ഇന്ത്യയില്‍ ഭരണംനടത്തിക്കൊണ്ടിരുന്ന മുഗള്‍രാജവംശത്തിന്റെ രാഷ്ട്രീയ- സാമൂഹികസംവിധാനങ്ങളുടെ ദൗര്‍ബല്യം വൈദേശികശക്തികള്‍ക്ക് പ്രത്യേകിച്ചും ബ്രിട്ടീഷുകാര്‍ക്ക് അധിനിവേശംചെയ്യുന്നതിന് സഹായകരമായി വര്‍ത്തിച്ചു.വ്യവസായവത്കൃത യൂറോപ്പിന് കൈമുതലായുണ്ടായിരുന്ന ആയുധങ്ങളും സാമ്പത്തികവീക്ഷണവും ബ്രിട്ടീഷുകാരെ കിടയറ്റ സാമ്രാജ്യശക്തിയാക്കി മാറ്റി. അത്രത്തോളം പക്ഷേ ഫ്രഞ്ച്, ഡച്ച് ശക്തികള്‍ക്ക് സാധിച്ചില്ല. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന സാമൂഹികക്രമത്തെ പരിഷ്‌കരിക്കാനൊടുമ്പെടാതെയാണ് മുഗളന്‍മാരും മറ്റു സുല്‍ത്താനേറ്റുകളും ഇവിടെ ഭരണം കയ്യാളിയത്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തപ്പെട്ട് രാഷ്ട്രീയവും സമ്പദ് വ്യവസ്ഥയും മറുനാട്ടില്‍നിന്നായത് ബ്രിട്ടീഷുകാരുടെ കാലത്താണ്. അവര്‍ ചൂഷണത്തിലധിഷ്ഠിതമായതെങ്കിലും പുതിയ ഉല്‍പാദനരീതികള്‍ പരിചയപ്പെടുത്തി. ഇത്തരത്തില്‍ സമ്പദ്ക്രമത്തെ കീഴ്‌പെടുത്തിയ ബ്രിട്ടീഷുകാര്‍ രാഷ്ട്രീയമാറ്റത്തിന് ഭിന്നിപ്പിച്ചുഭരിക്കല്‍ തന്ത്രങ്ങളും അവലംബിച്ചു.
ബംഗാള്‍ വളരെ സമ്പന്നവും ഫലഭൂയിഷ്ടവും സമുദ്രസാമീപ്യവും ഉള്ളതായിരുന്നുവെന്നതിനാല്‍ ബ്രിട്ടീഷുകാര്‍ ആദ്യം ആ മണ്ണ് കീഴടക്കി.1651 ല്‍ ഹൂഗ്ലിയിലും പിന്നീട് കാസിംബസാര്‍, പട്‌ന തുടങ്ങിയ ഇടങ്ങളില്‍ വ്യാപാരകേന്ദ്രങ്ങള്‍ സ്ഥാപിച്ച അവര്‍ 90 കളോടെ കല്‍ക്കത്തയില്‍ കാലകുത്തി. ഇക്കാലഘട്ടമത്രയും വ്യാപാരത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. അതിന്റെ ബാക്കിപത്രമായിരുന്നു പിന്നീടുണ്ടായ ബംഗാള്‍ ക്ഷാമം. തദ്ദേശീയപ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്താനായി ബോധപൂര്‍വം ക്ഷാമം സൃഷ്ടിക്കുകയായിരുന്നു അധിനിവേശകര്‍.
മുഗള്‍സാമ്രാജ്യത്തിന്റെ പതനശേഷം ഇന്ത്യയിലെ ഇതരനാട്ടുരാജ്യങ്ങളെപ്പോലെ സ്വതന്ത്രമായി ത്തീര്‍ന്ന ബംഗാളിന്റെ നവാബായിരുന്നു ആലീവര്‍ദി ഖാന്‍. ബീഹാറും ഒറീസയും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. 1756 ല്‍ മരണപ്പെട്ട അദ്ദേഹത്തിന് ആണ്‍മക്കളില്ലാതിരുന്നതിനാല്‍ ഇളയപുത്രിയുടെ മകനായ സിറാജുദ്ദൗല നവാബ് സ്ഥാനമേറ്റെടുത്തു. ഇംഗ്ലീഷുകാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ അവര്‍ ദുരുപയോഗംചെയ്യുകയാണെന്ന് മനസ്സിലാക്കി അതിനെല്ലാം അറുതിവരുത്തണമെന്ന ദൃഢനിശ്ചയത്തില്‍ അദ്ദേഹം പദ്ധതികള്‍ ആസൂത്രണം ചെയ്തു. കല്‍ക്കത്തയിലും കാസിംബസാറിലുമുള്ള അവരുടെ സൈനികത്താവളങ്ങള്‍ പിടിച്ചെടുത്തു. തടവുകാരാക്കപ്പെട്ട ഇംഗ്ലീഷുകാരില്‍ പലരും തടവറയില്‍ മരണപ്പെട്ടു. നവാബ് ക്രൂരനാണെന്നും ഇംഗ്ലീഷുകാരെ കുരുതികൊടുക്കുന്നുവെന്നും ദുഷ്പ്രചാരണം നടത്തിയ അധിനിവേശകര്‍ മദ്രാസില്‍നിന്ന് ക്ലൈവിന്റെ നേതൃത്വത്തിലുള്ള സേനയെ സിറാജുദ്ദൗലയുമായി ഏറ്റുമുട്ടലിന് ചുമതലപ്പെടുത്തി. സിറാജുദ്ദൗലയുടെ സേനാനായകനായ മിര്‍ജാഫറും കല്‍ക്കത്തയിലെ കോടീശ്വരവണിക്കുകളായ മാര്‍വാടികളും ബ്രിട്ടീഷുകാര്‍ക്കൊപ്പം ഗൂഢാലോചന നടത്തുകയും തുടര്‍ന്നുണ്ടായ പ്ലാസിയുദ്ധത്തില്‍ സിറാജുദ്ദൗലയെ പരാജയപ്പെടുത്തി കൊലപ്പെടുത്തുകയും ചെയ്തു.
പ്ലാസിയുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ നേടിയ വിജയം വഞ്ചനയുടെയും ഗൂഢാലോചനയുടെയും ബാക്കിപത്രമായിരുന്നു. മീര്‍ജാഫറിന്റെ ജാമാതാവായ മീര്‍കാസിം ഇടക്കാലത്ത് ബ്രിട്ടീഷുകാരുമായി ഇടയുകയും പ്രതികാരമനോഭാവത്തോടെ നാട്ടുരാജാക്കന്‍മാരുടെയും മുഗള്‍ചക്രവര്‍ത്തിയുടെയും അയോധ്യനവാബിന്റെയും പിന്തുണയോടെ ബക്‌സാറില്‍വെച്ച് അവരോടേറ്റുമുട്ടിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് റോബര്‍ട്ട് ക്ലൈവ് ദ്വിഭരണസമ്പ്രദായമേര്‍പ്പെടുത്തി ബ്രിട്ടീഷ് മേധാവിത്വം ഉറപ്പാക്കുകയായിരുന്നു.
Add Comment