ഉഥ്മാന്‍(റ)

ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ (റ)

മുഹമ്മദ് നബിയുടെ വിയോഗശേഷം ഇസ്‌ലാമികസമൂഹത്തില്‍ വന്ന ഖുലഫാഉര്‍റാശിദുകളില്‍ മൂന്നാമനാണ് ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍. ഹിജ്‌റയുടെ 47 വര്‍ഷം മുമ്പ് ജനിച്ചു. മക്കയില്‍ വലിയ സ്വാധീനവും വ്യാപാരവുമുണ്ടായിരുന്ന ബനൂ ഉമയ്യ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. അബൂബക്‌റിന്റെ ശ്രമഫലമായി ആദ്യകാലത്തുതന്നെ ഇസ്‌ലാമിലേക്ക് വന്നു. ഇസ്‌ലാം സ്വീകരിച്ചതിനെതിരെ സ്വകുടുംബത്തില്‍ന്ന്‌ന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അമ്മാവനായ ഹകം ഇബ്‌നു അബില്‍ ആസ്വ് ഉസ്മാനെ കയറുകൊണ്ട് കെട്ടിയിട്ടുമര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ ഭാര്യയും നബിപുത്രിയുമായ റുഖിയ്യയോടൊപ്പം അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. മക്കക്കാര്‍ ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചുവെന്ന കിംവദന്തി വിശ്വസിച്ച് അബ്‌സീനിയയില്‍നിന്ന് മക്കയിലേക്ക് മടങ്ങിയവരില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. പിന്നീട് മദീനയിലേക്ക് ഹിജ്‌റ പോയി. മദീനയിലെത്തിയ ഉടനെ ഉസ്മാന്റെ ഉദാരത വ്യക്തമാകുന്ന ഒരു സംഭവമുണ്ടായി. ബിഅ്‌റുറൂമ എന്നറിയപ്പെടുന്ന ഒരു കിണറുണ്ടായിരുന്നു മദീനയില്‍. കിണറിന്റെ ഉടമയായിരുന്ന ഒരു ജൂതന്‍ പണം ഈടാക്കിയാണ് ജനങ്ങളെ വെള്ളമെടുക്കാന്‍ അനുവദിച്ചിരുന്നത്. ഉസ്മാന്‍ ഇരുപതിനായിരം ദിര്‍ഹം നല്‍കി കിണര്‍ വിലക്കെടുത്തു. ജനങ്ങളുടെ ഉപയോഗത്തിനായി വിട്ടുകൊടുത്തു.

ബദ്ര്‍ ഒഴികെയുള്ള എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഭാര്യ റുഖിയ്യക്ക് കഠിനമായ രോഗം ബാധിച്ചതിനാലാണ് ബദ്‌റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. രോഗിണിയായ ഭാര്യയെ പരിചരിച്ചാല്‍ ബദ്ര്‍ യോദ്ധാക്കള്‍ക്ക് ലഭിക്കുന്ന പ്രതിഫലം തന്നെ ലഭിക്കുമെന്ന് നബി അദ്ദേഹത്തോട് പറഞ്ഞിരുന്നു. ബദ്ര്‍ വിജയിച്ചു. മുസ്‌ലിംകള്‍ മദീനയില്‍ തിരിച്ചെത്തിയ ദിവസമാണ് റുഖിയ്യ മരിച്ചത്. നബിയുടെ രണ്ടാമത്തെ പുത്രി ഉമ്മുഖുല്‍സൂമിനെ പിന്നീടദ്ദേഹം വിവാഹം ചെയ്തു. നബിയുടെ രണ്ടുപുത്രിമാരെ വിവാഹം ചെയ്തതിനാല്‍ ‘ദുന്നൂറൈന്‍'(രണ്ടുപ്രകാശങ്ങളുടെ ഉടമ)എന്ന് അദ്ദേഹം അറിയപ്പെട്ടു.
