ചോദ്യം: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ എനിക്ക് 9 വയസ്സായ മകനുണ്ട്. അവന് യാതൊരു അടുക്കും ചിട്ടയുമില്ല. നാലഞ്ചുദിവസം നല്ല ഉഷാറായി കാര്യങ്ങള്‍ ചെയ്താല്‍ പിന്നെ ദിവസങ്ങളോളം അലസനായി ഒന്നിലും താല്‍പര്യംകാട്ടാതെ കഴിച്ചുകൂട്ടും. ക്ലാസ് മുറിയിലാണെങ്കില്‍ ചോദ്യം ശരിക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാതെ എടുത്തുചാടി ഉത്തരം നല്‍കാനാണ് അവന്‍ ശ്രമിക്കുക. ഐപാഡ് നല്‍കുന്നത് നിറുത്തിവെച്ചും അവനെ മര്യാദക്കാരനാക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കി. യാതൊരു രക്ഷയുമില്ല. വെള്ളിയാഴ്ചകളില്‍ പാര്‍ക്കില്‍ പോയാല്‍ കുട്ടികളോടൊത്ത് കളിക്കാന്‍ അവന് വളരെ ഇഷ്ടമാണ്. അതിനനുവദിക്കാതെ തടഞ്ഞുവെച്ച് ഞാനവനെ ഭീഷണിപ്പെടുത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. എനിക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തതിനാല്‍ അവന്റെ പഠനവിഷയങ്ങളില്‍ സഹായിക്കാന്‍ കഴിയാറില്ല. ഗണിതശാസ്ത്രത്തില്‍ അല്‍പമെന്തെങ്കിലും സഹായിക്കാനാകും. മകന് പ്രൈവറ്റ് ട്യൂഷന്‍ ഏര്‍പ്പാടാക്കാനുള്ള സാമ്പത്തികശേഷിയെനിക്കില്ല. അവന് പുസ്തകവായന ഏറെയിഷ്ടമാണ്. പക്ഷേ വളരെയധികം അന്തര്‍മുഖനാണ് അവന്‍. ആള്‍ക്കൂട്ടത്തില്‍ പോകുന്നതോ അവരുമായി വ്യവഹരിക്കുന്നതോ അവനിഷ്ടമല്ല. അയല്‍വീടുകളിലെ കുട്ടികള്‍ നന്നായി സംസാരിക്കുമ്പോള്‍ മകന്‍ സദാ മൂകനായിരിക്കും. എന്റെ മകന് ഊര്‍ജ്ജവും പ്രസരിപ്പും പകര്‍ന്നുനല്‍കാന്‍ ഞാനെന്താണ് ചെയ്യേണ്ടത് ?
ഉത്തരം: താങ്കളുടെ ചോദ്യത്തില്‍ വിവിധവിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഒന്നൊന്നായി അവയ്‌ക്കെല്ലാം മറുപടി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 9 വയസ്സുകാരനായ മകന്‍ ചിലപ്പോള്‍ കൂടുതല്‍ ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്നും മറ്റുചിലപ്പോള്‍ അലസനായിരിക്കുമെന്നുമാണ് പറഞ്ഞത്. വാസ്തവത്തില്‍ 9 വയസ്സുള്ള കുട്ടികള്‍ പൊതുവെ കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യാനാഗ്രഹിക്കുന്നവരും അതില്‍ സന്തോഷം കണ്ടെത്തുന്നവരുമായിരിക്കും. അതേസമയം ഒരു പ്രവൃത്തി അടുക്കുംചിട്ടയോടും ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് അവര്‍ അജ്ഞരായിരിക്കുംതാനും; അല്ലെങ്കില്‍ അത്തരം സംഗതികളില്‍ താല്‍പര്യം കാട്ടുകയില്ല. അത്തരം അവസരങ്ങളില്‍ മാതാപിതാക്കളാണ് അവരെ സഹായിക്കേണ്ടത്. പലപ്പോഴും കുട്ടികള്‍ കാര്യങ്ങള്‍ ചെയ്യുന്നത് അതിന്റെ ആവശ്യകത മനസ്സിലാക്കിയിട്ടല്ല എന്നതാണ് വസ്തുത. താല്‍പര്യപ്പെട്ടിട്ടായിരിക്കില്ല ദിനചര്യകള്‍ പോലും നടത്തുന്നത്. അത്തരം കുട്ടികള്‍ നമ്മുടെ ഇച്ഛക്കൊത്തുള്ള പുതിയ കാര്യങ്ങള്‍ ചെയ്യണമെന്നില്ല. തങ്ങള്‍ക്ക് സുഖകരമായി തോന്നിയ അന്തരീക്ഷത്തില്‍നിന്ന് പുറത്തുവന്ന് മറ്റുകുട്ടികളുമായി കളി-സല്ലാപങ്ങളില്‍ ഏര്‍പ്പെടാത്തതിന്റെ കാരണവും അതാണ്. കൗമാരദശയുടെ ആരംഭമായതുകൊണ്ട് ശരീരത്തില്‍ വിവിധഹോര്‍മോണുകളുടെ ഉല്‍പാദനങ്ങള്‍ സക്രിയമായിരിക്കും. അതുകൊണ്ടുതന്നെ വൈകാരികാവസ്ഥയും മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.
