സ്ത്രീ ഇസ്‌ലാമില്‍-Q&A

സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കുന്ന പിതാവ് ?

ചോദ്യം: ഞാന്‍ മുപ്പതുകാരിയായ യുവതിയാണ്. ശരിയും തെറ്റും വിവേചിച്ചറിയാന്‍ പ്രാപ്തി നേടിയവള്‍. എന്റെ പ്രശ്‌നം കര്‍ക്കശക്കാരനായ എന്റെ പിതാവാണ്. എനിക്ക് ഒരു ചുവട് മുന്നോട്ടുവെക്കണമെങ്കില്‍ പിതാവിന്റെ അനുവാദം കൂടിയേ തീരൂ. അല്ലാഹുവിനെയാണോ അതോ പിതാവിനെയാണോ അനുസരണത്തിന്റെ കാര്യത്തില്‍ പിന്തുടരേണ്ടത് ? തൊഴിലെടുക്കാനും അയഞ്ഞ വസ്ത്രങ്ങളേതും (ഷര്‍ട്ടും ജീന്‍സും) ധരിക്കാനും ദീനില്‍ വിലക്കില്ലെന്നിരിക്കെ പിതാവിന് അതെങ്ങനെ വിലക്കാനാകും ? സാംസ്‌കാരികമായ ചില ആചാരങ്ങള്‍ (ഉദാ: മൂക്കുത്തി ഇടല്‍, കാതുകുത്തല്‍…) ഇഷ്ടമില്ലാതിരുന്നിട്ടും അതെല്ലാം അടിച്ചേല്‍പിക്കുന്നത് ശരിയാണോ ? ഇസ്‌ലാമില്‍ പിതാവ് രക്ഷിതാവോ അതോ സര്‍വ്വാധിപതിയോ ? മുസ്‌ലിം വനിതയെന്നാല്‍ സ്വയം തീരുമാനത്തിന് അധികാരമില്ലാത്തവള്‍ എന്നാണോ ?

ഉത്തരം: ഒരു വ്യക്തി അയാളുടെ 30- 40 വയസ്സ് കാലത്ത് അശ്രദ്ധ,അക്ഷമ, വിവേകമില്ലായ്മ എന്നിങ്ങനെയുള്ള ന്യൂനതകളില്‍നിന്ന് മുക്തനാകുന്നുവെന്നാണ് സാധാരണയായി പറയാറ്. മുഹമ്മദ് നബിക്ക് അല്ലാഹു പ്രവാചകത്വം നല്‍കിയത് നാല്‍പതാമത്തെ വയസ്സിലാണല്ലോ. പ്രായപൂര്‍ത്തിയായ വ്യക്തി തന്റെ പ്രവൃത്തിയിലും ചിന്തയിലും സ്വാതന്ത്ര്യം കൊതിക്കുന്നവനാണ്. അത്തരം കാര്യങ്ങളില്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കുകയില്ല. താങ്കള്‍ പ്രായപൂര്‍ത്തിയായ സ്ഥിതിക്ക് പിതാവിന്റെ താങ്കളുടെ മേലുള്ള നിയന്ത്രണം, ശ്വാസംമുട്ടിക്കുന്നതായിരിക്കുമെന്ന കാര്യത്തില്‍ അത്ഭുതമില്ല.

ഇസ്‌ലാമിലെ പിതാവ്

ഇസ്‌ലാം പിതാവിനെ കുടുംബത്തിന്റെ നാഥനാക്കിയിരിക്കുന്നു. അതിനാല്‍ തന്നെ കുടുംബത്തിലെ ഓരോ വ്യക്തിയുടെയും ആത്മീയ-ഭൗതികവളര്‍ച്ചയുടെ ഉത്തരവാദിത്വം ഏല്‍പിക്കപ്പെട്ടവനാണ് അയാള്‍.
ഇസ്‌ലാമിലെ പിതാവ് തന്റെ പെണ്‍മക്കളോട് അതിയായ വാല്‍സല്യവും കാരുണ്യവും കാണിക്കുന്നവനായിരിക്കും. തന്റെ പെണ്‍മക്കളെ നല്ല ശിക്ഷണം നല്‍കി വളര്‍ത്തുന്ന പിതാവിന് സ്വര്‍ഗത്തെക്കുറിച്ച സന്തോഷവാര്‍ത്തയറിയിക്കുന്ന ഹദീസുകള്‍ സുപരിചിതമാണ്. എന്നാല്‍ ആണ്‍മക്കളെ വളര്‍ത്തുന്നതില്‍ അത്തരം സവിശേഷപ്രതിഫലം ഉള്ളതായി നാം കേട്ടിട്ടില്ല. കാരണം, ശ്രദ്ധയോടെയും സ്‌നേഹത്തോടെയും വളര്‍ത്തിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട്, അല്ലാഹു മനുഷ്യന് നല്‍കുന്ന പ്രത്യേക സമ്മാനമാണ് പെണ്‍മക്കള്‍.
പെണ്‍മക്കളുടെ രക്ഷാകര്‍തൃത്വവും സംരക്ഷണവും തങ്ങളുടേതാണല്ലോ എന്ന ബോധം അധികാരവും നിയന്ത്രണവും അടിച്ചേല്‍പിക്കാം എന്ന തെറ്റുധാരണയിലേക്ക് ചില പിതാക്കന്‍മാരെയെങ്കിലും നയിക്കാറുണ്ട്. അത്തരക്കാര്‍ മുഹമ്മദ് നബി തന്റെ പെണ്‍മക്കളെ വളര്‍ത്തിയതും പരിപാലിച്ചതും എങ്ങനെയെന്ന് അറിയുന്നില്ല. നബി മകള്‍ ഫാത്വിമയോടനുവര്‍ത്തിച്ച പെരുമാറ്റം മാതൃകാപരമായിരുന്നുവെന്ന് അവരറിഞ്ഞേ മതിയാകൂ.

