സുന്നത്ത്-ലേഖനങ്ങള്‍

ഹദീസ്: സ്വീകരണ – നിരാകരണ മാനദണ്ഡങ്ങൾ

ഇസ്ലാമിന്റെ പ്രഥമ പ്രമാണം ഖുർആൻ തന്നെ. അതിന്റെ സംരക്ഷണ ബാധ്യത അല്ലാഹു നേരിട്ട് ഏറ്റെടുത്തതാണ്. ഖുർആനെ നെഞ്ചിലേറ്റിയ അനുയായികളിലൂടെ അതിന്റെ സംരക്ഷണം റബ്ബ് സാധ്യമാക്കുകയും ചെയ്തു. ഈ ദൈവിക ഗ്രന്ഥത്തിന്റെ ആശയങ്ങൾ പ്രബോധിതർക്ക് വ്യക്തമാക്കി കൊടുക്കലായിരുന്നു നബി(സ)യുടെ നിയോഗലക്ഷ്യം.

അതിനാൽ, പ്രവാചകന്റെ ചര്യ ഖുർആൻ മനസ്സിലാക്കാൻ അത്യന്താപേക്ഷിതം. പ്രവാചകാനുസരണം ദൈവാനുസരണമാണെന്നും (വി.ഖു. 4: 80) പ്രവാചകാജ്ഞാപനങ്ങൾ അംഗീകരിക്കലും നിരോധങ്ങൾ വർജിക്കണമെന്നതും (വി.ഖു. 59: 7) ഖുർആനിക കൽപനകളാണ്.

എന്നാൽ നബി(സ) പറഞ്ഞു. എന്റെ വചനം കേൾക്കുകയും സൂക്ഷ്മമായി ഗ്രഹിക്കുകയും അതേപടി മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയും ചെയ്ത ആളെ അല്ലാഹു അനുഗ്രഹിക്കട്ടെ. നേരിട്ട് കേട്ടവനേക്കാൾ സൂക്ഷ്മമായി കാര്യങ്ങൾ ഗ്രഹിക്കുന്ന എത്രയോ പേർ അവനിൽ നിന്ന് വിവരം ലഭിച്ചവരിലുണ്ട്. (അഹ്മദ്. 4157, തിർമുദി. 2657, ഇബ്നുമാജ. 232).

ഇവ കേട്ട സ്വഹാബത്ത് അവ നിവേദനം ചെയ്യുകയും കേട്ടവരിൽ നിന്നവ നേരിട്ട് ശേഖരിക്കാനും അവർ കാണിച്ച ആവേശവും താൽപര്യവും അനിതര സാധാരണമാണ്. ഇങ്ങനെ ക്രോഡീകൃതമായവയിൽ ഇന്ന് ലഭ്യമായ ആദ്യ ഗ്രന്ഥം ഇമാം മാലികിന്റെ മുവത്വയാണ്. എന്നാൽ പിൽക്കാലത്ത് മാത്രമാണ് ഹദീസ് നിദാനശാസ്ത്രം ക്രോഡീകരിക്കപ്പെടുന്നതും ആ മാനദണ്ഡങ്ങളനുസരിച്ച് സ്വഹീഹ്, സുനൻ, മുസ്നദ്, ജാമിഅ് എന്നിങ്ങനെ വംശീകരണം നടക്കുന്നതുമെല്ലാം. ഈ ഹദീസ് ഗ്രന്ഥങ്ങളിലെ നെല്ലും പതിരും വേർതിരിക്കുന്ന സേവനം ഉമ്മത്ത് അനുസ്യൂതം തുടർന്ന് കൊണ്ടിരുന്നു. അൽബാനി, മഹ്മൂദ് ശാകിർ, ശുഐബ് അർനഊത്വ്, മുസ്ത്വഫൽ ബുഗാ എന്നീ ആധുനിക പണ്ഡിതന്മാരെല്ലാം ഈ ദൗത്യം നെഞ്ചിലേറ്റിയവർ ആയിരുന്നു.

14ൽ കൂടുതൽ നൂറ്റാണ്ടായിട്ടും ഒരാളുടെ നടത്തം, കിടത്തം, അനക്കം, അടക്കം, ഉറക്കം, ഉണർച്ച, സ്വഭാവം, സമീപനം, സമ്പ്രദായം, പെരുമാറ്റം, സംസാരം, കർമ്മം, വികാരം, വിചാരം, കേൾവി, കാഴ്ച, ആരാധന, ആചാരം, പ്രാർത്ഥന, കീർത്തനം തുടങ്ങി മലമൂത്രവിസർജന മര്യാദകളടക്കം നാം മാതൃക (ഉസ്വത്ത്) തിരയേണ്ടത് നബിചര്യയിൽ നിന്നാവണം. വിശുദ്ധ ഖുർആന്റെ ആധികാരിക വ്യാഖ്യാനവും പ്രായോഗിക മാതൃകയുമായി നബി(സ) 23 സംവത്സരങ്ങൾ ജീവിച്ചു കാണിച്ചുതന്ന ജീവിതമാണ് സുന്നത്ത്. നമസ്കാരം, സക്കാത്ത്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകളുടെ വിശദാംശങ്ങൾ നബി(സ) സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയായിരുന്നു. മോഷ്ടാവിന്റെ കൈമുറിക്കാൻ ഖുർആൻ അനുശാസിക്കുന്നു, അതാരാണ് ചെയ്യേണ്ടത്? എത്ര കട്ടാലാണത് ബാധകമാവുക, എങ്ങനെയാണത് തുടങ്ങിയ വിശദാംശങ്ങൾ അതിസൂക്ഷ്മ തലത്തിൽ (Micro Level)ൽ നമുക്ക് ദർശിക്കാനാവുന്നത് അദ്ദേഹത്തിന്റെ ജീവിതചര്യയിലാണ്. അതിനാൽ തന്നെ ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമായ ഹദീസ്/ സുന്നത്തിനെ സ്വീകരിക്കാതെ നമുക്ക് ഖുർആന്റെ പ്രയോക്താക്കളാവുക അസാധ്യം. കാരണം നബി(സ)യെ അനുസരിക്കൽ അല്ലാഹുവിനുള്ള അനുസരണമായാണ് ഖുർആൻ പഠിപ്പിക്കുന്നത്. (3: 133).