ഹിജ്‌റ ആറാംവര്‍ഷം നടന്ന ബൈഅത്ത് റിള്‌വാനില്‍ പ്രധാനവ്യക്തിത്വം ഉസ്മാനായിരുന്നു. ഖുറൈശികളുടെ സംഭാഷണം നടത്താന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. എന്നാല്‍ മക്കക്കാര്‍ അദ്ദേഹത്തെ മൂന്നുദിവസത്തേക്ക് ബന്ദിയാക്കി. അദ്ദേഹം കൊല്ലപ്പെട്ടു എന്നായിരുന്നു മുസ്‌ലിംകള്‍ക്ക് കിട്ടിയ വാര്‍ത്ത. അതെത്തുടര്‍ന്ന് മുസ്‌ലിംകള്‍ പകരം വീട്ടും എന്ന് പ്രതിജ്ഞ ചെയ്തു. ഖുര്‍ആന്‍ അല്‍ഫത്ഹ്-10 ല്‍ ഈ സംഭവം പരാമര്‍ശിച്ചിട്ടുണ്ട്. കൊലപാതകവാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതിനുശേഷമാണ് ഹുദൈബിയ സന്ധി നിലവില്‍ വന്നത്.
ഖൈബര്‍ യുദ്ധത്തിലും (ഹി. 7) ഹുനൈന്‍ യുദ്ധത്തിലും (ഹി. 8) വിഭവങ്ങളൊരുക്കുന്നതില്‍ ഉസ്മാന്ന് ഗണ്യമായ പങ്കുണ്ടായിരുന്നു. ഹി. 9-ാം വര്‍ഷം റോമന്‍ പടയെ നേരിടാന്‍ തയ്യാറെടുക്കുന്നതിനു വന്ന ചെലവിന്റെ മൂന്നിലൊന്ന് വഹിച്ചത് അദ്ദേഹമാണ്.
അബൂബക്ര്‍, ഉമര്‍ എന്നീ ഖലീഫമാരുടെ ഭരണകാലങ്ങളില്‍ ഉസ്മാന്‍ അവരെ സഹായിച്ചു. സാത്ത്വികവും ലളിതവുമായ ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ധനാഢ്യനായിരുന്നെങ്കിലും ആര്‍ഭാടങ്ങളില്‍ അശേഷം താല്‍പര്യം കാട്ടിയില്ല. വേലക്കാരുണ്ടായിരുന്നെങ്കിലും തന്റെ ജോലികളൊക്കെ സ്വയംതന്നെയാണ് ചെയ്തത്. തഹജ്ജുദ് നമസ്‌കാരത്തിനായി എഴുന്നേല്‍ക്കുമ്പോള്‍ വുദുവിനുള്ള ചൂടുവെള്ളംതയ്യാറാക്കാന്‍ മറ്റാരെയും അദ്ദേഹം വിളിച്ചുണര്‍ത്തിയിരുന്നില്ല. ദരിദ്രര്‍ക്കും വിധവകള്‍ക്കും അനാഥകള്‍ക്കും അദ്ദേഹം ഉദാരമായി ദാനംനല്‍കി. ഓരോ വെള്ളിയാഴ്ചയും ഓരോ അടിമയെ വീതം മോചിപ്പിച്ചു. തന്റെ കീഴിലുണ്ടായിരുന്ന അടിമകള്‍ തീര്‍ന്നപ്പോള്‍ മറ്റുള്ളവരുടെ അടിമകളെ വിലക്കുവാങ്ങി മോചിപ്പിക്കുമായിരുന്നു. ബഖീഇല്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഭൂമി പൊതുശ്മശാനത്തിനുവേണ്ടി സംഭാവന നല്‍കി. അങ്ങേയറ്റത്തെ ക്ഷമാലുവായിരുന്നു അദ്ദേഹം. ഖലീഫയായിരിക്കെ തനിക്കുചുറ്റും കൊടുങ്കാറ്റിരമ്പിയപ്പോള്‍ പോലും ഒന്നുമറിയാത്തവനെപ്പോലെ അദ്ദേഹം ക്ഷമകൈക്കൊണ്ടു. ഇബാദത്തുകളിലും ഖുര്‍ആന്‍ പാരായണത്തിലും വലിയ നിഷ്ഠ പുലര്‍ത്തി. ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമായിരുന്നു.

