ഞാനറിഞ്ഞ ഇസ്‌ലാം

എന്റെ മനസ്സ് കുളിരണിഞ്ഞത് ഇസ് ലാമിലൂടെ: സിസ്റ്റര്‍ ക്രിസ്റ്റീന

ഞാനൊരു സത്യക്രിസ്ത്യാനിയായിരുന്നു. ത്രിയേകത്വമനുസരിച്ച് മനുഷ്യന് പ്രാപിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ആത്മീയ ആനന്ദം അനുഭവപ്പെടുമാറ് വിശുദ്ധ പിതാവിന്റെ പ്രിയമകളായിരുന്നു ഞാന്‍. എന്റെ അമ്മക്കും കുടുംബത്തിനും ശാന്തി നല്‍കണേ എന്നതിലപ്പുറം എനിക്കൊന്നും പ്രാര്‍ത്ഥിക്കാനുണ്ടായിരുന്നില്ല. ചര്‍ച്ചില്‍ പോകുന്നതൊഴിച്ചാല്‍ ബക്കിയുള്ള സമയങ്ങളില്‍ ഭൂരിഭാഗവും ചെലവിട്ടത് കൂട്ടുകാരോടൊത്ത്.

പിന്നീടെപ്പോഴോ ചര്‍ച്ചില്‍ പോകാന്‍ താല്‍പര്യമില്ലാതായി. കത്തോലിക്കാ പള്ളി ഭരണാധികാരികളും എന്റെ മാതാപിതാക്കളും തമ്മില്‍ ചെറിയ ആശയത്തര്‍ക്കങ്ങളുണ്ടായപ്പോള്‍ ചര്‍ച്ചുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചു. പുരോഹിതരും പുരോഹിത വിദ്യാര്‍ഥികളുമൊത്ത് ആത്മീയസൗഖ്യമന്വേഷിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല എന്നെനിക്കപ്പോഴാണ് തോന്നിത്തുടങ്ങിയത്. ഞാന്‍ ഇസ്‌ലാമിലേക്ക് വരികയും ഈ ദൈവികമതം സ്വീകരിക്കുകയും ചെയ്തതിന്റെ മുഴുവന്‍ ക്രഡിറ്റും എന്റെ സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ ആദ്യകാലത്തുണ്ടായിരുന്ന മുസ്‌ലിം സുഹൃത്തുക്കള്‍ക്കാണ്.

 വിര്‍ജീനിയയിലെ ഒരു കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഞാനന്ന്. അവിചാരിതമായി എം.എസ്.എ(മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) എന്ന മു്‌സ്‌ലിം വിദ്യാര്‍ഥി കൂട്ടായ്മ എന്നെ റമദാനിലെ ഒരു പ്രത്യേക പരിപാടിയിലേക്ക് ക്ഷണിച്ചു. അവിടെ സന്നിഹിതരായിരുന്ന ഞാനല്ലാത്ത എല്ലാവരും നോമ്പ് അനുഷ്ഠിച്ചവരായിരുന്നു. റമദാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍. ഞാനോ ഒരമുസ്‌ലിം, അന്നേ വരെ മുസ്‌ലിം പള്ളിയില്‍ പോകുകയോ മുസ്‌ലിം ആരാധനാ സമ്പ്രദായങ്ങള്‍ കാണുകയോ ചെയ്യാത്ത പാരമ്പര്യ ക്രിസ്ത്യന്‍ പെണ്‍കുട്ടി. ദൈവത്തിന് മുന്നില്‍ പശ്ചാതാപമനസ്സുമായി കരഞ്ഞ് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന കുറെ ആളുകളെ ഞാനവിടെ കണ്ടു. അവരുടെ ഇടയിലൂടെ ഒന്നും മനസിലാവാതെ ഞാന്‍ നടന്നു. അതിന് ശേഷം ഇസ് ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും എന്റെ ഇസ് ലാമിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു.

