സിന്ധ് വിജയം
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇസ്‌ലാം വ്യാപിക്കാന്‍ വഴിയൊരുക്കിയത് ഉമവീ ഭരണകാലത്ത് നടന്ന സിന്ധ് വിജയമാണ്. ഖലീഫഃ വലീദുബ്‌നു അബ്ദില്‍ മലികിന്റെ ഭരണകാലത്ത് ഗവര്‍ണറായിരുന്ന ഹജ്ജാജുബ്‌നു യൂസുഫ് ഒരു സൈന്യത്തെ ഇമാദുദ്ദീന്‍ മുഹമ്മദുബ്‌നു ഖാസിമിഥ്ഥഖഫിയുടെ നേതൃത്വത്തില്‍ സിന്ധിലേക്ക് അയച്ചു. സിലോണിലെ രാജാവ് ഖലീഫഃക്ക് പാരിതോഷകങ്ങള്‍ അയച്ചിരുന്ന കപ്പലുകള്‍ സിന്ധിനു സമീപംവച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കൊള്ളക്കാരെ പിടികൂടി കവര്‍ച്ച ചെയ്യപ്പെട്ട ചരക്കുകള്‍ തിരിച്ചുപിടിക്കാനും ബന്ധികളാക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ മോചിപ്പിക്കാനും ആവശ്യപ്പെട്ട്‌കൊണ്ട് ഹജ്ജാജുബ്‌നു യൂസുഫ് സിന്ധിലെ നാടുവാഴിയായ രാജാ ദാഹിറിന് കത്തെഴുതി. പക്ഷേ, തികച്ചും ഉദാസീനമായ ഒരു മറുപടിയാണ് രാജാവില്‍നിന്നുണ്ടായത്.
ഇതത്രേ സിന്ധിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ ഹജ്ജാജിനെ പ്രേരിപ്പിച്ചത്. 92/711-ല്‍ സിന്ധിലെത്തിയ മുഹമ്മദുബ്‌നു ഖാസിം ആദ്യമായി ദേവല്‍ തുറമുഖം കീഴടക്കി, കടല്‍കൊള്ളക്കാര്‍ ബന്ദികളാക്കിയ മുസ്‌ലിംകളെ മോചിപ്പിച്ചു. രാവറില്‍ നടന്ന മറ്റൊരു പോരാട്ടത്തില്‍ രാജാ ദാഹിറിനെയും അദ്ദേഹം പരാജയപ്പെടുത്തി. ദാഹിര്‍ കൊല്ലപ്പെട്ടു. സിന്ധും മുള്‍താനും പൂര്‍ണമായി കീഴടക്കിയ സൈന്യം കശ്മീരിന്റെ അതിര്‍ത്തിയിലുള്ള ദീപാല്‍പൂര്‍ വരെ എത്തി.
സൈന്യത്തെ ഖനൂജിലേക്ക് നയിക്കാന്‍ മുഹമ്മദുബ്‌നു ഖാസിം ഉദ്ദേശിച്ചിരുന്നു. അതിനിടെ വലീദ് മരിക്കുകയും പുതിയ ഖലീഫഃ സുലൈമാനുബ്‌നു അബ്ദില്‍ മലിക് ഇബ്‌നുഖാസിമിനെ തിരിച്ചുവിളിക്കുകയും ചെയ്തു. 17 വയസ്സ് പ്രായമുള്ളപ്പോഴാണ് മുഹമ്മദുബ്‌നു ഖാസിം സിന്ധിലേക്ക് സൈന്യത്തെ നയിച്ചത്. 22-ാം വയസ്സില്‍ അദ്ദേഹം മരിച്ചു. സിന്ധില്‍ അദ്ദേഹം കൈവരിച്ച വിജയങ്ങള്‍ വിസ്മയാവഹമാണ്. ചരിത്രത്തിലെ മഹാന്‍മാരായ പട്ടാള മേധാവികളിലൊരാളെന്ന യശസ്സ് അതദ്ദേഹത്തിന് നേടിക്കൊടുത്തു. പ്രഗല്‍ഭനായ പട്ടാള നായകനെന്നപോലെ കഴിവുറ്റ ഭരണതന്ത്രജ്ഞന്‍ കൂടിയായിരുന്നു ഇബ്‌നുഖാസിം. രാഷ്ട്രീയമായ കാരണങ്ങളാലാണ് അദ്ദേഹം തിരിച്ചുവിളിക്കപ്പെട്ടത്.