രണ്ടാംഖലീഫ ഉമറിന്റെ മരണത്തെത്തുടര്‍ന്നാണ് ഉസ്മാന്‍ ഖലീഫയാകുന്നുത്. ഉമര്‍ നിശ്ചയിച്ച ആറംഗസമിതിയാണ് ഏറെ ചര്‍ച്ചകള്‍ക്കുശേഷം ഉസ്മാനെ ഖലീഫയായി തെരഞ്ഞെടുത്തത്. പിന്നീട് ജനങ്ങള്‍ അദ്ദേഹത്തിന് ബൈഅത്തുചെയ്തു. ഹി. 23 മുതല്‍ 35 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. ‘ജനങ്ങളുടെ രക്ഷകര്‍ത്താക്കളാകാനാണ് അല്ലാഹു ഭരണാധികാരികളോടാവശ്യപ്പെട്ടിട്ടുള്ളത്. അല്ലാതെ അവരില്‍നിന്ന് നികുതി പിരിക്കാന്‍ മാത്രമല്ല’ എന്ന് ഖിലാഫത്തേറ്റെടുത്ത ഉടനെ ഉസ്മാന്‍ ഗവര്‍ണര്‍മാര്‍ക്കെഴുതിയ കത്തുകളില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ അവര്‍ക്കു നല്‍കണമെന്നും അവരില്‍നിന്ന് ഈടാക്കേണ്ടതു മാത്രമേ ഈടാക്കാവൂ എന്നും ഖലീഫ ഉദ്യോഗസ്ഥരെ ഉണര്‍ത്തി. തന്റെ മുന്‍ഗാമിയായിരുന്ന ഉമര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും ലംഘിക്കരുതെന്ന് സൈനികരോടദ്ദേഹം ആവശ്യപ്പെട്ടു. ഇഹലോകപ്രേമം വഴി സത്യപന്ഥാവില്‍നിന്ന് വ്യതിചലിക്കരുതെന്നും നേതാക്കളെ അനുസരിക്കണമെന്നും ഇസ്‌ലാമിനന്ന്യമായ കാര്യങ്ങളിലേക്ക് വഴിതെറ്റരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
ഉമറിന്റ നിര്യാണത്തെത്തുടര്‍ന്ന് കപ്പം നല്‍കുന്നത് നിര്‍ത്തിയ അസര്‍ബൈജാന്‍കാരോട് ഹി. 24-ല്‍ ഉസ്മാന്‍ യുദ്ധംപ്രഖ്യാപിച്ചു. വലീദ് ഇബ്‌നു ഉഖ്ബയുടെ നേതൃത്വത്തിലുള്ള സൈന്യം അസര്‍ബൈജാന്‍ ആക്രമിക്കുകയും കപ്പം തുടര്‍ന്നും നല്‍കാന്‍ അവരെ സമ്മതിപ്പിക്കുകയുംചെയ്തു. സല്‍മാന്റെ നേതൃത്വത്തില്‍ ഒരു സൈന്യം അര്‍മീനിയയില്‍ പ്രവേശിച്ചെങ്കിലും പൂര്‍ണമായും വിജയംനേടാന്‍ കഴിഞ്ഞില്ല. അതേവര്‍ഷംതന്നെ തലപൊക്കിയ കുഴപ്പക്കാരെ അബൂമൂസല്‍ അശ്അരി അമര്‍ച്ച ചെയ്തു.
സിറിയ ആക്രമിക്കാന്‍ വന്ന വമ്പന്‍ ബൈസാന്റൈന്‍ സേനയെ തുരത്തുന്നതില്‍ മുസ്‌ലിംകള്‍ വിജയിച്ചു. ബൈസാന്റൈന്‍കാരുടെ പലകോട്ടകളും മുസ് ലിംസേന പിടിച്ചെടുത്തു. ആ വിജയത്തെ തുടര്‍ന്ന് മുസ്‌ലിംകളുടെ സ്വാധീനം ഏഷ്യാമൈനര്‍ വരെ വ്യാപിച്ചു.
ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം ഈജിപ്ത് ഗവര്‍ണര്‍ അബൂ സര്‍ഹ് ട്രിപ്പോളിയിലേക്കും ബാര്‍കയിലേക്കും പടനീക്കം നടത്തി. ബൈസാന്റൈന്‍ ഗവര്‍ണര്‍ ഗ്രിഗറി വന്‍ സന്നാഹത്തോടെ മുസ്‌ലിംകളെ നേരിടാനൊരുങ്ങി. വിവരം ലഭിച്ച ഖലീഫ അബ്ദുല്ലാഹ് ഇബ്‌നു സുബൈറിന്റെ നേതൃത്വത്തില്‍ പതിനായിരം അംഗങ്ങളുള്ള സൈന്യത്തെ അങ്ങോട്ടയച്ചു. ഇബ്‌നുസുബൈര്‍ ഗ്രിഗറി വധിച്ചു. തുടര്‍ന്ന് അള്‍ജീരിയയും മൊറോക്കൊയും മുസ്‌ലിംകള്‍ക്കധീനമായി.
ഹി. 28 ല്‍ സൈപ്രസും മുസ്‌ലിംകളുടെ കീഴില്‍ വന്നു. അബൂഖൈസിന്റെയും അബൂസര്‍ഹിന്റെയും നേതൃത്വത്തിലുള്ള നാവികപ്പടയാണ് സൈപ്രസ് കീഴടക്കിയത്. സൈപ്രസ് കീഴടക്കി മൂന്നുവര്‍ഷത്തിനുശേഷം ബൈസാന്റൈന്‍കാര്‍ വീണ്ടും മുസ്‌ലിംകള്‍ക്കെതിരെ പടയൊരുക്കം നടത്തി. അലക്‌സാണ്ട്രിയക്കടുത്ത് ബൈസാന്റൈന്‍ നാവികപ്പടയെ മുസ്‌ലിംപട തടഞ്ഞുനിര്‍ത്തുകയും തോല്‍പിച്ചോടിക്കുകയുംചെയ്തു.
ഖലീഫയുടെ ബന്ധുവായ അബീസര്‍ഹിനെ നാവികമേധാവിയാക്കി നിശ്ചയിച്ചതില്‍ അബൂബക്‌റിന്റെ മകന്‍ മുഹമ്മദ് അടക്കമുള്ള പല പ്രമുഖസ്വഹാബികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. മറ്റുപലഭാഗങ്ങളിലും ഖലീഫക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നു. കൂഫയിലെ ഗവര്‍ണറായിരുന്ന സഅദ് പൊതുഖജനാവില്‍നിന്ന് കണക്കിലധികം പണം പറ്റുകയും അത് തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തപ്പോള്‍ ഖജനാവ് സൂക്ഷിപ്പുകാരനായ ഇബ്‌നു മസ്ഊദ് പണം ഉടനെ തിരിച്ചടക്കാന്‍ സഅ്ദിനോടാവശ്യപ്പെട്ടു. ഇതെത്തുടര്‍ന്ന് ജനങ്ങള്‍ രണ്ടുചേരിയിലായി. വിവരം ലഭിച്ച ഖലീഫ സഅ്ദിനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി വലീദ് ഇബ്‌നു ഉഖ്ബയെ പകരം നിയമിച്ചു. കുഴപ്പങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഖലീഫ അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും സഅ്ദുബ്‌നു ആസ്വിനെ തല്‍സ്ഥാനത്ത് നിയമിക്കുകയുംചെയ്തു.
ബസ്വറയിലെ ഗവര്‍ണറായിരുന്ന അബൂമൂസയെയും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി നിശ്ചയിക്കേണ്ടിവന്നു. അബ്ദുല്ലാഹിബ്‌നു ആമിറാണ് പകരംവന്നത്.
