പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം ചമച്ചുകൊണ്ടിരിക്കുന്നവരാണ് മതനിഷേധികളും നിരീശ്വരവാദികളും. പ്രവാചകന്‍ തന്റെ അഭീഷ്ടപ്രകാരം വെപ്പാട്ടിമാരെ വെച്ചുകൊണ്ടിരുന്നുവെന്നും അത് സാധ്യമാക്കാന്‍ എണ്ണമറ്റ അടിമസ്ത്രീകളെ ഉടമപ്പെടുത്തുംവിധം നിയമമുണ്ടാക്കിയെന്നും അവര്‍ ആരോപിക്കുന്നു. അതിന് ഉപോദ്ബലകമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് ഈ ആയത്താണ്: ‘നബിയേ, നീ വിവാഹമൂല്യം നല്‍കിയ നിന്റെ പത്‌നിമാരെ നിനക്കു നാം അനുവദിച്ചുതന്നിരിക്കുന്നു. അല്ലാഹു നിനക്ക് യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍ നിന്റെ വലംകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ് പലായനം ചെയ്‌തെത്തിയ നിന്റെ പിതൃവ്യപുത്രിമാര്‍, പിതൃസഹോദരീ പുത്രിമാര്‍, മാതൃസഹോദരപുത്രിമാര്‍, മാതൃസഹോദരിപുത്രിമാര്‍ എന്നിവരെയും വിവാഹംചെയ്യാന്‍ അനുവാദമുണ്ട്. സത്യവിശ്വാസിനിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനംചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയാണെങ്കില്‍ അതിനും വിരോധമില്ല. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത നിനക്കുമാത്രമുള്ള നിയമമാണിത്. അവരുടെ ഭാര്യമാരുടെയും അടിമകളുടെയും കാര്യത്തില്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്ക് നന്നായറിയാം. നിനക്ക് ഒന്നിലും ഒരു പ്രയാസമുണ്ടാവാതിരിക്കാനാണിത്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ് ‘(അല്‍അഹ് സാബ് 50).
മേല്‍സൂക്തം ചൂണ്ടി സത്യനിഷേധികള്‍ പറയുന്നത് ഭാര്യമാരോടൊപ്പം തന്റെ ബന്ധുക്കളെ തോന്നിയപോലെ ഉപയോഗിക്കാന്‍ നബി സ്വയം ആവിഷ്‌കരിച്ച നിയമമാണിതെന്നാണ്. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത നബിക്ക് മാത്രമുള്ള നിയമമാണിത് എന്ന പ്രസ്താവന അവര്‍ തങ്ങളുടെ വാദത്തിന് തെളിവായി സ്വീകരിക്കുന്നു. അതോടൊപ്പം പ്രവാചകപത്‌നി ആഇശയുടെ തമാശയെന്നോണമുള്ള മറുപടിയെയും അവര്‍ ദുര്‍വ്യാഖ്യാനിക്കുന്നു: അതായത്, മുഹമ്മദിന്റെ പ്രസ്താവന സ്വന്തം ഭാര്യക്ക് പോലും സഹിക്കാനാകാത്ത അമര്‍ഷമുണ്ടാക്കി. അതിനാലാണ് ആഇശ ഇതുകേട്ട് പൊട്ടിത്തെറിച്ചത്. അവര്‍ പറഞ്ഞു: ‘താങ്കളുടെ നാഥന്‍ താങ്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരുന്നതില്‍ വളരെ ധൃതികാണിക്കുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. താങ്കള്‍ ഇഛിക്കുന്നതുപോലെയാണല്ലോ താങ്കളുടെ അല്ലാഹു സംസാരിക്കുന്നത്. ‘ ഇത് അല്ലാഹുവിനും അവന്റെ പ്രവാചകന്നും കിട്ടിയ കരണത്തടിയാണെന്നും അവര്‍ പരിഹസിക്കുന്നു.
വീണ്ടും മുന്നോട്ടുകടന്ന് അവരുടെ ആരോപണങ്ങള്‍ ഇപ്രകാരമാണ്: മുഹമ്മദ് തനിക്ക് മാത്രമായി ആവിഷ്‌കരിച്ച വ്യഭിചാരത്തിന് നിയമസാധുത നല്‍കുന്ന ഈ നിയമം തോന്നിയപോലെ ഏതുപെണ്ണിനെയും തന്റെ കാമപൂര്‍ത്തീകരണത്തിന് ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ്. മുഹമ്മദ് ഇതിനെ വേണ്ടുവോളം ഉപയോഗപ്പെടുത്തുകയും ചെയ്തു. മൈമൂന, ഉമ്മുശരീക്, സൈനബ്, ഖൗല തുടങ്ങിയവരെല്ലാം അങ്ങനെ ഉപയോഗപ്പെടുത്തിയവരില്‍ പെട്ടവരാണ്.