ഗസ്‌നവികള്‍
മുഹമ്മദുബ്‌നു ഖാസിം വിമോചിപ്പിച്ച സിന്ധ് അബ്ബാസീ യുഗത്തിന്റെ അന്ത്യം വരെയും ഇസ്‌ലാമിക ഖിലാഫതിനു കീഴില്‍ നിലകൊണ്ടു. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക വിജയങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങുന്നത് മുഹമ്മദുബ്‌നു ഖാസിമിനുശേഷം മൂന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. ഖൈബര്‍ ചുരം വഴിയായിരുന്നു ഇത്തവണ മുസ്‌ലിംകളുടെ വരവ്.
ഗസ്‌നഃയിലെ സുല്‍ത്വാനായിരുന്ന സുബുക്തിഗിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഗസ്‌നഃയില്‍ സുശക്തമായ ഒരു ഭരണകൂടം നിലവില്‍ വരുന്നത് ഇന്ത്യയിലെ ഹിന്ദു രാജാക്കന്‍മാര്‍ ഭയപ്പെട്ടിരുന്നു. പെഷവാര്‍ രാജാവ് ജയ്പാല്‍ ഒരു വന്‍ സൈന്യത്തെ സജ്ജീകരിച്ച് ഗസ്‌നവീ ഭരണകൂടത്തെ ആക്രമിച്ചു. ക്രി. 997-ല്‍ ഖൈബര്‍ ചുരം വഴി സൈന്യത്തെ നയിച്ച അദ്ദേഹം ജയ്പാലിനെ ബന്ധനസ്തനാക്കുകയും കപ്പം നല്‍കാമെന്ന വ്യവസ്ഥയില്‍ പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ കപ്പം നല്‍കുന്നതില്‍ ജയ്പാല്‍ വീഴ്ച വരുത്തിയപ്പോള്‍ സുബുക്തിഗിന്‍ അദ്ദേഹത്തെ ആക്രമിച്ച് പെഷവാര്‍ കീഴടക്കി.
20 വര്‍ഷത്തെ ഭരണത്തിനു ശേഷം ക്രി. 997-ല്‍ സുബുക്തിഗിന്‍ മരിച്ചു. തുടര്‍ന്ന് മകന്‍ മഹ്മൂദ് ഗസ്‌നവി (3ഃ7/997421/1030) അധികാരത്തിലേറി.
ലാഹോറിലെ ഹിന്ദുരാജാവ് ഗ്‌സനവി ഭരണകൂടത്തിന് നല്‍കേണ്ടിയിരുന്ന കപ്പം ഇടയ്ക്കിടെ നിര്‍ത്തിയിരുന്നു. മാത്രമല്ല, ഇന്ത്യന്‍ രാജാക്കന്‍മാരുടെ സഹായത്തോടെ മഹ്മൂദിനെതിരെ പടനീക്കങ്ങള്‍ നടത്തുകയും ചെയ്തു. മഹ്മൂദ് ഈ പടനീക്കങ്ങളെയെല്ലാം പരാജയപ്പെടുത്തിയെങ്കിലും രാജാക്കന്‍മാര്‍ ആക്രമണം തുടര്‍ന്നു. ഗത്യന്തരമില്ലാതെ ഹി. 410-ല്‍ അദ്ദേഹം ലാഹോര്‍ ജയിച്ചടക്കി. തുടര്‍ന്ന് ലാഹോര്‍ രാജാവിനെ സഹായിച്ച നാട്ടുരാജ്യങ്ങളിലേക്കു നീങ്ങി. ഖനൂജും കലഞ്ചറും അദ്ദേഹം സ്വന്തം രാജ്യത്തോട് ചേര്‍ത്തു.മഹ്മൂദിന്റെ അവസാനത്തെ വലിയ യുദ്ധം സോമനാഥത്തിനെതിരിലായിരുന്നു. സോമനാഥത്തില്‍നിന്ന് മടങ്ങും വഴി, അക്കാലത്ത് ഹബ്ബാരികള്‍ എന്ന അറബ് വംശജരുടെ ഭരണത്തിന്‍ കീഴിലായിരുന്ന സിന്ധിനെക്കൂടി അദ്ദേഹം തന്റെ രാജ്യത്തോട് ചെര്‍ത്തു.
ഇന്ത്യയിലേക്ക് 17 സൈനിക മുന്നേറ്റങ്ങള്‍ മഹ്മൂദ് നടത്തുകയുണ്ടായി. ദല്‍ഹി, ഖനൂജ്, ഗ്വാളിയോര്‍, മഥുര തുടങ്ങിയ നഗരങ്ങളില്‍ വിജയകരമായ ആക്രമണങ്ങള്‍ നടത്തി. പക്ഷേ, കീഴടങ്ങിയ നഗരങ്ങളിലൊന്നും വ്യവസ്ഥാപിത ഭരണം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിച്ച് മടങ്ങിപ്പോകുകയായിരുന്നു അദ്ദേഹം.
421/1030-ല്‍ മഹ്മൂദ് മരിച്ചശേഷം ഗസ്‌നവി ഭരണത്തിന്റെ അധഃപതനം തുടങ്ങി. ആ കാലയളവിലെ ഗസ്‌നവീ സുല്‍ത്വന്‍മാരുടെ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തന്‍ ഇബ്‌റാഹീം ആയിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയ അദ്ദേഹം ദല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തന്റെ രാജ്യത്തോട് ചേര്‍ത്തു. ബനാറസ് വരെ അദ്ദേഹം പടയോട്ടം നടത്തുകയുണ്ടായി.
ഗൂരികള്‍
ഇന്ത്യയിലെ മുസ്‌ലിം ഭരണകൂടത്തിന്റെ യാഥാര്‍ഥ സ്ഥാപകന്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗൂരിയാണ്. 5ഃ2/11ഃ6-ല്‍ ലാഹോര്‍ ജയിച്ചടക്കി ഗസ്‌നവി ഭരണകൂടത്തിന് അന്ത്യംകുറിച്ച അദ്ദേഹം അതിനു ശേഷം അജ്മീറിലേക്കും ദല്‍ഹിയിലേക്കും ശ്രദ്ധതിരിച്ചു. 5ഃ7/1191-ല്‍ തറൈന്‍ ഗ്രാമത്തില്‍ നടന്ന യുദ്ധത്തില്‍ പൃഥിരാജിന്റെ നേതൃത്വത്തില്‍ രജപുത്ര സൈന്യം ഗൂരികളെ തോല്‍പിച്ചു. എങ്കിലും അടുത്ത വര്‍ഷം അതേ സ്ഥലത്തുവച്ച് നടന്ന യുദ്ധത്തില്‍ ഗൂരികള്‍ പരാജയത്തിന് കണക്കുതീര്‍ത്തു. ദല്‍ഹി, മീറത്, കോയ്ല്‍ (അലീഗഢ്) തുടങ്ങി അജ്മീര്‍ വരെയുള്ള പ്രദേശങ്ങള്‍ ഗൂരികള്‍ക്ക് അധീനപ്പെട്ടു. ഈ പ്രദേശങ്ങളുടെ ഭരണം സേനാനായകനായ ഖുത്വ്ബുദ്ദീന്‍ ഐബകിനെ ഏല്‍പിച്ച് മുഹമ്മദ് ഗൂറി മടങ്ങി. 592/1195-ല്‍ അദ്ദേഹം വീണ്ടും വന്ന് ബയാന കീഴടക്കി. അതിനുശേഷം ഖുത്വ്ബുദ്ദീന്‍ 594/1197-ല്‍ ബദൗനും പിറ്റേ വര്‍ഷം ഖനൂജും 597/1200-ല്‍ ഗ്വാളിയോറും കീഴടക്കി. രാത്തോര്‍ വംശത്തിലെ ജയചന്ദ്രനെ പരാജയപ്പെടുത്തിയാണ്് ഖനൂജ് കീഴടക്കിയത്. അതിനു ശേഷം ഇന്ത്യന്‍ പടയോട്ടങ്ങളുടെ നേതൃത്വവും ഖുത്വ്ബുദ്ദീന്‍ ഐബകിനെ ഏല്‍പിച്ചു. മധ്യേന്ത്യയും ബുന്ദേല്‍ഖണ്ടും ഖുത്വ്ബുദ്ദീന്‍ കീഴടക്കി ഗൂരി സാമ്രാജ്യത്തോടു ചേര്‍ത്തു. ബംഗളും ബിഹാറും കീഴടക്കാന്‍ തുര്‍കീ അടിമ മുഹമ്മദ് ബഖ്തിയാര്‍ ഖല്‍ജിയെ നിയോഗിച്ചു.
1206-ല്‍ മുഹമ്മദ് ഗൂരി വധിക്കപ്പെട്ടു.
Add Comment