ഇത്തരം ശാരീരികവ്യതിയാനങ്ങളുടെ അവസ്ഥകളെക്കുറിച്ച് ഇതുവരെയും മകനുമായി സംസാരിച്ചിട്ടില്ലെങ്കില്‍ താങ്കള്‍ ഉടന്‍തന്നെ അതിനവസരമുണ്ടാക്കണം.താങ്കള്‍ ഏകരക്ഷിതാവ്(single parent) ആയതുകൊണ്ട് മകനുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന ബന്ധുക്കളിലെ ആരെങ്കിലും പ്രസ്തുതവിഷയം സംസാരിച്ചാലും മതിയാകും. ഇനിയാരും തന്നെ ഇല്ലെങ്കിലും കുഴപ്പമില്ല. തികഞ്ഞ വാത്സല്യത്തോടെ താങ്കള്‍ക്കുതന്നെ മകനോട് മനസ്സുതുറന്ന് സംസാരിക്കാവുന്നതാണ്. മകന് നിസ്സങ്കോചം സംശയങ്ങള്‍ ചോദിക്കാനും തന്റെ മനോവികാരങ്ങള്‍ പങ്കുവെക്കാനും കഴിയുന്ന അന്തരീക്ഷത്തിലായിരിക്കണം അതെല്ലാം ചെയ്യേണ്ടത്.
മകന് വായന ഏറെയിഷ്ടമാണെന്ന് പറഞ്ഞല്ലോ. വേണമെങ്കില്‍ കൗമാരദശയിലെ ശാരീരിക-മാനസികമാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയും മാര്‍ഗനിര്‍ദേശം ചെയ്യുന്നതുമായ പുസ്തകങ്ങള്‍ മകന് വായിക്കാന്‍ നല്‍കാം. മാനസികമായി ഏറെ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ മക്കള്‍ വിഷാദത്തിന് അടിപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
മകന്റെ പെരുമാറ്റരീതികളില്‍ പുരോഗതിയുണ്ടാവണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നവ ചാര്‍ട്ടുപോലെ തയ്യാറാക്കി അവന് എളുപ്പത്തില്‍ കാണാന്‍ സാധിക്കുംവിധം തൂക്കിയിടുക. ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും നിര്‍ദ്ദേശങ്ങളായി അതില്‍ ചേര്‍ത്താം. ഉദാഹരണത്തിന് മകന് രാവിലെ വളരെ വൈകിയെഴുന്നേല്‍ക്കുന്ന സ്വഭാവമാണുള്ളതെങ്കില്‍ ചാര്‍ട്ടില്‍ ‘ഞാന്‍ രാവിലെ 7 മണിക്ക് എഴുന്നേല്‍ക്കും’ എന്ന് കുറിക്കാം. ഹോംവര്‍ക്കിനെക്കുറിച്ചാണെങ്കില്‍ ‘ഹോം വര്‍ക്ക് എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് മുമ്പ് ചെയ്യും’ എന്ന് ചാര്‍ട്ടില്‍ രേഖപ്പെടുത്താം. ഈ രീതിയില്‍ കുറേശ്ശെയായി ഓരോ സ്വഭാവങ്ങളിലും മാറ്റം ഉണ്ടാക്കിയെടുക്കാം. ചാര്‍ട്ടില്‍ പത്തില്‍ കുറഞ്ഞ കാര്യങ്ങള്‍ മാത്രം ഒരു സമയത്ത് ഉണ്ടായിരികാന്‍ പാടുള്ളൂ. അങ്ങനെ താങ്കള്‍ ചില പ്രത്യേകസമയത്ത് ചില പ്രവൃത്തികള്‍ക്കായി പ്രേരിപ്പിക്കുന്നതോടെ അവ ശീലങ്ങളായി മാറിക്കൊള്ളും. പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് 30 ദിവസം തുടര്‍ച്ചയായി എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നത് (ചെയ്യാതിരിക്കുന്നതും) ശീലത്തിലെത്തും എന്നാണ്. ചിട്ടകളും സ്വഭാവശീലങ്ങളും മകന്‍ മുറുകെപ്പിടിക്കാന്‍ അതിന്റെ ഗുണഗണങ്ങളും മറ്റും വിശദീകരിച്ച് പ്രചോദനം നല്‍കിക്കൊണ്ടിരിക്കണം എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. ഏതെങ്കിലും പ്രവൃത്തി ചെയ്യാതെ വിട്ടാല്‍ ചാര്‍ട്ടില്‍ ‘X ‘ അടയാളമിടുക. അടുത്ത ദിവസം മറ്റൊന്ന് ഉപേക്ഷിച്ചാല്‍ അവിടെയും X എന്ന് ഇടുക. ഇത് കാണുമ്പോള്‍ താന്‍ ഉപേക്ഷിച്ചതിന്റെ ദോഷഫലങ്ങളെക്കുറിച്ച് അവന്‍ ഓര്‍ക്കും. തന്റെ ഓരോ ദിവസങ്ങളിലെ പുരോഗതിയെക്കുറിച്ച് അവന്‍ ചിന്തിക്കും. ഉപേക്ഷിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ചോ ചെയ്യുന്നതിന്റെ ഗുണഫളങ്ങളെക്കുറിച്ചോ നമ്മുടെയത്ര ഗൗരവചിന്ത തദ്‌സമയം ഉണ്ടായില്ലെങ്കിലും പിന്നീട് ഉണ്ടാവുകതന്നെ ചെയ്യും, ഇന്‍ശാ അല്ലാഹ്.
മകന് പാര്‍ക്കില്‍ പോയി കൂട്ടുകാരോടൊത്ത് കളിക്കുന്നത് ഏറെയിഷ്ടമാണെന്ന് താങ്കള്‍ പറഞ്ഞല്ലോ. പാര്‍ക്കില്‍ പോകാന്‍ കഴിയാത്ത വേളയില്‍ പകരമായി കാര്‍ഷെഡ് വൃത്തിയാക്കാനോ തറ തുടക്കാനോ ഉള്ള പ്രവൃത്തികള്‍ നിര്‍ദ്ദേശിക്കാം. അങ്ങനെ ചെയ്താല്‍ പാര്‍ക്കില്‍ പോകാത്ത സമയം അലസമായി കിടന്നുറങ്ങുന്നത് ഒഴിവാകും. അല്ലെങ്കില്‍ ആ സമയങ്ങള്‍ വായിക്കാനോ, ടിവി കാണാനോ, അവനിഷ്ടപ്പെടുന്ന മറ്റു ഹോബികള്‍ക്കോ ആയി നിശ്ചയിച്ചുകൊടുക്കാം.
ചില പ്രവൃത്തികള്‍ ചെയ്തില്ലെങ്കില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍, അല്ലെങ്കില്‍ നിര്‍ബന്ധമായും ചെയ്തുതീര്‍ക്കേണ്ട ബാധ്യതകള്‍ എന്നിങ്ങനെ ചില ബോധ്യങ്ങള്‍ മകനില്‍ ഉണ്ടാക്കിയെടുക്കാനും ഇതുവഴി കഴിയും. അത്തരം കാര്യങ്ങള്‍ മകനുമായി ചര്‍ച്ച ചെയ്ത് ചാര്‍ട്ടില്‍ ചേര്‍ക്കുകയാണ് വേണ്ടത്. പ്രവൃത്തികള്‍ ചെയ്യാനായി ഓര്‍മപ്പെടുത്തലുകളോ, ഭീഷണികളോ, രണ്ടാമതൊരവസരമോ ആവശ്യമില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കാര്യമായ ഒരു പുരോഗതി മകന്റെ സ്വഭാവശീലങ്ങളില്‍ വരുന്നത് കാണാനാകും.
മകന്റെ ക്ലാസിലെ പ്രകടനത്തെക്കുറിച്ച് താങ്കള്‍ സൂചിപ്പിച്ചിരുന്നുവല്ലോ. ടീച്ചര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അശ്രദ്ധയാല്‍ തെറ്റായ ഉത്തരങ്ങള്‍ നല്‍കുന്നുവെന്നും ഗണിതശാസ്ത്രപ്രശ്‌നങ്ങള്‍ ചെയ്യാന്‍ അവന്ന് കഴിയുന്നില്ലെന്നുമുള്ള മനോവിഷമം താങ്കള്‍ പങ്കുവെക്കുകയുണ്ടായി. ക്ലാസില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ അവന് കഴിയുന്നില്ലെന്നാണ് മനസ്സിലാവുന്നത്. അത് സാധാരണമാണ്. താങ്കള്‍ സമയംകണ്ടെത്തി അധ്യാപകരുമായി അവന്റെ പഠന-സ്വഭാവ കാര്യങ്ങള്‍ അന്വേഷിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ ആരായുകയുംവേണം. ശ്രദ്ധയില്ലായ്മ കുട്ടികളില്‍ സാധാരണയായി കണ്ടുവരാറുള്ള ഒരു പ്രശ്‌നമാണ്. ഗൗരവത്തിലെടുത്തില്ലെങ്കില്‍ ചിലപ്പോള്‍ അത് വര്‍ധിച്ചുവരുന്ന അവസ്ഥയുണ്ടാകാറുണ്ട്. അങ്ങനെയായാല്‍ അത് ഏകാഗ്രതയെയും പഠനത്തെയും ഗുരുതരമായി ബാധിക്കും. മകന്‍ വായനയില്‍ അതീവതല്‍പരനായതുകൊണ്ടായിരിക്കും ഗണിതവിഷയത്തില്‍ അത്ര താല്‍പര്യം കാട്ടാത്തത്.
പ്രൈവറ്റ് ട്യൂഷന്‍ എന്നത് ചിലവേറിയ കാര്യമാണ്. അതിനാല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സെഷനുകളെ ആശ്രയിക്കുന്നതാണ് നല്ലത്. പലപ്പോഴും വാരാന്തദിനങ്ങളില്‍ സ്‌കൂളുകളോ വായനശാലകളോ (‘സരളം മലയാളം’, ‘ഗണിതം ലളിതം’ തുടങ്ങി തലക്കെട്ടുകളിലുള്ള പഠനപരിപാടികള്‍ ഉദാഹരണം…) പള്ളികളോ ഇസ്‌ലാമിക് സെന്ററുകളോ യൂത്ത് സെന്ററുകളോ കേന്ദ്രീകരിച്ച് സൗജന്യട്യൂഷന്‍ നല്‍കുന്ന പരിപാടികളുണ്ടോ എന്ന് അന്വേഷിക്കാം.
ഇന്‍ശാ അല്ലാഹ്, താങ്കള്‍ അനുഭവിക്കുന്ന എല്ലാ മനഃപ്രയാസങ്ങളും അല്ലാഹു നീക്കിത്തരുമെന്ന് പ്രത്യാശിക്കാം. അതിനായി പ്രാര്‍ഥിക്കുന്നു. സന്താനങ്ങളുടെകാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന, അവരുടെ ആത്മീയ- മാനസികാരോഗ്യത്തില്‍ ജാഗ്രതയുള്ള മാതൃകാരക്ഷിതാവാണ് താങ്കള്‍ എന്നത് പ്രശംസനീയമാണ്.
Add Comment