മുഹമ്മദ്‌

ഇഷ്ടമാണ് കൂടുതല്‍ മുത്തുനബിയെ

ഇസ്‌ലാമിനെപ്പറ്റി ആദ്യമായി കേള്‍ക്കുമ്പോള്‍ അതിന്റെ പ്രവാചകനായ മുഹമ്മദ് നബിയെപ്പറ്റി എനിക്ക് അറിയാമായിരുന്നില്ല. അങ്ങനെയൊരു പേരുതന്നെ ഞാന്‍ ഏറെ വൈകിയാണ് കേള്‍ക്കുന്നതുതന്നെ. എന്റെ വളര്‍ച്ചയുടെ ഒരു പ്രത്യേകഘട്ടം ആയതുകൊണ്ടായിരിക്കാം അത്.
1998-ലാണ് ഞാന്‍ ഇസ്‌ലാം എന്ന വാക്ക് കേള്‍ക്കുന്നത്. മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ തീവ്രതയാര്‍ജിക്കുംമുമ്പ് , സെപ്റ്റംബര്‍ 11 നും മുമ്പ്. മുസ്‌ലിം എന്താണെന്ന് അമേരിക്കക്കാര്‍ ശരിക്കും മനസ്സിലാക്കുംമുമ്പ്.
എല്ലാം കീഴ്‌മേല്‍ മാറിക്കഴിഞ്ഞ വേള്‍ഡ് ട്രേഡ് സംഭവാനന്തരം അമേരിക്കയിലും പടിഞ്ഞാറന്‍ ലോകത്തും മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ച് നിറംപിടിപ്പിച്ചതും അല്ലാത്തതുമായ ഒട്ടറെ എഴുത്തുകള്‍ പുറത്തുവന്നുകഴിഞ്ഞിരുന്നു. അവയില്‍ ബഹുഭൂരിപക്ഷവും നബിതിരുമേനി(സ)യെ ഇകഴ്ത്താനും പൈശാചികവത്കരിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു.
കോളേജ് വിദ്യാഭ്യാസകാലത്ത് ക്ലാസിലെ പഠനവിഷയത്തിന്റെ ഭാഗമായാണ് മുഹമ്മദ് നബി എനിക്ക് മുമ്പില്‍ അനാവൃതമായത്. ഇലക്ടീവ് സബ്ജക്റ്റ് ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടി ബോധപൂര്‍വം തന്നെ തെരഞ്ഞെടുത്തതാണ്. ഏകദൈവത്വം ഉദ്‌ഘോഷിക്കുന്ന ലോകമതങ്ങളെക്കുറിച്ച ആ പഠനത്തിന്റെ സെമസ്റ്റര്‍ കാലയളവില്‍ ഇസ്‌ലാം ചര്‍ച്ചചെയ്യപ്പെട്ടത് കേവലം ഒരാഴ്ച മാത്രമണ്. സെമസ്റ്ററില്‍ പകുതിസമയവും ചെലവഴിച്ചത് ക്രൈസ്തവതയും ജൂതായിസവും പഠിക്കാനാണ്.

യാഥാര്‍ഥ്യമോ വൈകാരികതയോ തൊട്ടുതീണ്ടാതെയാണ് ക്രൈസ്തവമതവും ജൂതായിസവും അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇസ്‌ലാമിനെ പഠിപ്പിച്ചപ്പോള്‍ അതിന്റെ വിശ്വാസകാര്യങ്ങളെ വിട്ട് രാഷ്ട്രീയലൈനിലൂടെ പ്രൊഫസര്‍ കടന്നുപോകുകയായിരുന്നു. മൂന്നോ നാലോ വട്ടം നബിയുടെ പേര് പരാമര്‍ശിച്ചുവെന്ന് മാത്രം. ലോകത്തെ ഒരു പ്രമുഖമതം ആരും ചര്‍ച്ചചെയ്യാതെ, പെട്ടെന്ന് ചുരുക്കിപ്രസ്താവിക്കപ്പെട്ടത് എന്നില്‍ കടുത്ത നിരാശയും അതിലേറെ സംശയവും ജനിപ്പിച്ചു.

എന്റെ റുംമേറ്റിനും എന്നെപ്പോലെ നിരാശയും സംശയവുമുണ്ടായി. എന്നെക്കാള്‍ ഊര്‍ജസ്വലയായിരുന്ന അവള്‍ ഇസ്‌ലാമിന്റെ പിന്നിലെ നിഗൂഢതകളെ അനാവരണം ചെയ്യാന്‍ മുന്നിട്ടിറങ്ങി. ആ പരിശ്രമത്തിനൊടുവില്‍ അവള്‍ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. ഒട്ടുംവൈകാതെ അവളുടെ അനുഭവങ്ങളും വിവരങ്ങളും എന്നോട് പങ്കുവെക്കാനും തുടങ്ങി. അവളില്‍നിന്നാണ് മുസ്‌ലിംകള്‍ ജൂത-ക്രൈസ്തവ പ്രവാചകന്‍മാരെയെല്ലാം അംഗീകരിക്കുന്നുവെന്ന വസ്തുത ഞാന്‍ ആദ്യമായി കേട്ടത്. എല്ലാ പ്രവാചകന്‍മാരുടെയും സന്ദേശങ്ങളെ സത്യപ്പെടുത്തി മുഹമ്മദ് അവസാനദൂതനായി വന്നുവെന്നും ഞാന്‍ മനസ്സിലാക്കി. ആ പേര് അന്നായിരുന്നു ശരിക്കും കേട്ടത്.

വിശ്വസ്തനായ മുഹമ്മദ്

വിശ്വസ്തന്‍, സത്യസന്ധന്‍ എന്ന് മുഹമ്മദ് നബിയെ ശത്രുക്കള്‍പോലും വിശേഷിപ്പിച്ചത് എന്നെ അത്ഭുതപ്പെടുത്തി.
ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് മുഹമ്മദ് നബിയുടെ കത്ത് റോമാചക്രവര്‍ത്തിയായ ഖൈസറിന് കിട്ടിയപ്പോള്‍ മുശ്‌രിക്കുകളുടെ നേതാവായ അബൂസുഫ്‌യാനോട് നബിയുടെ സ്വഭാവത്തെക്കുറിച്ച് അന്വേഷിച്ചു. അതിന് അബൂസുഫ്‌യാന്‍ ഇങ്ങനെ പ്രതിവചിച്ചു:
‘കുലീനകുടുംബത്തിലാണ് മുഹമ്മദ് ജനിച്ചത്. വിശ്വസ്തനും സത്യസന്ധനുമാണ്. ഒരിക്കല്‍പോലും വാഗ്ദത്തം ലംഘിച്ചിട്ടില്ല. ഏകദൈവത്തെ മാത്രം ആരാധിക്കാനും പ്രാര്‍ഥിക്കാനും കീഴ്‌വഴങ്ങാനുമാണ് അനുയായികളോട് കല്‍പിച്ചിരിക്കുന്നത്. ദയയും കാരുണ്യവും സൂക്ഷ്മതയും വിട്ടുവീഴ്ചയുമാണ് അദ്ദേഹം ഉദ്‌ഘോഷിക്കുന്നത്. അനുയായികള്‍ ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.’

ശത്രുക്കള്‍പോലും മുഹമ്മദിനെ സത്യസന്ധനും വിശ്വസ്തനുമെന്ന് വിശേഷിപ്പിച്ചതാണ് എന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേക്ക് ആകര്‍ഷിച്ചത്.

എല്ലാവരുടെയും സംരക്ഷകന്‍

ബാലനായ മുഹമ്മദിന് പിതാവിനെ കാണാന്‍ ഭാഗ്യമുണ്ടായില്ല. മാതാവാകട്ടെ, അദ്ദേഹത്തിന്റെ ആറാമത്തെ വയസ്സില്‍ മരണപ്പെടുകയും ചെയ്തു. നന്നേ ചെറുപ്പത്തില്‍ ആ അനാഥത്വം അദ്ദേഹത്തെ എത്രമാത്രം വേദനിപ്പിച്ചിരിക്കും എന്നത് പറയേണ്ടതില്ലല്ലോ. അതിനാല്‍ സമൂഹത്തിലെ അഗതികളെയും അനാഥരെയും നല്ല രീതിയില്‍ പരിചരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. വിധവകളുടെയും അനാഥകളുടെയും സങ്കടങ്ങളും വല്ലായ്മകളും ദൂരീകരിക്കാന്‍ എപ്പോഴും മുന്നില്‍നിന്നു. എല്ലാവരോടും അതിനായി ആഹ്വാനം ചെയ്തുകൊണ്ട് ഇപ്രകാരം അരുള്‍ചെയ്തു: ‘ആര്‍ വിധവയ്ക്കും ദരിദ്രനും വേണ്ടി നിലകൊള്ളുകയും സേവനങ്ങളര്‍പിക്കുകയും ചെയ്യുന്നുവോ അയാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളിയെപ്പോലെയാണ്. ‘(ബുഖാരി).

