അസ്‌ലമ എന്ന ധാതുവില്‍നിന്നാണ് ഇസ്‌ലാം എന്ന പദം ഉണ്ടായത്. വണങ്ങി, വഴങ്ങി, വിധേയപ്പെട്ടു, സമര്‍പിച്ചു എന്നൊക്കെയാണ് ഭാഷാര്‍ഥം. അല്ലാഹുവിന്നുള്ള സമ്പൂര്‍ണമായ സമര്‍പണവും അനുസരണവും വിധേയത്വവുമാണ് സക്ഷാല്‍ വിവക്ഷ. ദൈവത്തിന് കീഴൊതുങ്ങുമ്പോള്‍ വ്യക്തിക്കും സമൂഹത്തിന്നുമുണ്ടാകുന്ന സമാധാനവും ഇസ്‌ലാമിന്റെ അര്‍ഥത്തില്‍ പെടും.
പ്രപഞ്ചത്തിലെ പദാര്‍ഥങ്ങളൊക്കെയും ഇസ്‌ലാം അംഗീകരിച്ചവയാണ്. കാരണം അവയെല്ലാം അല്ലാഹു നിശ്ചയിച്ച പ്രകൃതിനിയമങ്ങളനുസരിച്ചാണ് നിലകൊള്ളുന്നത്. അവ ലംഘിക്കാനവയ്ക്ക് സാധ്യമല്ല.
മനുഷ്യജീവിതത്തിന് രണ്ടു വശങ്ങളുണ്ട്. അവന് സ്വയം തീരുമാനിക്കാനും തിരഞ്ഞെടുക്കാനും സാധ്യത ഉള്ളവയും ഇല്ലാത്തവയും. നാട്, വീട്, ദേശം, ഭാഷ, കാലം, കോലം, ലിംഗം തുടങ്ങിയവ നിശ്ചയിക്കുന്നത് മനുഷ്യനല്ല. സ്വന്തം ശരീരഘടന തീരുമാനിക്കുന്നതും രൂപപ്പെടുത്തുന്നതും അവനല്ല. എല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്ക് വിധേയമാണ്. അതിനാല്‍ എല്ലാ മനുഷ്യരും ജന്‍മനാ ഇസ്‌ലാം സ്വീകരിച്ചവരത്രേ. എന്നാല്‍ മനുഷ്യന് സ്വയം തീരുമാനിക്കാനും തിരഞ്ഞെടുക്കാനും സാധ്യതയുള്ള ചില വശങ്ങളുണ്ട്. എന്ത് തിന്നണം, തിന്നരുത്, കുടിക്കണം, കുടിക്കരുത്, കേള്‍ക്കണം, കേള്‍ക്കരുത് , കാണണം, കാണരുത്, പറയണം, പറയരുത്, ചെയ്യണം, ചെയ്യരുത് തുടങ്ങിയ ഉദാഹരണം. സ്വയം തീരുമാനിക്കാനും തിരഞ്ഞെടുക്കാനും സാധ്യതയുള്ള ഇത്തരം മേഖലകളില്‍ അല്ലാഹു നിശ്ചയിച്ച നിയമനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കുന്നതിനാണ് സാങ്കേതികഭാഷയില്‍ ‘അല്‍ ഇസ്‌ലാം’ എന്നുപറയുക.
ഭൂമിയില്‍ മനുഷ്യാരംഭം തൊട്ടുതന്നെ അല്ലാഹു അവന് ആവശ്യമായ നിയമങ്ങളും വ്യവസ്ഥകളും അറിയിച്ചുകൊടുത്തിട്ടുണ്ട്. തന്റെ ദൂതന്‍മാരിലൂടെയാണ് ദൈവം മനുഷ്യരാശിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരുന്നത്. അവര്‍ പ്രവാചകന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. എല്ലാ ദൈവദൂതന്‍മാരും അവതരിപ്പിച്ചതും പ്രബോധനം ചെയ്തതും ഇസ്‌ലാമാണ്. അതനുസരിച്ച് ജീവിച്ചവരെല്ലാം മുസ്‌ലിംകളും അതിനാല്‍ മുഹമ്മദ് നബിയുടെ നിയോഗത്തോടെ ആരംഭിച്ച മതമല്ല ഇസ്‌ലാം. ആദിമ മനുഷ്യന്‍ തൊട്ട് എന്നും എവിടെയും അവതീര്‍ണമായ ദൈവികജീവിത വ്യവസ്ഥ ഇസ്‌ലാമാണ്.
ദൈവത്തിന്റെ സത്ത, ഗുണവിശേഷങ്ങള്‍, അവകാശങ്ങള്‍, നിയമനിര്‍ദേശങ്ങള്‍, വിലക്കുകള്‍, മരണാനന്തരജീവിതം, രക്ഷാശിക്ഷകള്‍, അവയുടെ ഉപാധികള്‍ തുടങ്ങിയ സംബന്ധിച്ച അറിവ് അല്ലാഹുവിന്റെ ദൂതന്‍മാരിലൂടെയല്ലാതെ ആര്‍ക്കും ലഭ്യമല്ല. അതിനാല്‍ പ്രവാചകനില്‍ വിശ്വസിച്ച് അദ്ദേഹം കാണിച്ചുതന്ന വിധം അല്ലാഹുവിനെ മാത്രം അനുസരിച്ചും അവനെ ആരാധിച്ചും ജീവിക്കുന്നതിനാണ് ഇസ്‌ലാം എന്ന് പറയുക. പ്രവാചകന്‍മാരെ നിരാകരിച്ച് ദൈവത്തിന് വിധേയരായി ജീവിക്കുക സാധ്യമല്ല. പൂര്‍വസമൂഹങ്ങളില്‍ ഓരോ പ്രദേശത്തും പ്രത്യേകം പ്രത്യേകം പ്രവാചകന്‍മാര്‍ നിയോഗിതരായിരുന്നു. ഒരേ പ്രദേശത്തുതന്നെ ഒരാള്‍ക്കുശേഷം മറ്റൊരാള്‍ എന്ന നിലയിലും പ്രവാചകന്‍മാര്‍ വന്നിട്ടുണ്ട്. അതിനാല്‍ അക്കാലത്ത് ഓരോ വിഭാഗത്തിനും ‘ഇസ്‌ലാം’ എന്നത് അവരിലേക്ക് നിയോഗിതനായ ദൈവദൂതന്‍ നിര്‍ദേശിച്ചുകൊടുത്ത ജീവിതരീതിയായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാനം എന്നും എവിടെയും ഒന്നുതന്നെയായിരുന്നുവെങ്കിലും നിയമക്രമങ്ങളും ആരാധനാരീതികളും വ്യത്യസ്തങ്ങളായിരുന്നു. എന്നാല്‍ മുഹമ്മദ് നബി നിയോഗിതനായതോടെ ഇസ്‌ലാമിക നിയമവ്യവസ്ഥ പൂര്‍ത്തീകരിക്കപ്പെടുകയും അത് മുഴുലോകത്തിനുമായി നിശ്ചയിക്കപ്പെടുകയും ചെയ്തു. അതുമുതല്‍ നബിയിലൂടെ അവതീര്‍ണമായ ജീവിതവ്യവസ്ഥ മാത്രമാണ് ഇസ്‌ലാം. ആ വ്യവസ്ഥ സ്വീകരിക്കുന്ന ആളാണ് മുസ്‌ലിം.
Add Comment