ആരോപണങ്ങള്‍ക്ക് മറുപടി
- അടിമത്ത സമ്പ്രദായം നിലനിന്നിരുന്ന കാലത്താണ് പ്രവാചകന്‍ നിയോഗിതനായതും ഖുര്‍ആന്‍ അവതീര്‍ണമായതും. അക്കാലത്ത് വിവാഹം കഴിക്കാതെ തന്നെ അടിമസ്ത്രീകളെ യഥേഷ്ടം ഉപയോഗപ്പെടുത്താനുള്ള അനുവാദം യജമാനന്‍മാര്‍ക്ക് ഉണ്ടായിരുന്നു. അതവര്‍ പ്രയോഗവത്കരിക്കുകയും ചെയ്തിരുന്നു. കാലക്രമത്തില്‍ അടിമത്ത സമ്പ്രദായം അവസാനിപ്പിക്കാന്‍ ആവശ്യമായ നിലപാടുകള്‍ സ്വീകരിച്ച ഇസ്‌ലാം അന്ന് നിലവിലുണ്ടായിരുന്ന നിയമങ്ങളില്‍ ഒട്ടേറെ പരിഷ്‌കരണങ്ങള്‍ വരുത്തി. അടിമകളോടുള്ള സമീപനം പൂര്‍ണമായും പരിഷ്‌കരിച്ചതോടൊപ്പം അടിമസ്ത്രീയില്‍ കുട്ടികളുണ്ടായാല്‍ അതോടെ അവര്‍ സ്വതന്ത്രരാകുമെന്നത് കൂടി അതിലുള്‍പ്പെടുത്തി.
ഈ സൂക്തത്തിലൂടെ മറ്റു വിശ്വാസികള്‍ക്കെന്ന പോലെ പ്രവാചകനും അടിമസ്ത്രീകളെ ജീവിതപങ്കാളികളാക്കാന്‍ അനുവാദം നല്‍കപ്പെട്ടു. എന്നിട്ടും അദ്ദേഹം അതുപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് പ്രബലാഭിപ്രായം. യുദ്ധത്തടവുകാരായി പിടികൂടപ്പെട്ടവരില്‍ പ്രവാചകന് വന്നുചേര്‍ന്ന അടിമസ്ത്രീകള്‍ മൂന്നുപേരായിരുന്നു. ബനൂഖുറൈള യുദ്ധത്തില്‍ തടവുകാരിയാക്കപ്പെട്ട റൈഹാന, ബനുല്‍ മുസ്ത്വലിഖ് യുദ്ധത്തില്‍ തടവുകാരിയാക്കപ്പെട്ട ജുവൈരിയ, ഖൈബര്‍ യുദ്ധത്തില്‍ ബന്ദിയാക്കപ്പെട്ട സ്വഫിയ്യ എന്നിവരാണവര്‍. ഇവരെ ആരെയും നബിതിരുമേനി അടിമകളാക്കി വെച്ചില്ല. ജുവൈരിയയെയും സ്വഫിയ്യയെയും സ്വതന്ത്രരാക്കി വിവാഹംചെയ്യുകയാണുണ്ടായത്. റൈഹാനയെ മോചിപ്പിച്ച് സ്വതന്ത്രയാക്കി. അങ്ങനെ അവര്‍ ഇസ്‌ലാം സ്വീകരിച്ച് സ്വന്തം കുടുംബത്തിലേക്ക് തിരിച്ചുപോകുകയും ചെയ്തു. റൈഹാന പ്രവാചകന്റെ അടിമയായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടാനിടയായത് തുടര്‍ന്ന് നടന്ന അവരുടെ ഇസ്‌ലാം സ്വീകരണവും സ്വദേശത്തേക്കുള്ള തിരിച്ചുപോക്കും വിട്ടുകളഞ്ഞതിനാലാണ്.
