അബ്ബാസീഭരണകൂടം ഹി. 132 മുതല്‍ 656 വരെ ഭരണം നടത്തി. അതില്‍ ഹിജ്‌റ 247 മുതലുള്ള രണ്ടാംഘട്ടം അബ്ബാസികളുടെ അധഃപതനകാലമായി കണക്കാക്കപ്പെടുന്നു. ഈ ഘട്ടത്തില്‍ ഭരണകൂടം ദുര്‍ഭലമാവുകയും ആഭ്യന്തരഛിദ്രത ശക്തിപ്പെടുകയും ചെയ്തു. അബ്ബാസീ ഭരണകര്‍ത്താക്കള്‍ മുഴുവനും ദുര്‍ബലരും അയോഗ്യരുമായിരുന്നെന്ന് പറയാനാവില്ല. എന്നാല്‍ മുഅ്തസിമിന്റെ കാലംതൊട്ട് ശക്തി പ്രാപിച്ചുവന്ന തുര്‍ക്കികളുടെ സ്വാധീനം അബ്ബാസികളുടെ ശക്തിക്ഷയത്തിനുകാരണമായി.
അബ്ബാസീഭരണം സ്ഥാപിക്കുന്നതില്‍ പേര്‍ഷ്യന്‍വംശജരുടെ പങ്കാളിത്തമുണ്ടായിരുന്നു. മഅ്മൂനിനുശേഷം ഇവരുടെ ഭരണസ്വാധീനം കൂടുതല്‍ ശക്തമായി. പേര്‍ഷ്യന്‍വംശജരുടെ വര്‍ദ്ധിച്ചുവന്ന സ്വാധീനം ഭയന്ന മുഅ്തസിം തുര്‍ക്കികളെ മുന്നോട്ടുകൊണ്ടുവന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടു. അബ്ബാസികളുടെ കാലത്ത് തുര്‍ക്കീവംശജര്‍ ധാരാളമായി ഇസ്‌ലാം ആശ്ലേഷിച്ചിരുന്നു. മുഅ്തസിം കിഴക്കനതിര്‍ത്തിയില്‍നിന്ന് ആയിരക്കണക്കിന് തുര്‍ക്കികളെ പട്ടാളക്കാരായും ചിലരെ സ്വന്തം അംഗരക്ഷകരായും നിയമിച്ചു. ക്രമേണ തുര്‍ക്കികള്‍ സൈന്യത്തില്‍ സ്വാധീനം നേടുകയും അവരുടെ ഗൂഢാലോചനയാല്‍ ഖലീഫ മുതവക്കില്‍ വധിക്കപ്പെടുകയും ചെയ്തു.
തുര്‍ക്കീ പട്ടാളക്കാരിലും സൈനിക മേധാവികളിലും നിരവധി അമുസ്‌ലിംകളും ഉണ്ടായിരുന്നു. പട്ടാളത്തിലെ മുസ്‌ലിംകള്‍ത്തന്നെ ശരിയായ ഇസ്‌ലാമിക ശിക്ഷണം നേടിയവരായിരുന്നില്ല. പേര്‍ഷ്യന്‍ വംശജരായ അമീറുമാരെയും മന്ത്രിമാരെയും പോലെ തുര്‍ക്കികളും തങ്ങളുടെ വംശീയ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കി. ഇവര്‍ക്കൊന്നും ഇസ്‌ലാമിന്റെ നിലനില്‍പ്പോ ഇസ്‌ലാമിക സമൂഹത്തിന്റെ ന•യോ മുഖ്യലക്ഷ്യമായിരുന്നില്ല. ഇതു ഭരണാധികാരികളിലും സൈന്യത്തിലും ഐക്യബോധം നഷ്ടപ്പെടാന്‍ കാരണമായി.
മുതവക്കിലിനുശേഷം ഹി. 247 നും 333 നുമിടക്ക് മുന്‍തസിര്‍ ബില്ലാഹി മുതല്‍ മുതഖി ബില്ലാഹി വരെ 11 ഖലീഫമാര്‍ ഭരണം നടത്തി. തുടര്‍ന്ന് ഹി. 334 മുതല്‍ 547 വരെയുള്ള ഭരണകാലത്തെ അസ്വാതന്ത്ര്യകാലഘട്ടം എന്നും ഹി. 547 മുതല്‍ 656 വരെ വീണ്ടും സ്വയംഭരണ കാലഘട്ടമെന്നും ചരിത്രകാരന്‍മാര്‍ കണക്കാക്കുന്നു.
