സാഹിത്യം

അറബിക് സര്‍വകലാശാലയുടെ പ്രസക്തി

നിലവിലുള്ള ഏതൊരു യൂണിവേഴ്‌സിറ്റിയെക്കാളുമേറെ പ്രായോഗിക തലത്തില്‍ യുവജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ കയ്യാളാന്‍ കെല്‍പുള്ളതായിരിക്കും നിര്‍ദ്ദിഷ്ട ഇന്റര്‍നാഷണല്‍ അറബിക് യൂണിവേഴ്‌സിറ്റി. ബഹുസ്വരതക്ക് ഇടം നല്‍കുന്നതാണ് അറബി ഭാഷയുടെ ഉറവിടമായ അറബ് സാമൂഹ്യ ബോധമെന്നതിന് പ്രവാസി അനുഭവങ്ങള്‍ മതിയായ സാക്ഷ്യപത്രമാണ്. തൊഴിലന്വേഷകരായ ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ ഗള്‍ഫ് നാടുകളില്‍ നല്ല ജോലി ലഭിക്കുന്നതിന് അത്യാധുനിക ആശയ വിനിമയോപാധികളുടെ പിന്‍ബലത്തോടെ യൂണിവേഴ്‌സിറ്റി തലത്തില്‍ നല്‍കപ്പെടുന്ന അറബി ഭാഷാ പഠനം ഏറെ ഉപകരിക്കും.

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുത്തു അറബിനാടുകളിലെ വര്‍ധിച്ചുവരുന്ന തൊഴില്‍ സാധ്യതകള്‍ തൊട്ടറിഞ്ഞുകൊണ്ടുള്ള കരിക്കുലം നേട്ടങ്ങളുണ്ടാക്കും. തിരുവനന്തപുരത്ത് ഉടന്‍ ആരംഭിക്കുന്ന യു.എ.ഇ കോണ്‍സുലേറ്റിനു പിന്നാലെ സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത് തുടങ്ങി പല അറബി നാടുകളുടേയും കോണ്‍സുലേറ്റുകളും പ്രവര്‍ത്തനമാരംഭിക്കുന്നുണ്ടെന്നാണ് അറിവ്. കേരള സമൂഹത്തിന്റെ അടിസ്ഥാന വികാസത്തിന് ഊര്‍ജ്ജം പകരാന്‍കെല്‍പ്പുള്ള അന്തര്‍ദേശീയ അറബി സര്‍വ്വകലാശാലയുടെ സംസ്ഥാപനത്തെ കണ്ണുമടച്ച് എതിര്‍ക്കുന്നത് മൗഢ്യമായിരിക്കും. തലമുറകളുടെ പുരോഗതിയിലേക്കുള്ള അനന്തസാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന സംരംഭത്തെ തടസ്സപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല. ഒരു വിഭാഗത്തിന്റേതാണ് എന്ന ധാരണ മാറ്റേണ്ടതുണ്ട്. ജാതിമതഭേദ വിചാരങ്ങളിലാതെ തൊഴില്‍ ദാതാക്കളെന്ന നിലയില്‍ അറബി ലോകം അനുവര്‍ത്തിച്ചുപോരുന്ന സാംസ്‌കാരിക ഔന്നത്യത്തിന്റെ മാതൃക നമുക്കും അനുകരണീയമാണ്.

സമ്പന്നമായ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും അറബി ഭാഷാ പഠനമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു വ്യവസ്ഥാപിതമായി അറബി ഭാഷാ പരിജ്ഞാനം ആര്‍ജ്ജിച്ചു ഗള്‍ഫ് മേഖലയിലെ സാമ്പത്തിക സ്രോതസ്സുകള്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. അറബി പഠിച്ച അവര്‍ മേഖലയിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ നാം തൊഴിലാളികളായി നിലകൊള്ളേണ്ടിവരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി ഇന്ത്യയും അറബി നാടുകളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ള സര്‍വകലാശാലയുടെ രൂപീകരണം നമുക്ക് അനുകൂല സാഹചര്യമൊരുക്കും. പ്രവാസികളില്‍ തൊണ്ണൂറു ശതമാനവും അറബി നാടുകളിലാണ് എന്ന യാഥാര്‍ത്ഥ്യം മറന്നുകൂടാ. കേരളത്തിന്റെ ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതല്‍ ധനം പ്രവാസികളായ കേരളീയര്‍ അറബി നാടുകളില്‍ നിന്നു നാട്ടിലേക്കയക്കുന്നുവെന്നതും വസ്തുതയാണ്.