സുന്നത്തിന്റെ പ്രാമാണികത:

മുസ്ലിം സമൂഹത്തിന്റെ ഉപരിസൂചിത വിഷയത്തിലുള്ള സുന്നത്ത് വിധേയത്വം മുതലെടുത്ത് പക്ഷേ നിർമ്മിത ഹദീസുകൾ മാർക്കറ്റിൽ സ്ഥാനം പിടിച്ചു. “എന്റെ പേരിൽ കള്ളം പറഞ്ഞാൽ നരകത്തിലെ സീറ്റ് റിസർവ്വ് ചെയ്യട്ടെ” എന്നു പഠിപ്പിച്ച ആ പ്രവാചകന്റെ പേരിൽ ലക്ഷക്കണക്കിന് കള്ളനാണയങ്ങളാണ് സനാദിഖ് /നിരീശ്വരവാദികളായ ഇസ്ലാം വിരുദ്ധർ മനഃപൂർവ്വം കെട്ടിച്ചമച്ചത്. ഇക്കാലത്തും ഇസ്ലാമിനെ ട്രോളാൻ സർകാസ്റ്റിക് രീതിയിൽ ഡിങ്കമതക്കാർ ഉപയോഗിക്കുന്നവയിലധികവും ഇത്തരം ‘കുന്ദംകുളം’ സൃഷ്ടികളാണ്. ആയതിനാൽ ഇബ്നുൽ ജൗസി പറഞ്ഞ ഒരു വാചകം ഇവിടെ ഉദ്ധരിക്കുന്നത് സംഗതമാവുമെന്ന് വിശ്വസിക്കുന്നു.

: إِذَا رَأَيْتَ الْحَدِيثَ يُبَايِنُ الْمَعْقُولَ أَوْ يُخَالِفُ الْمَنْقُولَ أَوْ يُنَاقِضُ الْأُصُولَ : فَاعْلَمْ أَنَّهُ مَوْضُوعٌ ” انتهى من “تدريب الراوي” (1/ 327).

“ബുദ്ധി, പ്രമാണം, അടിസ്ഥാനം എന്നിവക്ക് വിരുദ്ധമാണെങ്കിൽ അവ വ്യാജനിർമിതമാണെന്ന് മനസ്സിലാക്കുക എന്നാണ് ആ പറഞ്ഞതിനർത്ഥം.” ഇബ്നു തൈമിയ്യ പറഞ്ഞ ഒരു വാചകം ഇതിനോട് ചേർത്ത് വായിച്ചാൽ ചിത്രം കൂടുതൽ വ്യക്തമാവും

ما خالف العقل الصريح فهو باطلٌ
”പ്രകടബുദ്ധിക്കെതിരാവുന്നത് വ്യാജമാണെന്നാണ് ” ആ വാചകത്തിന്റെ ശരാശരി മലയാളിക്ക് തിരിയുന്ന പരാവർത്തനം. ഈയടിസ്ഥാനത്തിൽ ആധികാരിക ഹദീസ് ഗ്രന്ഥങ്ങൾ പരതിയാൽ നാം പരിചയിച്ച് പോന്ന സ്വിഹാഹുസ്സ്വിത്ത എന്ന പ്രയോഗത്തെ ആറു ഗ്രന്ഥങ്ങൾ എന്ന അർത്ഥത്തിൽ അൽകുതുബിസ്സിത്ത എന്നോ നിവേദന ഗ്രന്ഥങ്ങൾ എന്നയർത്ഥത്തിൽ കുതുബ്ർരിവായത്ത് എന്നോ വിളിക്കേണ്ടി വരും. അഖ്ൽ/ നഖ്ൽ/ അസ്വൽ എന്ന മാച്ചിംഗ് പോയിന്റുകളിൽ ക്രോസ് മാച്ചിംഗ് ചെയ്താൽ തീരാവുന്നതേയുള്ളൂ മുസ്ലിം സംഘടനകളിലെ സംഘട്ടനങ്ങൾ എന്ന് പലപ്പോഴും തമാശയായി പറയാറുള്ളത് ആനുഷികമായി സൂചിപ്പിക്കട്ടെ.

എല്ലാ ഹദീസുകളും സ്വീകാര്യമോ ?

നബി(സ) വെറും മതോപദേഷ്ടാവ് മാത്രമായിരുന്നില്ല. പ്രത്യുത ആ നാട്ടിലെ ജനകീയ വിഷയങ്ങളിലെല്ലാം ഇടപെടേണ്ടിവരുന്ന നേതാവും കൂടിയായിരുന്നു. അദ്ദേഹം വിഷയത്തിന്റെ ഗൗരവവും തെര്യപ്പെടുത്താൻ ശക്തമായ ഭാഷ ഉപയോഗിക്കേണ്ടി വരും. അതങ്ങനെ തന്നെ അണ്ണാക്കു തൊടാതെ വിഴുങ്ങാൻ അദ്ദേഹം പോലും ഉദ്ദേശിച്ചിട്ടുണ്ടാവില്ല.