പ്രവാചകന്‍ അടിമസ്ത്രീകളെ സ്വീകരിച്ചിരുന്നുവെന്ന് വാദിക്കുന്ന പലരും അത് മാരിയത്തുല്‍ ഖിബ്ത്വിയ്യയിലേക്കാണ് ചേര്‍ത്തുപറയുന്നത്. അവരാകട്ടെ, യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരിയല്ല. ഈജിപ്ഷ്യന്‍ ഭരണാധികാരി മുഖൗഖിസ് സമ്മാനിച്ചതാണ്. രക്ഷിതാവെന്ന നിലയില്‍ അദ്ദേഹം അവരെ സമ്മാനിച്ചതോടെ അത് വിവാഹംചെയ്തുകൊടുക്കലായി. പ്രവാചകന്‍ ആ സമ്മാനം സ്വീകരിച്ചതോടെ വിവാഹം പൂര്‍ത്തിയായി. അവരില്‍ ഇബ്‌റാഹീം എന്ന കുട്ടി ജനിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് എല്ലാവരും പ്രവാചകന്റെ മറ്റു പത്‌നിമാരെ പോലെതന്നെ അവരെയും വിശ്വാസികളുടെ മാതാവായി(ഉമ്മഹാത്തുല്‍ മുഅ്മിനീന്‍) വിശേഷിപ്പിക്കുന്നതും പരിഗണിക്കുന്നതും. ചുരുക്കത്തില്‍ വിവാഹംകഴിക്കാതെ ഒരു സ്ത്രീയുമായും പ്രവാചകന്‍ ജീവിതം പങ്കിട്ടിട്ടില്ല.
- അഹ്‌സാബിലെ മേല്‍ സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാ അടുത്ത ബന്ധുക്കളെയും ഏതൊരു വിശ്വാസിക്കും വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്. സംബോധന നബിയോടാണെങ്കിലും മുഴുവന്‍ മനുഷ്യര്‍ക്കും ഈ നിയമം ബാധകമാണ്. ഇസ്‌ലാമിലെ പലനിയമങ്ങളുടെയും പ്രഥമ സംബോധിതന്‍ പ്രവാചകനാണ്. തുടര്‍ന്ന് മുഴുവന്‍ മനുഷ്യരും. അതുകൊണ്ടുതന്നെ നബിതിരുമേനിയും അവിടുത്തെ അനുയായികളും ഈ വിശുദ്ധവാക്യത്തില്‍ പരാമര്‍ശിച്ചവരെ വിവാഹംചെയ്തിരുന്നു. അന്നുതൊട്ടിന്നും ആ സമ്പ്രദായം തുടര്‍ന്നുപോരുന്നു.
അക്കാലത്ത് നിലനിന്ന രണ്ട് ആത്യന്തികതകള്‍ക്കിടയില്‍ സന്തുലിത സമീപനം സ്വീകരിക്കാന്‍ സമൂഹത്തെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയുമായിരുന്നു ഉപര്യുക്തസൂക്തങ്ങള്‍ എന്നാണ് മനസ്സിലാക്കേണ്ടത്. അന്നത്തെ ക്രൈസ്തവആചാരപ്രകാരം ഏഴ് പൂര്‍വപിതാക്കളുടെ സന്താനപരമ്പരകളില്‍ ആര്‍ക്കിടയിലും പരസ്പരവിവാഹം പാടില്ലായിരുന്നു. ജൂതന്‍മാരാകട്ടെ സഹോദരിയുടെയും സഹോദരന്റെയും മക്കളെ വിവാഹംചെയ്യാന്‍ അനുവദിച്ചിരുന്നു. ഇസ്‌ലാം ഈ രണ്ടിനുമിടയില്‍ സന്തുലിതസമീപനം സ്വീകരിക്കുകയായിരുന്നു. സഹോദരന്റെയും സഹോദരിയുടെയും മക്കളെ വിവാഹംചെയ്യുന്നത് അത് വിലക്കി. അതോടൊപ്പം പിതൃ സഹോദരി-സഹോദരന്‍മാരുടെയും മാതൃ സഹോദരി-സഹോദരന്‍മാരുടെയുംമക്കളെ വിവാഹംചെയ്യുന്നത് അനുവദിക്കുകയും ചെയ്തു. നിയമപരിഷ്‌കാരമാണ് ഖുര്‍ആന്‍ ഇതിലൂടെ നടത്തിയത് എന്നര്‍ഥം.
- ഏതെങ്കിലും വിശ്വാസിനിയായ സ്ത്രീ സ്വന്തത്തെ ദാനംചെയ്താല്‍ അവരെ വിവാഹംകഴിക്കാമെന്നാണ് പ്രസ്തുത സൂക്തത്തിലുള്ളത് . വിവാഹംകഴിക്കാതെ ഉപയോഗപ്പെടുത്താമെന്നോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്നോ അല്ല. അതുകൊണ്ടുതന്നെ വിമര്‍ശകര്‍ ആരോപിക്കുന്ന പോലെ വ്യഭിചാരത്തിനുള്ള അനുമതിയോ ഏതുപെണ്ണിനെയും തോന്നിയപോലെ ഉപയോഗിക്കാനുള്ള സമ്മതപത്രമോ അല്ല. ഖുര്‍ആനില്‍ എന്താണുള്ളതെന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ആരോ എവിടെയോ എഴുതിവെച്ചത് അതേപടി പകര്‍ത്തിവെക്കുകയാണ് നിരീശ്വരവാദികള്‍ മറ്റു ഇസ്‌ലാം വിമര്‍ശനത്തിലെന്ന പോലെ ഇതിലും ചെയ്തത്.
