സ്മാര്‍ട്ട് ക്ലാസ്സ്‌

ഭാഷാ പഠനവും ബോധനവും: ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകള്‍

ഒരു ഭാഷ, അത് മാതൃഭാഷയോ വിദേശഭാഷയോ ഏതുമാകട്ടെ, അതിന്റെ പഠനത്തെ വ്യത്യസ്ത തലങ്ങളിലൂടെ നോക്കിക്കാണേണ്ടതുണ്ട്. ശൈശവകാലത്ത് തുടങ്ങുന്ന ഭാഷാ പഠനം ചിലപ്പോള്‍ പൂര്‍ണതയോടടുക്കുന്നത് ആയുസ്സിന്റെ അവസാനത്തിലാകാം. പഠന പ്രക്രിയയുടെ ചിട്ടയും കാര്യക്ഷമതയും ആശ്രയിച്ചാണ് ഫലപ്രാപ്തിയുണ്ടാകുന്നത്. ഭാഷാപഠന പ്രക്രിയയെയും ഭാഷാര്‍ജന പ്രക്രിയയെയും രണ്ടായിത്തന്നെ കാണേണ്ടിയിരിക്കുന്നു. രണ്ടിന്റെയും സാഹചര്യങ്ങളും പ്രേരകങ്ങളും വ്യത്യസ്തമായിരിക്കും എന്നതുകൊണ്ടാണിത്. മാതൃഭാഷ, ജീവിതത്തിന്റെ അടിസ്ഥാനധര്‍മങ്ങള്‍ നിര്‍വഹിക്കാനാണ് ഒരാള്‍ സ്വായത്തമാക്കുന്നതെങ്കില്‍ ഒരു വിദേശഭാഷ പഠിക്കുന്നതിന്റെ പ്രേരകങ്ങള്‍ വേറെ ചിലതായിരിക്കും. അവ സാംസ്‌കാരികമോ സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ മറ്റുവല്ലതുമോ ആകാം. ഏതൊരു ഭാഷയും സ്വായത്തമാക്കാന്‍ കഴിയണമെങ്കില്‍ പ്രസ്തുത ഭാഷ സംസാരിക്കുന്ന ഒരു സമൂഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. സ്വാഭാവികമായൊരു പരിസരവുമുണ്ടായിരിക്കണം. മാതൃഭാഷയെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്ക് ഒരു സമൂഹസാന്നിധ്യവും സ്വാഭാവിക പരിസരവും ഉണ്ട് എന്നതാണ് പ്രധാനം. പക്ഷേ, അന്യഭാഷാ പഠിതാവിനെ സംബന്ധിച്ചിടത്തോളം സ്ഥിതി മറ്റൊന്നാണ്. അത്തരമൊരു ഭാഷാസമൂഹം ചുറ്റുവട്ടത്തില്ല. അതുകൊണ്ടുതന്നെ പരിമിതമായ സമയത്തിനുള്ളില്‍ കൃത്യമായ ഒരു പരിസരം സൃഷ്ടിച്ചുകൊണ്ടല്ലാതെ അയാള്‍ക്ക് പ്രസ്തുത ഭാഷ പഠിക്കാന്‍ കഴിയില്ല.

പഠനത്തെയും ഭാഷാബോധത്തെയും മൂന്നുതരം പരിപ്രേഷ്യത്തിലൂടെ നാം നോക്കിക്കാണേണ്ടതുണ്ട്.
ഒന്ന്: വിനിമയതലം
രണ്ട്: വിജ്ഞാന തലം
മൂന്ന്: ആസ്വാദന തലം

നിത്യജീവിതത്തില്‍ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള ശേഷി നേടുക എന്നത് ഭാഷാപഠനത്തിന്റെ അനിവാര്യതേട്ടമാണ്. പഠിതാക്കളില്‍ അത്തരമൊരു ശേഷി നേടിക്കൊടുക്കുക എന്നത് ബോധനത്തിന്റെ പ്രധാനപ്പെട്ടൊരു ലക്ഷ്യമായി അധ്യാപകരും തിരിച്ചറിയണം. ഒഴുക്കോടെ, കൃത്യത പാലിച്ച്, ഔചിത്യപൂര്‍വം ആശയവിനിമയം നടത്തുന്നതിനെയാണ് ഫലപ്രദമായ ആശയവിനിമയം എന്നുപറയുന്നത്. സംശയവും ഭയവുമില്ലാതെ ഭാഷ ഉപയോഗിക്കാനാവുമ്പോഴാണ് ഒഴുക്കുണ്ടാവുക. വ്യാകരണനിയമങ്ങള്‍ ഉള്‍ക്കൊള്ളാനാവുമ്പോള്‍ ഭാഷയ്ക്ക് കൃത്യത വരും. സന്ദര്‍ഭത്തിനനുസരിച്ച് ഭാഷ ഉപയോഗിക്കാന്‍ കഴിയുന്നതിനെയാണ് ഔചിത്യപരത എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

