പ്രബോധനം

കടല്‍തീരംവഴി വന്ന ഇസ്‌ലാം

കേരളതീരം വഴി
ഇസ്‌ലാം മുഹമ്മദ് നബിയുടെ കാലത്ത്തന്നെ കേരള തീരങ്ങളില്‍ പ്രചരിച്ചതായി അഭിപ്രായമുണ്ട്. സിലോണില്‍ ആദമിന്റെ കാല്‍പാട് സന്ദര്‍ശിക്കാന്‍പോയ തീര്‍ഥാടക സംഘത്തില്‍പെട്ടവരാണ് കേരളത്തില്‍ ആദ്യമെത്തിയ മുസ്‌ലിം മിഷനറിമാരെന്ന് പറയപ്പെടുന്നു. ചേരമാന്‍ പെരുമാള്‍ എന്ന രാജാവ് ഇസ്‌ലാം സ്വീകരിച്ച് മക്കത്ത് പോയെന്ന ഐതിഹ്യം വളരെ പ്രസിദ്ധമാണ്. അതനുസരിച്ച് കൊടുങ്ങല്ലൂരിറങ്ങിയ അറേബ്യന്‍ തീര്‍ഥാടക സംഘം അവിടത്തെ രാജാവിന് ഇസ്‌ലാം പ്രബോധനം ചെയ്തു. ഇസ്‌ലാം സ്വീകരിച്ച രാജാവ്, തീര്‍ഥാടക സംഘം സിലോണില്‍നിന്ന് മടങ്ങിവന്നപ്പോള്‍ അവരോടൊപ്പം രഹസ്യമായി അറേബ്യയിലേക്ക് പോയി. പോകുന്നതിന് മുമ്പ് രാജ്യഭരണം അദ്ദേഹം സാമന്തന്‍മാര്‍ക്ക് ഏല്‍പിച്ചുകൊടുത്തു.
കുറച്ചുനാള്‍ അറേബ്യയില്‍ കഴിഞ്ഞ രാജാവ് സ്വന്തം നാട്ടില്‍ ഇസ്‌ലാം പ്രചരിപ്പിക്കാന്‍ ഉദ്ദ്യേശിച്ച് തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ രോഗം ബാധിച്ച് മരിച്ചു. മലാബാറിലേക്കുള്ള പ്രബോധന ദൗത്യം അവഗണിക്കരുതെന്ന് മരണശയ്യയില്‍ കിടക്കവെ രാജാവ് അനുചരന്‍മാരെ ഉപദേശിച്ചു. തന്റെ മരണം പരസ്യമാക്കാതിരിക്കാന്‍ കല്‍പിച്ച രാജാവ് നാട്ടലെ സാമന്തന്‍മാര്‍ക്ക് തിട്ടൂരമയച്ചു. ദീര്‍ഘനാളത്തെ യാത്രയ്ക്കു ശേഷം രാജാവിന്റെ തിട്ടുരവുമായി കൊടുങ്ങല്ലൂരില്‍ ഇറങ്ങിയ പ്രബോധകര്‍ക്ക് നല്ല സ്വീകരണം ലഭിച്ചു. എഴുത്ത് വായിച്ചറിഞ്ഞ കൊടുങ്ങല്ലൂരിലെ രാജാവ് അവര്‍ക്ക് താമസിക്കാന്‍ വീടും തോട്ടങ്ങളും നിലങ്ങളും മറ്റും നല്‍കി. അവിടെ അവര്‍ ഒരു പള്ളി പണിതു. ചേരമാന്‍ പള്ളി എന്നറിയപ്പെടുന്ന ഈ പള്ളിയാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളി.
പ്രബോധക സംഘത്തിലെ മാലികുബ്‌നു ദീനാര്‍ അവിടെ താമസിച്ച്, മലബാറിന്റെ മറ്റു സ്ഥലങ്ങളില്‍ ഇസ്‌ലാം പ്രചരിപ്പിക്കാനും പള്ളി പണിയാനും മാലികുബ്‌നു ഹബീബിനെ നിയോഗിച്ചു. അങ്ങനെ കൊല്ലം, ഹേലിമാറാവി (ഏഴിമല), ഫാക്കനൂര്‍ (ബാര്‍ക്കൂര്‍), മഞ്ചറൂര്‍ (മംഗലാപുരം), കാഞ്ചര്‍ക്കൂത്ത് (കാസര്‍ഗോഡ്), ജൂര്‍ഫത്തന്‍ (ശ്രീകഹുപുരം), ദഹ്ഫത്തന്‍ (ധര്‍മടം), ഫന്ദറീന (പന്തലായനി), ശാലിയാത്ത് (ചാലിയം), എന്നിവിടങ്ങളെല്ലാം സന്ദര്‍ശിച്ചു ഓരോ പള്ളി സ്ഥാപിച്ചു. ചാലിയത്ത് അഞ്ചുമാസം താമസിച്ചു. പിന്നീട് മാലികുബ്‌നു ദീനാറെ കാണാന്‍ കൊടുങ്ങല്ലൂര്‍ പോയി. കുറച്ചുനാള്‍ കൊടുങ്ങല്ലൂര്‍ താമസിച്ച ശേഷം താന്‍ പണിയിച്ച എല്ലാ പള്ളികളും സന്ദര്‍ശിച്ച്് വീണ്ടും കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തി.
