ഹിഷാമുബ്‌നു അബ്ദില്‍മലിക്‌

ഹിശാമുബ്‌നു അബ്ദില്‍ മലിക് (ഹി: 105-125)

യസീദിബ്‌നു അബ്ദില്‍മലികിന്റെ മരണശേഷം സഹോദരന്‍ ഹിശാമുബ്‌നു അബ്ദില്‍ മലിക് ആണ് അധികാരത്തിലേറിയത്. ഉമവി ഭരണകൂടത്തില്‍ പ്രഗത്ഭരുടെ കണ്ണിയില്‍ ഒരാളായ അദ്ദേഹം ഇരുപത് വര്‍ഷം ഭരണംനടത്തി. മുആവിയയുടെ അറിവും വൈദഗ്ധ്യവും അബ്ദുല്‍മലികിന്റെ നിശ്ചയദാര്‍ഢ്യവും ഒത്തിണങ്ങിയ പക്വമതിയും സാത്വികനും സമര്‍ഥനുമായ ഭരണകര്‍ത്താവായിരുന്നു ഹിശാം. അനുവദനീയമാര്‍ഗത്തില്‍നിന്ന് ലഭിച്ചതാണെന്ന് 40 പേര്‍ സാക്ഷ്യപ്പെടുത്താതെ പൊതുഖജനാവില്‍നിന്ന് അദ്ദേഹം സ്വീകരിച്ചിരുന്നില്ല.

ഉത്തരാഫ്രിക്ക, ഖുറാസാന്‍, തുര്‍ക്കിസ്താന്‍, അര്‍മീനിയ, അദര്‍ബീജാന്‍ എന്നിവിടങ്ങള്‍ കലാപങ്ങളുയര്‍ന്നപ്പോള്‍ അവയെല്ലാം തന്ത്രപൂര്‍വം ഒതുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സിന്ധില്‍ ഇസ്‌ലാമിന് കൂടുതല്‍ ശക്തികൈവന്നത് അദ്ദേഹത്തിന്റെ കാലത്താണ്. ഇന്ത്യയില്‍ മാര്‍വാഡ്, ഉജ്ജയിന്‍, ഗുജറാത്, ബറൂജ് തുടങ്ങിയ പ്രദേശങ്ങളും പടിഞ്ഞാറന്‍ പാകിസ്താനിലെ കാശ്മീര്‍വരെയുള്ള പ്രദേശങ്ങളും കീഴടക്കിയ അവിടത്തെ ഗവര്‍ണറായ ജുനൈദ്(ഹി. 107-111) ആണ്. തുടര്‍ന്ന് വന്ന പ്രവിശ്യാഭരണാധികാരികള്‍ക്ക് അത് കൈവശം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
ഹിശാമിന്റെ കാലത്തെ ഏറ്റവും വലിയ സൈനികനീക്കം സ്‌പെയിന്‍ ഗവര്‍ണറായ അബ്ദുര്‍റഹ്മാന്‍ ഗാഫഖിയുടെ ഫ്രാന്‍സ് പടയോട്ടമാണ്. ഫ്രാന്‍സിന്റെ തെക്കുംപടിഞ്ഞാറും കീഴടക്കി പാരീസിന്റെ നൂറ്റമ്പത് നാഴിക അകലെ ടൂറിന്‍ വരെ എത്തിയ മുസ്‌ലിംസേന യൂറോപ്യന്‍സഖ്യശക്തികളോട് ഏറ്റുമുട്ടി. എന്നാല്‍ അമീര്‍ അബദുര്‍റഹ്മാന്റെ വധത്തെത്തുടര്‍ന്നുണ്ടായ അഭിപ്രായഭിന്നതമൂലം മുസ്‌ലിംസൈന്യം പിന്‍വാങ്ങി.

യസീദിന്റെ കാലത്ത് കൊട്ടാരത്തില്‍ ഗായകന്‍മാര്‍ യഥേഷ്ടം വിളയാടിയിരുന്ന സമ്പ്രദായം ഖലീഫ അവസാനിപ്പിച്ചു.

About the author

padasalaadmin

Topics

Featured