ഏതൊരു ഭാഷയും ഒരു വൈജ്ഞാനികസംസ്‌കൃതിയെ പ്രതിനിധാനം ചെയ്യുന്നുണ്ട്. പ്രസ്തുത ഭാഷ ഉപയോഗിച്ചുവരുന്ന ഒരു ജനതയുടെ സവിശേഷമായ ചിന്തകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും ആ സംസ്‌കൃതി. സമൂഹത്തോടൊപ്പം ഭാഷയും ഭാഷയോടൊപ്പം സമൂഹവും വളരുന്നു എന്നു പറയുന്നതിന്റെ പൊരുള്‍ സംസ്‌കൃതിയുമായി കെട്ടുപിണഞ്ഞ് കിടക്കുന്നുണ്ട്. ആ നിലയ്ക്ക് നോക്കുമ്പോള്‍ ഭാഷാപഠിതാക്കള്‍ ഭാഷോടൊപ്പം സംസ്‌കാരപഠനംകൂടി നടത്തുന്നുണ്ട്. ജൈവവും സമ്പന്നവുമായ ഭാഷകള്‍ക്ക് പിന്നില്‍ ജൈവവും സമ്പന്നവുമായ ഒരു സംസ്‌കാരം കൂടിയുണ്ടാവും. സംസ്‌കാരപഠനം ഒടുവില്‍ ചെന്നെത്തുന്നത് അനന്തമായ വിജ്ഞാനശേഖരത്തിലാണ്.

ഭാഷാപഠനത്തില്‍ അവഗണിക്കാനാവാത്ത ഒരു ഘടകമാണ് ആസ്വാദനതലം. പഠിതാക്കളുടെ സൗന്ദര്യബോധവും സൗന്ദര്യാത്മകമൂല്യങ്ങളും പരിപോഷിപ്പിക്കുന്നതില്‍ ഭാഷക്ക് അനല്‍പമായ പങ്കുണ്ട്. സാഹിത്യ രചനകള്‍ അര്‍ഥപൂര്‍ണമായി വായിക്കാനാവുമ്പോഴാണ് ആസ്വാദനം നടക്കുന്നത്. കഥകളും കവിതകളും നോവലുകളും നാടകങ്ങളും വായിക്കുന്നതിലൂടെയാണ് ഏതൊരാളുടെയും ഭാഷ സര്‍ഗാത്മക വളര്‍ച്ചയുടെയും വികാസത്തിന്റെയും ഭിന്നതലങ്ങള്‍ പ്രാപിച്ചുമുന്നോട്ടുപോകുന്നത്. അതിനാല്‍ ഭാഷാധ്യാപകര്‍ തങ്ങളുടെ പഠിതാക്കള്‍ക്ക് ആസ്വാദനത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തരുത്.
മേല്‍പറഞ്ഞ മൂന്നുതലങ്ങളെയും തുല്യമായി പരിഗണിച്ചുകൊണ്ട് ഭാഷാപഠിതാക്കളുടെ സമഗ്രമായ ഭാഷാവികാസം സാധിക്കാന്‍ പര്യാപ്തമായ ആസൂത്രണവും പഠനപ്രവര്‍ത്തനങ്ങളും ക്ലാസ് മുറിയില്‍ അധ്യാപകര്‍ ഉറപ്പാക്കേണ്ടതുണ്ട്. പക്ഷേ പ്രയോഗതലത്തില്‍ ഇത്തരമൊരു സമഗ്രഭാഷാ വികാസം നമ്മുടെ ക്ലാസ് മുറികളില്‍ നടക്കുന്നില്ല. വിനിമയശേഷി പ്രകടിപ്പിക്കുന്നവരില്‍ വൈജ്ഞാനികശേഷിയില്ല. വിനിമയശേഷിയും വൈജ്ഞാനികശേഷിയുമുള്ളവര്‍ക്ക് ആസ്വാദനശേഷിയില്ല. ആസ്വാദനശേഷിയുള്ളവര്‍ക്ക് വിനിമയശേഷിയില്ല. ഭാഷാപഠനലക്ഷ്യങ്ങള്‍ നിയതമായ രൂപത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നില്ല എന്നുവേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍.

