ഒരു വസ്തു വഖ്ഫായിത്തീരുന്നതോടെ അതിന്റെ ഉടമാവകാശം സാക്ഷാല്‍ ഉടമസ്ഥനായ അല്ലാഹുവില്‍ ലയിക്കുന്നതാണ്. വഖ്ഫിന്റെ അവകാശികള്‍ക്ക് അതിന്റെ അനുഭവത്തിന്‍മേല്‍ ഉടമസ്ഥാവകാശമുണ്ടാകുമെന്നതല്ലാതെ ആ സമ്പത്തില്‍ യാതൊരു അവകാശമുണ്ടായിരിക്കുന്നതല്ല. സ്വന്തം ഉടമയിലുള്ളതല്ലാതെ വില്‍ക്കാനോ കൂലിക്ക് കൊടുക്കാനോ മറ്റു ക്രയവിക്രയങ്ങള്‍ക്കുപയോഗിക്കാനോ പാടുള്ളതല്ല. വഖ്ഫിന്റെ ഉടമാവകാശം ആര്‍ക്കുമില്ലാത്തതുകൊണ്ടാണത്. കാലിയായ സ്ഥലം വഖ്ഫ് ചെയ്താല്‍ അതില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനോ കൃഷി നടത്താനോ സാധിക്കുമെങ്കില്‍ വഖ്ഫിന്റെ നിബന്ധനകളില്‍ അതുള്‍പ്പെടുത്തണം. അതുപോലെ ഉപയോഗത്തിലുള്ള കാര്‍ഷികഭൂമി വഖ്ഫ് ചെയ്താല്‍ അത് തരിശിടാന്‍ പാടില്ല. വഖ്ഫിന്റെ ആദായംകൊണ്ട് വാങ്ങുന്ന വസ്തുക്കള്‍ വഖ്ഫാകുകയില്ല. എന്നാല്‍ അത് വഖ്ഫ് ചെയ്യപ്പെട്ട വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഉടമയില്‍ നിലകൊള്ളും. പള്ളിക്ക് വഖ്ഫുള്ള സ്വത്തിന്റെ ആദായംകൊണ്ട് വാങ്ങിയ വസ്തുക്കള്‍ പള്ളിയുടെ ഉടമയില്‍പെടും. അത് പള്ളിയുടെ നന്‍മക്ക് ചെലവഴിക്കാം. പള്ളിയുടെ വഖ്ഫ് വസ്തുക്കളായ പായ, നിര്‍മാണസാമഗ്രികള്‍ ഉപയോഗശൂന്യമായതാണെങ്കില്‍ വില്‍ക്കുന്നത് അനുവദനീയമാണ്. വഖ്ഫ് വില്‍ക്കാന്‍ പാടില്ലെന്ന നിബന്ധനയില്‍നിന്ന് ഇതൊഴിവാണ്. അത് വിറ്റുകിട്ടുന്ന പണംകൊണ്ട് പുതിയ സാധനങ്ങല്‍ വാങ്ങുകയോ പള്ളിയുടെ വേറെ ആവശ്യങ്ങള്‍ക്കുപയോഗിക്കുകയോ ചെയ്യാം. വഖ്ഫ് ചെയ്യപ്പെട്ട ഒരു വീട് പൊളിയുകയോ ജീര്‍ണിക്കുകയോ ചെയ്താല്‍ വില്‍ക്കാം. എന്നാല്‍ വീട് നില്‍ക്കുന്ന ഭൂമി വില്‍ക്കാന്‍ പാടില്ല.
പൊളിഞ്ഞുവീണതോ ആള്‍പ്പെരുമാറ്റമില്ലാത്തതോ ആയ പള്ളികള്‍ യാതൊരു നിലക്കും പൊളിച്ചുവില്‍ക്കാന്‍ പാടുള്ളതല്ല. എന്നാല്‍ അതിന്റെ കല്ലുകള്‍ , മരങ്ങള്‍ എന്നിവ മറ്റു പള്ളികള്‍ക്ക് ഉപയോഗിക്കാം. കിണറോ, മദ്‌റസയോ , കുളമോ അതുകൊണ്ടുണ്ടാക്കാന്‍ പാടില്ല. അപ്രകാരം തന്നെ വഖ്ഫ്‌ചെയ്ത കിണര്‍, മദ്‌റസ മുതലായവ പൊളിച്ച് പള്ളിയുണ്ടാക്കാനും പാടില്ല. കടല്‍കയറി പൊളിയുന്ന പള്ളികള്‍ പൊളിച്ച് വേറെ ഭദ്രമായ സ്ഥലത്ത് അവയുടെ സാധനങ്ങളുപയോഗിച്ച് പള്ളി നിര്‍മിക്കാം. കടലാക്രമണത്തിന് വിധേയകമാകുന്ന മറ്റ് പൊതുസ്ഥാപനങ്ങളും ഇതേ പ്രകാരം പുനര്‍നിര്‍മിക്കാം.
