ദര്‍ശനങ്ങള്‍

അറബ് ദാര്‍ശനികപ്രസ്ഥാനങ്ങള്‍

മുഹമ്മദ് നബിയുടെയും ഖുലഫാഉര്‍റാശിദുകളുടെയും കാലശേഷം അറബ് ലോകത്ത് രൂപംകൊണ്ട് മതവ്യാഖ്യാനങ്ങള്‍ക്കും ഭിന്നാഭിപ്രായങ്ങള്‍ക്കും രണ്ട് തലങ്ങളുണ്ടായി.അനുഷ്ഠാനങ്ങളും ആചാരങ്ങളും എപ്രകാരം ആയിരിക്കണമെന്ന ചര്‍ച്ചകളുള്‍പ്പെട്ട കര്‍മശാസ്ത്രതലവും മതവിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനം, ന്യായം, സ്വഭാവം എന്നിവയെക്കുറിച്ച വ്യത്യസ്തവീക്ഷണങ്ങളുള്‍പ്പെട്ട ദൈവശാസ്ത്രതലവും ആയിരുന്നു അവ. ഖുര്‍ആന്‍ വാക്യങ്ങളും നബിവചനങ്ങളും യുക്തിദീക്ഷയോ ദാര്‍ശനികപിന്തുണയോ ഇല്ലാതെ അപ്പടിസ്വീകരിക്കുകയാണ് സാധാരണ പണ്ഡിതന്‍മാര്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ഗ്രീക്ക് തത്ത്വചിന്തയുടെ സ്വാധീനത്തില്‍പെട്ട ചിലര്‍ മതകല്‍പനകള്‍ക്കും ഉപദേശങ്ങള്‍ക്കും യുക്തിപരമായ വ്യാഖ്യാനങ്ങളും ദാര്‍ശനികതലങ്ങളും നല്‍കാന്‍ തുടങ്ങി. യുക്തിക്ക് വഴങ്ങുന്നില്ലെങ്കില്‍ എന്തിനെയും തള്ളിക്കളയുക എന്നതായിരുന്നു അവരുടെ രീതി. അത്തരക്കാരെ മുഅ്തസിലികള്‍ എന്ന് അഭിസംബോധന ചെയ്തു. നന്‍മ, തിന്‍മ, വിധി, ദൈവത്തിന്റെ സത്തയും ഗുണങ്ങളും തുടങ്ങിയ വിഷയങ്ങളിലാണ് അക്കൂട്ടര്‍ കൂടുതലായും ന്യായവാദങ്ങള്‍ നടത്തിയത്.
മറ്റൊരുകൂട്ടര്‍, സാമ്പ്രദായികപണ്ഡിതന്‍മാരില്‍നിന്ന് വ്യത്യസ്തമായി മതവിശ്വാസത്തിന് വിരുദ്ധമല്ലാത്ത നിദാനങ്ങള്‍ സ്വീകരിച്ച് തത്ത്വചിന്തയുടെയും ന്യായശാസ്ത്രത്തിന്റെയും ശൈലിയില്‍ പ്രമാണങ്ങളെ സമീപിച്ചു. തത്ത്വചിന്തയ്ക്ക് പുതിയ സമവാക്യങ്ങള്‍ നല്‍കാനും സൂക്ഷ്മവാദത്തെ ആശയതലത്തിലേക്ക് വിപുലീകരിക്കാനും അവര്‍ കെല്പുറ്റവരായി.

മതപ്രമാണങ്ങളിലെ കല്‍പനകളും നിര്‍ദേശങ്ങളും ബാഹ്യാര്‍ഥത്തിലും ആന്തരാര്‍ഥത്തിലും പരിഗണിക്കുന്ന രണ്ട് ദര്‍ശനങ്ങളും ഉരുവംകൊണ്ടു. പ്രമാണങ്ങളെ അക്ഷരാര്‍ഥത്തില്‍ വ്യാഖ്യാനിച്ചവര്‍ ളാഹിരികളെന്നും മതത്തിന് നിഗൂഢാര്‍ഥം കല്‍പിച്ച് വ്യാഖ്യാനത്തിന് മുതിര്‍ന്നവര്‍ ബാത്വിനികളെന്നും അറിയപ്പെട്ടു.ളാഹിരികള്‍ ആന്തരാര്‍ഥത്തെ തരിമ്പും സ്വീകരിച്ചിരുന്നില്ലെങ്കിലും ബാത്വിനികള്‍ ബാഹ്യാര്‍ഥത്തെ തള്ളിക്കളഞ്ഞിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ആന്തരാര്‍ഥവാദത്തെ സ്വൂഫികളാണ് പരിപോഷിപ്പിച്ചത്.

നിയോപ്ലേറ്റോനിക് വക്താക്കളായി അറിയപ്പെടുന്ന ഇഖ്‌വാനുസ്സ്വഫാ( പരിശുദ്ധ സഹോദരസംഘം) ആണ് മറ്റൊരു കൂട്ടര്‍. അതിഭൗതികശാസ്ത്രത്തിന്റെ എല്ലാ വശങ്ങളും ഇവര്‍ വിശകലനവിധേയമാക്കിയിരുന്നു. ഇസ്‌ലാമികദാര്‍ശനികമണ്ഡലത്തില്‍ രചനാത്മകമായ ചിന്തകള്‍ സമര്‍പിച്ചത് ഒരുവേള ഇവരാണെന്ന് പറയാം.
കുയുക്തിവാദികള്‍ (സൂഫിസ്ത്വാഇയ്യഃ) നിര്‍മതവാദികള്‍ (സനാദിഖഃ) തുടങ്ങി ന്യൂനപക്ഷംവരുന്ന ദാര്‍ശനികവാദികളാണ് അവശേഷിക്കുന്നവര്‍.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured