മദ്ഹബുകള്‍

പ്രചാരം സിദ്ധിക്കാത്ത മദ്ഹബുകള്‍

മനുഷ്യബുദ്ധിക്ക് പൂര്‍ണ്ണ ആദരവു കല്‍പിച്ച ദര്‍ശനമാണ് ഇസ്ലാം. പഠനത്തിനും ചിന്തക്കും ഇസ്ലാമിലുള്ള സ്ഥാനം മറ്റേതെങ്കിലും ദര്‍ശനത്തിലുള്ളതായി കാണുകയില്ല. സ്വയം വികസിക്കാന്‍ കഴിയുന്നതും കാലാതിവര്‍ത്തിയുമാണല്ലോ ഇസ്ലാം. കാര്യങ്ങള്‍ സൂക്ഷ്മമായി പഠിക്കാനും ഗ്രഹിക്കാനും കഴിവുള്ള ഗവേഷകര്‍ വഴിയാണ് ദൈവദൂതനു ശേഷവും ഈ വളര്‍ച്ച സാധ്യമാകുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ ഇന്നുവരെ അത്തരം വ്യക്തികളുടെ കണ്ണിമുറിഞ്ഞിട്ടില്ല. അടിസ്ഥാന പ്രമാണങ്ങളില്‍ വ്യക്തമായ രേഖകളില്ലാത്ത അനേകം പ്രശ്നങ്ങള്‍ പ്രവാചകശിഷ്യന്മാരുടെ കാലത്തുതന്നെ ഉടലെടുത്തുതുടങ്ങിയിരുന്നു. തങ്ങളുടെ കഴിവും ശേഷിയും ഉപയോഗിച്ച് ആ അത്യുല്‍സാഹികള്‍ അവയുടെ വിധികളെല്ലാം കണ്ടെത്തി. പിന്‍ഗാമികള്‍ അവരില്‍ നിന്നും അവ ഏറ്റുവാങ്ങി പഠനഗവേഷണങ്ങളിലൂടെ വളര്‍ത്തിയെടുത്തു. ഇസ്ലാമിന്റെ പ്രചാരത്തിനനുസരിച്ച് ഇവയും വ്യത്യസ്ത നാടുകളിലേക്ക് വ്യാപിച്ചു. അവിടങ്ങളിലെല്ലാം നിപുണന്‍മാരായ ഗവേഷകന്മാര്‍ വളര്‍ന്നുവന്നു. അക്കൂട്ടത്തിലെ പ്രമുഖരുടെ അഭിപ്രായങ്ങള്‍ ഓരോരോ മദ്ഹബുകളായി രൂപാന്തരപ്പെട്ടു.

നാലു മദ്ഹബുകളെ മാത്രമേ നമുക്ക് പരിചയമുള്ളൂ. എന്നാല്‍ അവയുടെ ഇമാമുകളേക്കാള്‍ വലിയ മുജ്തഹിദുകളും അവരുടെ മദ്ഹബുകളും ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിന്റെ സമ്പൂര്‍ണ്ണകാലത്തുണ്ടായിരുന്നു. അതേസമയം ഇന്നുള്ള മദ്ഹബുകള്‍ അവയുടെ അനുയായികള്‍ ക്രോഡീകരിച്ച പോലെ ആ മദ്ഹബുകള്‍ ക്രോഡീകരിക്കപ്പെട്ടില്ല. ഓരോ സ്ഥലത്തെയും ന്യായാധിപന്മാര്‍ വിധിപറയാന്‍ ചില പ്രത്യേക മദ്ഹബുകളെ തിരെഞ്ഞെടുത്തിരുന്നു. അവിടെയും ഈ മദ്ഹബുകള്‍ അവഗണിക്കപ്പെട്ടു. ചില ഇമാമുമാരുടെ നാട്ടുകാര്‍ അവരുടെ അഭിപ്രായങ്ങള്‍ മാത്രം ശരി എന്നു വിശ്വസിച്ചു. അല്ലാത്തവരുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പിക്കാതിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് നാല് മദ്ഹബുകള്‍ മാത്രം നിലനില്‍ക്കുകയും മറ്റുള്ളവ കാലഹരണപ്പെടുകയും ചെയ്യുകയായിരുന്നു. ഇത്തരം മദ്ഹബുകള്‍ ‘അല്‍ മദാഹിബുല്‍ മുന്‍ദരിസഃ’ (കാലഹരണപ്പെട്ട മദ്ഹബുകള്‍) എന്ന പേരിലാണ് കര്‍മശാസ്ത്ര ചരിത്രത്തില്‍ പരിചയപ്പെടുത്തപ്പെട്ടിട്ടുള്ളത്.

പ്രചാരം സിദ്ധിക്കാതെ പോയെങ്കിലും അത്തരം മദ്ഹബുകളില്‍ പ്രശസ്തിയാര്‍ജിച്ചവയുടെ വൈജ്ഞാനിക സംഭാവനകള്‍ ഇന്നും നിലനില്‍ക്കുന്നു. തഫ്സീര്‍ ഗ്രന്ഥങ്ങള്‍, ഹദീഥ് വിശദീകരണം, കര്‍മ്മശാസ്ത്രഭിന്നതകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ എന്നിവയില്‍ അവ ചിതറിക്കിടക്കുന്നുണ്ട്. വൈജ്ഞാനിക തലത്തില്‍ പ്രമുഖ മദ്ഹബുകളോട് കിടപിടിക്കുന്ന ചില മദ്ഹബുകളെക്കുറിച്ചുള്ള ചെറുവിവരണമാണ് ചുവടെ.Share

Topics