തെറ്റുധാരണകള്‍ മുഹമ്മദ്‌

എന്തിനെയാണ് തിരുനബി നിഷിദ്ധമാക്കിയത് ?

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഖുര്‍ആന്‍ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്ന മതനിഷേധികളുടെ ദുഷ്‌ചെയ്തികള്‍ പണ്ടുമുതല്‍ക്കേയുള്ളതാണ്. അത്തരത്തില്‍ ഒന്നാണ് അത്തഹ്‌രീം അധ്യായത്തിലെ പ്രഥമസൂക്തത്തെ ക്കുറിച്ച് അവര്‍ നടത്തിയ കല്‍പിതവ്യാഖ്യാനം. ‘ നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കുന്നത് . അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ’ എന്ന സൂക്തം മുഹമ്മദ്‌നബി അല്ലാഹുവിന്റെ പേരില്‍ കെട്ടിയുണ്ടാക്കിയതാണെന്ന് അവര്‍ ആരോപിക്കുന്നു. ‘പ്രവാചകന്‍ മാരിയത്തുല്‍ ഖിബ്ത്വിയ്യയുമായി ശയിക്കുന്നത് സഹപത്‌നിയായ ഹഫ്‌സ്വ കാണാനിടയായി. അതെക്കുറിച്ച് ഹഫ്‌സ്വയും ആഇശയും രോഷാകുലരായി പ്രവാചകനോട് സംസാരിച്ചു. അപ്പോള്‍ ‘ഇനിമുതല്‍ താന്‍ മാരിയത്തിനെ സമീപിക്കുകയില്ലെ’ന്ന് പ്രവാചകന്‍ പ്രതിജ്ഞ ചെയ്തു. മാരിയത്തുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിച്ച മുഹമ്മദ് അതിനായി അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കിയതാണ് ഈ സൂക്തം . അതുകൊണ്ടും മതിയാക്കാതെ ആഇശയെയും ഹഫ്‌സ്വയെയും വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ദുര്‍വ്യാഖ്യാനം

ഈ വിശുദ്ധ വാക്യത്തെ തീര്‍ത്തും തെറ്റായി വ്യാഖ്യാനിക്കുകയാണ് നിരീശ്വരവാദികള്‍ ചെയ്യുന്നത്. യഥാര്‍ഥത്തിലിത് മാരിയത്തുമായി ബന്ധപ്പെട്ടതല്ല. വിമര്‍ശകരുടെ ആരോപണം എത്രമാത്രം അബദ്ധജഡിലമാണെന്ന് ഏവര്‍ക്കും അനായാസം ബോധ്യമാകും.

മാരിയത്തിനെ സമീപിക്കുകയില്ലെന്ന് പ്രവാചകന്‍ ശപഥം ചെയ്തതായി പറയുന്ന അതേ വിമര്‍ശകര്‍ തന്നെ ആഇശ ബീവിയെയും ഹഫ്‌സ്വയെയും വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നു. അല്ലാഹുവിന്റെ പേരില്‍ പ്രവാചകന്‍ പറഞ്ഞുണ്ടാക്കുന്നതാണ് ഖുര്‍ആന്‍ സൂക്തങ്ങളെന്ന ധാരണയാണ് ആഇശ ബീവിക്കും ഹഫ്‌സ്വക്കും ഉണ്ടായിരുന്നതെങ്കില്‍ പ്രസ്തുത സൂക്തത്തിന്റെ പേരില്‍ തന്റെ ശപഥം തിരുത്താന്‍ അവരിരുവരും പ്രവാചകനെ അനുവദിക്കുമായിരുന്നില്ല. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. അതോടൊപ്പം ഒരുകാര്യം കൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്.

നബിതിരുമേനിയെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉപയോഗിച്ച നിരീശ്വരവാദികള്‍ അതുവഴി ഇതൊന്നും പ്രവാചകന്‍ സ്വയം പറഞ്ഞതല്ലെന്ന് തുറന്നുസമ്മതിക്കുകയാണല്ലോ ചെയ്യുന്നത്. പ്രവാചകന്‍ പ്രവാചകനെ തന്നെ വിമര്‍ശിക്കുന്ന വചനങ്ങള്‍ ലോകാന്ത്യം വരെ നിലനില്‍ക്കുന്ന ഗ്രന്ഥത്തില്‍ എഴുതിച്ചേര്‍ക്കുകയില്ലല്ലോ. അഥവാ അതുകൂടി മനസ്സിലാക്കാനുള്ള കഴിവ് പ്രവാചകന് ഇല്ലായിരുന്നുവെന്നാണ് വാദമെങ്കില്‍ അത്തരം ഒരു വ്യക്തിക്ക് ഇത്തരമൊരു ഗ്രന്ഥം തയ്യാറാക്കാന്‍ എങ്ങനെ സാധിക്കും?

വിമര്‍ശകര്‍ വിശദീകരിച്ചതല്ല യഥാര്‍ഥത്തില്‍ പ്രസ്തുത സൂക്തം അവതരിച്ച പശ്ചാത്തലം.

ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഇത് വ്യക്തമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സൈനബിന്റെ വീട്ടില്‍നിന്ന് പ്രത്യേകഗന്ധമുള്ള തേന്‍ കഴിച്ച് വന്ന നബിതിരുമേനിയോട് പത്‌നിമാരായ ആഇശ ബീവിയും ഹഫ്‌സ്വയും അസഹ്യമായ ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞു. തേന്‍ കഴിച്ചതിലുള്ള അതൃപ്തി അവര്‍ പ്രവാചകനെ അറിയിക്കുകയും ചെയ്തു. അപ്പോള്‍ ഇനിമുതല്‍ താന്‍ തേന്‍ കഴിക്കുകയില്ലെന്ന് അവിടുന്ന് പ്രതിജ്ഞ ചെയ്തു. പ്രവാചകന് ഏറെ ഇഷ്ടപ്പെട്ടതും അനുവദനീയവുമായ തേന്‍ ഭാര്യമാരുടെ ഇംഗിതം പിഗണിച്ച് സ്വന്തത്തിന് നിഷിദ്ധമാക്കിയതിനെയാണ് പ്രസ്തുത സൂക്തം വിമര്‍ശിക്കുന്നത്. പ്രബലമായ തെളിവുകളോടെ ആധികാരികമായിത്തന്നെ വസ്തുത വ്യക്തമായിരിക്കെ ഖുര്‍ആനിനോടും പ്രവാചകനോടുമുള്ള അരിശം തീര്‍ക്കാനായി കല്‍പിതകഥകളില്‍ അഭിരമിക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്.

ശൈഖ് മുഹമ്മദ് കാരക്കുന്ന്

Topics