ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം- 14
നമ്മള്‍ സാധാരണയായി ഗ്രന്ഥങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളൊന്നും തന്നെ വിശുദ്ധ ഖുര്‍ആന്‍ പുലര്‍ത്തുന്നില്ല എന്നത് ‘സൂറത്തുകളും അധ്യായങ്ങളും ഒന്നല്ല’ എന്ന കുറിപ്പില്‍ സൂചിപ്പിച്ചിരുന്നല്ലോ. ആയത്തുകള്‍ എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ആയത്തുകളാണോ? അല്ലെങ്കില്‍ വചനങ്ങളോ? നമുക്കറിയാം വിശുദ്ധ ഖുര്‍ആനിലെ വാക്യങ്ങളാണ് അല്ലാഹു ആയത്തുകള്‍ എന്ന് വിളിക്കുന്നത്. പക്ഷേ, മുന്‍കൂട്ടി നിശ്ചയിച്ചു വെച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ളതല്ല. സാധാരണയായി മനുഷ്യ രചനകളില്‍ കാണുന്ന വാക്യങ്ങളല്ല എന്ന് ചുരുക്കം. വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളെ അല്ലാഹു ആയത്തുകള്‍ എന്ന് വിശേഷിപ്പിക്കുന്നതായി കാണാം. ഉദാ: സൂറത്തു: നഹ്‌ലിന്റെ 101-ാം വചനത്തില്‍;”وَإِذَا بَدَّلۡنَاۤ ءَایَةࣰ مَّكَانَ ءَایَةࣲ وَٱللَّهُ أَعۡلَمُ بِمَا یُنَزِّلُ..”
‘ഒരു വചനത്തിനു പകരമായി മറ്റൊരു വചനം നാം അവതരിപ്പിക്കുമ്പോള്‍ താന്‍ എന്താണ് അവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിന് നന്നായറിയാം’. അല്ലാഹു ഈ സൂക്തത്തെ ആയത്തെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്റെ പുറത്തുള്ള നിരവധി യാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ചും പടച്ചറബ്ബ് ആയത്തുകള്‍ എന്ന് പരാമര്‍ശിക്കുന്നതായി കാണാം. ഉദാ: ഈസാ(അ) യുടെ അത്ഭുത ജനനത്തെക്കുറിച്ച് സൂചിപ്പിച്ച ഭഗത്ത് സൂറഃ മര്‍യമിന്റെ 21- ാം വചനത്തില്‍;” وَلِنَجۡعَلَهُۥۤ ءَایَةࣰ لِّلنَّاسِ..”
(അവനെ നാം മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും ആക്കി!)
അതുപോലെ, ചരിത്രം പരാമര്‍ശിക്കുന്ന സന്ദര്‍ഭത്തിലും അത് കാണാം. ഉദാ: യൂസുഫ്(അ) യുടെ അതി മനോഹരമായ കഥ പറഞ്ഞപ്പോള്‍ സൂറഃ യൂസുഫിന്റെ 7-ാം വചനത്തില്‍;'”لَّقَدۡ كَانَ فِی یُوسُفَ وَإِخۡوَتِهِۦۤ ءَایَـٰتࣱ لِّلسَّاۤىِٕلِینَ”‘
‘തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.’ അതുകൊണ്ട് ??? എന്നത് ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിക്കാന്‍ മാത്രല്ല, ചരിത്ര സംഭവങ്ങളെയും അല്‍ഭുത ജനനത്തെയും വിശേഷിപ്പിക്കാനും അല്ലാഹു ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, നമുക്ക് ചുറ്റുമുള്ള പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് പറയുന്ന സന്ദര്‍ഭത്തിലും ??? എന്ന് പരാമര്‍ശിച്ചതായി കാണാം. സൂറഃ ആലു ഇംറാന്റെ 190-ാം വചനത്തില്‍; “إِنَّ فِی خَلۡقِ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِ وَٱخۡتِلَـٰفِ ٱلَّیۡلِ وَٱلنَّهَارِ لَـَٔایَـٰتࣲ لِّأُو۟لِی ٱلۡأَلۡبَـٰبِ”
‘തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’. അതുപോലെ, ഭൂമിയെക്കുറിച്ച് പരാമര്‍ശിക്കുന്ന സൂറ: ദാരിയാത്തിന്റെ 20-ാം വചനത്തിലും; “وَفِی ٱلۡأَرۡضِ ءَایَـٰتࣱ لِّلۡمُوقِنِینَ”
‘ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.’അപ്രകാരം ഉപയോഗിച്ചിരിക്കുന്നു. സൂറ: റൂമിന്റെ 21-ാം വചനത്തില്‍;
‘”وَمِنۡ ءَایَـٰتِهِۦۤ أَنۡ خَلَقَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَ ٰجࣰا لِّتَسۡكُنُوۤا۟ إِلَیۡهَا وَجَعَلَ بَیۡنَكُم مَّوَدَّةࣰ وَرَحۡمَةًۚ إِنَّ فِی ذَ ٰلِكَ لَـَٔایَـٰتࣲ لِّقَوۡمࣲ یَتَفَكَّرُون”
‘ നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.’ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളെ മാത്രമല്ല ചരിത്ര സംഭവങ്ങളെയും, പ്രകൃതി പ്രതിഭാസങ്ങളെയും, അല്ലാഹു നല്‍കിയ ഓരോ അനുഗ്രഹങ്ങളെയും സംബന്ധിച്ച് آية കള്‍ ഉണ്ടെന്നാണ് വിശുദ്ധ ഖുര്‍ആനിലുടനീളം പറയുന്നത്.! സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യമാണിത്. ആയത്തുകളെന്നാല്‍ കേവലം വിശുദ്ധ ഖുര്‍ആന്റെ വാക്യങ്ങളോ വചനങ്ങളോ അല്ല. ആയത്തിനെ അങ്ങനെ പരിമിതപ്പെടുത്താന്‍ സാധ്യവുമല്ല.! അപ്പോള്‍ പിന്നെ എന്താണ് യഥാര്‍ത്ഥത്തില്‍ ആയത്ത്? എന്തുകൊണ്ട് അല്ലാഹു آيةഎന്ന പദത്തെ തിരഞ്ഞെടുത്തു.? (തുടരും)
ഹാഫിള് സല്‍മാനുല്‍ ഫാരിസി
Add Comment