ഉദാ. മുആവിയ്യ(റ)ൽ നിന്ന് നിവേദനം. ‘കള്ള് കുടിച്ചവനെ അടിക്കുവിൻ, നാലാം തവണയും അത് ആവർത്തിച്ചാൽ അവനെ കൊന്ന് കളയുവിൻ.’

ഈ ഹദീസ് സ്വഹീഹാണെന്ന് പറയുന്നവർ തന്നെ പറയുന്നു ഇത് മൻസൂഖാണെന്ന്. എങ്കിൽ ആ ഹദീസിന്റെ നാസിഖ് എവിടെ എന്ന ചോദ്യത്തിന് മൗനമാണ് അവരുടെ മറുപടി. ഈ ആവശ്യാർത്ഥം ദൗസ, ഇബ്നു ശഹീൻ, ഹമദാനി, ഇസ്ബഹാനി, ഇബ്നുസലാമി, ഹാസിമി, ഇബ്നുൽ ജൗസി എന്നിവരുടെ നസ്ഖിനെ കുറിച്ചെഴുതിയ ഗ്രന്ഥങ്ങൾ മുഴുവൻ പരതിയിട്ടും ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല.

മറ്റൊരുദാഹരണമാണ്, “മുസ്ലിം നിഷേധിയെയോ നിഷേധി മുസ്ലിമിനെയോ അനന്തരമെടുക്കുകയില്ല” എന്ന ഹദീസ്. ഇതേ ആശയം ബുഖാരി, മുസ്ലിം, അബൂദാവൂദ്, അഹ്മദ് എന്നിവർ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ “ഇസ്ലാം വർദ്ധിപ്പിക്കുകയാണ്, കുറയ്ക്കുകയല്ല” എന്നും “ഇസ്ലാം ഉയരും, അതിനു മീതെ മറ്റൊന്നും ഉയരുകയില്ല” എന്നൊക്കെയർത്ഥം വരുന്ന ഹദീസുകൾ അനുസരിച്ചാണ് ഇസ്ലാമിക ലോകത്തെ പ്രവർത്തന പാരമ്പര്യമെന്നാണ് ഇബ്നുൽ ഖയ്യിം തന്റെ ഗുരുവായ ഇബ്നുതൈമിയയിൽ നിന്നുമുദ്ധരിക്കുന്നത് (അഹ്കാമു അഹ്ലിദ്ദിമ്മ 462-465).

(അഥവാ മദ്യപനെ കൊന്ന ചരിത്രമോ മുസ്ലിമായ മകൻ മുസ്ലിമല്ലാത്ത പിതാവിനെ അനന്തരമെടുക്കാത്ത ചരിത്രമോ ഇസ്ലാമിക ലോകത്തിന് അന്യമാണ് എന്നർത്ഥം)

ഹദീസ് നിദാനശാസ്ത്രത്തിലെ തർജീഹ്, തൗഖീഫ്, തസാഖുത്വ്, തഖ്യീർ എന്നീ ചർച്ചകളെല്ലാം നസ്ഖ് പോലെ തന്നെ ഹദീസുകൾ സ്വീകരണ – നിരാകരണ രംഗത്തെ ഊന്നലുകളെയാണ് കുറിക്കുന്നത്. അവയെക്കുറിച്ച് വിശദമായി നമുക്ക് മറ്റൊരിക്കൽ സംവദിക്കാം. ഇ.അ.

ഹദീസുകളുടെ അക്ഷരവായന:

പ്രമാണങ്ങളെ എങ്ങനെയാണ് വായിക്കേണ്ടത് എന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചർച്ചയാണ്. ളാഹിരീ ചിന്താധാര അക്ഷരവായനയെ പ്രോത്സാഹിപ്പിക്കുമ്പോൾ ആശയവും ഉദ്ദേശ്യവുമാണ് പരിഗണിക്കപ്പെടേണ്ടത് എന്ന ശക്തമായ ‘റഅ്യ്’ വാദവും നിലവിലുണ്ട്. ‘ഹദീസ് ബനീ ഖുറൈള’ എന്ന സുപ്രസിദ്ധ ഹദീസാണ്, രണ്ടുകൂട്ടരുടെയും തെളിവ്. ത്വാഹാ ജാബിർ ഉൽവാനിയെ പോലെയുള്ള ആധുനിക പണ്ഡിതൻ ഫിഖ്ഹുൽ ഇഖ്തിലാഫ് (അഭിപ്രായ വൈജാത്യങ്ങളുടെ കർമ്മശാസ്ത്രം) വികസിപ്പിച്ചെടുത്തത് ഈ ഹദീസിന്റെ ഭൂമികയിലാണ്.
الأمور بمقاصدها (കാര്യങ്ങൾ അവയുടെ ഉദ്ദേശ്യങ്ങൾ പരിഗണിച്ചാവണം) എന്ന നിദാനശാസ്ത്ര തത്വം പരിഗണിക്കുമ്പോഴാണ് പ്രമാണങ്ങളിലെ അക്ഷരവായനയിൽ നിന്നും നമുക്ക് മോചിതരാവാൻ കഴിയൂവെന്നതിന് ചില ഉദാഹരണങ്ങൾ.

