ശുദ്ധമനസ്‌കരും സാത്വികരുമായ ഏതൊരാളും കാംക്ഷിക്കുന്നതാണ് മനസ്സമാധാനം. എന്നാല്‍ ഓരോ ഘട്ടത്തിലും മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നാണ് വ്യഭിചാരം എന്ന ദുര്‍വൃത്തി. എല്ലാ ശബ്ദവും നോട്ടവും തങ്ങള്‍ക്കെതിരാണെന്ന തോന്നലായിരിക്കും വ്യഭിചാരികള്‍ക്കുണ്ടാവുകയെന്ന് മനശാസ്ത്രരംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഉത്തരവാദിത്വമേറ്റും ത്യാഗം സഹിച്ചും സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ചിന്തയുള്ളവര്‍ വിവാഹജീവിതത്തിലൂടെയാണ് പ്രകൃതിയുടെ തേട്ടമായ ലൈംഗികതയെ പൂര്‍ത്തീകരിക്കുക. തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കായി അര്‍പിക്കാനും സന്താനോത്പാദനം നടത്തി അവരെ ഉത്തമപൗരന്‍മാരാക്കാനും വിവാഹജീവിതമെന്ന ആത്മീയാനുഭൂതിയിലൂടെ മാത്രമേ സാധ്യമാകൂ.
അഗ്നി അതിനുകിട്ടിയതിനെയെല്ലാം കരിച്ചുചാമ്പലാക്കുംപോലെ വ്യഭിചാരം ധാര്‍മികബോധത്തെ ഹനിക്കുന്നു. സമൂഹത്തില്‍ അപഖ്യാതി വരുത്തുന്ന ജാരസന്താനങ്ങളെ ഒരുവേള കാഴ്ചവെക്കാറുമുണ്ടത്. ആ സന്താനങ്ങളാകട്ടെ ആ ജീവനാന്തം വേദനയനുഭവിച്ച് വളരുന്നു. സ്‌നേഹസമ്പന്നരായ മാതാപിതാക്കളുടെ വാത്സല്യപരിലാളനകള്‍ നിഷേധിക്കപ്പെടുന്നതിനാല്‍ ചുറ്റുമുള്ള എല്ലാറ്റിനോടും രോഷമായിരിക്കും അവര്‍ക്ക്. എന്തിനേറെ, ലൈംഗികരോഗങ്ങളെ സമൂഹത്തില്‍ വ്യാപിപ്പിക്കുന്നത് വ്യഭിചാരമാണ്. വ്യക്തികളെ അവിവാഹജീവിതത്തിനും ധൂര്‍ത്തിനും പ്രചോദിപ്പിക്കുന്നത് ഈ തിന്‍മയത്രേ.
കുടുംബം എന്ന സമൂഹത്തിന്റെ അടിസ്ഥാനയൂണിറ്റിനെ സംസ്ഥാപിച്ച്, ആദര്‍ശ-സമൂഹ പ്രതിബദ്ധതയുള്ള പൗരന്‍മാരെ ഉല്‍പാദിപ്പിച്ച് ദേശരാഷ്ട്രങ്ങളുടെ നിലനില്‍പ് ഉറപ്പുവരുത്താന്‍ വ്യഭിചാരം എന്ന വന്‍പാപം ഇല്ലാതായേ മതിയാകൂ എന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. അതിനായി ലൈംഗികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള വിവാഹം എന്ന മാര്‍ഗം നിര്‍ദേശിച്ച് അതല്ലാത്ത എല്ലാ മാര്‍ഗങ്ങളെയും ശിക്ഷാര്‍ഹമായ പാപമായി ദീന്‍ വിധിച്ചു. സത്രീപുരുഷന്‍മാരുടെ അനിയന്ത്രിതമായ കൂടിക്കലരല്‍ അത് വിലക്കി. ലൈംഗികവികാരമുണര്‍ത്തുന്ന നര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍, ആഭാസഗാനങ്ങള്‍, അനാശാസ്യവിനോദങ്ങള്‍,ലഹരി തുടങ്ങിയവയെല്ലാം അത് നിരോധിച്ചു.
വ്യഭിചാരം
