മുഹര്‍റം-Q&A

മുഹര്‍റം മാസത്തിലെ വിവാഹം

ചോദ്യം: മുഹര്‍റം മാസത്തില്‍ വിവാഹം കഴിക്കുന്നത് അശുഭകരമോ നിഷിദ്ധമോ ആണെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ ?

ഉത്തരം: മുഹര്‍റം മാസത്തില്‍ വിവാഹം അശുഭകരമാണെന്നതിന് ഒരടിസ്ഥാനവും ഇസ് ലാമിലില്ല. അല്ലാഹു ആദരിച്ച നാലു മാസങ്ങളില്‍ ഒന്നാണ് മുഹര്‍റം എന്നതു മാത്രമാണ് ഇസ് ലാമില്‍ അതിനുള്ള പ്രത്യേകത. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളിലൊന്ന്. ഇതര മാസങ്ങളെ അപേക്ഷിച്ച് അതില്‍ കുറ്റകൃത്യങ്ങളും വിദ്വേഷവും ശത്രുതയും കൂടുതല്‍ ഗുരുതരമായി ഗണിക്കപ്പെടുന്നു.

തിരുദൂതര്‍ ബഹുമാന പൂര്‍വം അതിനെ ‘അല്ലാഹുവിന്റെ മാസം’ എന്നു വിളിച്ചു. മുഹര്‍റം മാസത്തില്‍ നോമ്പെടുക്കുന്നത് സംബന്ധിച്ച് ചോദിച്ച ഒരാളോട് തിരുദൂതര്‍ പറഞ്ഞു: റമദാനു ശേഷം വല്ല മാസത്തിലും നോമ്പെടുക്കുന്നുവെങ്കിലത് മുഹര്‍റം മാസത്തിലാകട്ടെ. അത് അല്ലാഹുവിന്റെ മാസമാകുന്നു. അതിലൊരു ദിവസത്തിലാണ് അല്ലാഹു ഒരു ജനതക്ക് മാപ്പരുളിയത്. അതില്‍ മറ്റു ജനതകള്‍ക്കും അല്ലാഹു മാപ്പരുളിയേക്കാം’. ജനങ്ങള്‍ക്ക് സന്തോഷകരമായിത്തീരേണ്ടുന്ന ഒരു മാസം എന്നവസ്ഥയാണതിനുള്ളത് എന്നര്‍ഥം അതില്‍ വിവാഹം നിഷേധിച്ചുകൂടാ. മുഹര്‍റം മാസത്തെ ദുഃഖാചരണ മാസമാക്കുകയും വിവാഹമടക്കം എല്ലാ സന്തോഷാവസരങ്ങളും നിരോധിക്കുകയും ചെയ്ത ഈജിപ്തിലെ ഫാത്വിമികളുടെ തീവ്രതകള്‍ വിട്ടേച്ചുപോയ ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് നാം മോചിതരാവേണ്ടതുണ്ട്.
ഇസ് ലാമിന്റെ ദൃഷ്ടിയില്‍ എല്ലാ മാസങ്ങളും എല്ലാ ദിവസങ്ങളും വിവാഹത്തിന് പറ്റിയതാണ്. കാരണം, വിവാഹം ദീനിന്റെ ചിഹ്നങ്ങളിലൊന്നും പ്രവാചക ചര്യയുമത്രെ. വിവാഹം കഴിച്ചവന്‍ ദീനിന്റെ പകുതി കാത്തു. ദീനിന്റെ പകുതി കാത്തവര്‍ക്ക് അനുഗ്രഹമുണ്ടാവട്ടെ!

About the author

padasalaadmin

Topics

Featured