ഷാ വലിയുല്ലാഹിദ്ദഹ്‌ലവി ആവിഷ്‌കരിച്ച ആശയാടിത്തറയില്‍നിന്നുകൊണ്ട് രൂപീകരിക്കപ്പെട്ട ഒരു സമ്പൂര്‍ണ ഇസ്‌ലാമിക പ്രസ്ഥാനമാണ് തഹ്‌രീകെ മുജാഹിദീന്‍ അഥവാ മുജാഹിദീന്‍ പ്രസ്ഥാനം. ഷാ വലിയുല്ലാഹിദ്ദഹ്‌ലവിയുടെ പൗത്രന്‍ ഷാ ഇസ്മാഈല്‍ ശഹീദും വലിയുല്ലായുടെ മകന്‍ ഷാ അബ്ദുല്‍ അസീസിന്റെ ശിഷ്യന്‍ സയ്യിദ് അഹ്മദ് ശഹീദും സംയുക്തമായി രൂപീകരിച്ച പ്രസ്ഥാനത്തിന് ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. ഷാ വലിയുല്ലാ വിഭാവന ചെയ്തതും ഖുര്‍ആനും സുന്നത്തും അടിത്തറയാക്കിയതുമായ ഖിലാഫത്തുന്‍ അലാ മിന്‍ഹാജിന്നുബൂവ്വഃ അഥവാ പ്രവാചക മാതൃകയിലുള്ള ഖിലാഫത്തുഭരണം ഹൃസ്വകാലത്തേക്കെങ്കിലും സ്ഥാപിക്കാന്‍ സാധിച്ചുവെന്നത് ഈ പ്രസ്ഥാനത്തിന്റെ സവിശേഷതയാണ്. അവിഭ്ക്ത ഇന്ത്യയുടെ അതിര്‍ത്തി പ്രദേശമായ പെശവാറില്‍ 1827ല്‍ അടിത്തറ പാകിയ ഈ ഭരണകൂടം നാലുവര്‍ഷം മാത്രമേ നിലനിന്നുള്ളൂവെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു സമ്പൂര്‍ണ ഇസ്‌ലാമിക ഭരണകൂടത്തിന്റെ മാതൃക സമര്‍പ്പിക്കാന്‍ അതിനു സാധിച്ചു. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിച്ചുകൊണ്ടും ബിദ്അത്തുകള്‍ക്കെതിരെ ബോധവല്ക്കരിച്ചുമാണ് മുജാഹിദീന്‍ പ്രസ്ഥാനം ഹുജനങ്ങളെ സംഘടിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ വക്താക്കളുടെ അസാധാരണമായ ജീവിത വിശുദ്ധി പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ ആകര്‍ഷിച്ച ഒരു പ്രധാന ഘടകമായിരുന്നുവെന്ന് എല്ലാ ചരിത്രകാരന്‍മാരും എടുത്തുപറഞ്ഞിട്ടുണ്ട്. സയ്യിദ് അഹ്മദ് ശഹീദിന്റെ കര്‍മശേഷിയും ഇസ്മാഈല്‍ ശഹീദിന്റെ വിജ്ഞാനവുമായിരുന്നു പ്രസ്ഥാനത്തിന്റെ പ്രധാനമൂലധനം. ഇസ്മാഈല്‍ ശഹീദ് രചിച്ച 'തഖ്‌വിയതുല്‍ ഈമാന്‍' എന്ന വിശ്രുത ഗ്രന്ഥം തൗഹീദിനെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും നല്ല ഗ്രന്ഥങ്ങളില്‍ ഒന്നാണ്.
Add Comment