ഞാനറിഞ്ഞ ഇസ്‌ലാം

അന്വേഷിപ്പിന്‍, യഥാര്‍ഥ ദൈവികമതത്തെ നിങ്ങള്‍ കണ്ടെത്തും : ആന്‍ സ്‌പോള്‍ഡിങ്

പടിഞ്ഞാറന്‍ വിര്‍ജിനിയയിലെ ഒരു ക്രിസ്തീയ കുടുംബത്തിലാണ് ഞാന്‍ പിറന്നതും വളര്‍ന്നതും. പക്ഷേ, പിതാവ്ജൂതനായിരുന്നു. പിതാവിനോടു ഞാന്‍ അധികം സംസാരിച്ചിട്ടില്ല. ഇസ്‌ലാമിലേക്കു വന്നതില്‍ പിന്നെ വിശേഷിച്ചും. എനിക്ക് ഒരു വയസുള്ളപ്പോഴാണ് എന്റെ പിതാവ് മാതാവിനെ വിവാഹമോചനം ചെയ്തത്. അപ്പനും അമ്മയും ഒരാണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കെ, പെണ്‍കുഞ്ഞായി ഞാന്‍ പിറന്നെന്നറിഞ്ഞ് അമ്മയെ അപ്പന്‍ ഉപേക്ഷിച്ചുപോകുകയായിരുന്നെന്ന് മൂത്ത സഹോദരി പിന്നീടെന്നോടുപറഞ്ഞു.

ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഒരു പ്രകൃതക്കാരനായിരുന്നു എന്റെ പിതാവ്. അതുകൊണ്ടാണല്ലോ എന്റെ അമ്മയെയും നാല് പറക്കുമുറ്റാത്ത പെണ്‍കുട്ടികളെയും അനാഥരാക്കി വിട്ടുപോയത്. അങ്ങനെ ഞങ്ങള്‍ വളരെ ദരിദ്രരായാണ് വളര്‍ന്നത്. 2003ല്‍ പിതാവ് മരണപ്പെട്ടു. ഞാന്‍ ഇസ്‌ലാമാശ്ലേഷിച്ചതില്‍ പിന്നെ എന്നോടു സംസാരിക്കാന്‍ അദ്ദേഹത്തിന് തീരെ താല്‍പര്യമില്ലായിരുന്നു.

എന്റെ അമ്മയാകട്ടെ ഒരു ദൈവത്തില്‍ വിശ്വസിച്ചിരുന്നു. പല കാരണങ്ങള്‍ കൊണ്ടും എന്റെ അമ്മ ഒരു ശാസ്ത്രജ്ഞയായിരുന്നുവെന്നു കരുതാനാണ് എനിക്കിഷ്ടം. അമ്മ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഒരു ക്രിസ്ത്യന്‍ കുടുംബമായതിനാല്‍ ഞങ്ങള്‍ ദൈവബോധമുള്ളവരും ക്രിസ്തുഭക്തരുമായിരുന്നു. ജനിച്ചു വളര്‍ന്ന നാട്ടില്‍ എനിക്ക് ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ ക്കുറിച്ചും അറിയാനുള്ള ഒരു സാഹചര്യവും നിലനിന്നിരുന്നില്ല. ഹിജാബ് ധരിച്ചു പോകുന്ന ചില വനിതകളെ കണ്ടിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റൊന്നുമറിയില്ലായിരുന്നു മുസ്‌ലിംകളെ കുറിച്ച്.

 അഞ്ചാം വയസു മുതല്‍ ഞാന്‍ ഓടക്കുഴല്‍ ഊതുമായിരുന്നു. എന്റെ പന്ത്രണ്ടാം വയസില്‍ ഞാന്‍ ഒരു നല്ല ഓടക്കുഴല്‍ വിദഗ്ധയായി. മറ്റു സംഗീത ഉപകരണങ്ങളും നന്നായി കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചിരുന്നു. ചില സംഗീതസംഘങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഞാന്‍ അത്യാവശ്യം പണവും സ്വരൂപിച്ചിരുന്നു. എന്റെ അമ്മക്ക് സത്യത്തില്‍ എന്നെ നോക്കാന്‍ വേണ്ടത്ര സമയമില്ലാതിരുന്നതിനാല്‍ ഞാന്‍ ആ സമയങ്ങളില്‍ എന്റെ അമ്മയുടെ അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്. മുത്തച്ചന്‍ രോഗിയായി കിടക്കുകയും മുത്തശിക്ക് എന്നെ ശ്രദ്ധിക്കാന്‍ സമയമില്ലാതിരിക്കുകയും ചെയ്ത അവസ്ഥയില്‍ ഞാന്‍ എന്റെ ഓടക്കുഴലിലും സംഗീതത്തിലും സമയം ചെലവഴിച്ചു.
സാമൂഹിക പ്രവര്‍ത്തകയായ അമ്മ അംഗവൈകല്യമുള്ള അനേകം കുട്ടികള്‍ക്ക് വേണ്ട സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അമ്മയുടെ കാര്യത്തില്‍ ഞാന്‍ അഭിമാനിക്കുമായിരുന്നു. എന്നാല്‍ ഒരു അമ്മയുടെ പരിചരണംവേണ്ട ഘട്ടത്തില്‍ അവരെന്നോടൊപ്പമുണ്ടായിരുന്നില്ല. അവര്‍ക്ക് ലോകത്തുള്ള മുഴുവന്‍ കുട്ടികളെയും രക്ഷിക്കാനായാലും സ്വന്തം മകളെ സംരക്ഷിക്കാനാകുന്നില്ലല്ലോയെന്ന് ഞാന്‍ ദുഖിച്ചു. അങ്ങനെ സ്വയം തന്നെ ജീവിക്കുകയായിരുന്നു.
എന്റെ ഓടക്കുഴലും സംഗീതവും മാത്രമായിരുന്നു എന്റെ ജീവിതത്തില്‍ എനിക്ക് സ്‌നേഹവും ആശ്വാസവും നല്‍കിയത്. ഒരു പെണ്‍കുട്ടിയായി ഞാന്‍ ജനിച്ചുപോയത് എന്റെ കുറ്റമല്ലല്ലോ. ഒരു പെണ്‍കുട്ടി ജനിച്ചുവെന്നു കേള്‍ക്കേേുമ്പാള്‍ ഞാന്‍  അല്ലാഹുവിന് സ്തുതിപറയുകയാണ്. കാരണം ഞാനിന്നൊരു അമ്മയാണ്. അല്ലാഹു എനിക്ക് അനുഗ്രഹമായിത്തന്ന ഒരു മകളെ ഞാന്‍ വളര്‍ത്തി വലുതാക്കിയിരിക്കുന്നു. പെണ്‍കുട്ടികളെ കുഴിച്ചുമൂടിയ സമൂഹത്തില്‍ അത്തരമൊരു സമ്പ്രദായത്തെ ഇസ്‌ലാം എങ്ങനെ നിരോധിച്ചുവെന്നെ് ഇന്ന് എനിക്കറിയാം. എന്റെ ജീവിത പശ്ചാത്തലം തന്നെയാണ് ഇസ്‌ലാമിന്റെ ഈ വശത്തെ വായിക്കാനും അതില്‍ എനിക്ക് വലിയ ആശ്വാസം കണ്ടെത്താനും എനിക്ക് പ്രേരണയായത്.
പെണ്‍കുട്ടികള്‍ സത്യത്തില്‍ വളരെ വലിയ അനുഗ്രഹമാണ്. എന്റെ മകള്‍ എന്നെ സംബന്ധിച്ചിടത്തോളം പലനിലക്കും എനിക്കുകിട്ടിയ വലിയ അനുഗ്രഹമാണ്.