ദുബൈ പോലുള്ള നഗരങ്ങള്‍ എല്ലാ ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ലോകമെമ്പാടുമുള്ള ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും ഒത്തൊരുമിക്കാനുള്ള വേദിയായി മാറുന്നതില്‍ ആ നാടുകളിലെ അക്കാദമിക് സ്ഥാപനങ്ങള്‍ ആക്കം കൂട്ടുന്ന മാതൃക നാം അനുകരിക്കണം. വഴിപാടുപോലെ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണ പരിപാടികള്‍ക്കു പകരം പ്രായോഗിക തലത്തില്‍ യുഗസംക്രമണത്തിന് വഴിതെളിയിക്കുന്ന തരത്തിലുള്ള ക്രിയാത്മകവും ചടുലവുമായ ഗേവഷണ പദ്ധതികള്‍ പുരോഗതിയുടെ വാതായനങ്ങള്‍ തുറന്നിടുക തന്നെ ചെയ്യും. കാലഘട്ടത്തിന്റെ അനിവാര്യതയാണത്.

ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, ഐ.ടി പ്രൊഫഷണലുകള്‍, സാങ്കേതിക രംഗത്തെ വിദഗ്ധര്‍, ശാസ്ത്രജ്ഞന്‍മാര്‍, മാധ്യമ രംഗത്തെ പ്രൊഫഷണലുകള്‍, അക്കൗണ്ടന്റുകള്‍ തുടങ്ങിയ വിദഗ്ധര്‍ക്കെല്ലാം ഉയര്‍ന്ന വേതനം ലഭിക്കുന്ന ജോലികള്‍ ഗള്‍ഫ് നാടുകളില്‍ ലഭിക്കുന്നതിന് അറബി ഭാഷാ പഠനം അനിവാര്യമായിരിക്കുന്ന സന്ദര്‍ഭമാണിത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസുകളില്‍ സെലക്ട് ചെയ്യപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് വിദേശരാജ്യങ്ങളില്‍ അവരെ അറബി ഭാഷ പഠിപ്പിക്കുന്നതിന് വിടുന്നത്. എന്നാല്‍ ഒരറബി സര്‍വ്വകലാശാലക്ക് വളരെ സ്തുത്യഹമായി ഇക്കാര്യം ചെയ്യാന്‍ കഴിയും.

കേരള ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്താരാഷ്ട്ര അറബി സര്‍വ്വകലാശാലയുടെ സംസ്ഥാനപത്തിന് തയ്യാറെടുക്കുന്നത്. നിരവധി രാഷ്ട്രങ്ങളില്‍ സുത്യര്‍ഹമായ നിലയില്‍ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിച്ച ടി.പി. ശ്രീനിവാസന്റെ നയതന്ത്രപരമായ ഉള്‍ക്കാഴ്ച ശിപാര്‍ശക്ക് ഉപോല്‍ബലകമായിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നിയോഗിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രൂപീകരിച്ച പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശകളിലൊന്നായിരുന്നു കേരളത്തില്‍ അറബി സര്‍വ്വകലാശാല. അതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ ജി.ഒ (എം.എസ്) 148/08 തിയ്യതി 6.5.2008 എന്ന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് നിലവിലുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്.