രണ്ട് രീതിയില്‍ എനിക്കെന്റെ ജീവിതത്തെ തിരിച്ച് വിടേണ്ടതുണ്ടായിരുന്നു. ഒന്ന്, ലൈലതുല്‍ഖദ്‌റിനെ വിശ്വാസികള്‍ അനുഭവിക്കും പോലെ അനുഭവിക്കുക. രണ്ട്, ഇസ്‌ലാമിക വിദ്യാഭ്യാസം നേടുക.
ഞങ്ങളുടെ പള്ളിയിലെ ഇമാമായിരുന്ന സൈദ് ശാക്കിര്‍ എന്ന പണ്ഡിതനാണ് ഇക്കാര്യത്തില്‍ എന്നെ സഹായിച്ചത്. അദ്ദേഹം ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെ കുറിച്ച് ഏകദേശം പൂര്‍ണരൂപത്തില്‍ പ്രതിപാദിക്കുന്ന ചില ഡി.വി.ഡികള്‍ എനിക്ക് നല്‍കി. ഒരമുസ്‌ലിമിന് ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും വിധം ലളിതമായിരുന്നു അവ. ഭീകരവാദം, താലിബാനിസം, ഉസാമബിന്‍ലാദിന്‍ തുടങ്ങിയ അന്താരാഷ്ട്ര പ്രശ്‌നങ്ങളിലുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകളും ഇമാമിലൂടെ ഞാന്‍ മനസിലാക്കി. അദ്ദേഹം നല്ല പ്രഭാഷകന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ താല്‍പര്യത്തിന്റെയും എന്റെ അധ്വാനത്തിന്റെയും ഫലമായി ഒരു മുസ് ലിമാണെന്ന് പറയാന്‍ കഴിയും വിധം ദീനില്‍ ഞാന്‍ പരിജ്ഞാനം നേടി. തുടര്‍ന്ന് ഞാനെന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. അതേ പള്ളിയില്‍ വെച്ച് തന്നെ ഇസ്‌ലാം സ്വീകരിച്ചു.

മാതാപിതാക്കള്‍ ആഗ്രഹിച്ച വഴിയിലൂടെ സഞ്ചരിക്കാന്‍ എനിക്കായില്ലെങ്കിലും  ഞാന്‍ സന്തുഷ്ടയായിരിക്കുന്നതിലായിരുന്നു അവരുടെ സന്തോഷം. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ ജീവിതം സന്തോഷകരമായിരുന്നില്ല. എന്നാല്‍ ഇസ്‌ലാം സ്വീകരണത്തിന്‍ ശേഷം ഞാന്‍ മുന്‍പത്തേക്കാള്‍ സന്തോഷവതിയായിരുന്നു ആ സന്തോഷമായിരുന്നു മാതാപിതാക്കള്‍ക്ക് വേണ്ടിയിരുന്നതും.
ഞാന്‍ പര്‍ദ്ദ ധരിക്കുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഒട്ടും പ്രതീക്ഷയില്ലാതെ തന്നെ അവര്‍ അതെനിക്ക് വാങ്ങിത്തന്നു; എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി.  പിന്നീട് സര്‍വകലാശാലാ ബിരുദം നേടി മുഴുസമയവും വീട്ടില്‍ തന്നെയായി. അതിനിടയില്‍ എന്റെ ഇസ്‌ലാം സ്വീകരണത്തെ അവര്‍ ഉള്‍ക്കൊണ്ടു.
അങ്ങനെയിരിക്കെ വീണ്ടും റമദാന്‍ വന്നു. എനിക്കേറ്റവും പ്രിയപ്പെട്ട നാളുകളായിരുന്നു അവ. നോമ്പുകാലത്ത് ഞാന്‍ ശീലിച്ച രീതിയിലുള്ള അച്ചടക്കം ജീവിതത്തില്‍ മറ്റവസരങ്ങളില്‍ എനിക്കുണ്ടാവാറില്ല. ഇസ്‌ലാമിലൂടെ ഞാനനുഭവിക്കുന്ന മാനസിക സന്തോഷം എല്ലാവരോടും തുറന്നുപറയാന്‍ അന്നെനിക്ക് പെരുത്ത് ഇഷ്ടമായിരുന്നു.
പരലോകത്തില്‍ വിശ്വാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മരണാനന്തര ജീവിതത്തെകുറിച്ച് കൃത്യമായ ധാരണയില്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ജീവിതത്തെ ഏതോ ഒരു ശക്തി നിയന്ത്രിക്കുന്നുണ്ട് എന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ജീവിതത്തിലെ നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നതും എല്ലാവരും അംഗീകരിക്കുന്ന ലളിതസത്യമാണ്. അതുകൊണ്ടാണ്, മനുഷ്യന്റെ എല്ലാ കഴിവുകള്‍ക്കുമപ്പുറം അപകടം സംഭവിക്കുമ്പോള്‍ അവന്‍ ദൈവത്തെ വിളിച്ച് കപ്രാര്‍ഥിക്കുന്നത്. ഈ നിസ്സഹായാവസ്ഥയാണ് ചില സന്ദര്‍ഭങ്ങളിലെങ്കിലും മനുഷ്യനെ വിശ്വാസിയാക്കുന്നത്.

Topics