1) കന്യകയുടെ സമ്മതം: കന്യകയുടെ കല്യാണ വിഷയത്തിൽ അവളുടെ അനുമതി വാങ്ങണം. അവൾ മൗനമവലംബിക്കലാണ് സമ്മതം (ബു. 5135/ മു. 1419). അവളെങ്ങാനും എനിക്കത് സമ്മതമായി എന്ന് പറഞ്ഞാൽ ആ വിവാഹം നടക്കാൻ പാടില്ല എന്നാണ് ള്വാഹിരീ വീക്ഷണം. കാരണം അവൾ മൗനം ലംഘിച്ചല്ലോ.

2) പല്ലുതേക്കൽ – അറാക്കിന്റെ കറുത്ത കൊള്ളി വേണം. അതാണ് കൂടുതൽ സുഗന്ധം (ബു. 3225). അതായത് പല്ലുതേക്കൽ സുന്നത്താവണമെങ്കിൽ അറാക്കിന്റെ മണമുള്ള കറുത്ത കൊള്ളി വേണ്ടി വരും. നല്ലയിനം അറാക്ക് ലഭിക്കാൻ അപ്പോൾ ഇറാഖിൽ തന്നെ പോവേണ്ടി വരും. മാർക്കറ്റിൽ ലഭ്യമായ ബ്രഷോ പേസ്റ്റോ സുന്നത്തിനെതിരാവും !

3) ഫിത്വർ സക്കാത്ത്: ഈത്തപ്പഴം, ബാർളി, പാൽക്കട്ടി, ഉണക്കമുന്തിരി ഇവയിലേതെങ്കിലും ഒന്ന് ഒരു സ്വാഅ് (ബു. 1435) എന്ന പ്രമാണത്തിന്റെ അക്ഷരം വായിച്ചാൽ നമുക്ക് ആ ഇനത്തിൽ ഒരാൾക്ക് ആയിരങ്ങൾ പൊടിക്കേണ്ടി വരും. അന്നേദിവസം ദരിദ്രർ അങ്ങാടിയിൽ കറങ്ങാതിരിക്കട്ടെ, നോമ്പുകാരന്റെ നോമ്പിൽ വന്നിരിക്കാൻ സാധ്യതയുള്ള പിഴവുകളുടെ പരിഹാരമാവട്ടെ എന്നീ പ്രമാണങ്ങൾ ചേർത്ത് വായിച്ചില്ലെങ്കിൽ തീരെ പ്രായോഗികമല്ലാത്ത രോദനമായി നമ്മുടെ സകാത്തുൽ ഫിത്വർ മാറും.

4) മാസം കാണുക: മാസം കണ്ട് വേണം നോമ്പ് പിടിക്കുവാനും പെരുന്നാളാഘോഷിക്കുവാനം (മു. 1887) എന്ന ഹദീസ് അക്ഷരങ്ങളിൽ സ്വീകരിച്ചാൽ കണ്ടവർക്കേ നോമ്പെടുക്കേണ്ടി വരൂ. കണ്ടവരെല്ലാം (രോഗി/ യാത്രക്കാരുൾപ്പെടെ) എടുക്കേണ്ടി വരും. കാണാത്തവർക്ക് അഥവാ അന്ധർക്ക് ഇതൊന്നും ബാധകമാവുകയുമില്ല. മആദല്ലാഹ്.

ഇത്തരത്തിൽ ഈ വിഷയകമായി ഒരുപാടുണ്ട്. ഗവേഷണ താൽപര്യമുള്ളവർ തുടർവായനക്ക് ഡോ. ജാസിർ ഔദയുടെ ഫിഖ്ഹുൽ മഖാസ്വിദ് വായിക്കുക.

ഹദീസുകളിലെ പാരായണ ഭേദങ്ങൾ: ഖുർആനിലെ ഏഴ് പാരായണ ഭേദങ്ങളെ അംഗീകരിക്കുന്നവർ പോലും കാണാതെ പോവുന്ന ഒന്നാണ് ഹദീസുകളിലെ പാരായണ ഭേദങ്ങൾ (തസ്ഹീഫ്). ഹദീസുകൾക്ക് ഒന്നിൽ കൂടുതൽ വായനകൾ സാധ്യമാണെന്നും അതുകൊണ്ട് തന്നെ വൈജാത്യങ്ങളെ ഉൾക്കൊള്ളാൻ നമുക്ക് കഴിയേണ്ടതാണെന്നും ചുരുങ്ങിയത് പ്രബോധകരെങ്കിലും മനസ്സിലാക്കിയേ മതിയാവൂ. നിവേദകന്മാരുടെ പേരുകളുടെ അക്ഷരങ്ങൾ മാറിവരുന്നത് പൊതുവെ എല്ലാവരും അംഗീകരിക്കുമെങ്കിലും ഹദീസിലെ പദങ്ങൾ നാം ശീലിച്ചതിന് എതിരാണെങ്കിൽ ശാദ്ദ് (കൂട്ടത്തിൽ കൂടാത്ത) ചാപ്പകുത്തി മാറ്റിവെക്കുന്ന രീതി അവസാനിപ്പിച്ചേ മതിയാവൂ. അതിലേക്കാവശ്യമയ ചില സൂചനകൾ മാത്രം നൽകുന്നു.