ബോധനതന്ത്രങ്ങളും രീതിശാസ്ത്രങ്ങളും ഫലപ്രദമല്ലാതെ പോകുന്നതും ഭാഷാപഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രൈമറിതലത്തില്‍ വിനിമയശേഷിവികാസത്തിന് മുന്‍ഗണന നല്‍കിയാല്‍ പോലും അപ്പര്‍പ്രൈമറി, സെക്കന്റി ,ഹയര്‍സെക്കന്ററി തലങ്ങളില്‍ വൈജ്ഞാനിക ആസ്വാദനശേഷി വികാസത്തിന് അനുഗുണമായ പരിസരങ്ങളും സങ്കേതങ്ങളും ബോധപൂര്‍വം അധ്യാപകര്‍ ചിട്ടപ്പെടുത്തേണ്ടതുണ്ട്.
ഒരു ഭാഷാധ്യാപകന്‍ ഭാഷാപണ്ഡിതനോ ഭാഷാ ശാസ്ത്രജ്ഞനോ ആകേണ്ടതില്ല. കാരണം അധ്യാപകന്റെ ധര്‍മ്മമല്ലല്ലോ പണ്ഡിതനും ശാസ്ത്രജ്ഞനും നിര്‍വഹിക്കാനുള്ളത്. ഭാഷയെ സംബന്ധിച്ച ഗഹനമായ അറിവുകള്‍, വ്യാകരണശാസ്ത്രത്തിന്റെ സങ്കീര്‍ണമായ കെട്ടിക്കുടുക്കുകളെ കുറിച്ചുള്ള ധാരണകള്‍, ഭാഷയെക്കുറിച്ച ചരിത്രപരിജ്ഞാനം ഇതൊന്നും ഭാഷാധ്യാപകന് നിര്‍ബന്ധമായും ഉണ്ടായിക്കൊള്ളണമെന്നില്ല. അധ്യാപനമെന്നത് സര്‍ഗാത്മകമായ ഒരു സപര്യയാണ്. അധ്യാപനാഭിരുചിയും സൗന്ദര്യബോധവും സര്‍ഗാത്മകശേഷിയും വിനിമയപാടവവും സമന്വയിച്ച ഒരു ഉദാത്ത പ്രവര്‍ത്തനമാണ് അധ്യാപനം. അങ്ങനെയെങ്കില്‍ , പാണ്ഡിത്യത്തിനും ശാസ്ത്രത്തിനുമപ്പുറത്തുള്ള രീതിശാസ്ത്രധാരണകളാണ് ഒരു അധ്യാപകന് കൂടുതല്‍ വേണ്ടത്. ആകര്‍ഷകവും നൂതനവും വൈവിധ്യവുമായ ബോധനതന്ത്രങ്ങളും രീതിശാസ്ത്രങ്ങളും പ്രയോഗിക്കുന്ന ഭാഷാധ്യാപകനെയാണ് ഇന്നത്തെ ക്ലാസ് മുറികള്‍ അന്വേഷിക്കുന്നത്.
പറഞ്ഞുവന്നത്, ഭാഷാജ്ഞാനം ഭാഷാധ്യാപകന് ആവശ്യമില്ലാത്തതാണെന്നല്ല. ഭാഷയെക്കുറിച്ച് തനിക്കുള്ള ജ്ഞാനം കൊണ്ടുമാത്രം ഒരാള്‍ക്ക് പഠിതാക്കളില്‍ ഭാഷാശേഷി വളര്‍ത്താനാവില്ല എന്നും മറിച്ച്, പഠിതാക്കളില്‍ ഭാഷാശേഷി വികസിപ്പിക്കാനാവശ്യമായ രീതിശാസ്ത്രങ്ങള്‍ കണ്ടെത്താനും പ്രയോഗിക്കാനുമുള്ള പ്രാഗത്ഭ്യമാണ് പ്രധാനമെന്നുമാണ്.

ഭാഷയുടെ ഉള്ളടക്കബന്ധിതമായ ആശയങ്ങളില്‍ ഊന്നിയുള്ള പരിശീലനം അധ്യാപകന് കിട്ടേണ്ടതുണ്ട്. ഒപ്പം ഭാഷാബോധനത്തിന്റെ നൂതന സങ്കേതങ്ങളെ കേന്ദ്രീകരിച്ചുള്ള തീവ്രമായ ശാക്തീകരണ ശില്‍പശാലകളും പുതിയകാലം ആവശ്യപ്പെടുന്നുണ്ട്.
കേരളത്തില്‍ അറബിഭാഷാപഠനത്തിന് വിപുലമായ അവസരങ്ങളും സാധ്യതകളും ഇന്നുണ്ട്. ഗവേഷണ സൗകര്യങ്ങളുള്ള ഉന്നതകലാലയങ്ങളുണ്ട്. അറബിഭാഷാ പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കാന്‍ കെല്‍പുള്ള തലയെടുപ്പുള്ള അക്കാദമികളുണ്ട്. യൂണിവേഴ്‌സിറ്റികളില്‍ തലയെടുപ്പുള്ള ഡിപാര്‍ട്ട്‌മെന്റുകളും ഫാക്കല്‍റ്റികളുമുണ്ട്. ഏറ്റവുമൊടുവില്‍ അറബിക് സര്‍വകലാശാലയ്ക്ക് വേണ്ടിയുള്ള മുറവിളികള്‍ നാട്ടിലെമ്പാടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ അറബിഭാഷാ സ്‌നേഹികള്‍ ശ്രദ്ധയൂന്നേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖല ഇന്നിപ്പോള്‍ ഭാഷാബോധന ശാസ്ത്രത്തില്‍ തീവ്രപരിശീലനം നല്‍കാന്‍ യോഗ്യത നേടിയ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ രൂപപ്പെടുത്തലാണ്. അന്തര്‍ദേശീയ തലത്തില്‍ വളര്‍ന്നു വികസിച്ചുവരുന്ന നൂതന വിജ്ഞാനങ്ങളും ധാരണകളും പ്രവണതകളും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

Topics