മുതവക്കിലിനുശേഷം തുര്‍ക്കീ അമീറുമാര്‍ ഖലീഫമാരുടെ കല്‍പനകള്‍ ധിക്കരിച്ചു തുടങ്ങി. പല ഖലീഫമാരെയും ഇവര്‍ അധികാരത്തില്‍നിന്ന് താഴെ ഇറക്കി. ചിലരെ വധിച്ചു. മുതവക്കിലിനുശേഷമുള്ള 8 വര്‍ഷത്തിനിടയില്‍ 4 ഖലീഫമാര്‍ സിംഹാസനത്തിലേറുകയും താഴെ ഇറങ്ങുകയും ചെയ്തു. ഇങ്ങനെ അബ്ബാസീ ഭരണകൂടം ദുര്‍ബലമായി. ഇതുമനസ്സിലാക്കിയ മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണമാര്‍ അവരുടെ പ്രദേശങ്ങളില്‍ സ്വേഛാനുസൃതം ഭരണം നടത്തി. ഖലീഫയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ പലപ്പോഴുമവര്‍ സന്നദ്ധരായിരുന്നില്ല.
പതനത്തിന്റെ മറ്റൊരു പ്രധാന കാരണമായിരുന്നു എത്യോപ്യക്കാരുടെയും കറാമിത്തകളുടെയും കലാപം.
ഇറാഖിലെ എത്യോപ്യക്കാരായ അടിമകളെ സംഘടിപ്പിച്ച് ഒരു ഇറാനിയുടെ നേതൃത്വത്തില്‍ ഇറാഖിന്റെ തെക്കുഭാഗവും കൂസിസ്ഥാനും കീഴടക്കിയ കലാപക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ലക്ഷക്കണക്കിന് പൗരന്‍മാര്‍ ഇവരുടെ കൈയ്യാല്‍ വധിക്കപ്പെട്ടതായി പറയപ്പെടുന്നു. ഹി. 255 മുതല്‍ 270 വരെ ഈ യുദ്ധം നീണ്ടുനിന്നു.
ബസറയിലെ കുര്‍മുത്ത് എന്ന് പേരായ ഒരാള്‍ ഒരു പുതിയ മതത്തിന് തുടക്കം കുറിച്ചു. കുര്‍മുതിയ്യ അഥവാ കറാമിത്ത എന്ന പേരില്‍ അത് അറിയപ്പെടുന്നു. ഹി. 278 ലാണ് ഇവരുടെ ആക്രമണം തുടങ്ങുന്നത്. സിറിയയും ഇറാഖിന്റെ തെക്കുഭാഗവും കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കലാപം . ഹി. 317 ല്‍ ഹജ്ജ് കാലത്ത് ഇവര്‍ മക്കയില്‍ തീര്‍ത്ഥാടകരെ കൊലചെയ്യുകയും കഅ്ബയിലെ ഹജറുല്‍ അസ്‌വദ് ബസ്വറയുടെ തെക്കുള്ള തങ്ങളുടെ ആസ്ഥാനത്തേക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു. പിന്നീട് ഫാത്വിമീ ഭരണാധികാരി ഉബൈദുല്ലയുടെ കല്‍പനപ്രകാരമാണ് ഹജറുല്‍ അസ്‌വദ് തിരികെ കഅ്ബയില്‍ എത്തിച്ചത്.
അധഃപതനകാലത്തെ ഭരണാധികാരികളില്‍ ചിലരെല്ലാം യോഗ്യരും നല്ലവരുമായിരുന്നു. മുഹ്തദീ ബില്ലാഹി(ഹി.255 – 256) ഇവരില്‍ പ്രമുഖനായിരുന്നു. ”എന്നെ ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ മാര്‍ഗത്തില്‍ ചരിക്കാന്‍ അനുവദിക്കൂ. അബ്ബാസികളിലും ഒരു ഉമറുബ്‌നു അബ്ദില്‍ അസീസ് ഉണ്ടാവട്ടെ” എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പക്ഷേ, തുര്‍ക്കികളും ഇസ്‌ലാമിക വ്യവസ്ഥയെ ഭയപ്പെട്ടിരുന്ന അമീറുമാരും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാതെ അദ്ദേഹത്തെ തടവിലാക്കി.