സംസ്ഥാനം പല കാര്യങ്ങളിലും ഇന്ത്യക്കാകെ മാതൃകയായിട്ടുണ്ട്. തുറന്ന മനസ്സോടെ അറബി ഭാഷയേയും സംസ്‌കാരത്തേയും അതിന്റെ നവീന സാധ്യതകളേയും സമീപിക്കുന്ന അറബി സര്‍വ്വകലാശാല ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കും. നമ്മുടെ പേരുകേട്ട സര്‍വ്വകലാശാലകളെല്ലാം ഇന്നും കൊളോണിയല്‍ ആധിപത്യത്തിന്റെ അവശേഷിപ്പായി പാശ്ചാത്യമൂല്യങ്ങളോടും നാഗരികതകളോടുമുള്ള ഭയഭക്തി ബഹുമാനങ്ങള്‍ പേറി നിലകൊള്ളുകയാണ്. എന്നാല്‍ സര്‍വ്വലൗകികതയുടേയും മാനവികതയുടേയും മൂല്യങ്ങള്‍ പ്രായോഗികതലത്തില്‍കൊണ്ട് വന്ന് നമ്മുടെ കാഴ്ചപാടുകളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അറബിക് യൂണിവേഴ്‌സിറ്റി പര്യാപ്തമാകും. സെക്കുലര്‍ സ്വഭാവമുള്ള പൊതുവിദ്യാഭ്യാസ ധാരയുടെ ഭാഗമായി നിലവില്‍വരുന്ന സംരംഭത്തിന് എല്ലാവരുടേയും അഭിവൃദ്ധിക്ക് വഴിയൊരുക്കുന്നതരത്തിലുള്ള വിവിധ ഭാഷാ പഠനങ്ങളുടേയും ആശയവിനിമയത്തിന്റേയും വാതായനങ്ങള്‍ തുറന്നിടാനാകും.

ചരിത്രപരമായിത്തന്നെ കേരള ജനതയോടും സംസ്‌കാരത്തോടും ആഭിമുഖ്യമുള്ളവരാണ് അറബികള്‍. മലയാള സാഹിത്യവും കലകളും അറബിജനതയെ ഹഠാദാകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. സച്ചിദാനന്ദന്റെയും കമലാസുരയ്യയുടേയുമൊക്കെ രചനകള്‍ അറബി സാഹിത്യകാരന്‍മാര്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. പുരാതന കാലത്ത് അറബി വണിക്കുകളെയും സംസ്‌കാരത്തേയും ഇരു കരങ്ങളും കൂട്ടി സ്വീകരിച്ച മലയാളിക്ക് അറബിയോട് അയിത്തം തോന്നേണ്ട കാര്യമില്ല. അറബികള്‍ എക്കാലത്തും ഏറ്റവും കൂടുതല്‍ വരാന്‍ ഇഷ്ടപ്പെടുന്ന നമ്മുടെ നാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് (മെഡിക്കല്‍ ടൂറിസം ഇവിടെ പ്രസക്തമാണ്) നമ്മുടെ സമ്പദ്‌മേഖലയെ കരകയറ്റാനുതകും. എല്ലാ ജനതകളോടും സംസ്‌കാരങ്ങളോടും സഹിഷ്ണുത പുലര്‍ത്തുന്ന അറബ് ഭരണാധികാരികളുടേയും അറബ് ജനതയുടെയും ഉദാത്ത മനോഭാവം കേരളക്കരയില്‍ അറബി സര്‍വ്വകലാശാലയുടെ രൂപീകരണത്തിലും നടത്തിപ്പിലും കൂടി നമുക്ക് അനുകൂലമാക്കിയെടുക്കാവുന്നതാണ്.

ലക്ഷോപലക്ഷം സാങ്കേതിക പ്രാവീണ്യമില്ലാത്ത പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള ബ്രിഡ്ജു കോഴ്‌സുകളിലൂടെയും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലൂടെയും വിദൂര വിദ്യാഭ്യാസ പഠന പദ്ധതികളിലൂടെയും ഏറെ തൊഴില്‍ സാധ്യതയുള്ള ട്രാന്‍സ്‌ലേഷന്‍ പഠന വകുപ്പുകളിലൂടെയും യൂണിവേഴ്‌സിറ്റിക്ക് അക്കാദമിക് മുന്നേറ്റത്തിന് പുതിയ മാനം നല്‍കാനാകും. ഇന്നാട്ടിന്റെ പട്ടിണിയകറ്റാന്‍ പഠനവും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപനങ്ങളുമെല്ലാം ബലികഴിപ്പിച്ചു അവിദഗ്ധ തൊഴിലാളികളായി അറബി നാടുകളില്‍ ചേക്കേറിയ പ്രവാസികളെ ഇത്തരം കോഴ്‌സുകളിലൂടെ വ്യവസ്ഥാപിതമായ രീതിയില്‍ അക്കാദമിക് രംഗത്ത് കൊണ്ടുവരുന്നതിലെ കാവ്യനീതിയും നടപ്പിലാകും.

(കേരള സര്‍വ്വകലാശാല അറബി വിഭാഗം മുന്‍തലവനാണ് ലേഖകന്‍)

 കടപ്പാട്: chandrikadaily.com

Topics