എന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഞാന്‍ യു എസ് നേവിയില്‍ ചേരുന്നത്. ഞാന്‍ വായിച്ചതും കണ്ടതുമായ കാര്യങ്ങള്‍ എനിക്ക് നല്ല ഓര്‍മയുണ്ടായിരുന്നു അന്ന്. അതെല്ലാം ഞങ്ങളുടെ ഗവണ്‍മെന്റിന് വലിയ ആവശ്യവുമായിരുന്നു അന്ന്.
പിന്നീട് ഞാന്‍ ഓര്‍ക്കസ്ട്രകളില്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്ന ഒരാളായി ജോലി ചെയ്തു. പല പ്രാവശ്യം വിവാഹിതയാവുകയും അത്രപ്രാവശ്യം തന്നെ വിവാഹമോചിതയാവുകയും ചെയ്തു. എല്ലാ വിവാഹങ്ങളും വെറും പീഡനങ്ങള്‍ മാത്രമായിരുന്നു. എനിക്ക് വേണ്ടത് മറ്റൊന്നായിരുന്നു. ജീവിതത്തില്‍ പല പ്രയാസങ്ങളിലൂടെയും ഞാന്‍ കടന്നു പോയി. അല്‍ഹംദുലില്ലാഹ്. എല്ലാത്തില്‍ നിന്നും അല്ലാഹുവാണ് രക്ഷപ്പെടുത്തിയത്. കുറേനാള്‍ ഞാന്‍ അന്ധയായിരുന്നു. എന്റെ കണ്ണങ്കാല്‍ ഞരമ്പു മുറിഞ്ഞതിനെത്തുടര്‍ന്ന്  ഏറെനാള്‍ വീല്‍ ചെയറില്‍ തള്ളി നീക്കി. സഹനം പരിശീലിക്കാനും അത് സ്വായത്തമാക്കാനും അല്ലാഹു നല്‍കിയ പരീക്ഷണങ്ങളായിരുന്നു അവയൊക്കെയും. അന്ധയായിരുന്ന കാലത്താണ് ഞാന്‍ ദൈവത്തെ തിരഞ്ഞത്. അക്കാലത്ത്  വ്യത്യസ്തമായ പല വിശ്വാസദര്‍ശനങ്ങളിലൂടെയും ഞാന്‍ കടന്നു പോയി. സത്യത്തില്‍ എന്റെ അന്ധതയിലാണ് ഞാന്‍ സത്യം കണ്ടെത്തിയത്.

ക്രിസ്ത്യന്‍ പള്ളിയിലേക്ക്
ആറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ഒരു ബാപ്റ്റിസ്റ്റ് ചര്‍ചിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പോയത്. വളരെ കര്‍ക്കശമായി നിയമ നിര്‍ദേശങ്ങള്‍ പാലിക്കുന്നവര്‍ക്കു മാത്രമേ ആ ചര്‍ച്ചില്‍ വരാനാകുമായിരുന്നുള്ളൂ. മിനി സ്‌കര്‍ട്ട് അവിടെ അനുവദിക്കപ്പെട്ടിരുന്നില്ല.  മുസ് ലിമാകുന്നതിനു മുമ്പും ഞാനത് ഉപയോഗിക്കാറില്ലായിരുന്നു. പള്ളിയിലെ പാസ്റ്ററിനോടു ദൈവത്തെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ  ശരിയായ ഉത്തരം നല്‍കാന്‍ കഴിയാത്ത അദ്ദേഹത്തോടു ഞാന്‍ മറ്റു മതങ്ങളെ കുറിച്ച് പഠിക്കാന്‍ പോവുകയാണെന്ന് തുറന്നുപറഞ്ഞു. മറ്റു മതങ്ങളെ പഠിക്കുക വഴി ചെകുത്താന്റെ പിടിയില്‍പെട്ടുപോകുമെന്നാണ് ആ പാസ്റ്റര്‍ എന്നെ ഉപദേശിച്ചത്. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആ പാസ്റ്ററുടെ മറുപടികള്‍ ഒന്നും എനിക്ക് തൃപ്തികരമായിരുന്നില്ല. ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും ആക്ഷേപിച്ചു കൊണ്ടു ഞാനൊരിക്കലും സംസാരിക്കുമായിരുന്നില്ല.  അവരില്‍പെട്ട നിരവധി നല്ലവരെ എനിക്കറിയാം. അവരെ അല്ലാഹു നേര്‍മാര്‍ഗത്തിലേക്ക് നയിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന.
ചര്‍ചിലെ സംഗീത ക്ലാസില്‍ ഞാനും അംഗമായിരുന്നു. എന്റെ സംഗീത ഗ്രൂപില്‍പെട്ട രണ്ടു പേര്‍ ഒരിക്കല്‍ എന്നെകുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കാനിടയായി. വിവാഹമോചിതയായ ഞാനെന്തിന് സംഗീതക്ലാസില്‍ വീണ്ടും വരുന്നുവെന്നതായിരുന്നു അവരുടെ ചോദ്യം. വിവാഹമോചിതയായ ശേഷം എന്തുകൊണ്ട് എനിക്ക് സംഗീതം ചെയ്തു കൂടാ. പ്രത്യേകിച്ച് എന്റെ സംഗീതം കേള്‍ക്കാന്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നിരിക്കെ ? ഞാന്‍ അല്‍ഭുതപ്പെട്ടു. പുകവലിയോ മദ്യപാനമോ പരസംസര്‍ഗമോ ഇല്ലാത്ത  എന്നെക്കുറിച്ചുപോലും മറ്റുള്ളവര്‍ ഇവിധം ചിന്തിക്കുന്നതാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. വിവാഹമോചിതയായിട്ടും  തികഞ്ഞ ധാര്‍മികത പുലര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധയായി.
എന്റെ അവസാന വിവാഹമോചനത്തിനു ശേഷം ഞാന്‍ പുനര്‍വിവാഹത്തിന് ശ്രമിച്ചിരുന്നില്ല.  ക്രിസ്തുമതനിയമമനുസരിച്ച് പരപുരുഷഗമനത്തിന്റെ പേരിലല്ലാതെ ഒരു സ്ത്രീ വിവാഹമോചിതയായാല്‍, മുന്‍ഭര്‍ത്താവ് മരിക്കുന്നതുവരെ അവള്‍ പുനര്‍വിവാഹത്തിന് മുതിരരുത്. ഇനി ആരെങ്കിലും അങ്ങനെ ചെയ്താല്‍ പരോക്ഷമായ വ്യഭിചാരമായി കണക്കാക്കപ്പെട്ടിരുന്നു. ഒരിക്കലും അത്തരം ചീത്തപ്പേര് ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനാല്‍ ഞാന്‍ പിന്നീട് വിവാഹം ചെയ്തില്ല. അന്നുമുതല്‍ ഞാന്‍ മറ്റൊരാളുമായി അടുപ്പം കാണിക്കുകയോ ഒരുമിച്ചു ജീവിക്കുകയോ ചെയ്തിരുന്നില്ല. ഞാന്‍ ജോലി ചെയ്ത് എന്റെ മകളെ വളര്‍ത്തിക്കൊണ്ടുവന്നു. അല്‍ഹംദുലില്ലാഹ് അവള്‍ക്കിപ്പോള്‍ 21 വയസ്സായിരിക്കുന്നു. അവള്‍ വിവാഹിതയാവുകയും ഞാനിന്ന് ഒരു മുത്തശിയായും മാറിയിരിക്കുന്നു.

ഇസ് ലാമിലേക്ക്
ആയിടെയാണ് ഞങ്ങളുടെ പട്ടണത്തില്‍ വന്ന ഒരു മുസ്‌ലിം സ്ത്രീയെ ഞാന്‍ കണ്ടുമുട്ടുന്നത്. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ചില ലഘുലേഖകള്‍ അവര്‍ എനിക്ക് തന്നു. ആ ലഘുലേഖകള്‍ ഞാന്‍ വായിച്ചു. ഒരു മുസ്‌ലിമിന്റെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് എന്നെ കൊണ്ടു പോയത് ആ ലഘുലേഖകളായിരുന്നു. ആ മുസ്‌ലിം സ്ത്രീ എത്ര നന്നായി മറ്റുള്ളവരോടും പെരുമാറുകയും അതോടൊപ്പം അവരുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുവെന്നുള്ളത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. അവള്‍ ഇസ്‌ലാമിനെ കുറിച്ച് പറയുന്നുവെന്നതിനേക്കാള്‍ അവളിലൂടെ ഇസ്‌ലാം സംസാരിക്കുകയായിരുന്നുവെന്നതായിരുന്നു യാഥാര്‍ഥ്യം. ആ സ്ത്രീയോടു ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
എന്റെ മകള്‍ കോളേജ് ജീവിതം ആരംഭിച്ച സമയമായിരുന്നു അത്. അവള്‍ കോളേജില്‍ കുറെ കൂട്ടുകാരെ കണ്ടെത്തി. അവരോടൊപ്പം സംസാരിക്കാനും അവരുമായി കൂടുതല്‍ സമയം ചിലവഴിക്കാനും അവള്‍ ആഗ്രഹിച്ചു. അവളുടെ കൂട്ടുകാരില്‍ അധികവും സുഡാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും അറേബ്യയില്‍ നിന്നുള്ളവരായിരുന്നു. അവരില്‍ നിന്ന് അവള്‍ ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിച്ചു. ഇസ്‌ലാമിനെ കുറിച്ചുള്ള പുസ്തകങ്ങളും മറ്റും മകള്‍ വായിക്കാന്‍ കൊണ്ടുവരുന്നത് ഞാനും വായിക്കാന്‍ തുടങ്ങി. നേരത്തെ തന്നെ ഞാന്‍ പഠിക്കുകയും കുറെയൊക്കെ മനസ്സിലാക്കുകയും ചെയ്തിരുന്ന മതമാണല്ലോ ഇസ്‌ലാം. പല കാരണങ്ങള്‍ കൊണ്ടും ഞാന്‍ ഇസ്‌ലാമിലേക്കു വീണ്ടും വീണ്ടും വരികയായിരുന്നു. വി. ഖുര്‍ആനും ഇസ്‌ലാമികാധ്യാപനങ്ങളും എന്റെ മനസ്സില്‍ വല്ലാത്ത സ്വാധീനം ചെലുത്തി. ഓരോ പ്രാവശ്യവും ഞാന്‍ ഇസ് ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുമ്പോഴും  കൂടുതല്‍ ബോധ്യമാവുകയായിരുന്നു ഇസ്‌ലാമാണ് യഥാര്‍ത്ഥമതമെന്ന്. മുമ്പ്് ഞാന്‍ ഇസ്‌ലാമിനെ പഠിച്ചിരുന്നുവെന്ന്  എന്റെ മകളോടു വെളിപ്പെടുത്തിയില്ല. ഈ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കിയ ഞാന്‍ നേരത്തെ തന്നെ മുസ്ലിമായിരുന്നുവെന്നതാണ് ശരി. എന്നാല്‍ ഞാന്‍ പശ്ചാത്താപം നടത്തിയിട്ടുണ്ടായിരുന്നില്ല.
ഒരു ദിവസം എന്റെ മകള്‍ എന്നോടു  ചോദിച്ചു അവള്‍ ഇസ്‌ലാം സ്വീകരിച്ചോട്ടെയെന്ന്. തികഞ്ഞ ബാപ്റ്റിസ്റ്റ് ഭക്തയായ ഞാന്‍ എന്തുപറയുമെന്ന ആശങ്കയാലാണ് അവള്‍ അന്ന് അങ്ങനെ ചോദിച്ചത്. ഞാന്‍ അവളോടു ചോദിച്ചു. എന്തിനാണ് നീ മുസ്‌ലിമാകുന്നത്?
അവള്‍ പറഞ്ഞു. ഇസ്‌ലാമില്‍ മാതാവിന് വലിയ സ്ഥാനമുണ്ടെന്നും ഇസ്‌ലാം മാതാവിന് നല്‍കിയ ഉന്നതസ്ഥാനം കൊണ്ടാണ് താന്‍ അമ്മയോടു ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിക്കുന്നതെന്നും അവള്‍ എന്നോടു പറഞ്ഞു. നേരത്തെ ആ പട്ടണത്തില്‍ വന്ന മുസ്‌ലിം വനിത മാതാവിനോടു പ്രത്യേകം അനുവാദം വാങ്ങണമെന്ന് തന്നോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവള്‍ പറഞ്ഞു.
ഞാന്‍ അവളോടു ചോദിച്ചു: മോളേ നീ എന്താണ് പറയുന്നതെന്നു നീ ചിന്തിച്ചിട്ടാണോ സംസാരിക്കുന്നത്?
ഞാന്‍ ദ്യേഷ്യപ്പെടുമെന്ന ഭയത്തില്‍ എന്റെ മകള്‍ എന്റെ മുന്നിലിരുന്നിട്ട് പറഞ്ഞു. ‘അമ്മേ ഞാന്‍ ഇസ്‌ലാമിനെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്’.
ഇതു കേട്ട് ഞാന്‍ അവളോടു പറഞ്ഞു, ഞാനും ഇസ്‌ലാമിനെ കുറിച്ചു പഠിച്ചു കൊണ്ടിരിക്കുകയാണെന്ന്. ഇതു കേട്ട് അത്ഭുതവും സന്തോഷവും കൊണ്ടവളുടെ മനസ്സു നിറഞ്ഞു.
ഒരാഴ്ച കഴിഞ്ഞ് ഞാനും മകളും കൂടി അവളുടെ മുസ്‌ലിം സുഹൃത്തുക്കള്‍ക്കരികില്‍ ചെല്ലുകയും അവരുടെ സാന്നിധ്യത്തില്‍ ഞാങ്ങള്‍ സത്യസാക്ഷ്യം സ്വീകരിക്കുകയും ചെയ്തു. 2001 ജൂലൈ മാസത്തിലായിരുന്നു ആ സംഭവം.

Topics