അനാഥനെ ഏറ്റവും നന്നായി പരിചരിക്കുന്ന വീടാണ് വിശ്വാസികളുടേതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠഭവനം. അക്കൂട്ടത്തിലെ ഏറ്റവും അഭിശപ്തമായ ഭവനമാകട്ടെ, അനാഥയോട് മോശമായി പെരുമാറുന്ന വീടാണ്(ഇബ്‌നു മാജഃ).

സ്വാര്‍ഥത മുഖമുദ്രയായ ഈ വര്‍ത്തമാനയുഗത്തില്‍ കഷ്ടപ്പെടുകയും വേദനയനുഭവിക്കുകയും ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തി അവര്‍ക്കായി പരിശ്രമിക്കുന്ന പ്രവാചകവ്യക്തിത്വം എന്നെ കീഴ്്‌പെടുത്തിയെന്നത് യാഥാര്‍ഥ്യമാണ്.

നീതിമാന്‍

നീതിയുടെ അതുല്യപ്രതീകമായിരുന്നു മുഹമ്മദ് നബി. അദ്ദേഹം അരുളി: മര്‍ദ്ദകനും മര്‍ദ്ദിതനുമായ നിന്റെ സഹോദരനെ നീ സഹായിക്കുക. അതുകേട്ട അനുചരന്‍മാരില്‍ ഒരാള്‍ നബിയോട് ചോദിച്ചു: മര്‍ദ്ദിതനെ സഹായിക്കുന്നത് മനസ്സിലായി. പക്ഷേ മര്‍ദ്ദകനെ എങ്ങനെ ഞങ്ങള്‍ സഹായിക്കും? തിരുമേനി പ്രതിവചിച്ചു:’മര്‍ദ്ദകനെ വിലക്കിയും അവനെ മര്‍ദ്ദനത്തില്‍നിന്ന് തടഞ്ഞും സഹായിക്കുക'(ബുഖാരി).

നന്‍മയോ തിന്‍മയോ എന്ന് നോക്കാതെ കുടുംബമഹിമയും വംശീയമേന്‍മയും മതവും നോക്കി മാത്രം നിലപാട് സ്വീകരിക്കുന്ന ഇന്നത്തെ ലോകക്രമത്തില്‍, എല്ലായ്‌പ്പോഴും നീതിയുടെ പക്ഷത്ത് മാത്രം നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത അനന്യവ്യക്തിത്വമായിരുന്നു പ്രവാചകതിരുമേനി. മതവര്‍ഗീയത, വംശീയഉച്ചനീചത്വം, കക്ഷിമാത്സര്യം തുടങ്ങി എല്ലാ തിന്‍മകള്‍ക്കും മറുപടിയായി മുഹമ്മദ് നബി മാത്രമേയുള്ളൂ.

മാന്യന്‍

സ്ത്രീസമൂഹത്തോട് ഏറ്റവും മാന്യമായി പെരുമാറുകയും ഇടപെടുകയും അവരുടെ അന്തസ്സിനെ വീണ്ടെടുക്കുകയും അതിനായി സ്വന്തം അനുയായികളോട് കല്‍പിക്കുകയും ചെയ്തുവെന്നതാണ് മുഹമ്മദ് നബിയിലേക്ക് ഞാന്‍ കൂടുതല്‍ ആകര്‍ഷിതയാകാന്‍ കാരണം. അദ്ദേഹം സ്ത്രീകളുടെ നേര്‍ക്കുപോലും കൈയോങ്ങിയില്ല. ഒരു സ്ത്രീയോടുപോലും കോപിഷ്ഠനായില്ല. സ്ത്രീകളില്‍നിന്ന് ഉപദേശം തേടാനും മടികാണിച്ചില്ല. സ്ത്രീസമൂഹത്തോട് ഏറ്റവും നന്നായി പെരുമാറണമെന്ന് ഉപദേശിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ടു.
ഒരിക്കല്‍ തന്റെ അനുചരന്‍മാരോടായി അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ സ്ത്രീകളോട് ഏറ്റവും ഉത്തമമായ നിലയില്‍ പെരുമാറണമെന്ന് ഞാനിതാ വസിയ്യത് ചെയ്യുന്നു'(മുസ ്‌ലിം).
നൈറ്റ് ക്ലബുകളില്‍പോയി അര്‍മാദിച്ച് സമയംകൊല്ലുന്നത് സര്‍വസാധാരണമായി കാണുന്ന, സ്ത്രീകളോട് അശ്ലീലമായി സംസാരിക്കുന്നതും അവരെ കയ്യേറ്റംചെയ്യുന്നതും തികച്ചും സ്വാഭാവികകാര്യമെന്ന് ധരിച്ചുവശായിരിക്കുന്ന ഒരു സമൂഹക്രമത്തില്‍ , സ്ത്രീകളെ ആദരിക്കാനും അവരോട് മാന്യമായി പെരുമാറാനും തന്റെ അനുചരന്‍മാരോട് കല്‍പിച്ച മുഹമ്മദ് നബിയെക്കാള്‍ മികച്ച മാതൃകാപുരുഷനില്ല.

ക്ഷമാലു

നബിയെപ്പോലെയും അദ്ദേഹത്തിന്റെ അനുചരന്‍മാരെപ്പോലെയാകാനും ഞാന്‍ ആഗ്രഹിച്ചു. പ്രവാചകന്‍ അരുളി: ‘എതിരാളിയെ മല്ലയുദ്ധത്തില്‍ തോല്‍പിക്കുന്നവനല്ല, ശക്തന്‍. മറിച്ച്, ദേഷ്യംവരുമ്പോള്‍ സ്വയം നിയന്ത്രിച്ചുനിര്‍ത്തുന്നവനാണ് ഏറ്റവും ശക്തന്‍’. ഈ വചനം എന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ച ഒന്നാണ്.
സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും വീഡിയോ ഗെയിമുകളിലൂടെയും അക്രമത്തെ മഹത്വവത്കരിക്കുകയും ഗാര്‍ഹികപീഡനങ്ങള്‍ സ്വാഭാവികപ്രക്രിയയെന്നോണം സ്വീകാര്യതനേടുകയും ചെയ്യുന്ന സംസ്‌കാരത്തില്‍ ആത്മനിയന്ത്രണത്തെ യഥാര്‍ഥകരുത്തായി ഉയര്‍ത്തിക്കാട്ടുന്ന പ്രവാചകനെക്കാള്‍ ഉദാത്തവ്യക്തിത്വം വേറെയാരുണ്ട്?!
ഞാനിന്നേവരെ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടില്ലാത്ത ആ മനുഷ്യനെ അടുത്തറിയുകയും സ്‌നേഹിക്കുകയും ചെയ്തു. നബിയുടെ ജീവിതത്തിലൂടെ കടന്നുപോയപ്പോള്‍ ആ വ്യക്തിയുടെ പെരുമാറ്റമര്യാദകള്‍, അധ്യാപനങ്ങള്‍, സഹാനുഭൂതി, ശക്തി, ദയ,കാരുണ്യം എന്നിവയെല്ലാം അടുത്തറിഞ്ഞു. ഒരു വ്യക്തിക്ക് ചെന്നെത്താവുന്നതിന്റെ ഉത്തുംഗത അദ്ദേഹം എങ്ങനെ കീഴടക്കിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. മുഹമ്മദിനോളം സ്‌നേഹവും ആദരവും കരസ്ഥമാക്കിയ ഒരുവ്യക്തിയെയും ഞാനെന്റെ ജീവിതത്തില്‍ അറിയാനിടവന്നിട്ടില്ല.
തെരേസ കോര്‍ബിന്‍

(തെരേസ കോര്‍ബിന്‍ 2001 ല്‍ ഇസ്‌ലാം സ്വീകരിച്ച ഫ്രഞ്ച് -അമേരിക്കന്‍ വനിതയാണ്.)

Topics