ഉമ്മുസലമ(റ)

ഉമ്മുസലമ ഹിന്ദ് ബിന്‍ത് അബീഉമയ്യ(റ)

ഖുറൈശികളില്‍പ്പെട്ട മഖ്‌സൂം ഗോത്രത്തില്‍ ജനിച്ച ഉമ്മുസലമയുടെ പിതാവ് അബൂഉമയ്യത്തുബ്‌നു മുഗീറയും മാതാവ് ആതിഖ ബിന്‍ത് ആമിറുമായിരുന്നു. ഉമ്മുസലമയെ ഹിന്ദ് എന്നാണ് മാതാപിതാക്കള്‍ വിളിച്ചിരുന്നത്. ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് ഒരു പാട് പീഡനങ്ങളേല്‍ക്കേണ്ടിവന്നു. അവര്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയി. അബ്‌സീനിയയില്‍ വെച്ച് ഹിന്ദ് ഗര്‍ഭം ധരിച്ചു.
മദീനയിലേക്ക് പലായനം ചെയ്ത പ്രഥമ മുസ്‌ലിം വനിത ഉമ്മുസലീം ആയിരുന്നു. 200ല്‍ പരം നാഴിക ഒറ്റയ്ക്കു സഞ്ചരിച്ചാണ് അവര്‍ മദീനയിലെത്തിയത്. അതിനവര്‍ക്ക് ധൈര്യം നല്‍കിയത് അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം മാത്രമായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ ശാരീരികമായും മാനസികമായും ഞാന്‍ സഹിച്ചത്ര ത്യാഗം മറ്റാരും സഹിച്ചിട്ടില്ലെന്ന് ഉമ്മുസലമ ഒരിക്കല്‍ അനുസ്മരിക്കുകയുണ്ടായി.
ഉമ്മുസലമയുടെ ഭര്‍ത്താവ് കുതിരസവാരിക്കാരനും ധീരപരാക്രമിയുമായിരുന്നു. ബദ്‌റിലും ഉഹ്ദിലും അദ്ദേഹം തന്റെ യുദ്ധപാടവം തെളിയിച്ചു. ഉഹ്ദ് യുദ്ധത്തില്‍ മാരകമായി പരിക്കേറ്റ അബൂസലമ ഏതാനും മാസങ്ങള്‍ക്കകം മരണപ്പെട്ടു.
ഭര്‍ത്താവിന്റെ വിയോഗത്തില്‍ വേദനിച്ചു കഴിയുകയായിരുന്നു ഉമ്മുസലമ. പല പ്രമുഖ സ്വഹാബികളും ഉമ്മുസലമയെ സഹധര്‍മിണിയായി സ്വീകരിക്കാന്‍ തയ്യാറായി. താന്‍ വിവാഹം ചെയ്തുകൊള്ളാമെന്ന് നബി(സ) ഉമ്മുസലമയെ അറിയിച്ചു. ഹിജ്‌റ: 4 ശവ്വാല്‍ മാസം നബി(സ) ഉമ്മുസലമയെ വിവാഹം ചെയ്തു. അബൂസലമക്ക് ഉമ്മുസലമയില്‍ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ടായിരുന്നു.
ലളിതവും ആഡംബരരഹിതവുമായിരുന്നു ഉമ്മുസലമയുടെ ജീവിതം. തുഛമായ ആഹാരസാധനങ്ങള്‍ക്കൊണ്ട് ജീവിച്ചു. ചോദിച്ചുവരുന്നവര്‍ക്ക് എന്തെങ്കിലും നല്‍കിയശേഷം മാത്രമേ അവര്‍ പറഞ്ഞയച്ചിരുന്നുള്ളൂ. 378 ഹദീസുകള്‍ ഉമ്മുസലമയില്‍നിന്ന് റപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹദീസ് നിവേദനത്തില്‍ സ്ത്രീകളില്‍ ഒന്നാം സ്ഥാനം ആഇശക്കും രണ്ടാം സ്ഥാനം ഉമ്മുസലമക്കുമാണ്. ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു.
ഹി: 61ല്‍ ഉമ്മുസലമ ഈ ലോകത്തോട് വിട പറഞ്ഞു. നബി(സ)യുടെ പത്‌നിമാരില്‍ ഏറ്റവും അവസാനം മരിച്ചത് ഉമ്മുസലമയാണ്. ജനാസ നമസ്‌കാരത്തിന് നേതൃത്വം കൊടുത്തത് അബൂഹുറൈറയായിരുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured