International

ഇസ്‌ലാമിനെതിരെ തിരിയുന്ന യൂറോപിലെ പേടിത്തൊണ്ടന്‍മാര്‍

യൂറോപില്‍ തീവ്രവലതുപക്ഷകക്ഷികള്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും താല്‍ക്കാലികസ്വാധീനം നേടിയെടുത്തകൂട്ടരാണ്. യൂറോപ്യന്‍യൂണിയന്‍ രാഷ്ട്രങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍  ജനശ്രദ്ധ നേടിയ അത്തരത്തില്‍പെട്ട മൂന്നുപാര്‍ട്ടികളാണ് ഡാനിഷ് ഫ്രീഡം പാര്‍ട്ടി (ഡിഎഫ്പി), ദ ഫ്രഞ്ച് നാഷണല്‍ ഫ്രണ്ട്(എഫ് എന്‍), യുകെ ഇന്‍ഡിപെന്റന്‍സ് പാര്‍ട്ടി(ഉകിപ്). സമാനസ്വഭാവത്തില്‍ ഹംഗറിയില്‍ ജോബിക് 2010 ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തുകയുണ്ടായി. സ്വിറ്റ്‌സര്‍ലണ്ടിലാകട്ടെ, 99 ല്‍ ഉദയംകൊണ്ട്, 2007ല്‍ ജനശ്രദ്ധയാകര്‍ഷിച്ച് പള്ളിമിനാരങ്ങള്‍ വേണ്ടതില്ലെന്നുപറഞ്ഞ് കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി(എസ് വിപി)യുണ്ട്.

എന്നാല്‍ നമ്മെ ഇതൊന്നും ഭീതിപ്പെടുത്തേണ്ടതില്ല.  വ്യത്യസ്തതീവ്രവലതുകക്ഷികള്‍ ഒരുകുടക്കീഴില്‍ വന്നാല്‍മാത്രമേ അത് പ്രശ്‌നമാകുകയുള്ളൂ. അത്തരമൊരു സാധ്യത വളരെ വിരളമാണ്. തീവ്രവലതുപക്ഷം സ്‌പെയിന്‍,പോര്‍ചുഗല്‍, ഗ്രീസ് തുടങ്ങിയ മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ കാര്യമായ വിജയമൊന്നും നേടിയില്ല.  സ്വിറ്റ്‌സര്‍ലണ്ടില്‍ 2011 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനപ്രീതി നേടിയെന്ന് അവകാശപ്പെടുന്ന എസ് വിപി പോലും ഏതാനും സീറ്റുകളേ നേടിയുള്ളൂ. രാഷ്ട്രീയമണ്ഡലത്തില്‍ ജനങ്ങളെ ഇളക്കിവിടുംവിധം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഇവരുടെ ശൈലിയെ പരിശോധിക്കേണ്ടതുണ്ട്.സാമൂഹികപരികല്‍പന വെച്ചുനോക്കിയാല്‍ ഡ്രെസ്ഡനില്‍ രൂപവത്കരിക്കപ്പെട്ട ‘പെഗിഡ’ പോലും 25000 ആളുകളെ മാത്രമേ ആകര്‍ഷിച്ചുള്ളൂ. തുടര്‍ന്ന് അത് ഛിന്നഭിന്നമാകുകയായിരുന്നു. യുകെയില്‍ പെഗിഡ ശ്രമം നടത്തിയെങ്കിലും അവരുടെ നാലിരട്ടി വലിപ്പത്തില്‍ പ്രതിഷേധപ്രകടനങ്ങളിരമ്പിയതോടെ അതും കെട്ടടങ്ങി.

തീവ്രവലതുപക്ഷത്തിന്റെ ശൈലികള്‍

തീവ്രവലതുപാര്‍ട്ടികളുടെ ശൈലികളിലും പ്രവര്‍ത്തനരീതികളിലും വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും പ്രധാനപ്പെട്ട മൂന്ന് സ്വഭാവങ്ങള്‍ അവയില്‍ കാണാം.

1. ജനപ്രിയശൈലി

2. ഏകാധിപത്യശൈലി

3. മണ്ണിന്‍മക്കള്‍ വാദം

രാജ്യത്തിന്റെ അതിര്‍ത്തി കുടിയേറ്റക്കാര്‍ക്ക് മലക്കെത്തുറന്നിട്ടുകൊടുത്ത അധികാരമേലാളവര്‍ഗത്തിനെതിരെ തെരുവിലിറങ്ങിയവരുടെ പ്രതിനിധികളായാണ് തീവ്രവലതുപാര്‍ട്ടികള്‍ സ്വയം വിശേഷിപ്പിക്കുന്നത്. താന്താങ്ങളുടെ രാജ്യത്തെ സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തിന്റെ പരിഛേദമാണ്  ഓരോ തീവ്രപാര്‍ട്ടികളും. ഉദാഹരണത്തിന് സെമിറ്റിക് വിരുദ്ധത ബാള്‍ട്ടിക് രാജ്യങ്ങളായ ബള്‍ഗേറിയയിലും റൊമാനിയയിലും പ്രകടമാണ്. രണ്ടാംലോകയുദ്ധശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വ്യാപകമായഹോളോകോസ്റ്റ് അനുസ്മരണവും  അക്രമോത്സുകദേശീയതയും ഈ രാജ്യങ്ങളിലുണ്ടായിരുന്നില്ല.(ഷാര്‍ലി എബ്ദൊ ആന്റിസെമിറ്റിക് കാര്‍ട്ടൂണുകള്‍ വരക്കാത്തതിനുകാരണം ശിക്ഷയെക്കുറിച്ച ഭയമാണ്. ഗീര്‍ത് വില്‍ഡേഴ്‌സ് ഇസ്രയേല്‍ അനുകൂലസമീപനംസ്വീകരിക്കാത്തത് സെമിറ്റിക് വിരുദ്ധനെന്ന് മുദ്രകുത്തപ്പെടാതിരിക്കാന്‍ വേണ്ടിയാണ്). റോമന്‍വിരുദ്ധമനോഭാവം ബള്‍ഗേറിയയിലും ഫ്രാന്‍സിലും ഇറ്റലിയിലും ചെക് റിപബ്ലികിലും ഹംഗറിയിലും ശക്തമാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാകട്ടെ ഹോമോസെക്ഷ്വാലിറ്റിയോട് കടുത്ത ശത്രുതപുലര്‍ത്തുന്നവരാണേറെയും.

കടുത്ത യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധവികാരം ജനമനസ്സുകളില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. യൂറോപുവത്കരണം, ആഗോളീകരണം എന്നീപേരുപറഞ്ഞ് അതിര്‍ത്തികള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുന്നതിനെതിരെ ശക്തമായ പരമാധികാരദേശീയതയെ ഉദ്‌ഘോഷിക്കുന്ന ജനതയാണ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളത്. സാമ്പത്തികമാന്ദ്യമാണ് തീവ്രവലതുപക്ഷകക്ഷികള്‍ ഉയര്‍ന്നുവന്നതിനുപിന്നിലെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും ആ നിരീക്ഷണം പൂര്‍ണമായും ശരിയല്ല. കാരണം സാമ്പത്തികപ്രതിസന്ധിക്കുമുമ്പും  ഈ പാര്‍ട്ടികള്‍ക്ക് വേരോട്ടമുണ്ട്. മാത്രമല്ല, ആസ്ത്രിയയിലും നോര്‍വേയിലും ഡെന്‍മാര്‍ക്കിലും സ്വിറ്റ്‌സര്‍ലണ്ടിലും അവര്‍ ശക്തരും കൂടുതല്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്നവരുമാണ്. ആദ്യഘട്ടത്തില്‍  തൊഴില്‍ വൈദഗ്ധ്യം ആവശ്യമില്ലാത്ത വിഭാഗമായിരുന്നു ഈ പാര്‍ട്ടികളിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് പ്രൊഫഷണലുകളും മധ്യവര്‍ഗസമൂഹവും ഉള്‍പ്പെട്ട ഒന്നാണ്. അവരെയെല്ലാം പാര്‍ട്ടിയിലേക്കടുപ്പിച്ചത് ദേശീയതയെക്കുറിച്ച വികാരമാണെന്നതാണ് വസ്തുത.

തീവ്രവലതുപക്ഷവും ഇസ്‌ലാമും

കുടിയേറ്റം എന്നും തീവ്രവലതുപക്ഷപാര്‍ട്ടികളുടെ മുഖ്യവിഷയമായിരുന്നു.  ദേശീയസംസ്‌കാരത്തിന്റെ അലകുംപിടിയും മാറ്റിമറിക്കുന്ന, ദേശരാഷ്ട്രത്തിന്റെ വിഭവങ്ങളെ ഊറ്റിക്കുടിക്കുന്ന കടുത്ത ഭീഷണിയായാണ് കുടിയേറ്റക്കാരെ അവര്‍ കണ്ടത്.  എന്നാല്‍ ബെറ്റ്‌സ് പറയുന്നത് എല്ലാകുടിയേറ്റക്കാരെയും അവര്‍ ആ ഗണത്തില്‍ പെടുത്തിയിട്ടില്ല എന്നാണ്. ദേശീയസംസ്‌കാരത്തില്‍ ലയിക്കാന്‍ സന്നദ്ധരാകാത്ത ‘ചിലരെ’ മാത്രമാണ് അവര്‍ക്ക് അലര്‍ജി. ആധുനികലോകത്തിന്റെ ലിബറല്‍മൂല്യങ്ങളോട് യോജിച്ചുപോകാന്‍കഴിയാത്ത അക്കൂട്ടര്‍ക്ക് രാജ്യത്തിന്റെ തനതുസംസ്‌കാരത്തില്‍ അലിഞ്ഞുചേരാനാകില്ലെന്ന് അവര്‍ വാദിക്കുന്നു. മുസ്‌ലിംകളെ  നവഉദാരവത്കരണമൂല്യങ്ങളുടെ പേരുപറഞ്ഞ് ആക്രമിക്കുകയാണ് തീവ്രവലതുപക്ഷം ചെയ്യുന്നതെന്ന് ഇഗ്‌നാസി ചൂണ്ടിക്കാട്ടുന്നു.  അത്തരം പരികല്‍പനയെത്തുടര്‍ന്നാണ് ഗീര്‍ത് വില്‍ഡേഴ്‌സ് താന്‍ ഇസ്‌ലാമിനെതിരല്ലെന്നും മറിച്ച് മുസ്‌ലിംകള്‍ക്കെതിരാണെന്നും  പറഞ്ഞത്. അതെത്തുടര്‍ന്ന് മിതവാദി-തീവ്രവാദി മുസ്‌ലിം ചമത്കാരങ്ങള്‍ ഉദയംകൊണ്ടു. നല്ലമുസ്‌ലിം എന്നാല്‍ ഇതരസംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നവനെന്നും ചീത്തമുസ്‌ലിം ദേശത്തിന് നാശമുണ്ടാക്കുന്നവനെന്നും അര്‍ഥമുണ്ടായി. വംശീയവാദിയെന്ന ആരോപണത്തില്‍നിന്നും രക്ഷപ്പെടാന്‍ ഇതിലൂടെ സാധിക്കുമെന്ന് തീവ്രവലതുപക്ഷം കണക്കുകൂട്ടുന്നു.

വംശീയവാദം ഇന്ന് കടുത്ത ഇസ്‌ലാംവിരുദ്ധതയായിമാറിയിരിക്കുന്നുവെന്ന് ഴാങ് യുവേ കമ്യൂ പറയുന്നു. മുസ്‌ലിംയൂത് & സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍സ് റിപോര്‍ട്ട് തയ്യാറാക്കി പുറത്തുവിട്ട ചില നിരീക്ഷണങ്ങള്‍ നമുക്ക് നോക്കാം. മുസ്‌ലിംജനസംഖ്യ അതിഭീകരമാംവിധം വര്‍ധിക്കുന്നുവെന്നും  അത് ഭാവിയില്‍ യൂറോപ് മുസ്‌ലിംഭൂഖണ്ഡമായി പരിവര്‍ത്തിപ്പിക്കുമെന്നും ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടി വിശ്വസിച്ചു.യൂറോപ്പിന്റെ ജൂത-ക്രൈസ്തവമൂല്യങ്ങളെ അപേക്ഷിച്ച് അറുപിന്തിരിപ്പനും യാഥാസ്തിതികവുമാണ് ഇസ്‌ലാമിന്റെ നിയമങ്ങള്‍ എന്ന ആദര്‍ശപരമായ പ്രചാരണം അവര്‍ നടത്തി. എന്നുമാത്രമല്ല, മുസ്‌ലിംകള്‍ അക്രമോത്സുകരാണെന്ന് അവര്‍ ആരോപിച്ചു. കുടിയേറ്റക്കാരായി വന്ന് രാഷ്ട്രത്തിന് കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുന്നത് മുസ്‌ലിംകളാണെന്നും അവര്‍ കുറ്റപ്പെടുത്തി. സ്ത്രീകളോട് അനീതിപ്രവര്‍ത്തിക്കുന്ന മുസ്‌ലിംകള്‍ ലിംഗസമത്വത്തിനെതിരാണെന്നും അത് യൂറോപ്യന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ ആക്ഷേപിച്ചു.

തീവ്രവലതുപക്ഷത്തിന്റെ ഇത്തരംവാദമുഖങ്ങള്‍ ക്രൈസ്തവവ്യാഖ്യാനങ്ങള്‍ക്ക് സാധുതയേകി. അതായത്, മുസ്‌ലിംകളും ഇസ്‌ലാമും ക്രൈസ്തവയൂറോപിന് ഭീഷണിയാണെന്ന് പരക്കെ പ്രചരിപ്പിക്കപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളില്‍  പള്ളികള്‍ക്കും മിനാരങ്ങള്‍ക്കും എതിരായി ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമിതാണ്. ബുര്‍ഖയ്‌ക്കെതിരെയുള്ള പ്രതിഷേധറാലിയില്‍ നോര്‍തേണ്‍ ലീഗിന്റെ എംപി  പറഞ്ഞത് ഇസ്‌ലാമെന്ന വൈറസിനെ യൂറോപില്‍ വ്യാപിക്കുന്നത് തടയണമെന്നായിരുന്നു.  2006 ല്‍ ആസ്ത്രിയയിലെ തീവ്രവലതുപാര്‍ട്ടി തയ്യാറാക്കിയ പരസ്യം ചര്‍ച്ചിന്റെ മുകളിലെ കുരിശ് എടുത്തുമാറ്റി ചന്ദ്രക്കല പ്രതിഷ്ഠിക്കുന്നതായിരുന്നു. ഫ്‌ളെമിഷ് പാര്‍ട്ടിയുടെ ലാംസ് ബെലാങ് നടത്തിയ പ്രസ്താവന അവരുടെ മനസ്ഥിതി വിളിച്ചോതുന്നു. ‘മതപരമായ അര്‍ഥത്തില്‍ നമ്മിലധികംപേരും വിശ്വാസികളല്ല. എന്നാല്‍ ക്രൈസ്തവതയുടെ മൂല്യങ്ങള്‍ നാമെല്ലാവരും പങ്കുവെക്കുന്നുണ്ട്. അതാണ് യൂറോപ്യന്‍ നാഗരികതയുടെ അടിത്തറ’. ഈയിടെ ജര്‍മന്‍ നഗരത്തില്‍ പെഗിഡ നടത്തിയ റാലിയില്‍ ജര്‍മന്‍ പതാക കുരിശിന്റെ ആകൃതിയില്‍ രൂപപ്പെടുത്തിയതായിരുന്നുവെന്നതും കണക്കിലെടുക്കണം.

തീവ്രവലതുപക്ഷത്തിനെതിരായ നിലപാട്

ജര്‍മനിയിലെ ബെര്‍ട്ടില്‍സ്മാന്‍ ഫൗണ്ടേഷന്‍ പതിനൊന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്രവലതുപക്ഷചിന്തകള്‍ക്ക് തടയിടാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പറയുന്നുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്:

1. മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍ അവരെ തീവ്രവാദപാര്‍ട്ടിയായി മാറ്റിനിര്‍ത്തിയിരിക്കുന്നു. അങ്ങനെ അവഗണിക്കുന്നതിനുപകരം വലതുപക്ഷത്തിന്റെ വാദങ്ങളെ ജനസമക്ഷം അവതരിപ്പിച്ച് കുടിയേറ്റം, സാമ്പത്തികഭദ്രത, തൊഴില്‍മാര്‍ക്കറ്റ്, സാംസ്‌കാരികവൈവിധ്യം എന്നിവയെക്കുറിച്ച അവരുടെ ഭയം അകറ്റുകയാണ് വേണ്ടത്.

2. ബ്യൂറോക്രസിയുടെ അതിപ്രസരം ഒഴിവാക്കി ഭരണാധികാരികള്‍ സുതാര്യത കൈകൊള്ളുക.

3. വംശീയവാദത്തിനും പരവിദ്വേഷത്തിനും എതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുക. അത്തരക്കാരെ അവരുടെ സ്ഥാനമാനങ്ങളില്‍നിന്ന് നീക്കംചെയ്യുക. വംശവിദ്വേഷത്തിന്റെ വാര്‍ത്തകള്‍ക്ക് പ്രചാരംനല്‍കി അതിനെ കുറ്റകൃത്യമായി അവതരിപ്പിക്കുക. 

4.തീവ്രവലതുപക്ഷത്തിന്റെ കാഴ്ചപ്പാടുകളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ തയ്യാറാകുക.

 

Topics