമുള്ള ‘ആദിപാപം’ അസംബന്ധമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുത്തി.
അദ്ദേഹം എഴുതുന്നു: ‘ഒരു മുസ് ലിമിന് പുരോഹിതനാകേണ്ട ആവശ്യമില്ല. അവന് പ്രാര്‍ത്ഥനക്ക് പുരോഹിതന്റെയോ മധ്യവര്‍ത്തിയുടെയോ സഹായം വേണ്ട. അല്ലാഹുവോട് മാത്രമാണ് അവന്റെ പ്രാര്‍ഥന.’
1980ല്‍ തന്റെ മകന്റെ 18ാമത് ജന്മദിന ദിവസം ഇസ് ലാമിനെ സംബന്ധിച്ച് അദ്ദേഹം ഒരു പ്രബന്ധം തയാറാക്കി. കോളോണിലെ ഇമാമായിരുന്ന മുഹമ്മദ് അഹ് മദ് റസൂലിന് ആ കുറിപ്പ് അദ്ദേഹം വായിക്കാന്‍ കൊടുത്തു. അഹ്മദ് റസൂല്‍ അത് വായിച്ചിട്ട് പറഞ്ഞു: ‘ഇതിലെഴുതിയ കാര്യങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ഒരു മുസ് ലിമാണ്’. ഈ സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഹോഫ്മാന്‍ തന്റെ ഇസ് ലാമാശ്ലേഷണം പ്രഖ്യാപിച്ചത്. ഇസ് ലാം ആശ്ലേഷിച്ച ശേഷവും ജര്‍മ്മന്‍ നയതന്ത്ര ഉദ്യോഗസ്ഥനായി 15 വര്‍ഷം അദ്ദേഹം ജോലി ചെയ്തു.

Topics