International

‘ഇത് എന്റെ ഇസ് ലാമല്ല’

സിറിയയിലെ റഖയില്‍നിന്ന് നമ്മുടെ ഉറക്കം ഇല്ലാതാക്കുന്ന ഒരു വാര്‍ത്ത. ഭീകരവാദം ഉപേക്ഷിക്കാന്‍ ഉപദേശിച്ച അമ്മയെ മകന്‍ വെടിവെച്ചുകൊന്നു. ആഗോള ഭീകരസംഘടനയായ ഇസ് ലാമിക് സ്‌റ്റേറ്റ്‌സില്‍ അംഗമായ ഇരുപതുകാരന്‍ അലി സഖ്വര്‍ അല്‍ ഖ്വാസം ആണ് അമ്മ ലെന അല്‍ഖ്വാസത്തെ തലയില്‍ വെടിവെച്ചത്.

സിറിയയിലെ റഖ നഗരത്തില്‍ നൂറുകണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തിയാണ് സംഭവം. ഐ.എസും സിറിയയും ഉപേക്ഷിച്ച് ഏതെങ്കിലും സുരക്ഷിതപ്രദേശത്തേക്ക് പോകാം എന്ന അമ്മയുടെ ഉപദേശമാണ് അലിയെ പ്രകോപിപ്പിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

അമ്മയെ സംഘടനാ നേതാക്കള്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അമ്മയെ മകന്‍ തന്നെ വെടിവെച്ച് കൊല്ലണമെന്ന് ഐ.എസ് കോടതി വിധിച്ചു എന്നാണ് വാര്‍ത്ത.

മൃഗീയം എന്ന് പറയാന്‍ പറ്റില്ല. മൃഗങ്ങളൊന്നടങ്കം പ്രതിഷേധിക്കും.

ഒറ്റവാക്കില്‍ പറയാം. ഇതല്ല ഇസ് ലാം.

മദ്‌റസയിലും ദര്‍സിലും ഒരൊറ്റ മുസ് ലിയാക്കന്മാരും ഇസ് ലാമിനെക്കുറിച്ച് ഇങ്ങനെ പഠിപ്പിച്ചതായി അറിവില്ല. ഖുര്‍ആനിലോ ഹദീസിലോ നബിയുടെ ജീവചരിത്ര ഗ്രന്ഥങ്ങളിലോ ഇങ്ങനെ ഒരു ഇസ് ലാമിനെക്കുറിച്ച് പറഞ്ഞിട്ടേയില്ല. മുഹമ്മദ് നബിയുടെയോ അനുയായികളുടെയോ ജീവിതത്തിലും ഇങ്ങനെയുള്ള പാഠങ്ങള്‍ പിന്‍തലമുറക്ക് നല്‍കിയിട്ടില്ല.

പ്രവാചകന്റെ ജീവിതം, ഇസ് ലാമിക് സ്‌റ്റേറ്റ്‌സിലെ അംഗങ്ങളുടെ ജീവിതത്തിന്റെ നേരെ വിപരീതമായിരുന്നു. അമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗം എന്നാണ് പ്രവാചകന്‍ പറഞ്ഞത്.

പര്‍ദയും കുഴിമന്തിയും ഇസ് ലാമിന്റെ  ചിഹ്നങ്ങളല്ലാത്തതുപോലെ എ.കെ. 47ഉം മുഖംമറച്ചുള്ള ഐ.എസ് ഭടന്മാരുടെ വേഷവും ഇസ് ലാമിന്റെ ചിഹ്നങ്ങളല്ല.

ഇസ് ലാമിക് സ്‌റ്റേറ്റ്‌സില്‍ അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ ഇസ് ലാമില്ല. അമേരിക്കന്‍ സ്‌റ്റേറ്റ്‌സിന്റെ സാമ്രാജ്യത്വവുമായോ ഇസ്രായേലിന്റെ മൊസാദുമായോ പശുവിറച്ചി സൂക്ഷിച്ചു എന്നുപറഞ്ഞ് ആളുകളെ പച്ചക്ക് അടിച്ചുകൊല്ലുന്ന ഭീകരരുമായോ ഒക്കെയാണ് അതിന് സാമ്യം.

പ്രഭാത പ്രാര്‍ഥനക്ക് പുറപ്പെട്ട അലിക്ക് (അത് മറ്റൊരു അലി, മറ്റൊരു കാലം!) ഒരു വൃദ്ധനെ പരിചരിക്കേണ്ടി വന്നതുകൊണ്ട് പ്രാര്‍ഥനക്ക് സമയത്തിന് പള്ളിയിലത്തൊനായില്ല.

പ്രാര്‍ഥനയേക്കാള്‍ വലുതാണ് വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുന്നതെന്നും അതാണ് ഇസ്ലാമെന്നും പ്രവാചകന്‍. വഴിയരികില്‍ ചോരചിന്തുന്നതല്ല വഴിയരികിലെ പ്രതിസന്ധികള്‍ നീക്കുന്നതാണ് ഇസ് ലാം. അത് രാമനുണ്ണി എഴുതിയതുപോലെ അന്യമതക്കാരന്റെ രക്ഷക്കുവേണ്ടി സ്വയം ജീവന്‍ ബലി നല്‍കലാണ്.

മതപൗരോഹിത്യംപോലെ തന്നെ അപകടകരമാണ് മതേതര ഭീകരതയും. മതത്തില്‍ വിശ്വസിക്കുന്നവരാണ് പറയേണ്ടത്.

ഇത് എന്റെ ഇസ് ലാമല്ല.

അലി സഖര്‍ അല്‍ഖാസമില്‍നിന്ന് അലിയ്യുബ്‌നു അബീ ത്വാലിബിലേക്ക് വെടിയുണ്ടയുടെ വേഗതക്കുപോലും എത്താനാകാത്ത ദൂരമുണ്ട്.

കടപ്പാട് : madhyamam.com

Topics