ഇസ്തിഹ്‌സാന്‍

ഇസ്തിഹ്‌സാന്‍

  • ‘ഉത്തമമായി ഗണിക്കുക’ എന്നാണ് ഇതിന്റെ ഭാഷാര്‍ത്ഥം. സാങ്കേതികമായി പല നിര്‍വചനങ്ങളും നിലവിലുണ്ട്. അവയില്‍ പ്രസക്തമായവ:
    (1) ഒരു പ്രശ്‌നത്തില്‍ സമാനമായ പ്രശ്‌നങ്ങളുടെ വിധിയില്‍ നിന്നു ഭിന്നമായി കൂടുതല്‍ ശക്തമായ ന്യായമനുസരിച്ചു മറ്റൊരു വിധി നല്‍കുക. (മുസ്ത്വഫ സര്‍ഖാനി).
    (2) ഒരു പ്രശ്‌നത്തില്‍ പ്രത്യേക കാരണത്താല്‍ സമാന പ്രശ്‌നങ്ങളുടെ വിധിയില്‍ നിന്നു വ്യത്യസ്തമായ വിധിനല്‍കുക. (കര്‍ഖി)
    (3) പ്രമാണം താല്പര്യപ്പെടുന്ന ഒരു വിധിയില്‍ നിന്ന് മാറ്റം താല്പര്യപ്പെടുന്ന അല്ലെങ്കില്‍ പരിമിതി താല്‍പര്യപ്പെടുന്ന മറ്റൊരു പ്രമാണ താല്‍പര്യത്തിലേക്ക് നീങ്ങുക. ഇസ്തിഹ്‌സാന്റെ പ്രാമാണികത
    ശരീഅത്ത് വിധി കണ്ടെത്താന്‍ ഇസ്തിഹ്‌സാന്‍ തെളിവായി സ്വീകരിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ പൂര്‍വിക കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഹനഫി, മാലികി, ഹമ്പലി വിഭാഗങ്ങളിലെ ഭൂരിപക്ഷവും ഇതിനെ തെളിവായി അംഗീകരിക്കുന്നു. എന്നാല്‍ ഇമാം ശാഫിഈ ഇതംഗീകരിച്ചില്ലെന്ന് മാത്രമല്ല, പ്രമാണങ്ങള്‍ക്കെതിരില്‍ ഇച്ഛക്കൊത്ത് ശരീഅത്തില്‍ നടത്തുന്ന കൈയേറ്റമാണ് ഇസ്തിഹ്‌സാന്‍ എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. ഇസ്തിഹ്‌സാന്‍ ഒരു തെളിവാണെങ്കിലും ഒരു ഖിയാസിനോ പൊതു താല്‍പര്യത്തിനോ മറ്റൊരു ഖിയാസിനേക്കാള്‍ പ്രാമുഖ്യം നല്‍കുകയായതിനാല്‍ അതൊരു സ്വതന്ത്ര തെളിവായി ഗണിക്കേണ്ടതില്ലെന്നാണ് ഇമാം ശൗകാനി ഉള്‍പ്പെടുന്ന മൂന്നാം പക്ഷം വാദിക്കുന്നത്.
    അനുകൂലിക്കുന്നവരുടെ തെളിവുകള്‍: അപവാദമില്ലാത്ത ഒരു നിയമവും ലോകത്ത് എവിടെയും ഒരിക്കലും ഉണ്ടായിട്ടില്ല, ഉണ്ടാവുക സാധ്യവുമല്ല. വിശുദ്ധ ഖുര്‍ആനില്‍ത്തന്നെ, പൊതുനിയമങ്ങള്‍ക്ക് അപവാദമായി അനേകം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. സത്യവിശ്വാസം സ്വീകരിച്ചവന്‍ വീണ്ടും സത്യനിഷേധിയാവുകയാണെങ്കില്‍ അവന് അല്ലാഹുവിന്റെ കോപവും ശക്തിയായ ശിക്ഷയും ഉണ്ടാകുമെന്ന് താക്കീത് നല്‍കുന്ന ഖുര്‍ആന്‍, ശത്രുക്കളുടെ സമ്മര്‍ദ്ദവും ഭീഷണിയും മൂലം സത്യനിഷേധം സംസാരിക്കേണ്ടി വരികയാണെങ്കില്‍ അവന് ആദ്യത്തെ വിധി ബാധകമല്ലെന്ന് വ്യക്തമാക്കുന്നു. നിര്‍ബന്ധിത സാഹചര്യത്തില്‍ നിരോധിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതും ഇതിനുദാഹരണമാണ്. എല്ലാ നിയമവും എല്ലാവര്‍ക്കും എപ്പോഴും ബാധകമാക്കാന്‍ സാധിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ പ്രയാസങ്ങള്‍ ലഘൂകരിക്കാനാണ് നിയമങ്ങള്‍. ‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്, പ്രയാസമല്ല’ എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. ഇതുതന്നെയാണ് ഇസ്തിഹ്‌സാന്റെ അന്തര്‍ധാര.