പന്ത്രണ്ട് വര്‍ഷമാണ് ഉസ്മാന്‍ ഭരണം നടത്തിയത്. അതില്‍ ആദ്യത്തെ ആറുവര്‍ഷം എല്ലാവര്‍ക്കും തൃപ്തികരമായിരുന്നു. അതിനുശേഷമാണ് അസംതൃപ്തി ഉടലെടുത്തത്. അത് അദ്ദേഹത്തിന്റെ വധത്തില്‍ കലാശിക്കുകയുംചെയ്തു. വിവിധപ്രവിശ്യകളിലെ ഗവര്‍ണര്‍മാര്‍ക്കെതിരെയാണ് ആദ്യം അസംതൃപ്തി പ്രകടിപ്പിക്കപ്പെട്ടത്. സമ്മര്‍ദ്ദവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ഖലീഫ ഗവര്‍ണര്‍മാരെ ഇടക്കിടെ മാറ്റിക്കൊണ്ടിരുന്നു. ഖുറൈശികളുടെ മേധാവിത്വത്തില്‍ അമര്‍ഷം പൂണ്ടിരുന്ന പല ഗോത്രങ്ങളും ഇസ്‌ലാമികസാമ്രാജ്യത്തിന്റെ വളര്‍ച്ചയില്‍ അസന്തുഷ്ടരായ ജൂതന്‍മാരും മുസ്‌ലിംശക്തിയെ ആഭ്യന്തരമായി തകര്‍ക്കാന്‍ ചരടുവലിച്ചു. അവര്‍ക്ക് മുതലെടുക്കാന്‍ ഉതകുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ഖലീഫ വേണ്ടത്ര ജാഗ്രതപുലര്‍ത്തിയില്ല. ഈജിപ്തിലെ ഗവര്‍ണറായിരുന്ന അംറ്ഇബ്‌നു ആസ്വിനുപകരം അബൂസര്‍ഹിനെ ഗവര്‍ണറാക്കിയത് ഖലീഫയുടെ സ്വജനപക്ഷപാതിത്വമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. കൂഫയും ബസ്വറയും കുഴപ്പങ്ങളുടെ വെടിമരുന്നറയായി. കൂഫയില്‍ വലീദ് ഇബ്‌നു ഉഖ്ബയെ മാറ്റിയശേഷം പകരം നിയമിതനായത് ഖലീഫയുടെ ബന്ധവായ സഅ്ദ് ഇബ്‌നുആസ്വ് ആണ്. കൂഫക്കാര്‍ അദ്ദേഹത്തിന്റെ നിയമനം ഇഷ്ടപ്പെട്ടില്ല. ബസ്വറയില്‍ അബൂമൂസയെ മാറ്റി ഖലീഫയുടെ ബന്ധുവായ ഇബ്‌നു ആമിറിനെ ഗവര്‍ണറാക്കി.
ഖലീഫ പ്രത്യേക പരിഗണനക്കര്‍ഹരായ ഉമവീ കുടുംബത്തിനെതിരെ വിമര്‍ശനങ്ങള്‍ മുറുകിവന്നത് ക്രമേണയാണ്. ഖലീഫ പ്രവാചകന്റെയോ മുന്‍ ഖലീഫമാരുടെയോ മാതൃക പിന്തുടരുന്നില്ല എന്ന് ജനങ്ങള്‍ ആക്ഷേപമുന്നയിച്ചു.
പ്രവാചകന്റെയും ഒന്നാമത്തെയും രണ്ടാമത്തെയും ഖലീഫമാരുടെയും ചര്യക്ക് വിപരീതമായി ഹജ്ജ് വേളയില്‍ മിനായില്‍ വെച്ച് നമസ്‌കാരം ഖസ്‌റാക്കാതെ മുഴുവന്‍ നമസ്‌കരിക്കുക എന്ന് ഉസ്മാന്റെ സമ്പ്രദായത്തെ പല പ്രമുഖസ്വഹാബികളും എതിര്‍ത്തു. അതേപോലെ മിനായില്‍ തമ്പു കെട്ടിയതും വിമര്‍ശനത്തിനു പാത്രമായി. മുന്‍ മാതൃകയില്ലാതെ ഉസ്മാന്‍ കുതിരകള്‍ക്ക് സകാത്ത് ഏര്‍പ്പെടുത്തിയതിനും സദഖ, സകാത്ത് ഇനങ്ങളില്‍ പൊതുഖജനാവിലേക്കുവന്ന സംഖ്യ യുദ്ധാവശ്യങ്ങള്‍ക്ക് കടമെടുത്തതിനുമെതിരെ ആക്ഷേപമുണ്ടായി. കഅ്ബയിലെയും മദീനാപള്ളിയിലെയും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതുപോലും വിമര്‍ശിക്കപ്പെടാതിരുന്നില്ല. അയല്‍വാസികളെ ദ്രോഹിക്കുകയും നബിയെ പരിഹസിക്കുകയും ചെയ്തതിന്റെ പേരില്‍ മദീനയില്‍നിന്ന് ബഹിഷ്‌കൃതനായ ഹകം ഇബ്‌നു ആസ്വ് ഉസ്മാന്റെ അമ്മാവനായിരുന്നു. നബിയുടെ കാലത്ത് ഹകമിന് തിരിച്ചുവരാന്‍ അനുവാദം നല്‍കാന്‍ ഉസ്മാന്‍ നബിയോട് അപേക്ഷിച്ചെങ്കിലും നബി അനുവാദം നല്‍കിയില്ല. പിന്നീട് അബൂബക്‌റിനോടും ഉമറിനോടും ഉസ്മാന്‍ അതേ ആവശ്യം ഉന്നയിച്ച് അപേക്ഷിച്ചെങ്കിലും നബി അനുവദിക്കാത്ത കാര്യം തങ്ങള്‍ക്ക് ഇളവുചെയ്യാനാകില്ലെന്ന നിലപാടായിരുന്നു അവരും സ്വീകരിച്ചത്. എന്നാല്‍ ഉസ്മാന്‍ ഖലീഫയായതോടെ ഹകമിനെ മദീനയിലേക്ക ്തിരിച്ചുവരാന്‍ അനുവദിച്ചു. ഇതും വിമര്‍ശനത്തിനിടയാക്കി. മരുമകന്‍ മര്‍വാനോടും ഖലീഫ അവിഹിതമായ ഔദാര്യംകാണിച്ചതായി പറയപ്പെടുന്നു. ഖലീഫ പല സ്വഹാബികളോടും മോശമായി പെരുമാറിയതായുള്ള കഥകളും ഈയവസരത്തില്‍ പ്രചരിച്ചു.
ഖലീഫക്കെതിരെയുള്ള പ്രചാരവേലകള്‍ക്കും കലാപത്തിനും ചുക്കാന്‍ പിടിച്ചത് ഇബ്‌നു സബഅ് എന്ന യഹൂദിയായിരുന്നു. ഇബ്‌നു സബഇനെ നിയന്ത്രിക്കാന്‍ ഖലീഫ ശ്രദ്ധിച്ചതുമില്ല. ഇബ്‌നുസബഅ് സംഘടിപ്പിച്ച കലാപകാരികളുടെ സൈന്യം ഖലീഫയുടെ വീട് വളഞ്ഞു. ആഴ്ചകളോളം നീണ്ടുനിന്ന ഉപരോധമായിരുന്നു അത്.
ഖലീഫയുടെ വീട്ടിലേക്കുള്ള പ്രവേശനകവാടങ്ങളെല്ലാം അവര്‍ അടച്ചു. ഭയവിഹ്വലരായ ജനങ്ങളില്‍ പലരും മദീന വിട്ടുപോയി. ഹി. 35 ല്‍ ദുല്‍ഹിജ്ജ 18 ന് എല്ലാഭാഗത്തുനിന്നും ശത്രുക്കള്‍ ആക്രമണംതുടങ്ങി. ഉസ്മാന്റെ കല്‍പനപ്രകാരം തന്റെ ചെറിയ പ്രതിരോധസൈന്യം പിന്‍വാങ്ങി. ശത്രുക്കള്‍ പ്രവേശനകവാടത്തിന് തീകൊളുത്തി. മറ്റൊരു സംഘം മറ്റുവഴികളിലൂടെ അകത്തുകടന്നു. അബൂബക്‌റിന്റെ മകന്‍ മുഹമ്മദ് ഖലീഫയുടെ താടി പിടിച്ചു. ‘സഹോദര പുത്രാ, നിന്റെ പിതാവ് എന്നോടിപ്രകാരം ചെയ്യുമായിരുന്നില്ല’ എന്ന് ഉസ്മാന്‍ മുഹമ്മദിനോട് പറഞ്ഞു. ‘ എന്നെ അല്ലാഹു തുണയ്ക്കും. നിന്നില്‍നിന്ന് ഞാന്‍ അവനില്‍ അഭയം തേടുന്നു’ .ഈ വാക്കുകള്‍ മുഹമ്മദിനെ വല്ലാതെ സ്പര്‍ശിച്ചു. അയാള്‍ പിന്തിരിഞ്ഞുപോയി. പിന്നീട് അല്‍ഗാഫികി, സുദാന്‍, കനാന ഇബ്‌നു ബിഅ്ര്‍, അംറ് ഇബ്‌നു അല്‍ ഹാമക് തുടങ്ങിയവര്‍ ഖലീഫയെ വളഞ്ഞു. വാളുക്കൊണ്ടുവെട്ടി. കയ്യിലുണ്ടായിരുന്ന ഖുര്‍ആന്‍ പ്രതി മാറോടുചേര്‍ത്തുപിടിച്ച നിലയില്‍ ഉസ്മാന്‍ രക്തസാക്ഷിയായി.
