ബ്രിട്ടീഷ് ആക്റ്റിവിസ്റ്റും ‘അമല്‍’ മാഗസിന്‍ എഡിറ്ററുമായ സാറാ ജോസഫ് തന്റെ ഇസ് ലാം പരിവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുന്നു
ഞാന്‍ മുസ്‌ലിമായപ്പോള്‍ ആ വാര്‍ത്തകേട്ട പലരും വ്യത്യസ്തരീതിയിലാണ് അതിനോട് പ്രതികരിച്ചത്. ആശയക്കുഴപ്പം, സന്തോഷം, അവിശ്വസനീയത, ആഹ്ലാദം, കോപം തുടങ്ങി പലതരം ഹാവഭാവങ്ങള്‍ അവരുടെ മുഖത്തുണ്ടായിരുന്നു. എന്നാല്‍ എനിക്ക് അസ്വസ്ഥതതോന്നിയത് ഒരു മുസ്‌ലിം ഇപ്രകാരം പറഞ്ഞപ്പോഴാണ്: ‘നിങ്ങള്‍ ഇസ്‌ലാംസ്വീകരിച്ചു. എന്നെക്കാള്‍ ഉത്തമ താങ്കളാണ്.’
വിശ്വാസത്തില്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നത് ഞാനാണെന്ന രീതിയിലുള്ള വാദം എനിക്ക് സ്വീകരിക്കാനാകില്ല. അതെല്ലാം അല്ലാഹുവിന്റെ തീരുമാനത്തിലാണുള്ളത്. എന്റെ പരിമിതികളും ന്യൂനതകളും മറ്റാരേക്കാളും എനിക്ക് നന്നായി അറിയാം. ഉത്തമമായ രീതിയില്‍ ചെയ്യാന്‍ പരിശ്രമിക്കാമെന്നേ നന്നെക്കവിഞ്ഞാല്‍ പറയാനാകുകയുള്ളൂ. എന്തായാലും ഇന്നുചെയ്യുന്നതിനേക്കാള്‍ ഉത്തമമായത് നാളെ ചെയ്യാന്‍ കഴിയുമല്ലോ. നാം അല്ലാഹുവോട് നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് നല്ലത്. അല്ലാതെ മറ്റുള്ളവര്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടോയെന്ന് ചുഴിഞ്ഞന്വേഷിക്കുകയല്ല ചെയ്യേണ്ടത്.
ദീനില്‍ ബലപ്രയോഗമില്ലെന്നാണല്ലോ അല്‍ബഖറ (256) അധ്യായം പറയുന്നത്. അതിനാല്‍ നാം അല്ലാഹുവിന് വിധേയനാകാന്‍ ഉദ്ദേശിച്ചാല്‍ പിന്നില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളുണ്ടാകാന്‍ ഒരിക്കലും പാടില്ല. നമ്മുടെ മാതാപിതാക്കള്‍ ബൗദ്ധികമായും ധാര്‍മികമായും ആത്മീയമായും എന്തായിരുന്നുവെന്നതല്ല നാം ആരെന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം. വിശ്വാസം പക്ഷേ നമുക്ക് പാരമ്പര്യമെടുക്കാനാവില്ല. നമ്മുടെ ഹൃദയത്തില്‍ സ്വപരിശ്രമത്തിന്റെയും ദൈവകാരുണ്യത്തിന്റെയും ഫലമായി ഉടലെടുക്കുന്നതാണത്.
ജീവിതപ്രതിബന്ധങ്ങള്‍
ദെവചിന്തയില്‍ മുഴുകുന്നതില്‍നിന്ന് പിന്നോട്ടടിപ്പിക്കുന്ന ദൈനംദിനകൃത്യങ്ങള്‍, ഉപജീവനവൃത്തി, വീട്ടുകാര്യങ്ങള്‍, പഠനം, ജനസമ്പര്‍ക്കം തുടങ്ങി ക്യത്യാന്തരബാഹുല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഏറെയാണ്. മാത്രമല്ല, സാമൂഹികജീവിയെന്നനിലയില്‍ പരസ്പരം ആശ്രയിച്ചാണ് നാം നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്കുവേണ്ടി പലതും ചെയ്യേണ്ടതുണ്ട്. രക്ഷിതാക്കള്‍, സഹോദരങ്ങള്‍, കസിന്‍സ്, മറ്റുകുടുംബബന്ധുക്കള്‍ തുടങ്ങി നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തിയവരും സ്വാധീനിച്ചവരും അവരില്‍പെടുന്നു. ജീവിതത്തിന്റെ രണ്ടാംഘട്ടത്തില്‍ അധ്യാപകരും കൂട്ടുകാരും കടന്നുവരുന്നു.
വൈവാഹികജീവിതവും കുട്ടികളും നമ്മുടെ യൗവനഘട്ടത്തില്‍ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ തൊഴിലിടങ്ങളിലെ ബന്ധങ്ങളും സജീവമാകുന്നു. നമ്മുടെ ജീവിതത്തെ സ്വാധീനിക്കാന്‍ ഇവര്‍ക്കെല്ലാം സാധിക്കുന്നു. അത് ഗുണപരമോ പ്രതിലോമകരമോ ആകാം. പക്ഷേ, നാളെ അല്ലാഹുവിന്റെ മുമ്പില്‍ ഏകനായിവേണം എല്ലാറ്റിന്റെയും കണക്കുബോധിപ്പിക്കാന്‍. അതിനാല്‍ ഈ ലോകത്തുനിന്നുതന്നെ അതിനുള്ള പരിശീലനം തുടങ്ങണം.