    വഞ്ചിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യാവതല്ല എന്ന, നബി പഠിപ്പിച്ച പൊതു തത്വത്തിനനുസരിച്ച് നിലവിലില്ലാത്തതോ നിര്‍ണിതമല്ലാത്തതോ ആയ വസ്തുക്കള്‍ കച്ചവടം ചെയ്യാന്‍ പാടില്ല എന്നാണ് ശരീഅത്ത് നിയമം. എന്നാല്‍ കര്‍ഷകന്റെ പ്രയാസം പരിഗണിച്ച്, വിത്തിറക്കുമ്പോള്‍ തന്നെ, വിളവ് കൊയ്യുമ്പോള്‍ ധാന്യം നല്‍കാമെന്ന അടിസ്ഥാനത്തില്‍ കച്ചവടം ചെയ്ത് പണം വാങ്ങുന്ന ‘സലം’ കച്ചവടം അനുവദിച്ചു. ഇത് ഹദീസില്‍ വന്ന ഇസ്തിഹ്‌സാന്റെ ഒരു ഉദാഹരണമാണ്.
    ഇസ്തിഹ്‌സാനെ നിരാകരിക്കുന്നവരുടെ തെളിവുകള്‍: ശരീഅത്തനുസരിച്ച്, വിധി കല്‍പിക്കാനുള്ള അധികാരം ഖുര്‍ആനിനും സുന്നത്തിനുമാണ്. അവയിലില്ലാത്തത് ഇജ്മാഇലൂടെയോ ഖിയാസിലൂടെയോ ആണ് വിധി കല്‍പിക്കേണ്ടത്. ഇതൊന്നുമല്ലാതെ താന്‍ നല്ലതായി ഗണിക്കുന്നത് ആധാരമാക്കി വിധികല്‍പിക്കുന്നത് അല്ലാഹുവിന്റെ അധികാരത്തില്‍ കൈകടത്തലും തന്റെ ഇച്ഛയെ പിന്‍പറ്റലുമാണ്. ഇതുപോലെ ഇസ്തിഹ്‌സാന്‍ എന്ന പേരില്‍ പ്രത്യക്ഷമായ ഖിയാസിനെ ദുര്‍ബലപ്പെടുത്തുവാന്‍ തന്റെ ബുദ്ധിയെയാണ് പ്രമാണമാക്കുന്നത്. ഇതംഗീകരിക്കുയാണെങ്കില്‍ ഓരോരുത്തര്‍ക്കും തങ്ങള്‍ക്കാവശ്യമായ നിയമനിര്‍മാണം നടത്താനധികാരമുണ്ടെന്നര്‍ത്ഥം വരും.
    എന്നാല്‍, ഇസ്തിഹ്‌സാന്‍ എന്നത് ശരീഅത്ത് അംഗീകരിച്ച തെളിവുകള്‍ ഒഴിവാക്കി ബുദ്ധിയെയോ സ്വന്തം താല്‍പര്യത്തെയോ പ്രമാണമാക്കലല്ല. മറിച്ച്, ഒരു തെളിവിന്റെ താല്‍പര്യത്തില്‍ നിന്ന് കൂടുതല്‍ ശക്തമായ മറ്റൊരു തെളിവിന്റെ താല്‍പര്യത്തിലേക്ക് നീങ്ങലാണ്. മേല്‍പ്പറഞ്ഞ എതിര്‍വാദം, ഇസ്തിഹ്‌സാന്‍ എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം മാത്രം പരിഗണിച്ചതു കൊണ്ടുണ്ടായിത്തീര്‍ന്നതാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics