അല്ലാഹു

അല്ലാഹുതന്നെ..

സവിശേഷമായ വാക്കാണ് അല്ലാഹു എന്നത്. ദൈവികതയുടെ സര്‍വാതിശായിയായ സമസ്തഗുണങ്ങളും സിദ്ധികളും ഉള്ള ഏകാസ്തിത്വത്തെക്കുറിക്കുന്നതാണ് അത്. ആ നാമം അവന് മാത്രമേ ഉള്ളൂ. അതിന്റെ തരിമ്പും അവകാശപ്പെടാന്‍കഴിയുന്ന മറ്റൊരു ശക്തിയുമില്ല. മറ്റാര്‍ക്കും ആ പേരിനെ ഉപയോഗിക്കാനാകില്ല. മറ്റാര്‍ക്കും താനാണ് ആ ഏകാസ്തിത്വം എന്ന് വാദിക്കാനുമാവില്ല.

പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളും സ്തുതിച്ചുകൊണ്ടിരിക്കുന്നത് ആ അല്ലാഹുവിനെയാണ്. അവന്റെ മഹത്ത്വത്തെയാണ് വാഴ്ത്തിക്കൊണ്ടിരിക്കുന്നതും. രാവും പകലും അവനെ സ്തുതിക്കുന്നു. അല്ലാഹു പറയുന്നു: ‘ഏഴാകാശങ്ങളും ഭൂമിയും അവയിലുള്ളവരൊക്കെയും അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്ത യാതൊന്നുമില്ല. പക്ഷേ, അവരുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല. അവന്‍ വളരെ സഹനമുള്ളവനും ഏറെ പൊറുക്കുന്നവനുമാണ്'(അല്‍ ഇസ്‌റാഅ് 44).

ഏതൊരാളുടെയും നാവിന് വഴങ്ങുന്ന നാമമാണ് അല്ലാഹു. അ, ല, ഹ എന്നീ അക്ഷരങ്ങളേ അതിലുള്ളൂ. ഏത് ഭാഷയിലുമുള്ള ശിശുവിന് അല്ലാഹു എന്ന വാക്ക് അപരിചിതമായി തോന്നുകയേയില്ല. സംസാരവൈകല്യപ്രശ്‌നമുള്ള വ്യക്തിക്കുപോലും ആ വാക്ക് പ്രയാസമുണ്ടാക്കുന്നില്ല.

അല്ലാഹു എന്നതിന്റെ ആശയം

അല്ലാഹു എന്ന വാക്കിന്റെ പരികല്‍പന ദൈവം എന്നാണ്(അതിനുമപ്പുറത്താണ് അതിന്റെ ആശയവ്യാപ്തി.)അവന് ഒട്ടേറെ ഉത്കൃഷ്ടനാമങ്ങളുണ്ട്(അസ്മാഉല്‍ ഹുസ്‌നാ)
ഈ ലോകത്തിന് ഒരേ ഒരു ദൈവമേ ഉള്ളൂ. ആര്‍ അത് അംഗീകരിച്ചാലും നിഷേധിച്ചാലും ശരി, വസ്തുത അതാണ്. ആ ഒരു ദൈവത്തെയാണ് എല്ലാവരും കടുത്ത വിഷമഘട്ടത്തില്‍ ആശ്വാസമായി കാണുന്നതും വിളിച്ച് പ്രാര്‍ഥിക്കുന്നതും. എല്ലാ സൃഷ്ടിജാലങ്ങളും എല്ലാസമയത്തും അവനെ മാത്രമാണ് ആശ്രയിക്കുന്നത്. അവനാണ് സ്രഷ്ടാവ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കുമുള്ള ജീവിതവിഭവങ്ങളും അവനാണ് നല്‍കുന്നത്.

ഒന്നൊഴിയാതെ എല്ലാ ജീവികളും തങ്ങള്‍ക്കുള്ള വിഭവങ്ങളുള്‍പ്പെടെയുള്ള ജീവിതാനുഗ്രഹങ്ങള്‍ ഏകനായ അല്ലാഹുവില്‍നിന്നാണ് ലഭിക്കുന്നതെന്ന് മനസ്സിലാക്കുന്നവരാണ്. ആ അല്ലാഹുവിന്റെ മഹത്ത്വവും ഉദാരതയും കാരുണ്യവും അനുഗ്രഹവര്‍ഷവും അവര്‍ തിരിച്ചറിയുന്നു. അതിനാലാണ് മനുഷ്യഹൃദയവും അവന്റെ മഹത്ത്വത്തെ വാഴ്ത്താന്‍ വെമ്പല്‍കൊള്ളുന്നത്. ഭയത്താല്‍ തുടികൊള്ളുകയും ഹൃദയങ്ങള്‍ തേടുന്നതുമായ സ്തുത്യര്‍ഹനായ സര്‍വേശ്വരന്‍ എന്ന് ‘അല്ലാഹു’വിന്റെ ആശയപരികല്‍പനയില്‍ വരുന്നത് അതിനാലാണ്. ‘വിശ്വസിച്ചവരേ, നിങ്ങളിലാരെങ്കിലും തന്റെ മതം ഉപേക്ഷിച്ച് പോകുന്നുവെങ്കില്‍ അല്ലാഹു മറ്റൊരു ജനവിഭാഗത്തെ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ , അവര്‍ വിശ്വാസികളോട് വിനയവും സത്യനിഷേധികളോട് പ്രതാപവും കാണിക്കുന്നവരായിരിക്കും'(അല്‍മാഇദ 54).

അല്ലാഹു തന്നെ സ്‌നേഹിക്കുകയും തന്റെ കല്‍പനകള്‍ക്ക് വിധേയപ്പെടുന്നവരെയും ഇഷ്ടപ്പെടുന്നു. തിരിച്ച്, അവര്‍ അവനെയും ഇഷ്ടപ്പെടുന്നു. ഒരു വിശ്വാസിയുടെ ഈമാനിന്റെ പൂര്‍ണതയെന്നത് അല്ലാഹുവിനോടുള്ള ഇഷ്ടമാണെന്ന് പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചതതുകൊണ്ടാണ്.

‘ആരില്‍ ഈ മൂന്നുഗുണങ്ങളുണ്ടായോ അവന് ഈമാന്റെ മാധുര്യം രുചിക്കാനാകും:ഒന്നാമതായി, ഈ ലോകത്തുള്ള സര്‍വതിനേക്കാളും അല്ലാഹുവും അവന്റെ ദൂതനും അവന് പ്രിയമുള്ളതായിരിക്കുക. അല്ലാഹുവിനുവേണ്ടി മറ്റൊരാളെ സ്‌നേഹിക്കുക എന്നതാണ് രണ്ടാമത്തേത്. നരകത്തീയിലേക്ക് ചെന്നുവീഴുന്നത് എപ്രകാരം വെറുക്കുന്നുവോ അതുപോലെ അവിശ്വാസത്തിലകപ്പെടുന്നതിനെ വെറുക്കുകയെന്നതാണ് മൂന്നാമത്തെ ഗുണം'(ബുഖാരി, മുസ്‌ലിം)

അല്ലാഹുവിനോടുള്ള സ്‌നേഹം

ഈമാന്റെ മാധുര്യം മൂന്നുകാര്യങ്ങളോടുള്ള ഇഷ്ടത്തിലാണെന്ന് നബിതിരുമേനി (സ) പഠിപ്പിച്ചത് നാം കണ്ടു. അല്ലാഹുവിനെ ഇഷ്ടപ്പെടുക, അല്ലാഹുവിന് വേണ്ടി ഇഷ്ടപ്പെടുക,സത്യനിഷേധത്തെ വെറുത്ത് സത്യദീനിനോട് ഇഷ്ടംപുലര്‍ത്തുക എന്നിവയാണ് അവ.

ഇഷ്ടം , സ്‌നേഹം എന്നെല്ലാം പറയുന്നത് സദ്‌വികാരമാണ്. അത് ഹൃദയത്തിലാണ് ഉറവെടുക്കുന്നത്. അല്ലാഹുവിനെ സ്‌നേഹിക്കുന്ന സത്യവിശ്വാസി, തിരിച്ച് ,അല്ലാഹു തന്നെ സ്‌നേഹിക്കണമെന്ന് കൊതിക്കുന്നു.അല്ലാഹുവിന്റെ പ്രീതിയും സ്‌നേഹവും കരസ്ഥമാക്കിയവന് പിന്നെ യാതൊന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. അവന് ഈ ലോകം നന്മയുടെയും ശാന്തിയുടെയും ഇടമായി അനുഭവപ്പെടും. മരണമോ അതുപോലുള്ളതോ അവനെ സംബന്ധിച്ചിടത്തോളം യാതൊന്നുമായിരിക്കില്ല. അല്ലാഹു സത്യവിശ്വാസിയെ ഇഷ്ടപ്പെടുന്നതോടെ സ്വര്‍ഗത്തിലെ അവന്റെ സ്ഥാനമാനങ്ങള്‍ ഉയര്‍ത്തപ്പെടുകയായി.

ഏകശക്തിയുടെ മഹത്ത്വവും വലിപ്പവും ഗാംഭീര്യവും ഉദ്‌ഘോഷിക്കുന്നതാണ് അല്ലാഹു എന്ന നാമം. അവന്റെ ഉത്കൃഷ്ടനാമങ്ങളോടൊപ്പമാണ് ആ നാമവും ചേരുന്നു. അല്ലാഹുവിന്റെ വലിപ്പവും ഗാംഭീര്യവും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കും ഊഹങ്ങള്‍ക്കുമപ്പുറത്താണ്. അതിനാല്‍ അല്ലാഹുവിന്റെ സത്തയെയും വിശേഷണങ്ങളെയും പൂര്‍ണമായും തിരിച്ചറിയാന്‍ നാം അശക്തരാണെന്ന ബോധ്യത്തോടെ അവന്റെ സ്വത്വത്തെ അംഗീകരിക്കുകയാണ് വേണ്ടത്.
എന്നെന്നും അവശേഷിക്കുന്നവനാണവന്‍. അവനെ അതിജയിക്കുന്ന ഒന്നുമില്ല. ഒന്നും അവന് ഗോപ്യമായിരിക്കുന്നവയില്ല. അവന്റെ അതിരില്ലാത്ത ശക്തിയെയും ഗാംഭീര്യത്തെയും നമ്മള്‍ക്കാകുംവിധം നാം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുക. അല്ലാഹുവിനോട് നന്ദിയുള്ളവരാകുക. കാരണം, അവനാണ് അവനാരെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും നമുക്ക് നല്‍കിയത്. അതിനാല്‍ അവന്റെ സാമീപ്യം കരസ്ഥമാക്കുക. നമ്മളാലാകുംവിധം അവന് പൂര്‍ണമായും കീഴൊതുങ്ങുക.

സല്‍മാനുല്‍ ഔദ

About the author

padasalaadmin

Add Comment

Click here to post a comment

Topics