നാവികസേനയുടെ രൂപവത്കരണമാണ് ഉസ്മാന്റെ കാലത്തെ ഏറ്റവും ശ്രദ്ധേയമായ സംഭവവികാസം. ബൈസാന്റൈന്‍ നാവികശക്തിയെ തകര്‍ക്കാന്‍ കഴിഞ്ഞതോടെ ,മധ്യധരണ്യാഴിയിലെ പ്രമുഖ നാവികശക്തിയായിത്തീര്‍ന്നു മുസ്‌ലിംകളുടെത്. ഭരണരംഗത്ത് ഉമറിന്റെ പരിഷ്‌കാരങ്ങള്‍ തന്നെ തുടര്‍ന്ന ഉസ്മാന്‍ പുതിയ പാലങ്ങളും നിരത്തുകളും നിര്‍മിച്ചു. വഴിയാത്രക്കാര്‍ക്ക് താമസിക്കാനാവശ്യമായ വീടുകള്‍ പണിതു. പള്ളികളില്‍ ആദ്യമായി ശമ്പളവ്യവസ്ഥയില്‍ മുഅദ്ദിനുകളെ നിയമിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. മസ്ജിദുന്നബവി പുനര്‍നിര്‍മിച്ചു. ഉമറിന്റെ കാലത്തേതുപോലെ ജനങ്ങള്‍ക്ക് അടുത്തൂണ്‍ നല്‍കി. ഐശ്വര്യസമ്പൂര്‍ണമായിരുന്നു ഉസ്മാന്റെ ഭരണകാലം.
ഖുര്‍ആന്‍ ഏകീകരണത്തിന് ഉസ്മാന്‍ നല്‍കിയ സംഭാവന അദ്വിതീയമാണ്. അനുദിനം വികസിച്ചുവരുന്ന ഇസ്‌ലാമികസാമ്രാജ്യത്തിന്റെ വിവിധപ്രവിശ്യകളില്‍ ഖുര്‍ആന്‍ വ്യത്യസ്തരൂപങ്ങളില്‍ പാരായണംചെയ്യപ്പെട്ടിരുന്നു. ഇതിനുമാറ്റം വരുത്താനും ഖുര്‍ആന് ഒരേകീകൃത പാഠം നല്‍കാനും ഉസ്മാന്ന് കഴിഞ്ഞു. അബൂബക്ര്‍ ക്രോഡീകരിച്ചിരുന്ന മുസ്ഹഫിന്റെ വിവിധപകര്‍പ്പുകളെടുത്തു വ്യത്യസ്തപ്രദേശങ്ങളിലേക്കെത്തിച്ചുകൊടുക്കുകയാണ് ഉസ്മാന്‍ ചെയ്തത്. മറ്റുപതിപ്പുകള്‍ നശിപ്പിക്കുകയുംചെയ്തു. ഖുര്‍ആന്റെ കാര്യത്തില്‍ മുസ്‌ലിംകള്‍ ഭിന്നിക്കുന്നതൊഴിവാക്കാന്‍ ഈ നടപടി ഉതകി.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured