വിശ്വാസതേജോമയമാര്‍ന്ന വദനവും ആരെയും സ്വാധീനിക്കുന്ന മാന്യമായ പ്രകൃതവും ശൈഖ് മുഹമ്മദുല്‍ ഗസാലിയുടെ സവിശേഷതകളായിരുന്നു. സാഹിതീയസ്പര്‍ശമുള്ള അദ്ദേഹത്തിന്റെ ഭാഷണവും ദൃഢനിശ്ചയം സ്ഫുരിക്കുന്ന വചനങ്ങളും ശ്രോതാക്കളെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. അന്‍പതുകളില്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ അധ്യാപകനായിരിക്കെ , അവിടത്തെ ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിന്റെ സാമീപ്യത്തിന് വേണ്ടി മത്സരിക്കാറുണ്ടായിരുന്നു. ദൈവികസരണിയില്‍ മുന്നിട്ടിറങ്ങിയവരുടെ ഹൃദയങ്ങളില്‍ ധൈര്യവും ആവേശവും ജനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍. ഇസ്‌ലാമിന്റെ അകത്തും പുറത്തുമുള്ള ശത്രുക്കളെക്കുറിച്ച് മനസ്സിലാക്കുകയും അവരെ സംബന്ധിച്ച് അണികളെ ജാഗ്രത്താക്കുകയും അവരുടെ ഉപജാപങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്യുന്നതില്‍ അദ്ദേഹം വിജയിക്കുകയുണ്ടായി.
എതിരാളികളുടെ ആരോപണങ്ങള്‍ക്ക് വായടപ്പന്‍ മറുപടി നല്‍കാന്‍ പ്രത്യേക സാമര്‍ഥ്യം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കല്‍, പ്രമുഖ കമ്യൂണിസ്റ്റായ സ്വലാഹ് ജാഹിന്‍, ശൈഖിന്റെ തലപ്പാവിനെ പരിഹസിച്ചു. അപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ‘താങ്കളെപ്പോലുള്ള എഴുത്തുകാര്‍ ഫാറൂഖ് രാജാവിന്റെ ശിങ്കിടികളായി വര്‍ത്തിക്കുമ്പോള്‍ , അക്രമത്തിനെതിരെ യുദ്ധംചെയ്യുന്ന ബുദ്ധിയുള്ള തലയാണ് ഈ തലപ്പാവിലുളളത്.’
ശൈഖ് മുഹമ്മദുല്‍ ഗസാലി പെട്ടെന്ന് കോപിക്കുന്ന പ്രകൃതക്കാരനായിരുന്നു. എങ്കിലും അതിനേക്കാള്‍ വേഗത്തില്‍ ശാന്തനാകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ചിലരുണ്ട്. എന്നാല്‍ , മുസ്‌ലിം ഉമ്മത്തിന്റെ ഏകോപിതാഭിപ്രായത്തിന് വിരുദ്ധമായ ഒരു ഫത്‌വയും അദ്ദേഹം പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ല, വളരെ കൃത്യമായി അഭിപ്രായങ്ങള്‍ സമര്‍പിക്കാനുള്ള കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. തന്റെ അഭിപ്രായങ്ങള്‍ തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ അവ തിരുത്താനും പൊതുജന സമക്ഷം തുറന്നുപറയാനും ധൈര്യം കാട്ടിയിരുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു ശൈഖ് ഗസാലി.
വിശുദ്ധഖുര്‍ആന്‍ ഹൃദയസാന്നിധ്യത്തോടെ പാരായണം ചെയ്ത് അതിനോട് സംവദിക്കുന്ന അദ്ദേഹം ലേഖനങ്ങളിലും പ്രഭാഷണങ്ങൡലും സൂക്തങ്ങളായിരുന്നു തെളിവുകളായി സമര്‍പ്പിച്ചത്. പള്ളികളുമായി അഗാധബന്ധം വെച്ചുപുലര്‍ത്തിയ അദ്ദേഹം സമൂഹത്തിലെ യുവാക്കള്‍ക്ക് വൈജ്ഞാനികമാര്‍ഗദര്‍ശനം ചെയ്യാന്‍ പ്രാപ്തമായ സര്‍വകലാശാലകളായി അവയെ പരിവര്‍ത്തിപ്പിക്കണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു.
അബ്ദുല്‍ വാസിഅ് ധര്‍മഗിരി
Add Comment