സ്വാതന്ത്ര്യസമരങ്ങള്‍

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടന്‍ നിര്‍വീര്യമാക്കിയതെങ്ങനെ

കമ്പോളകുത്തക സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഈസ്റ്റിന്‍ന്ത്യാ കമ്പനി ഇന്ത്യയിലെ നാട്ടുരാജാക്കന്‍മാരുടെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടരുതെന്ന നയമാണ് ആദ്യഘട്ടങ്ങളില്‍ സ്വീകരിച്ചത്. എന്നാല്‍ വ്യാപാരതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ രാഷ്ട്രീയം തങ്ങളുടെ ഇച്ഛക്കനുസൃതമായിരിക്കണം എന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളും യുദ്ധങ്ങളും യൂറോപ്യന്‍ ശക്തികളുടെ (ബ്രിട്ടീഷ് -ഫ്രഞ്ച് മത്സരം അതില്‍ മുഖ്യം)രാഷ്ട്രീയവടംവലികള്‍ ഇന്ത്യയിലുളവാക്കിയ പ്രത്യാഘാതങ്ങളും മൂലം ഇന്ത്യയില്‍ യുദ്ധം അനിവാര്യമാണെന്ന് അവരെ ബോധ്യപ്പെടുത്തി. ആ തിരിച്ചറിവില്‍ തീര്‍ത്തും പ്രകോപനപരമായി ഇടപെട്ട ഗവര്‍ണര്‍ ജനറലായിരുന്നു വാറന്‍ഹേസ്റ്റിങ്‌സ്. പിന്നീട് വന്ന വെല്ലസ്ലി പ്രഭുവും യുദ്ധോത്സുകനായിരുന്നു. ഹൈദരാബാദ് നൈസാമിന് വേണ്ടി കൂലിപട്ടാളത്തെപ്പോലെ ബ്രിട്ടീഷുകാര്‍ യുദ്ധംചെയ്തു. സാമ്പത്തികപരിഗണനയായിരുന്നു അതിനുപിന്നിലുണ്ടായിരുന്നത്. ക്രമേണ നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ ഏതെങ്കിലും ഒരു പക്ഷത്ത് ബ്രിട്ടീഷ് സൈനികര്‍ ഉണ്ടാവുകയെന്നത് സര്‍വസാധാരണമായി. അവസാനം ഇംഗ്ലീഷ് സേനയുടെ ക്യാമ്പുകള്‍ തലസ്ഥാനങ്ങളില്‍ ഇടംപിടിച്ചു. അതോടൊപ്പം ചില ഭൂപ്രദേശങ്ങളും കമ്പനി പ്രതിഫലമായി ആവശ്യപ്പെട്ട് കൈക്കലാക്കുകയുംചെയ്തു. അതെല്ലാം സാധ്യമായത് വെല്ലസ് ലി പ്രഭു നാട്ടുരാജ്യങ്ങളുടെ സഹായവ്യവസ്ഥക്ക് രൂപം നല്‍കിക്കൊണ്ടുണ്ടാക്കിയ ചില ചട്ടങ്ങളിലൂടെയാണ്. അവ താഴെ കൊടുക്കുന്നു:

  1. ബ്രിട്ടീഷ് സൈന്യത്തിന്റെ സേവനം വേണമെങ്കില്‍ പ്രസ്തുത നാട്ടുരാജ്യം തങ്ങളുടെ വിദേശനയവും വിദേശരാജ്യങ്ങളുമായുള്ള ബന്ധവും ബ്രിട്ടീഷുകാരുടെ താല്‍പര്യത്തിനൊത്തുമാത്രമേ രൂപപ്പെടുത്താവൂ.
  2. ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈനികദളത്തെ തലസ്ഥാനനഗരിയില്‍ ചെല്ലുംചെലവും കൊടുത്ത് താമസിപ്പിക്കണം.
  3. കമ്പനിയുടെ രാഷ്ട്രീയപ്രതിനിധി രാജകൊട്ടാരത്തിലാണ് വസിക്കുക.
  4. നാട്ടുരാജാവിന്റെ സൈന്യത്തെ പിരിച്ചുവിടണം.
  5. ബ്രിട്ടീഷ് ഇതര യൂറോപ്യന്‍ പ്രതിനിധികള്‍ സംഭാഷണങ്ങള്‍ക്കോ ഇടപാടുകള്‍ക്കോ ആയി വന്നാല്‍ അവരുമായി കൂടിക്കാഴ്ച നടത്തരുത്.
  6. മറ്റുനാട്ടുരാജ്യങ്ങളുമായി ഉള്ള സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത വഹിക്കുക ഈസ്റ്റിന്ത്യാ കമ്പനിയായിരിക്കും.
  7. മേല്‍ ഉപാധികള്‍ക്കുവിധേയമായി കരാറിലേര്‍പ്പെടുന്ന നാട്ടുരാജ്യത്തെ ആഭ്യന്തര – ബാഹ്യശത്രുക്കളില്‍നിന്നും കമ്പനി സംരക്ഷിക്കുന്നതാണ്.