1. ശവ്വാലിലെ സുന്നത്ത് നോമ്പ്:

റമദാൻ നോമ്പ് നോറ്റ ശേഷം ശവ്വാലിലെ ആറ് നോമ്പ് തുടർന്ന് നോറ്റാൽ കാലം/ വർഷം മുഴുവൻ നോമ്പു നോറ്റവനെപ്പോലെയാണെന്ന ഹദീസ് (മു. 1164) പക്ഷേ സിത്തൻ (ആറ്) എന്നതിന് പകരം ചില രേഖകളിൽ ശൈഅൻ എന്നാണുള്ളത്. അറബിഭാഷയ്ക്ക് ആദ്യകാലത്ത് കുത്തും കോമയും ഹറകത്തുകളൊന്നുമുണ്ടായിരുന്നില്ലയെന്നതും അലി(റ)ന്റെ കാലത്ത് അബുൽ അസ് വദ് ദുഅലി എന്ന ഗവർണറാണ് ആ മഹാദൗത്യം ആരംഭിച്ചത് എന്നും വായനക്കാർ മറന്നു കൂടാത്തതാണ്.

2. കൈകെട്ടൽ

നമസ്കാരത്തിൽ നബി(സ) വലതുകൈ ഇടതുകൈയിൽ വെച്ച് നെഞ്ചത്ത് വെച്ചു. (ദ. 723) ഇതിൽ നെഞ്ചത്ത് (അലാസ്വദ്റിഹി) എന്നതിന് പകരം ചില രേഖകളിൽ (അലഹാദിഹി) എന്നാണ് കാണുന്നത്. നസാഈയും അഹ്മദും ഉദ്ധരിക്കുന്ന ഹദീസിൽ അലാസ്വദ്റിഹി എന്നെയില്ല. റിപ്പോർട്ട് ചെയ്ത വാഇൽ പ്രമുഖ സ്വഹാബിയല്ലെന്നും പ്രമുഖ സ്വഹാബിയും നബിയുടെ മരുമകനും നാലാം ഖലീഫയുമായ അലി(റ)യുടെ റിപ്പോർട്ടിനുള്ള പ്രശ്നങ്ങളെല്ലാം ഹദീസ് ബലാബലത്തിൽ വാഇലിന്റെ ഹദീസിനുമുണ്ടെന്നുമാണ് മുഹദ്ദിസുകളുടെ നിരീക്ഷണം. ആയതിനാൽ ഈ അഭിപ്രായ വ്യത്യാസ വൈജാത്യം (തനവ്വുഅ്)ന്റേതാണ് എന്നാണ് സിറിയൻ പണ്ഡിതരുടെ നിരീക്ഷണം.

3. പള്ളിയിൽ ഹിജാമ

നബി(സ) തന്റെ പള്ളിയിൽ ഒരു പായ വിരിച്ചു ,കൊമ്പുവെച്ചു. (അ. 21648). എന്നാൽ ഇഹ്തജറ എന്നാണ് ശരിയായ വായനയെന്നും നിവേദകരിൽ ഒരാൾ അതിലെ ‘റാഇനെ മീം’ എന്ന് വായിച്ചിടത്ത് നിന്നാണ് ഈ ആശയക്കുഴപ്പം ഉടലെടുത്തത്. അത് വളർന്ന് ഹിജാമ പരിപാടി പള്ളിയിലാണ് സുന്നത്ത് എന്നുവരെയുള്ള അതിവാദങ്ങൾ അക്ഷരപൂജകർക്കിടയിൽ ഉടലെടുക്കുകയുണ്ടായിട്ടുണ്ട്.

അസ്കരി, സുയൂത്വി, ഹസൻ അൽ ബസ്വരി, ദാറുഖുത്നീ, ഖത്വാബി, ഖൈറുവാനീ, മൗസ്വിലീ എന്നീ പണ്ഡിതർക്ക് ഈ വിഷയ സംബന്ധിയായ ഗ്രന്ഥങ്ങൾ ഉണ്ട്. അവയുടെ വിഷയം തന്നെ ഹദീസുകളിൽ വന്ന തസ്വ്ഹീഹുകളാണ്.

വിരുദ്ധങ്ങളായ ഹദീസുകൾ

പ്രത്യക്ഷത്തിൽ തന്നെ വിരുദ്ധങ്ങളായ ഹദീസുകൾ ഇമാം തിർമിദി തന്റെ സുനനിൽ അടുത്തടുത്ത അധ്യായങ്ങളിൽ എമ്പാടും ഉദ്ധരിക്കുന്നുണ്ട്.

ഉദാ:
1.മലമൂത്ര വിസർജ്ജനവേളയിൽ ഖിബ്ലക്ക് മുന്നിടുകയോ പിന്നിടുകയോ ചെയ്യരുത്. പ്രത്യുത, കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുക.
എന്നാൽ നബി ഖിബ്ലക്ക് അഭിമുഖമായി ചെയ്യുന്നത് കണ്ടുവെന്നു വളരെ പ്രബലമായ ഹദീസെന്ന് തിർമിദി തന്നെ സർട്ടിഫൈ ചെയ്ത ജാബിറി(റ)ന്റെ ഹദീസിലുണ്ട്. എന്നാൽ ഇത് നബി(സ)ക്ക് മാത്രം പ്രത്യേകമാണ് എന്നാണ് നമ്മുടെ കർമ്മശാസ്ത്ര വിശാരദർ ന്യായീകരിക്കാറുള്ളത്. ഒന്നാമത്തേത് നിയമവശവും രണ്ടാമത്തേത് പ്രായോഗികതയുടെ മതാധ്യാപനവും എന്ന് കണ്ടാൽ പ്രശ്നം തീർന്നു.

2. ഒരു സമൂഹത്തിന്റെ കുപ്പയിടുന്ന സ്ഥലത്തെത്തിയപ്പോൾ നബി(സ) നിന്ന് മൂത്രമൊഴിച്ചുവെന്ന് യാത്രയിൽ കൂടെയുണ്ടായിരുന്ന ഹുദൈഫ(റ) പറയുമ്പോൾ നബി(സ) ഇരുന്നേ മൂത്രമൊഴിക്കാറുണ്ടായിരുന്നുള്ളൂവെന്ന ഹദീസും വിരുദ്ധങ്ങളല്ല; ആദ്യത്തേത് എപ്പോഴോ അനിവാര്യ സാഹചര്യത്തിൽ സംഭവിച്ചതും രണ്ടാമത്തേത് നബി(സ)യുടെ തിരുചര്യയുമെന്നേ മനസ്സിലാക്കേണ്ടതുള്ളൂ.

3. വുളുവിൽ ഓരോ തവണ എന്നും ഈ രണ്ടു തവണ എന്നും മുമ്മൂന്ന് തവണയെന്നും ഒന്നും രണ്ടും മൂന്നും വീതം ഒന്നും ചില അവയവങ്ങൾ മൂന്നു തവണയെന്നുമെല്ലാം വ്യത്യസ്ത രൂപത്തിൽ വന്നിട്ടുള്ളത് സമയത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയനുസരിച്ചായിരുന്നു എന്നു മനസ്സിലാക്കലാണുചിതം.

4. വെള്ളം ശുദ്ധമാണ് അതിനെ യാതൊന്നും മലിനമാക്കുകയില്ല എന്ന് പറഞ്ഞ നബി തന്നെ വെള്ളം രണ്ടു ഖുല്ലത്തുണ്ടെങ്കിൽ അത് മലിനമായിത്തീരുകയില്ല എന്ന് പഠിപ്പിച്ചതിൽ നിന്നും ആ വെള്ളത്തിന്റെ പരിമാണം പഠിപ്പിക്കുകയായിരുന്നു രണ്ടാമത്തേതിൽ എന്നു വേണം മനസ്സിലാക്കേണ്ടത്.

5. തീയിൽ വെന്തത് കഴിച്ചാൽ വുളൂഅ് ചെയ്യണമെന്ന അബൂഹുറൈറ(റ) നിവേദനം ചെയ്ത ഹദീസിനെ ഇബ്നു അബ്ബാസും(റ) ജാബിറും(റ) ഉദാഹരണ സഹിതം ചോദ്യം ചെയ്തിട്ടുണ്ട്. നബി പാൽ കുടിച്ചതിന് ശേഷം വായ കൊപ്ലിച്ച സംഭവമാണ് ഇബ്നു അബ്ബാസ്(റ) പറഞ്ഞതെങ്കിൽ ആട്ടിറച്ചി തിന്നതിന് ശേഷം വുളൂ ചെയ്യാതെ അസ്വർ നമസ്കരിച്ചതാണ് ജാബിർ(റ) തെളിവ് പറഞ്ഞത്. ഈ സംഭവങ്ങളെയും നബി(സ)ക്ക് മാത്രം പ്രത്യേകമായത് എന്ന് വ്യാഖ്യാനിക്കാൻ സമുദായത്തിൽ ആളുകളുണ്ട്.

സുനനുത്തിർമിദിയിലെ ശു ദ്ധി എന്ന അധ്യായത്തിലെ ചില ഹദീസുകൾ ഉദ്ധരിച്ചുവെന്നു മാത്രം. ഹദീസുകളിൽ കാണുന്ന ഈ തആറുള്വ് (വൈരുദ്ധ്യങ്ങൾ) പക്ഷേ പ്രമാണങ്ങളെ വായിക്കേണ്ട രീതിയിൽ വായിച്ചാൽ മനസ്സിലാക്കാൻ പ്രയാസമില്ല.

സ്ത്രീവിരുദ്ധമായി വ്യാഖ്യാ- നിക്കപ്പെടുന്ന ഹദീസുകൾ

നബി(സ) ഭൂമിയിൽ ഏറ്റവും സ്നേഹിച്ചിരുന്നതും ബഹുമാനിച്ചിരുന്നതും സ്ത്രീകളെയും കുട്ടികളെയുമായിരുന്നുവെന്ന് ഹദീസുകളിൽ നിന്ന് വ്യക്തമാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ഒരു സംഘത്തിന്റെയടുത്ത് കൂടെ നടന്നു പോയപ്പോൾ “നിങ്ങളാണ് എന്റെ ഏറ്റവും പ്രിയർ” (ബു. 1484) എന്നാൽ അതേ നബി(സ)ക്ക് ചേർത്ത് ചില വർത്തമാനങ്ങൾ വന്നിരിക്കുന്നതിന്റെ നിജസ്ഥിതി ഒന്നറിയൽ നന്നാവും.

1. സ്ത്രീ മുന്നിലൂടെ നടന്നാൽ നമസ്കാരം മുറിയും: ഇബ്നു ഉമർ(റ) സ്ത്രീ, നായ, കഴുത എന്നിവ മുന്നിലൂടെ നടന്നാൽ നമസ്കാരം മുറിയുമെന്ന നിവേദനം പ്രവാചകപത്നിയായ ആയിശ(റ) തന്നെ പോസ്റ്റ്മോർട്ടം നടത്തുന്നുണ്ട്.

നിങ്ങളെന്താ ഞങ്ങളെ നായയോടും കഴുതയോടും തുല്യമായി കാണുന്നുവോ? (ബു. 303)

2. ദുഃശ്ശകുനം മൂന്നെണ്ണത്തിലാണ്. വനിത, വാഹനം, വസതി (ബു. 2858). ഇത് നബി(സ) തന്റെ അഭിപ്രായമായി പറഞ്ഞതല്ലെന്നും സ്ത്രീകളെ ചൊടിപ്പിക്കാൻ പൊതുവെ ജാഹിലിയ്യ സമൂഹത്തിലുള്ളവർ പറയാറുണ്ടായിരുന്നുവെന്നേ ഇ തിനർത്ഥമുള്ളൂവെന്നാണ് ആ യിശ(റ)യിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നത്. നമ്മുടെ പ്രഭാഷകരും പലപ്പോഴും ഉദ്ധരിക്കുന്ന ഒരു കവിതാ ശകലമാണല്ലോ “കനകം മൂലം കാമിനി മൂലം…” “നാരികൾ നാരികൾ, വിശ്വവിപത്തിൻ….” എന്നിവ. അത്രയേ ആ പറഞ്ഞതിന് അർത്ഥമുള്ളൂ. ഒരു മനുഷ്യന്റെ സൗഭാഗ്യമായി നബി(സ) പഠിപ്പിച്ച നാല് കാര്യങ്ങൾ വനിത, വസതി, അയൽവാസി, വാഹനം എന്ന അഹ്മദ്, ഹാക്കിം എന്നിവർ ഉദ്ധരിച്ച ഹദീസ് സ്വഹീഹാണെന്ന് അൽബാനി സാക്ഷ്യപ്പെടുത്തുന്നു. (887).

3. പുരുഷന്മാർക്ക് സ്ത്രീകളെ പോലെ ഒരു പരീക്ഷണമില്ല. (ബു. 5096, മു. 2097) സ്ത്രീകൾ മാത്രമാണ് പരീക്ഷണം എന്നതല്ല സ്ത്രീകളെക്കൊണ്ടുള്ള പരീക്ഷണം കൂടുതലാണ് എന്നാണ് ഹദീസ് പഠിപ്പിക്കുന്നത്. സ്ഥിരമായി പത്രം വായിക്കുന്ന ആർക്കും ഈ പ്രസ്താവനയിൽ യാതൊരു സംശയവുമുണ്ടാവില്ല. ഖുർആനിൽ സൂറ. തഗ്വാബുൻ 14-ാം സൂക്തത്തിലും സൂറ. അൻഫാൽ 28-ാം സൂക്തത്തിലും യഥാക്രമം ശത്രു (അദുവ്വ്) പരീക്ഷണം (ഫിത്ന) എന്നേ ഹദീസിൽ വന്ന ഫിത്നക്ക് അർത്ഥമുള്ളൂ. മക്കളും ഭാര്യമാരും പരീക്ഷണങ്ങളായ എത്രയോ പുരുഷകേസരികളെ നമുക്ക് പരിചയമുണ്ട്.

4. സ്ത്രീ വളഞ്ഞ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിക്കപ്പട്ടത്. (ബു. 1772). ഈ പരാമൃഷ്ട വളവ് അവരുടെ വെളവല്ല. പ്രത്യുത അവരുടെ സൃഷ്ടിപ്പിന്റെ സൗന്ദര്യമാണത്. തത്തയുടെ സൗന്ദര്യം അതിന്റെ വളഞ്ഞ കൊക്കാണ്. പഴയ തറവാടുകളിൽ സൗന്ദര്യ വിളക്കുകൾ തൂക്കിയിടുന്ന ഹൂക്ക് വായനക്കാർ ശ്രദ്ധിച്ചിരിക്കുമല്ലോ. കുടുംബമാവുന്ന ഈ വിളക്ക് തൂക്കിയിട്ടിരിക്കുന്ന കൊളുത്താണ് ആ വളവ്. അതിനെ നേരെയാക്കൽ അതിനെ പൊട്ടിച്ചു കളയും.

5. ബുദ്ധിയും മതവും കുറഞ്ഞവർ. (ബു. 203, മു. 86). മുസ്ലിം സ്ത്രീയെ ക്രൂശിക്കാൻ ഓറിയന്റലിസ്റ്റുകളും മറ്റും ഏറ്റവും കൂടുതൽ ഉപയോഗിക്കാറള്ള ഒരു കച്ചിത്തുരുമ്പാണ് ഈ ഹദീസ്. ആർത്തവകാലത്ത് സ്ത്രീകളനുഭവിക്കുന്ന മനോവിഷമവും വിഷാദവും മനസ്സിലാക്കാത്ത ഫെമിനിസ്റ്റുകളാണ് ഇത്തരം ഹദീസുകൾക്കെതിരെ മുദ്രാവാക്യം മുഴക്കാറ്. യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ഈ പിരീഡിൽ അവർക്ക് പരീക്ഷകൾ, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ അനുവദിച്ചു കൊടുക്കാറുണ്ട്. ഇന്ത്യൻ സംസ്ഥാനമായ ബീഹാറിൽ മെൻസസ് ലീവ് എന്ന ശമ്പളത്തോടെയുള്ള ലീവ് എല്ലാ ഋതുമതികൾക്കുമുണ്ട്. അഥവാ ഇക്കാലത്ത് സ്ത്രീകൾ ശാരീരികമായും വൈകാരികമായും വിഷാദത്തിലാവുന്നതിനാലാണ് അവർക്ക് ആരാധനകളിൽ പോലും ഇളവ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഈ ഇളവില്ലാത്ത പെണ്ണുങ്ങൾ ഏതായാലും ഈ പ്രസ്താവനക്കപവാദമാണല്ലോ?!

6. സ്ത്രീ അധികാരത്തിൽ വന്ന സമൂഹം വിജയിക്കില്ല. (ബു. 2456). കോൺടെക്സ്റ്റുകൾ (സന്ദർഭങ്ങൾ) മനസ്സിലാവാതെ ടെക്സ്റ്റുകൾ (പ്രമാണങ്ങൾ) വായിക്കുന്നതിന്റെ ഉദാഹരണമാണ് ഈ ഹദീസ്. കിസ്റാ രാജാവ് മരിച്ച് മക്കൾ തമ്മിൽ ആഭ്യന്തര കലഹമുടലെടുത്തു. കൂട്ടത്തിൽ നാവിക ശേഷിയുണ്ടായിരുന്ന പെണ്ണൊരുത്തി ബൂറാൻ അധികാരം പിടിച്ചടക്കി. ആ രാജ്ഞി അധികം നാടുവാഴില്ല എന്നാണ് നബി(സ) ആ പറഞ്ഞതിന്റെ സാരം. നബി പ്രവചിച്ചത് പോലെ അധികം കഴിയും മുമ്പേ ആ സാമ്രാജ്യം അടിച്ചുപിരിഞ്ഞു. ക്രിസ്തുവർഷം 628-632ലാണ് സംഭവം. സ്ത്രീക്ക് ഇമാമത്തുൽ ഉള്മയല്ലാത്ത എന്തുത്തരവാദിത്തവും വഹിക്കാമെന്നാണ് ഇമാം അബൂഹനീഫ മുതൽ ഇബ്നു ഹസം വരെയുള്ള പണ്ഡിതന്മാരുടെ നിലപാട്. സ്ത്രീ അവളുടെ വീട്ടിലെ ഭരണാധികാരി (ബു. 853) യാണ് എന്ന് നബി(സ) പഠിപ്പിക്കുന്നത് തന്നെ അവരുടെ തെളിവ്. ഇംഗ്ലണ്ടിലെ വിക്ടോറിയയും ഇസ്രായേലിലെ ഗ്ലേലിഡ് മേയറും ഇന്ത്യയിലെ ഇന്ദിരാഗാന്ധിയും ചരിത്രത്തിലെ ബൽഖീസിനെ അനുസ്മരിപ്പിച്ച മഹിളാരത്നങ്ങളായിരുന്നു.

സ്ത്രീക്ക് പള്ളിയും പള്ളിക്കൂടവും കൊട്ടിയടക്കുന്നവർ പറയാറുള്ള ഒരായത്താണ് ആയത്തുൽ ഹിജാബ്. ഏതാണത് എന്നതിൽ പക്ഷേ അവർക്കു പോലും യോജിപ്പില്ല. ആ ആയത്തിന് ശംഷം സ്ത്രീകളാരും പള്ളിയിൽ പോയിട്ടില്ല എന്നു തോന്നും അവരുടെ വർത്തമാനം കേട്ടാൽ. സ്ത്രീ പള്ളി പ്രവേശവുമായി ബന്ധപ്പെട്ട ഹദീസിൽ “അവരുടെ വീടാണ് അവർക്കുത്തമം” എന്ന പരാമർശം ഇദ്റാജിന്റെ ഉദാഹരണമായി നിവേദകൻ ഇബ്നു ഖുസൈമ ചേർത്തതാണ്.

സ്ത്രീക്ക് സാക്ഷ്യം പാടില്ല, അവളെ പുറത്തിറക്കുന്നവൻ ദയൂസ് (കൂട്ടികൊടുപ്പുകാരൻ), അവൾ ജോലിക്കിറങ്ങരുത് എന്നിവയെല്ലാം നാവുകളിൽ കറങ്ങി നടക്കുന്ന ചില ‘കുന്ദംകുളം’ ഹദീസുകളാണ്. നബി(സ)യുടെ പ്രിയ പത്നി സൈനബ് കൈത്തറി വസ്തുക്കൾ ഉണ്ടാക്കി വിറ്റു കിട്ടുന്ന വരുമാനം സ്വദഖ ചെയ്തിരുന്നതും തനി പരിവ്രാജക ജീവിതം നയിച്ചിരുന്ന ഇബ്നു മസ്ഊദി(റ)ന്റെ ഭാര്യ അധ്വാനിച്ച് വീട്ടിൽ അടുപ്പുകത്തിച്ചതും ഇദ്ദയിലുള്ള സ്ത്രീക്ക് കാരക്ക പറിക്കാൻ പോവാനുള്ള അനുമതി നബി(സ) നേരിട്ട് വാങ്ങിയതും ഉമർ(റ) തന്റെ പുത്രി ഹഫ്സ്വയെ പഠിപ്പിക്കാൻ വന്നിരുന്ന സ്ത്രീ ശിഫാക്ക് കൂലി കൊടുത്തതും മാർക്കറ്റിലെ നിരീക്ഷണത്തിന് ആ മഹതിയെ തന്നെ ഏൽപ്പിച്ചതുമെല്ലാം ഹദീസ് ചരിത്രഗ്രന്ഥങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോഴും സ്ത്രീ പുറത്തിറങ്ങാൻ പാടില്ലെന്ന് ഉദ്യോഗം നിർവഹിക്കാൻ പാടില്ലെന്നുമെല്ലാം വാദിക്കുവാൻ വിവരക്കേടു മാത്രം പോര; നല്ല തൊലിക്കട്ടിയും വേണം.

Topics