പള്ളിയുടെ വഖ്ഫ് സ്വത്തുക്കള്‍ രണ്ടുവിധത്തിലുണ്ടാകും. പള്ളിയുടെ നന്‍മക്കുള്ളതും അതിന്റെ ഇമാറത്തിനുള്ളതും. ആദ്യത്തെ ഇനത്തില്‍ ആവശ്യം കഴിച്ച് ബാക്കിവരുന്നതുകൊണ്ട് സ്വത്തുക്കള്‍ വാങ്ങി പള്ളിക്ക് വഖ്ഫ് ചെയ്യണം. രണ്ടാമത്തേത് പള്ളിയുടെ ഇമാറത്തിന് വേണ്ടി സൂക്ഷിച്ചുവെക്കണം. പള്ളിയുടെ ഇമാറത്തിന് എന്ന് വ്യക്തമാക്കാതെ പള്ളിക്കുവേണ്ടി എന്നുമാത്രം നിശ്ചയിച്ചിട്ടുള്ള വഖ്ഫുകളുടെ ആദായത്തില്‍നിന്ന് ഇമാമിനും മുക്രിക്കും ശമ്പളം കൊടുക്കാവുന്നതാണ്. പായ , വിളക്കിനുള്ള എണ്ണ, വൈദ്യുതിച്ചിലവ് എന്നി ആവശ്യങ്ങള്‍ക്കും അത് ഉപയോഗിക്കാം. പള്ളിയുടെ നന്‍മക്ക് വേണ്ടി ചെയ്ത വഖ്ഫുകളില്‍നിന്ന് ഇവക്കെല്ലാം ചെലവാക്കാം. എന്നാല്‍ മിനുക്കുപണികള്‍, കൊത്തുപണികള്‍ തുടങ്ങി ആഡംബരങ്ങള്‍ക്ക് ചിലവഴിച്ചുകൂടാ. അതിനുവേണ്ടി വഖ്ഫ് ചെയ്താലും അത് സാധുവാകുന്നതല്ല.
വാഖിഫ് നിശ്ചയിക്കുന്ന വ്യക്തിയിലാണ് വഖ്ഫിന്റെ മേല്‍നോട്ടം വന്നുചേരുന്നത്. തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും പുറമെയുള്ളവര്‍ക്കുമെല്ലാം അയാള്‍ക്ക് വ്യവസ്ഥചെയ്യാം. വാഖിഫിന്റെ വ്യവസ്ഥിതിയിലല്ലാത്ത വഖ്ഫുകളുടെ മാനേജ്‌മെന്റ് ഖാദിക്കവകാശപ്പെട്ടതാകുന്നു. വഖ്ഫിന്റെ നാസിം(മാനേജര്‍) പാപരഹിതനും വഖ്ഫ് കൈകാര്യം ചെയ്യുന്നതിന് പ്രാപ്തിയുള്ളവനും ആയിരിക്കണം. ഈ നിബന്ധനകളില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതെ വരുമ്പോള്‍ വഖ്ഫിന്റെ മേല്‍നോട്ടാധികാരം അയാളില്‍നിന്ന് സ്വമേധയാ ഒഴിഞ്ഞുപോവുകയും അതു ഖാദിയിലോ ഖലീഫയിലോ നിക്ഷിപ്തമാവുകയും ചെയ്യും. വഖ്ഫ് സ്വത്തുക്കള്‍ സ്വന്തമാക്കുന്നതും അതിന്റെ ആദായം സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതും പാപമാണ്. അങ്ങനെയുള്ളവരുടെ മാനേജ്‌മെന്റ് അവകാശം നഷ്ടപ്പെടും വഖ്ഫ് സ്വത്തുകളും അതിന്റെ ആദായങ്ങളും യത്തീമിന്റെ ധനം കയ്യാളുന്നതുപോലെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത് മാനേജ്‌മെന്റിന്റെ ചുമതലയാണ്.
വഖ്ഫിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്ത് അത് സംരക്ഷിക്കുക അതിന്റെ വരുമാനങ്ങള്‍ ശേഖരിക്കുക, വാഖിഫിന്റെ വ്യവസ്ഥയനുസരിച്ച് ചെലവഴിക്കുക എന്നിവ മാനേജരുടെ ചുമതലയാണ്. വഖ്ഫിന്റെ പൂര്‍ണ ഉത്തരവാദിത്തം മാനേജര്‍ക്ക് മാത്രമാണ്. ഹാകിമിന് അതിന്റെ മേല്‍ നേരിട്ട് അധികാരമില്ല. ഹാകിമിനുള്ള അധികാരം മേല്‍നോട്ടം മാത്രമാണ്. മാനേജര്‍ക്ക് വാഖിഫ് നിശ്ചയിച്ച ശമ്പളം വാങ്ങാം. വാഖിഫിന്റെ വ്യവസ്ഥയില്‍ അതില്ലെങ്കില്‍ മിതമായ ഒരു ശമ്പളം നിശ്ചയിച്ചുകിട്ടുന്നതിന് ഹാകിമിനെ സമീപിക്കാം. മറ്റു യാതൊരു നിലക്കും തുക കൈപറ്റുന്നത് ക്ഷന്തവ്യമല്ല.
Add Comment