Youth

അപരിചിതമായ ആധുനിക ലോകം

ഈ ലോകത്ത് താങ്കളെ സന്തോഷിപ്പിക്കുന്ന ഏറ്റവും മഹത്തായ കാര്യം എന്താണ്? സമ്പത്ത്… തറവാടിത്തം… സ്ത്രീ… പ്രണയം… പ്രശസ്തി… അധികാരം… മറ്റുള്ളവരുടെ കയ്യടി…ഇവയൊക്കെയാണ് താങ്കളുടെ സന്തോഷത്തിന്റെ അടിസ്ഥാനങ്ങളെങ്കില്‍ താങ്കള്‍ ഹൃദയത്തെ വഞ്ചകരുടെയും, തെമ്മാടികളുടെയും കരങ്ങളില്‍ വെച്ച് കൊടുത്തിരിക്കുന്നു എന്നര്‍ത്ഥം. താങ്കളുടെ സന്തോഷം ധനകേന്ദ്രീകൃതമാണെങ്കില്‍ ഭാവിയില്ലാത്ത സന്തോഷമാണ് അത്. കാരണം ധനം തീര്‍ന്ന് പോകുന്നതാണ്. സ്വര്‍ണവും, ഡോളറുകളും എന്നും ഒരു പോലെ നമ്മുടെ കൈവശം നില്‍ക്കുന്നവയല്ല. ഇനി കുലമഹിമയിലും അധികാരത്തിലുമാണ് താങ്കള്‍ സന്തോഷത്തെ പ്രതിഷ്ഠിച്ചതെങ്കില്‍ അധികാരം സിംഹത്തെപ്പോലെയാണെന്ന് മനസ്സിലാക്കുക. ഇന്ന് താങ്കള്‍ അതിന് പുറത്ത് കയറി യാത്ര ചെയ്യുന്നുവെങ്കില്‍ നാളെ അത് താങ്കളെ ഭക്ഷണമാക്കിയേക്കാം. ഇനി മറ്റുള്ളവരുടെ കയ്യടിയാണ് നമുക്ക് സന്തോഷം പകരുന്നതെങ്കില്‍ അവരുടെ അഭിപ്രായം ഓരോ ദിവസം മാറിമറിയുന്നതാണ്.

താങ്കളുടെ എല്ലാ ചെക്കുകളും അസ്വസ്ഥതകളുടെ ബാങ്കില്‍ വെച്ചിരിക്കുന്നു താങ്കള്‍. അതുമുഖേനെ താങ്കള്‍ ഏകാന്തതയുടെയും അപരിചിതത്വത്തിന്റെയും ലോകത്തേക്ക് ആപതിച്ചിരിക്കുന്നു. വഴിയരികിലെ ഹോട്ടലുകളിലോരാന്നായി താങ്കള്‍ കയറിയിറങ്ങി. പക്ഷെ താങ്കളുടെ മനസ്സ് ശാന്തമായില്ല. ആശ്വാസത്തിന്റെ സ്വാദ് അതിന് രുചിക്കാനായില്ല. താങ്കള്‍ക്ക് സുരക്ഷിതത്വമോ, നിര്‍ഭയത്വമോ അനുഭവപ്പെട്ടില്ല. ജീവിതത്തിന്റെ അവസാന ദിനത്തില്‍ പോലും സമാധാനം രുചിക്കാന്‍ താങ്കള്‍ക്കായില്ല. കാരണം താങ്കള്‍ക്ക് ഏറ്റവും അമൂല്യമായത് താങ്കള്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു. ഛിദ്രതയുടെയും, സംഘര്‍ത്തിന്റെയും ലോകത്തിന് താങ്കള്‍ ആത്മാവിനെ സമര്‍പിച്ചിരിക്കുന്നു. നശിച്ച് പോകുന്ന, നൈമിഷികമായ, മാറിമറിയുന്ന കാര്യങ്ങളിലാണ് താങ്കളുടെ ഹൃദയം കേന്ദ്രീകരിക്കപ്പെട്ടത്.

ഇനി താങ്കളുടെ സന്തോഷം സ്ത്രീയെ പ്രണയിക്കുന്നതിലാണെന്ന് കരുതുക. ഒരു മാറ്റവും സംഭവിക്കാത്ത സ്ത്രീ എവിടെയാണ് ഉള്ളത്? മാറിമറിയാത്ത ഹൃദയം ആര്‍ക്കാണുള്ളത്? കവികളുടെ സമാഹാരങ്ങളിലെ ഭാവനാ ലോകത്ത് മാത്രമെ അത്തരം ഹൃദയം നമുക്ക് കാണാനൊക്കുകയുള്ളൂ. അവരാകട്ടെ, പ്രവര്‍ത്തിക്കാത്തത് പറയുന്നവരും, താഴ്‌വരകളില്‍ അലഞ്ഞ് നടക്കുന്നവരുമാണ്.

