Kerala

കലണ്ടറുകള്‍ മാറുമ്പോള്‍ ഓര്‍മപ്പെടുത്തുന്നത്

കലണ്ടറുകള്‍ വീണ്ടും മാറി; ഒരു പുതുവര്‍ഷത്തിന് നാം വീണ്ടും സാക്ഷികളാകുന്നു. അസഹിഷ്ണുതയുടെ ലോകക്രമത്തില്‍ ചര്‍ച്ചകള്‍ക്ക് ഇടമില്ലാത്ത വിധം മനുഷ്യന്‍ അരികുവത്കരിക്കപ്പെട്ടു. കാലത്തിനനുസരിച്ച് മനുഷ്യന്‍  അധാര്‍മികതയുടെ അന്ധകാരത്തിലേക്ക് കൂപ്പ് കുത്തിയ ആറാം നൂറ്റാണ്ടിലെ  സാമൂഹിക സാഹചര്യങ്ങള്‍ക്ക് സമാനമായ സാഹചര്യത്തിലേക്കാണ് ആധുനിക സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. അനീതിയും അക്രമവും കൈമുതലാക്കി അരങ്ങ് വാഴുന്ന ന്യൂജനറേഷന്‍ സമൂഹത്തെ ധാര്‍മികതയിലൂടെ  വഴിനടത്തിയില്ലെങ്കില്‍ വന്‍ദുരന്തം സമൂഹം നേരിടേണ്ടി വരുമെന്ന് ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നു.

സര്‍വമേഖലകളിലും മോശമായ സാഹചര്യങ്ങളിലേക്ക് സമൂഹം സഞ്ചരിക്കുമ്പോള്‍ മനുഷ്യത്വം  മരവിക്കുകയും പൈശാചികത വളര്‍ന്ന് വലുതാവുകയും ചെയ്യുന്നു. മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍ പറത്തപ്പെടുന്നു. കുട്ടികളും സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നു.

നിര്‍ഭയരായി വഴി നടക്കാന്‍ പോലും അവകാശം  നിഷേധിക്കപ്പെടുന്ന സമൂഹമായി സ്ത്രീ സമൂഹം മാറി. ടെക്‌നോളജിയുടെ പുരോഗതിക്കനുസൃതമായി ഉന്നതിയിലേക്കും ധാര്‍മിക ഔന്നിത്യത്തിലേക്കും പോകേണ്ടതിന് പകരം മനുഷ്യന്‍ അതുപയോഗിച്ചു തന്നെ വീണ്ടും  അധമനായി മാറി. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ ഉപയോഗപ്പെടുത്തേണ്ട ടെക്‌നോളജി ഉപയോഗപ്പെടുത്തിത്തന്നെയാണ് മനുഷ്യന്റെ ധാര്‍മിക അപചയവും.

വിരല്‍ത്തുമ്പിലേക്ക് എത്തിച്ചേര്‍ന്ന വിവരജാലകം മനുഷ്യന്റെ വികാസത്തിന് ഉപയോഗപ്പെടുത്തുന്നതിന് എത്രയോ വഴികളുണ്ട്. വിവരസാങ്കേതിക രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ സംഭവിക്കുകയും അത് പൊതുജനങ്ങളിലേക്ക് വേഗത്തില്‍ വ്യാപിക്കുകയും ചെയ്തപ്പോള്‍ സമൂഹത്തില്‍ വല്ലാത്തമാറ്റം സംഭവിച്ചു.

വൈജ്ഞാനിക വിസ്‌ഫോടനമെന്ന് ഓമനപ്പേരിട്ട ഇന്റര്‍നെറ്റ് ലോകം ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്നത് വരും തലമുറയെ തിന്‍മകളിലേക്കു നയിക്കുവാനും വാണിജ്യവല്‍ക്കരിക്കുന്നതിനും വേണ്ടിയാണ്.  പച്ചയായ ലൈംഗിക പ്രദര്‍ശനത്തിനും ലൈംഗികതയിലേക്ക് നയിക്കാനും നിരവധി സൈറ്റുകള്‍ നിലവിലുണ്ട്. ഇവ ഒരു തടസവുമില്ലാതെ പോക്കറ്റിലിരിക്കുന്ന മൊബൈലിലേക്കും മേശപ്പുറത്തിരിക്കുന്ന കംപ്യൂട്ടറിലേക്കും അരിച്ചിറങ്ങുമ്പോള്‍ ധാര്‍മികത പറന്നകലുക സ്വാഭാവികം.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 15 മുതല്‍ 17 വരെ വയസുകള്‍ക്കിടയിലുള്ളവരില്‍ 80 ശതമാനം പോണോഗ്രഫി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണെന്നും  അവര്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ തുടങ്ങുന്നത് ശരാശരി പത്താം വയസ്സ് മുതലാണെന്നുമുള്ള സ്ഥിതി വിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്.

സോഷ്യല്‍മീഡിയ രംഗം അതിവേഗം വ്യാപിച്ചതോടെ ഇതിന്റെ കണക്കുകള്‍ ദിനേന വര്‍ധിക്കുകയാണ്. സ്ത്രീ സമൂഹത്തില്‍ വന്‍മാറ്റങ്ങളാണ് ഇതിലൂടെ ഉണ്ടായത് എന്ന് പറയാതെ വയ്യ. ലജ്ജയുടെ ആവരണങ്ങള്‍ നഷ്ടമായപ്പോള്‍ ഉളുപ്പില്ലാത്ത ജനത ഉദയം ചെയ്തുവെന്നാണ് നേര്.

ധാര്‍മികച്യുതികള്‍ സംഭവിക്കാതിരിക്കാന്‍ ആത്മീയതയുടെ ഉത്തമ ലോകത്തേക്ക് ക്ഷണിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് മാനവസമൂഹത്തിന് യഥാര്‍ഥ വഴികാട്ടിയായി ഏത് കാലത്തും നിലകൊള്ളുന്നത്. അധാര്‍മികതയുടെ അഗാധതയിലേക്ക് ആഴ്ന്നിറങ്ങിയ  സമൂഹത്തെ ഉത്തമ സമൂഹമാക്കി മാറ്റിയ മഹത്തായ ദൗത്യം വിശുദ്ധ ഖുര്‍ആന്‍ ചുരുങ്ങിയ കാലം കൊണ്ടാണ്  നിര്‍വഹിച്ചത്.

മദ്യത്തിന്റെ അടിമകളായിരുന്ന ഒരു സമുദായത്തെ മദ്യവര്‍ജനത്തിന് പ്രേരിപ്പിച്ചതും കുഴിച്ച് മൂടപ്പെട്ടിരുന്ന സ്ത്രീസമൂഹത്തിന്  ജീവിക്കാനുള്ള അവകാശം വകവച്ച് കൊടുത്തതും ധ്വംസിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി  ജിഹ്വയുയര്‍ത്തിയതും വിശുദ്ധ ഖുര്‍ആനാണ്.

സമാധാനം നഷ്ടപ്പെടുന്ന സമൂഹത്തിന് സമാധാനം നേടാനുള്ള  വഴികള്‍ ഖുര്‍ആന്‍ തുറന്ന് കൊടുത്തു. ആലംബഹീനര്‍ക്ക് ആലംബമേകാനും നിരാശ്രയര്‍ക്ക് ആശ്രയമാകാനും  പാവങ്ങളുടെ മനസ്സറിയാനും വിശക്കുന്നവന്റെ വിശപ്പിന്റെ കാഠിന്യമറിയാനും ഖുര്‍ആന്‍ ജനതയോട്  ആജ്ഞാപിച്ചു. ചുരുക്കത്തില്‍ മനുഷ്യജീവിതത്തിന്റെ സമ്പൂര്‍ണ ഭരണഘടനയാണ് പരിശുദ്ധ ഖുര്‍ആന്‍.

നവലോക പ്രശ്‌നങ്ങള്‍ക്കുള്ള സമ്പൂര്‍ണ പരിഹാരം വിശുദ്ധ ഖുര്‍ആനിലേക്കുള്ള മടക്കമാണ്.  സര്‍വകാലികവും സര്‍വ ലൗകികവും സര്‍വ ജനീനവുമായ വിശുദ്ധ ഖുര്‍ആന്‍ സര്‍വ ജനതക്കും സന്മാര്‍ഗം  കാണിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”നിശ്ചയമായും ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്ക്  വഴികാണിക്കുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത  അറിയിക്കുകയും ചെയ്യുന്നു” (സൂറത്തുല്‍ ഇസ്‌റാഅ് 9).

കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ വിശ്വാസിക്ക് വരാനുള്ള കാലത്തേക്ക് ഊര്‍ജമാകണം.  തെറ്റില്‍നിന്ന് ശരിയിലേക്കും ശരിയില്‍നിന്ന് കൂടുതല്‍ വലിയ ശരിയിലേക്കും അവനെ നയിക്കാനുള്ള ഊര്‍ജം ഈ ബോധത്തില്‍ നിന്നുണ്ടാകണം.തെറ്റില്‍ നിന്ന് ശരിയിലേക്കുള്ള യാത്രയാണ് ഒരര്‍ഥത്തില്‍ വിശ്വാസിയുടെ ജീവിതം.

ആത്മവിചാരണയെ വിശ്വാസിക്ക് മാറ്റി നിര്‍ത്താനാകില്ല. പരലോക വിചാരണ വന്നെത്തും മുമ്പ് സ്വയം വിചാരണ ശീലിക്കണമെന്നും  ഭൂമിയിലെ കര്‍മഫലങ്ങള്‍ വീതിക്കപ്പെടുന്ന മഹാനാളിന് കാത്തുനില്‍ക്കാതെ നിങ്ങളുടെ വാക്കുകളെയും കര്‍മങ്ങളെയും നിങ്ങള്‍തന്നെ തൂക്കിനോക്കണമെന്നും പഠിപ്പിക്കപ്പട്ടവരാണ് ഇസ്‌ലാമിക സമൂഹം. ഇതേ അര്‍ഥത്തിലുള്ള  ഒരു വചനം മഹാനായ ഉമറി(റ)ന്റെതായി പ്രസിദ്ധമാണ്.

ആയുസിന്റെ കണക്കുപുസ്തകത്തിലെ കാലം കഴിഞ്ഞശേഷം ഒടുവില്‍ സങ്കടം പറഞ്ഞതുകൊണ്ട് കാര്യമില്ല. നഷ്ടപ്പെട്ട സമയങ്ങളൊന്നും തിരിച്ചുവരില്ല. മരണസമയത്ത് മനുഷ്യന്‍ ഏറ്റവും ഖേദിക്കുക നഷ്ടപ്പെട്ട സമയത്തെ കുറിച്ചായിരിക്കുമെന്നാണ് ഖുര്‍ആനിക പാഠം. ‘അങ്ങനെ അവരില്‍ ഒരാള്‍ക്ക് അവസാനം മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, (മുന്‍ജീവിതത്തിലേക്ക്) എന്നെ മടക്കിത്തരിക. ഞാന്‍ വിട്ടുകളഞ്ഞതിന്നു പകരം സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനായി’. ഒരിക്കലുമില്ല. നിശ്ചയം അതവന്‍ പറയുന്ന ഒരു വാക്കു മാത്രമാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം വരെ അവരുടെ മുന്നില്‍ ശക്തിയായ ഒരു മറയുണ്ട്. ‘ (മുഅ്മിനൂന്‍)

ആ കുറ്റവാളികള്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ശിരസുകള്‍ കുത്തനെ താഴ്ത്തുന്നവരായ സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അത് ഒരു വല്ലാത്ത കാഴ്ചയായിരിക്കും)! ഞങ്ങളുടെ രക്ഷിതാവേ, (താക്കീതു ചെയ്യപ്പെട്ടിരുന്നത്) ഞങ്ങള്‍ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. അതുകൊണ്ട് ഞങ്ങളെ (ഭൗതിക ലോകത്തേക്ക് തന്നെ) നീ മടക്കി അയക്കേണമേ! എന്നാല്‍ ഞങ്ങള്‍ സല്‍കര്‍മം അനുഷ്ഠിച്ചുകൊള്ളാം. നിശ്ചയമായും ഞങ്ങള്‍ ഇപ്പോള്‍ ദൃഢമായി വിശ്വസിച്ചവരാകുന്നു’ എന്നവര്‍ പറയും. (അസ്സജദ)

എല്ലാം നേരിട്ട് കാണുമ്പോഴുള്ള വിലപിക്കലിന് ഒരു വിലയും നല്‍കപ്പെടില്ലെന്നും ശക്തമായവിചാരണക്കവന്‍ വിധേയനാക്കപ്പെടുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

നമ്മുടെ ഭാവി ഭാസുരമാക്കാന്‍ ഉതകുന്ന പുനര്‍വിചിന്തനത്തിന് ഉപകരിക്കുന്നതാകട്ടെ കടന്നുവന്ന വര്‍ഷം.

കടപ്പാട്: suprabhaatham.com

Topics