വസ്തുതകള്‍ ഇതായിരിക്കെ പിന്നെ എന്താണ് പ്രസ്തുത സൂക്തത്തിന്റെ ലക്ഷ്യം?
നാലുപേരെ മാത്രമേ ഒരേസമയം ഭാര്യമാരായി സ്വീകരിക്കാന്‍ പാടുള്ളൂവെന്ന നിയമത്തില്‍നിന്ന് നബിതിരുമേനിയെ ഒഴിവാക്കലാണ് ഈ സൂക്തത്തിന്റെ ഉദ്ദേശ്യമെന്ന് പ്രമുഖരായ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഒമ്പതുപേരില്‍നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നത് വിവാഹമോചിതരാകുന്നവര്‍ക്കും അതിലൂടെ പ്രവാചകന്നും ഏറെ പ്രയാസമുണ്ടാക്കും എന്നതിനാലാണ് ഈ ഇളവ് നല്‍കിയത്. അതാണ്’ നിനക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണിതെ’ന്ന് ഖുര്‍ആന്‍ പ്രത്യേകം പറഞ്ഞത്.
ഈ സൂക്തംകേട്ട് പ്രവാചകപത്‌നി ആഇശ(റ) പറഞ്ഞതിങ്ങനെയാണ് ‘താങ്കളുടെ നാഥന്‍ താങ്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായി ഞാന്‍ കാണുന്നു.’ യഥാര്‍ഥത്തില്‍ ആഇശ(റ) പ്രവാചകനോട് ഇങ്ങനെ പറഞ്ഞത് ഈ സൂക്തം അവതരിച്ചപ്പോഴല്ലെന്നും അഹ്‌സാബ് അധ്യായത്തിലെ അമ്പത്തിരണ്ടാം സൂക്തം അവതീര്‍ണമായപ്പോഴാണെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്. ആ സൂക്തം ഇങ്ങനെയാണ്: ‘ഭാര്യമാരില്‍ നിനക്കിഷ്ടമുള്ളവരെ നിനക്കകറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ അടുപ്പിച്ചുനിര്‍ത്താം. ഉദ്ദേശിക്കുന്നവരെ അകറ്റിനിര്‍ത്തിയശേഷം അടുപ്പിച്ചുനിര്‍ത്തുന്നതിലും നിനക്ക് കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കാനും അവര്‍ ദുഃഖിക്കാതിരിക്കാനും നീ അവര്‍ക്ക് നല്‍കിയതില്‍ തൃപ്തരാകാനും ഏറ്റവും പറ്റിയതിതാണ്. നിങ്ങളുടെ മനസ്സിനകത്തുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനാണ്. ഏറെ സഹനമുള്ളവനും അവന്‍ തന്നെ.’
പ്രവാചകനും ആഇശയും തമ്മിലുള്ള ഗാഢബന്ധത്തെയും അഗാധപ്രണയത്തെയും സംബന്ധിച്ച സാമാന്യധാരണയുള്ള ആര്‍ക്കും പ്രവാചകപത്‌നിയുടെ സ്‌നേഹോഷ്മളമായ ഈ തമാശ ഉള്‍ക്കൊള്ളാന്‍ ഒട്ടും പ്രയാസമുണ്ടാവില്ല. പ്രവാചകനോടൊപ്പം ഓട്ടമത്സരം നടത്തുകയും അവിടുത്തെ ചുമലില്‍ തലവെച്ച് കളികണ്ടാസ്വദിക്കുകയും ചെയ്ത പ്രിയതമയായിരുന്നു അവര്‍. എന്നിട്ടും അവരുടെ സ്‌നേഹപൂര്‍ണമായ തമാശയെ അല്ലാഹുവിന്റെയും പ്രവാചകന്റെയും കരണക്കുറ്റിക്കുള്ള അടിയായി കാണുന്നവര്‍ ശരീരകാമനകള്‍ക്കപ്പുറം ദാമ്പത്യത്തിന്റെ ഊഷ്മളതയെയോ സ്‌നേഹപ്രപഞ്ചത്തെയോ സംബന്ധിച്ച് ഒന്നുമറിയാത്തവരോ അറിഞ്ഞിട്ടും അസഭ്യവര്‍ഷത്തില്‍ നിര്‍വൃതി അനുഭവിക്കുന്ന അതിനീചന്‍മാരോ ആകാനേ നിര്‍വാഹമുള്ളൂ.
ശൈഖ് മുഹമ്മദ് കാരക്കുന്ന്
Add Comment