ഇസ്തിസ്ഹാബ്

ഇസ്തിസ്ഹാബ്

‘കൂടെനില്‍ക്കുക’, ‘കൂട്ടിനുവിളിക്കുക’, ‘സഹവാസം’ എന്നെല്ലാമാണ് ഇസ്തിസ്ഹാബിന്റെ ഭാഷാര്‍ത്ഥം. സാങ്കേതികമായി, ചെറുവ്യത്യാസങ്ങളോടെ പല രൂപത്തില്‍ ഇസ്തിസ്ഹാബ് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. നിയമവിശാരദന്‍ ഇസ്‌നവിയുടെ നിര്‍വചനം: ‘ഒരു വിധി ഭൂതകാലത്ത് സ്ഥാപിതമായി എന്ന അടിസ്ഥാനത്തില്‍ പില്‍ക്കാലത്തും അത് നിലനില്‍ക്കുന്നതായി വിധിക്കുക’. ‘പൂര്‍വവിധിക്കു ഭംഗം തെളിയിക്കപ്പെടുന്നത് വരെ’ എന്ന ഒരനുബന്ധം കൂടി ചിലര്‍ ഈ നിര്‍വചനത്തോട് ചേര്‍ത്തിട്ടുണ്ട്.
ഉദാ: ഒരാള്‍ വുദു ചെയ്ത് ശുദ്ധിവരുത്തി. പിന്നീട് ശുദ്ധിഭംഗത്തെക്കുറിച്ച് സംശയമുണ്ടായാലും ഭംഗം ഉറപ്പിക്കുന്ന തെളിവുകളൊന്നുമില്ലെങ്കില്‍ ആദ്യവിധി -ശുദ്ധി- നിലനില്‍ക്കുന്നു. ആദ്യവിധിയുടെ തുടര്‍ച്ച (ഇസ്തിസ്ഹാബ്) യായിട്ടാണ് ഈ വിധി ലഭിക്കുന്നത്.
എന്നാല്‍, ആദ്യവിധി സ്ഥാപിതമാകുന്നത് ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ നേര്‍ക്കുനേരെയുള്ള കല്‍പനകള്‍ പോലെ ഖണ്ഡിതമായ നിയമങ്ങള്‍ക്കൊണ്ടാവാം. എല്ലാ വസ്തുക്കളും അടിസ്ഥാനപരമായി അനുവദനീയമാണ് എന്നതുപോലെ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ പൊതുവായി അംഗീകരിച്ച തത്വങ്ങള്‍ കൊണ്ടുമാകാം.

ഇസ്തിസ്ഹാബിന്റെ പ്രാമാണികത
മറ്റു തെളിവുകളില്ലാതെ വരുമ്പോള്‍ മാത്രമേ ഇസ്തിസ്ഹാബ് ശരീഅത്തില്‍ ഒരു തെളിവായി അംഗീകരിക്കുകയുള്ളൂവെന്നാണ് പൊതുവെ പണ്ഡിതമതം. കാരണം ഒരു പ്രശ്‌നം മുമ്പില്‍ വന്നാല്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ പ്രമാണങ്ങള്‍ക്കു ശേഷമേ ഇസ്തിസ്ഹാബിനെക്കുറിച്ച് അന്വേഷിക്കേണ്ടതുള്ളൂ. ഇക്കാരണത്താല്‍ ക്രിയാത്മകമോ നിഷേധാത്മകമോ ആയ ഒരു വിധിയുടെ സംസ്ഥാപനമോ നിഷേധമോ മറ്റുപ്രമാണങ്ങള്‍ കൊണ്ട് സ്ഥാപിതമായതാണെങ്കില്‍ അതിനെതിരില്‍ ഇസ്തിസ്ഹാബ് തെളിവായി സ്വീകരിക്കുകയില്ല.

ഇസ്തിസ്ഹാബിന്റെ ഇനങ്ങള്‍
(1) ‘വസ്തുക്കളെല്ലാം അടിസ്ഥാനപരമായി അനുവദനീയമാണെ’ന്ന പൊതുതത്വത്തിന്റെ തുടര്‍ച്ച. ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണെന്ന ഖുര്‍ആന്‍ സൂക്തത്തില്‍ നിന്നാണ് ഈ തത്വം രൂപപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഒരുല്‍പന്നത്തിന്റെ വിധി -അതു നിഷിദ്ധമാകുന്ന തെളിവുകളില്ലെങ്കില്‍- അടിസ്ഥാനവിധിയുടെ തുടര്‍ച്ച (അനുവദനീയം) എന്ന നിലയില്‍ അനുവദനീയമാണ് എന്നതാകുന്നു.
(2) പൊതുസ്വഭാവമുള്ള വിധിയെ പ്രത്യേകമാക്കിക്കൊണ്ട് തെളിവ് വരുന്നതുവരെ അത് പൊതുസ്വഭാവത്തില്‍ തുടരുക.
(3) ബുദ്ധിയുടെയും ശരീഅത്തിന്റെയും അടിസ്ഥാനത്തില്‍ നിലവില്‍ വരികയും നിലനില്‍ക്കുകയും ചെയ്യുന്ന ഒരു വിധിയുടെ തുടര്‍ച്ച. ഉദാ: ഒരാള്‍ സാക്ഷികളെ നിര്‍ത്തി ഒരു സംഖ്യ കടംവാങ്ങി. തിരിച്ചുകൊടുത്തതിന് തെളിവു ഹാജരാക്കുന്നതു വരെ കടക്കാരന്‍ പ്രസ്തുത സംഖ്യക്ക് ഉത്തരവാദിയായിരിക്കും.
(4) ‘കല്‍പനയില്ല’ എന്ന അടിസ്ഥാനത്തിന്റെ തുടര്‍ച്ച. ഉദാ: ശരീഅത്ത് റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കി. മറ്റു മാസങ്ങളിലെപ്പോഴെങ്കിലും നോമ്പ് നിര്‍ബന്ധമാണെന്ന് വാദിക്കുകയാണെങ്കില്‍ അതിന് തെളിവ് കൊണ്ടുവരണം. കാരണം ‘കല്‍പനയില്ല’ എന്നതാണ് അടിസ്ഥാനം.
(5) ഇജ്മാഅ് സ്ഥാപിതമായ ഒരു കാര്യത്തിന്റെ അവസ്ഥാന്തരങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടാകുമ്പോള്‍ ഇജ്മാഅ് അനുസരിച്ചുള്ള വിധിയുടെ തുടര്‍ച്ച.

About the author

padasalaadmin

Add Comment

Click here to post a comment

Topics