മേല്‍വിവരിച്ച വ്യവസ്ഥകളുടെ ഫലമായി പ്രതിരോധിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും ഉള്ള സൈനികദളങ്ങളെ നാട്ടുരാജ്യങ്ങള്‍ക്ക് നഷ്ടമായി. മാത്രമല്ല, തങ്ങള്‍ക്ക് യുദ്ധംചെയ്യേണ്ട ആവശ്യമില്ലല്ലോയെന്നോര്‍ത്ത് നാട്ടുരാജാക്കന്‍മാര്‍ അലസരായി. ഇന്ത്യയില്‍ ആധിപത്യത്തിനായി ശ്രമിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിനെ നിര്‍വീര്യമാക്കാന്‍ അതിലൂടെ കഴിഞ്ഞു. സൈന്യങ്ങളുടെ സംരക്ഷണച്ചിലവ് നാട്ടുരാജ്യങ്ങള്‍ വഹിച്ചതുകൊണ്ട് കമ്പനിക്ക് ഗണ്യമായ സാമ്പത്തികലാഭം ഉണ്ടാക്കിക്കൊടുത്തു. കമ്പനിക്ക് കൊടുത്തുവീട്ടേണ്ട സംരക്ഷണച്ചുങ്കം കണ്ടെത്താന്‍ നാട്ടുരാജാക്കന്‍മാര്‍ പ്രജകളില്‍ കടുത്ത നികുതികള്‍ ഏര്‍പ്പെടുത്തി. അതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി.

ഈ രീതിയില്‍ ഹൈദരാബാദ് നൈസാം കമ്പനിക്ക് കഡപ്പ, ബല്ലാരി, അനന്തപൂര്‍ എന്നീ ജില്ലകള്‍ വിട്ടുകൊടുത്ത്് സന്ധിചെയ്തിട്ടുണ്ട്. 1789- ല്‍ ടിപ്പുവിന്റെ പതനത്തിന് ശേഷം മൈസൂരില്‍ അധികാരത്തില്‍ അവരോധിക്കപ്പെട്ട വൊഡയാര്‍ രാജകുമാരന്‍ ഇംഗ്ലീഷുകാരുമായി സഖ്യത്തിലായി. അയോധ്യയിലെ നവാബ് 1801- ല്‍ ഇംഗ്ലീഷുകാരുമായി കരാറിലേര്‍പ്പെട്ടു. രജപുത്രരാജ്യങ്ങളും ഭരത് പൂരും ഇങ്ങനെ ബ്രിട്ടീഷ് നുകത്തിന് കീഴ്‌പ്പെട്ടവരാണ്. 1802 – ല്‍ ബാസ്സീന്‍ സന്ധിപ്രകാരം മറാഠി മേധാവിയായ പേഷ്വായും രണ്ടാം മറാഠിയുദ്ധത്തിനിടയില്‍ ജോണ്‍സ്ലെയും സിന്ധ്യയും ഗെയ്ക് വാദും ഇംഗ്ലീഷുകാരുമായി സഹായസഖ്യങ്ങളുണ്ടാക്കിയത് ചരിത്രം. 1803 -ല്‍ മുഗള്‍രാജാവായ ഷാ ആലം ഇംഗ്ലീഷുകാരില്‍നിന്ന്് സഹായധനം സ്വീകരിക്കാന്‍ സമ്മതിച്ച് സഹായവ്യവസ്ഥയില്‍ ചേരുകയുണ്ടായി.

ഇത്തരം വ്യവസ്ഥകള്‍ക്കും സഖ്യങ്ങള്‍ക്കും കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന തഞ്ചാവൂരിനെ(1799)യും സൂറത്തിനെ(1800)യും കര്‍ണാട്ടികിനെ(1801)യും യുദ്ധത്തിലൂടെ പിടിച്ചടക്കി. നാലാം മൈസൂര്‍ യുദ്ധത്തില്‍ മൈസൂറിന്റെ ഗണ്യമായ ഭാഗം ഇംഗ്ലീഷ് സാമ്രാജ്യത്തോട് ചേര്‍ക്കപ്പെട്ടു. രണ്ടാം മറാഠിയുദ്ധത്തില്‍ മഹാരാഷ്ട്രയുടെ പ്രധാനഭാഗങ്ങളും വെല്ലസ്‌ലി കയ്യടക്കി.

അങ്ങനെ തന്ത്രപരമായി സഹായസഖ്യങ്ങളും നേരിട്ടുള്ള ആക്രമണങ്ങളും സൃഷ്ടിച്ച് നാട്ടുരാജ്യങ്ങളെ ബ്രിട്ടന്‍ കീഴൊതുക്കി. അവരുടെ ആധിപത്യം പലയിടങ്ങളിലും സ്ഥാപിച്ചു.

About the author

padasalaadmin

Add Comment

Click here to post a comment

Topics