എല്ലായ്‌പോഴും അല്ലാഹുവെക്കുറിച്ച് മാത്രം ചിന്തിച്ച് കഴിഞ്ഞുകൂടുകയെന്നത് എളുപ്പമല്ല. അവനെക്കുറിച്ച ചിന്തകളില്‍നിന്ന് വഴിതെറ്റിക്കാന്‍ ഹൃദയാന്തരാളങ്ങളില്‍ സദാ മന്ത്രിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. അതിനാല്‍ നമ്മുടെ ദൗര്‍ബല്യങ്ങളെ മനസ്സിലാക്കുകയും കഴിവുകളെ തിരിച്ചറിയുകയും വേണം. ആ തിരിച്ചറിവ് ഒരുപക്ഷേ വേദനാജനകമായ അനുഭവമായിരിക്കാം. പക്ഷേ സ്വന്തത്തോട് നീതിപുലര്‍ത്തണമെങ്കില്‍ ആ യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടാന്‍ പാടില്ല.
സ്വതന്ത്രതീരുമാനം
നാമാരും ദൈവികസാമീപ്യത്തില്‍നിന്നും വിദൂരത്തല്ല. പക്ഷേ,അവന്റെ സാമീപ്യത്തില്‍ നാം സംതൃപ്തരാണോയെന്നതാണ് ചോദ്യം. ദൈവമെപ്പോഴുമുണ്ട്. എന്നാലും അവന്റെ അടുത്തെത്താന്‍ ദിശാസൂചിക ശരിയാക്കി നാം മുന്നോട്ടുഗമിക്കുന്നുണ്ടോ? നമ്മുടെ ജീവിതത്തില്‍ അവനുണ്ടായിരിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കില്‍ അവന്റെ സാമീപ്യം നമുക്ക് സന്തോഷം പകര്‍ന്നുനല്‍കുമെന്ന് കരുതുന്നതെല്ലാം പ്രവര്‍ത്തിക്കുന്നതിന് തടസ്സമെന്ന് മനസ്സിലാക്കുന്നുണ്ടോ?
ഖുദ്‌സിയായ ഹദീഥില്‍ ഇപ്രകാരം കാണാം:’അടിമ എന്നോട് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനോട് ചാണടുക്കും. അവന്‍ എന്നോട് ചാണടുത്താല്‍ ഒരു കൈ ഞാന്‍ അടുക്കും. ആര്‍ എന്നിലേക്ക് നടന്നടുക്കുന്നുവോ ഞാനവരിലേക്ക് ഓടിയെത്തും. എന്നില്‍ പങ്കുചേര്‍ക്കാതെ ഭൂമിയോളം തെറ്റുകള്‍ പ്രവര്‍ത്തിച്ച് എന്നെ കണ്ടുമുട്ടുന്നവരാരോ അതിനേക്കാള്‍ വലിയ പാപമോചനം നല്‍കും ‘(മുസ്‌ലിം). അതിനാല്‍ അല്ലാഹുവിങ്കലേക്കുള്ള ചെറിയ കാല്‍വെപ്പുപോലും നമ്മെ അവനിലേക്ക് അടുപ്പിക്കും. നമ്മുടെ തെറ്റുകള്‍ പോലും അവനിലേക്കുള്ള സാമീപ്യത്തെ തടയുകയില്ല. മാപ്പുനല്‍കുമെന്ന് അവന്‍ വാഗ്ദാനംചെയ്തിട്ടുള്ളതാണല്ലോ.
നമ്മുടെ തീരുമാനങ്ങള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ തടസ്സം. ആ തീരുമാനങ്ങള്‍ ജീവിതത്തിലെന്നെന്നേക്കുമായി ഉള്ളതല്ലല്ലോ. അല്ലാഹുവെ തെരഞ്ഞെടുക്കുകമാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മുടെ ദൈനംദിനജീവിതത്തില്‍ എല്ലാറ്റിനുംമുഖ്യമായി അവനെ പ്രതിഷ്ഠിക്കുകയെന്ന ദൃഢനിശ്ചയം മാത്രമേ നാമെടുക്കേണ്ടതുള്ളൂ. അതിനാല്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നത് വലിയ സംഭവമായി എനിക്ക് തോന്നുന്നില്ല. അത് നാമെല്ലാവരും തെരഞ്ഞെടുക്കേണ്ട പാതയാണല്ലോ. വിശദമായി പറഞ്ഞാല്‍ എല്ലാ ദിവസവും ഞാന്‍ ഇസ്‌ലാമിനെ പുല്‍കിക്കൊണ്ടിരിക്കുന്നു.
്അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ നാം തീരുമാനിച്ച് അവനെ ആരാധിക്കാനും അവന് കീഴ്‌പെടാനും തയ്യാറെടുക്കുന്നതോടെ ഹദീഥിലൂടെ അവന്‍ പറയുന്നത് സംഭവിക്കുന്നു.’അവന്‍ കേള്‍ക്കുന്ന ചെവി ഞാനാകും, അവന്‍ കാണുന്ന കണ്ണ് ഞാനാകും അവന്റെ കരം ഞാനാകും അവന്‍ നടക്കുന്ന കാല്‍ ഞാനാകും'(ബുഖാരി). കാരണം നമ്മുടെ ജീവിതം മുഴുവനും അവനുവേണ്ടിമാത്രമാകും.
Add Comment