മുഹ്തദിയെ തടവിലാക്കിയ തുര്‍ക്കികള്‍ അദ്ദേഹത്തോട് ചോദിച്ചു. താങ്കള്‍ ജനങ്ങളെ അവര്‍ക്കു പരിചയമില്ലാത്ത മാര്‍ഗത്തില്‍ നടത്താന്‍ ശ്രമിക്കുന്നതെന്തിനാണ്? അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”അവരെ നബിയുടെയും അവിടുത്തെ കുടുംബക്കാരുടെയും സച്ചരിതരായ ഖലീഫമാരുടെയും മാര്‍ഗത്തില്‍ നടത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” ഇതുകേട്ട തുര്‍ക്കികളുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ”നബിയോ? നബിയോടപ്പമുണ്ടായിരുന്നത് ലോകകാര്യങ്ങളില്‍ വരക്തരും പരലോകാസക്തരുമായ ഒരു ജനവിഭാഗമായിരുന്നു. പക്ഷേ, താങ്കളോടൊപ്പമുള്ളത് പരലോകസംബന്ധമായ ബാധ്യതകളെക്കുറിച്ച് ബോധമില്ലാത്ത തുര്‍ക്കികളും കസറുകളും മറ്റുമാണ്. ഭൗതികനേട്ടങ്ങള്‍ ആര്‍ജിക്കുകയല്ലാതെ മറ്റൊരു ലക്ഷ്യവും അവര്‍ക്കില്ല.”
ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് നബിയുടെയും സ്വഹാബത്തിന്റെയും ജീവിതമാതൃകയെപ്പറ്റിയും ഇസ്‌ലാമിക ജീവിതവ്യവസ്ഥയെപ്പറ്റിയും വേണ്ടത്ര ധാരണയില്ലാത്ത അന്നത്തെ മുസ്‌ലിംസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സ്ഥിതി എത്രമാത്രം അനിസ്‌ലാമികമായിക്കഴിഞ്ഞിരുന്നു എന്നതിന് ഈ സംഭവം മാത്രം മതിയാകും.
അധഃപതനകാലത്ത് ഏറ്റവുമധികം ശോഭിച്ച വ്യക്തി ഖലീഫ മുഅ്തമിദിന്റെ സഹോദരനും സേനാനായകനുമായ മുവഫ്ഫിക് ആയിരുന്നു. എത്യോപ്യക്കാരുടെ കലാപം അവസാനിപ്പിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനും ഖലീഫയുമായിരുന്ന മുഅ്തദിദ് അബ്ബാസീ ഖിലാഫത്തിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്തു. അദ്ദേഹം തുര്‍ക്കികളുടെ ശക്തി നിയന്ത്രിച്ചു. അറേബ്യ, ഇറാഖ്, പശ്ചിമ ഇറാന്‍, അര്‍മീനിയ എന്നിവ ഉള്‍പ്പെട്ട വിശാലമായ ഭൂപ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചു. ഈജിപ്തിലെയും സിറിയയിലെയും തൂലൂനി ഭരണകൂടം അബ്ബാസികളുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. ഇദ്ദേഹത്തെത്തുടര്‍ന്ന് ഖലീഫയായ മുഖ്തഫി ബില്ലാഹിയുടെ കാലത്ത് ഈജിപ്തിലും സിറിയയിലും അബ്ബാസികളുടെ നേരിട്ടുള്ള ഭരണം നിലവില്‍വന്നു. തുടര്‍ന്നുവന്ന മുഖ്തദിര്‍ ബില്ലാഹി 25 വര്‍ഷം ഭരണം നടത്തി. കലാപങ്ങളും കുഴപ്പങ്ങളും നിറഞ്ഞ ആ കാലത്ത് മദ്യപാനവും ധൂര്‍ത്തും ആഡംബരവും മൂലം ഭരണരംഗം മലീമസമാക്കപ്പെട്ടു.
