പൗരസ്ത്യദേശത്തിന്റെ സവിശേഷമായ ആചാരശൈലി, സമ്പ്രദായങ്ങള്‍ , പൗരസ്ത്യഭാഷകളിലും സംസ്‌കാരത്തിലുമുള്ള വിദഗ്ധജ്ഞാനം എന്നൊക്കെയാണ് ഓറിയന്റലിസ( (പൗരസ്ത്യവാദം) )ത്തിന്റെ ഭാഷാര്‍ഥം. പൗരസ്ത്യഭാഷാ വിദഗ്ധരെയും പൗരസ്ത്യദേശക്കാരെയും ഓറിയന്റലിസ്റ്റ് എന്ന് വിളിക്കുന്നു. ഉദയവുമായി ബന്ധപ്പെടുത്തിയാണ് ഓറിയന്റ് എന്ന പദത്തിന് പൂര്‍വദിക്ക് എന്ന അര്‍ഥം ലഭിക്കുന്നത്. പൗരസ്ത്യവത്കരിക്കപ്പെടുക എന്നാണ് ഓറിയന്റലൈസ് (Orientalise) എന്ന പദത്തിന്റെ സാരം.
പൂര്‍വദേശത്ത് ഏറ്റവും പ്രബലവും പ്രസക്തവുമായ മതം ഇസ്‌ലാമാണ്. ഇസ്‌ലാമിനെയും അറബ് നാടുകളെയും കുറിച്ച് പഠിക്കുന്ന പാശ്ചാത്യരാണ് സാമാന്യമായി ഓറിയന്റലിസ്റ്റുകള്‍ എന്ന സംജ്ഞയുടെ പരിധിക്കുള്ളില്‍ വരുന്നത്. ഇവര്‍ ഇസ്‌ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, പലപ്പോഴും ഇസ്‌ലാംമതത്തെയും മധ്യേഷ്യന്‍ സംസ്‌കൃതിയെയും ലോകസമക്ഷം വികലമായി അവതരിപ്പിക്കുകയും ചെയ്യുന്നു. വസ്തുതാപരമായി ഓറിയന്റലിസ്റ്റുകളുടെ രചനകള്‍ മികച്ചുനില്‍ക്കുന്നുവെങ്കിലും പലപ്പോഴും കൗശലപൂര്‍വം പൗരസ്ത്യമതങ്ങളെയും സംസ്‌കാരത്തെയും വിശേഷിച്ചും ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കാനുള്ള സൂത്രപ്പണികള്‍ അവയില്‍ കാണാവുന്നതാണ്.
സൈനികമായി ഇസ്‌ലാമിനെ നേരിടാന്‍ പരിമിതികളുണ്ടെന്ന് മനസ്സിലാക്കിയ എതിരാളികള്‍ ആശയപരമായി ഇസ്‌ലാമിനെ കരിവാരിത്തേക്കാന്‍ സ്വീകരിച്ച അക്കാദമികപ്രയത്‌നമാണ് ഓറിയെന്റലിസം. ആശയലോകത്ത് ഇസ്‌ലാമിന് മേല്‍ക്കോയ്മ കൈവന്നേക്കുമെന്ന ഭയമാണ് അതിനെതിരെ ഇവ്വിധം തിരിയാന്‍ അവരെ പ്രേരിപ്പിച്ചത്.
Add Comment