ഏകദേശം എഴുപതിനായിരത്തോളം പ്രവാചകന്‍മാര്‍ ഈ ഭൂമിയിലെത്തിയിട്ടുണ്ട്. ഒരേ സന്ദേശമാണ് അവരൊക്കെ തങ്ങളുടെ ജനതക്ക് പകര്‍ന്ന് നല്‍കിയത്. ഒരേ അധ്യാപനം തന്നെയാണ് അവരെല്ലാവരും നിര്‍വഹിച്ചത്. ഒരേ വചനങ്ങള്‍ തന്നെയാണ് അവര്‍ ഉരുവിട്ടത്. പക്ഷെ ജനങ്ങള്‍ ഇപ്പോഴും പഴയ അവസ്ഥയില്‍ തന്നെ. ഒരു നിമിഷത്തേക്കെങ്കിലും പരിവര്‍ത്തിതരായ ആരെയും കാണാനില്ല. തങ്ങളുടെ പൂര്‍വകാല ജാഹിലിയ്യത്തില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നു. എല്ലാവിധം വൃത്തികേടുകളെയും പ്രതിരോധിക്കുന്നു. തങ്ങള്‍ക്ക് ചുറ്റും മരണം സംഭവിക്കുന്നതായി അവര്‍ കാണുന്നുവെങ്കിലും ഗുണപാഠം ഉള്‍ക്കൊള്ളുന്നേയില്ല. എന്നല്ല, അവര്‍ ഇന്ന് കൂടുതല്‍ ധിക്കാരികളും അധര്‍മകാരികളുമായിത്തീര്‍ന്നിരിക്കുന്നു.

മനുഷ്യനോട് വളരെ അടുത്താണ് അല്ലാഹുവുള്ളത്. കണ്ഠനാളിയോട് ചേര്‍ന്ന് അല്ലാഹുവുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അല്ലാഹു അവന്റെ പ്രകാശവുമായി അടിമയുടെ സമീപത്ത് തന്നെയുണ്ട്. മാലാഖമാരുടെ ഇരമ്പലും, സ്വര്‍ഗത്തിന്റെ പരിമളവും അടിമകളെ പൊതിഞ്ഞ് നില്‍ക്കുന്നു. ഇത്രത്തോളം സാമീപ്യത്തോടെ, ഇത്രമാത്രം കരുണയോടെ നാഥന്‍ തന്റെ അടിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. ദൈവിക നാമങ്ങള്‍ സ്വീകരിച്ച് അവനെപ്പോലെ കരുണയും സ്‌നേഹവും വിട്ടുവീഴ്ചയും മുറുകെ പിടിക്കാന്‍ അടിമക്ക് ഇതിനേക്കാള്‍ കൂടുതലായി എന്ത് വേണം?

നാം സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്നു. നമ്മുടെ മനസ്സിന്റെ അന്തര്‍തലങ്ങളില്‍ ആരാണ് സ്‌നേഹത്തിന് ഏറ്റവും അര്‍ഹനായിട്ടുള്ളത്. സ്‌നേഹിക്കുന്നവനും, സ്‌നേഹിക്കപ്പെടുന്നവനും സ്‌നേഹം നല്‍കിയത് ആരാണ്? എല്ലാ മൂല്യമുള്ള വസ്തുക്കള്‍ക്കും മൂല്യം നല്‍കിയതും, സൗന്ദര്യമുള്ളവക്ക് സൗന്ദര്യം നല്‍കിയതും ആരാണ്?

നമ്മോടുള്ള താല്‍പര്യം കൊണ്ടാണ് അല്ലാഹു അവന്റെ ശരീഅത്ത് നമുക്ക് നല്‍കിയിരിക്കുന്നത്. നമ്മില്‍ അവന്‍ അളവറ്റ കരുണയും സ്‌നേഹവും നിറച്ചിരിക്കുന്നു. നമ്മുടെ ഈ ആന്തരിക സമ്പത്തിനെ മറച്ച് വെക്കാനാണ് പിശാച് ശ്രമിക്കുന്നത്. അല്ലാഹു നമുക്ക് നല്‍കിയ മഹത്വത്തോടുള്ള അസൂയയും വിദ്വേഷവുമാണ് അതിന്റെ കാരണം. നാം ഉറ്റമിത്രത്തിനെതിരെ ശത്രുവിനെ കൂട്ട് പിടിക്കുന്നു. നാം ശത്രുവിന്റെ ദുര്‍മന്ത്രങ്ങളിലേക്ക് കാതോര്‍ക്കുന്നു. നാം അവനോട് സഹവസിച്ച് ഉറ്റമിത്രത്തെ വെടിയുന്നു.

എത്രയെത്ര ജനതയാണ് അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരെ വധിച്ചിരിക്കുന്നത്. നമ്മുടെ കാലഘട്ടം ജാഹിലിയ്യത്തിന്റെ ഉച്ചിയില്‍ എത്തി നില്‍ക്കുന്നു. പദാര്‍ത്ഥ ലോകത്ത് ഏറ്റവും വലിയ ധിക്കാരികളായി അവര്‍ മാറിയിരിക്കുന്നു.

വിശ്വാസിയുടെ ഹൃദയം ഈ ഭീകരമായ വനത്തില്‍ നിന്ന് രക്ഷ നേടേണ്ടിയിരിക്കുന്നു. ഇവിടെ എല്ലാവരും പല്ലും നഖവും ഉപയോഗിച്ച് പോരടിച്ച് കൊണ്ടിരിക്കുകയാണ്. നാം സത്യവചനം ഉരുവിട്ട്, വിജ്ഞാനം മുറുകെ പിടിച്ച്, നമ്മുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. നാം സമുദ്രത്തില്‍ മുങ്ങുക, പക്ഷെ വെള്ളം നനയാതെ സൂക്ഷിക്കണം. അപരിചിതത്വത്തിന്റെയും, വന്യതയുടെയും ഈ ഭൂമി നമുക്ക് മുറിച്ച് കടക്കാം. നാം ഒറ്റക്കല്ല, അല്ലാഹുവുണ്ട് നമ്മുടെ കൂടെ. നാം എവിടെയാണെങ്കിലും അവനുണ്ട് നമ്മുടെ കൂടെ.

ഡോ. മുസ്വ്ത്വഫാ മഹ്മൂദ്

Topics