മുസ്‌ലിം രാഷ്ട്രത്തെ ബാധിച്ച ധാര്‍മിക ജീര്‍ണതകള്‍ക്കെതിരെ ഒറ്റപ്പെട്ട പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത് ബാഗ്ദാദിലും മറ്റു ചില സ്ഥലങ്ങളിലും നടന്നിരുന്നു.
വോള്‍ഗാ നദീതീരത്തെ തുര്‍ക്കികളുടെ നഗരമായ ബുള്‍ഗാറില്‍ (ബള്‍ഗേറിയ) ഇസ്‌ലാം പ്രചരിച്ചത് ഇക്കാലത്തായിരുന്നു. വോള്‍ഗാ തീരത്ത് നിലവില്‍വന്ന ഈ മുസ്‌ലിം രാഷ്ട്രം രണ്ട് നൂറ്റാണ്ടുകാലം നിലനിന്നു.
ഭരണകര്‍ത്താക്കളുടെ ആഡംബരജീവിതവും അയോഗ്യതയും അമീറുമാരുടെ സ്വാര്‍ഥതയും ധാര്‍മികച്യുതിയും കാരണം സാമ്രാജ്യത്തിന്റെ അതിരുകള്‍ ചുരുങ്ങിവന്നു. ഖാഹിര്‍ ബില്ലാഹി, റാദീ ബില്ലാഹി എന്നിവരുടെ ഖിലാഫത്തിനുശേഷം മുഅഖി ബില്ലാഹി (ഹി. 329 – 333) യുടെ കാലമായപ്പോഴേക്കും ഭരണസംവിധാനം പൂര്‍ണമായും താറുമാറായിക്കഴിഞ്ഞിരുന്നു.
അവസാനം ദക്ഷിണ ഇറാഖിലെ ബനൂബുവൈഹ് ഭരണത്തലവന്‍ ഹി. 334 ല്‍ ബാഗ്ദാദ് കീഴടക്കി.
കേവലം പേരിനുമാത്രം അന്ന് ഖിലാഫത്ത് നിലനിന്നു. ഇസ്‌ലാമിക വ്യവസ്ഥിതിയുടെ അനിവാര്യ ഘടകമായി ഖിലാഫത്തിനെ മുസ്‌ലിംകള്‍ കണക്കാക്കിയിരുന്നതിനാല്‍ അധികാരമില്ലാതിരുന്നിട്ടും ഒരാള്‍ക്കുപിറകേ മറ്റൊരാളായി ഖലീഫമാര്‍ ചുമതലയേറ്റിരുന്നു. രണ്ടു നൂറ്റാണ്ടിലധികം (ഹി. 334 – 547) ഈ അവസ്ഥ തുടര്‍ന്നു. 547 ല്‍ ഒരിക്കല്‍ ക്കൂടി അബ്ബാസികളുടെ സ്വതന്ത്രഭരണം ഇറാഖില്‍ നിലവില്‍വന്നു. ഹി. 656 വരെ ഇതു തുടര്‍ന്നു. രാഷ്ട്രത്തിന്റെ പൂര്‍വപ്രതാപം വീണ്ടെടുക്കാന്‍ അവര്‍ക്കുകഴിഞ്ഞില്ല. 656 ല്‍ താര്‍ത്താരികളുടെ ബാഗ്ദാദ് ആക്രമണത്തോടുകൂടി ഈ ഭരണകൂടവും നാമാവശേഷമായി.
നബി(സ)യുടെ കാലത്ത് നിലവില്‍വന്ന ഇസ്‌ലാമിക രാഷ്ട്രം ഖിലാഫത്തുര്‍റാഷിദക്കും ഉമവീ ഖിലാഫത്തിനും ശേഷം അബ്ബാസീ ഖിലാഫത്തിന്റെ അന്ത്യഘട്ടത്തില്‍ അതീവദുര്‍ബലമാവുകയും, ഒടുവില്‍ താര്‍ത്താരികളുടെ കൈയ്യാല്‍ അതിന്റെ അന്ത്യം സംഭവിക്കുകയും ചെയ്തു.
അബ്ബാസികളുടെ പതനം

Add Comment