മാലികുബ്‌നു ദീനാറും മാലികുബ്‌നു ഹബിബും ഭൃത്യന്‍മാരും കൂടി കൊല്ലത്തേക്കു പോയി. മാലികുബ്‌നു ദീനാറും ചില അനുയായികളും മറ്റുളളവരെ കൊല്ലത്തു താമസിപ്പിച്ച് അറേബ്യന്‍ തീരത്തെ ശഹറിലേക്കു മടങ്ങിപ്പോയി. ശഹറില്‍ നിര്യാതനായ രാജാവിന്റെ മഖ്ബറഃ മാലികുബ്‌നു ദീനാറും അനുയായികളും സന്ദര്‍ശിച്ചു. അതിനു ശേഷം ഖുറാസാനിലേക്കാണ് അവര്‍ പോയത്. അവിടെവച്ചാണ് മാലികുബ്‌നു ദീനാര്‍ മരിച്ചത്. മാലികുബ്‌നു ഹബീബ് ചില മക്കളെ കൊല്ലത്ത് താമസിപ്പിച്ച് ഭാര്യയോടൊപ്പം കൊടുങ്ങല്ലൂര്‍ക്ക് മടങ്ങി.
മലബാറില്‍ ഇസ്‌ലാമിന്റെ ആഗമനം ഇങ്ങനെയാണെന്ന് ശൈഖ് സൈനുദ്ദീന്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും മേല്‍ വിവരിച്ച സംഭവം ഏത് വര്‍ഷമാണ് നടന്നതെന്ന് പറയാന്‍ തെളിവുകളില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ഹി. 200-നു ശേഷമായിരിക്കാം എന്നാണ് ഭൂരിപക്ഷാഭിപ്രായം.
യമനിലെ സഫാറിലാണ് ഇസ്‌ലാം സ്വീകരിച്ച രാജാവിന്റെ ഖബ്ര്‍ എന്ന് തുഹ്ഫതുല്‍ മുജാഹിദീന്‍ പറയുന്നു. ഖബ്‌റുസ്സാമൂരി എന്നറിയപ്പെടുന്ന ഒരു ഖബ്ര്‍ ഇന്നും അവിടെയുണ്ട്.
ഹിന്ദു രാജാവിന്റെ ഇസ്‌ലാം ആശ്ലേഷത്തിന് സാഹചര്യത്തെളിവുകളുണ്ടെങ്കിലും ചരിത്ര പിന്‍ബലമില്ല എന്നാണ് സര്‍ തോമസ് ആര്‍നോള്‍ഡിന്റെ അഭിപ്രായം. എന്നാല്‍ മലബാര്‍ തീരത്ത് ഇസ്‌ലാം പ്രചരിപ്പിച്ചത് അറബിക്കച്ചവടക്കാരുടെ സമാധാനപരമായ പ്രബോധനം മുഖേനയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.
നബിയുടെ ജീവിത കാലത്തുതന്നെ അറബിക്കച്ചവടക്കാര്‍ ഇസ്‌ലാമിക സന്ദേശവുമായി മലബാറില്‍ എത്തിയിരുന്നു എന്ന് കരുതുന്നതിന് ന്യായമുണ്ട്. കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍നിന്നും എറണാകുളം ജില്ലയിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിലേക്കു സൂചന നല്‍കുന്നു. ക്രി. 736-ലേതാണ് ഇവ.
ഇസ്‌ലാമിന്റെ ആഗമനശേഷം ധാരാളം അറബി കുടുംബങ്ങള്‍ ഇന്ത്യയിലെ തീരപ്രദേശനഗരങ്ങളില്‍ സ്ഥിരവാസമാക്കി. അവരില്‍ ചിലര്‍ ഇന്ത്യന്‍ സ്ത്രീകളെ വിവാഹം ചെയ്തു. അവര്‍ മുഖേന ധാരാളം താഴ്ന്ന ജാതിക്കാര്‍ മുസ്‌ലിംകളായി.

About the author

padasalaadmin

Add Comment

Click here to post a comment

Topics