പെണ്‍മക്കളെ ‘സംരക്ഷിക്കുന്ന സംസ്‌കാരം’

പെണ്‍മക്കളെ സ്വതന്ത്രമായി ചിന്തിക്കാനോ, വളരാനോ അനുവദിക്കാത്ത സാംസ്‌കാരികചുറ്റുപാട് മുമ്പുള്ളത്ര ശക്തമല്ലെങ്കിലും ഇപ്പോഴും നിലവിലുണ്ട്. നാല്‍പതുകളിലെത്തിയ യുവതികള്‍ക്ക് അത്തരം കുടുംബാന്തരീക്ഷം പരിചയമുണ്ടായിരിക്കും. എന്റെ സഹപാഠികളില്‍ ചിലരുടെ പിതാക്കന്‍മാര്‍ കടുത്ത കാര്‍ക്കശ്യവും അടിച്ചമര്‍ത്തല്‍ സ്വഭാവവും പുലര്‍ത്തിയവരായിരുന്നു. തദ്ഫലമായി കടുത്ത മാനസികപ്രയാസം അനുഭവിച്ചവരായിരുന്നു അവര്‍. പിതാക്കന്‍മാരുടെ അത്തരം സ്വഭാവത്തിന് കാരണം നിലനില്‍ക്കുന്ന പിതൃാധികാരസംസ്‌കാരമാണ്. അത്തരം ഘടനയില്‍ ആണുങ്ങള്‍ക്ക് എന്തുമാവാം എന്ന ചിന്താഗതി മൂടുറച്ചിരിക്കുന്നു. അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.

ഒരു മുസ്‌ലിംപുരുഷന്‍ വിവാഹബന്ധത്തില്‍പെടാത്ത ഇതരസ്ത്രീകളോട് (അത് മുസ്‌ലിമാവട്ടെ, അല്ലാതിരിക്കട്ടെ) പെരുമാറുന്നതിനും വ്യവഹാരം നടത്തുന്നതിനും ചില മര്യാദകളും അടിസ്ഥാനമൂല്യങ്ങളും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവരെ തുറിച്ചുനോക്കാനോ, അവരുമായി ശൃംഗരിക്കാനോ, പ്രേമബന്ധത്തിലേര്‍പ്പെടാനോ, ഉപദ്രവിക്കാനോ പാടില്ല. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ട് സ്ത്രീകളെ ചൂഷണംചെയ്യുന്ന മനസ്സോടെ നടക്കുന്ന ചില ദുര്‍ബലവിശ്വാസികള്‍ സമൂഹത്തിലുണ്ട്. തനിക്ക് മറ്റു സ്ത്രീകളെ തുറിച്ചുനോക്കാം, അവരെ ഉപദ്രവിക്കാം. എന്നാല്‍ മറ്റുള്ളവര്‍ തന്റെ കുടുംബത്തിലെ സ്ത്രീകളോട് മോശമായി പെരുമാറാന്‍ അനുവദിക്കുകയില്ല. അവര്‍ സ്ത്രീകളോട് അനുവര്‍ത്തിക്കുന്ന മോശം പെരുമാറ്റത്തിന്റെ അനുഭവങ്ങളാണ് സ്വന്തംകുടുംബത്തിലെ പെണ്‍മക്കളോട് കാര്‍ക്കശ്യം പുലര്‍ത്തുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്. അതാണ് മക്കളുടെ സ്വയംതെരഞ്ഞെടുപ്പിലും വസ്ത്രധാരണത്തിലും മറ്റും കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുന്നതിന് പിന്നിലുള്ളത്. എന്നാല്‍ അത്തരം ഏകാധിപത്യപരമായ നിയന്ത്രണങ്ങള്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ല.

അനുരജ്ഞന സംവദനം

പിതാവിനോട് തന്റെ മനോവികാരങ്ങളെയും വിചാരങ്ങളെയും വെളിപ്പെടുത്തി സംവദിക്കണമെന്നാണ് താങ്കളോട് എനിക്ക് പറയാനുള്ളത്. അതിനായി സ്‌നേഹംതുളുമ്പുംവിധം ഹൃദയഹാരിയായ രീതിയില്‍ ഒരു കത്ത് പിതാവിനെഴുതുക. തന്റെ പെണ്‍മക്കള്‍ക്കായി ഏതൊരു പിതാവും ഹൃദയത്തില്‍ പ്രത്യേകയിടം നല്‍കും. അവര്‍ ആ സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കുകയോ സമ്മതിക്കുകയോ ചെയ്തില്ലെങ്കില്‍ പോലും. അതിലൂടെ പിതാവിന്റെ കര്‍ക്കശനിലപാടുകള്‍ തനിക്ക് എത്രമാത്രം പ്രയാസമുണ്ടാക്കുന്നുവെന്ന് തുറന്ന ഹൃദയത്തോടെ വെളിപ്പെടുത്തുക. പിതാവിനോടുള്ള സ്‌നേഹം (എന്റെ പൊന്നുപ്പാ… തുടങ്ങി അഭിസംബോധനകളില്‍ തുടങ്ങി) മാത്രമായിരിക്കണം ആ എഴുത്തിലൂടെ വെളിപ്പെടേണ്ടത് എന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. പിതാവിനോട് സംസാരിക്കുന്നതില്‍ ഒരുപാട് പ്രയാസങ്ങളും തടസ്സങ്ങളും (മറ്റുള്ളവരുടെ ഇടപെടലുകള്‍)നേരിട്ടേക്കാം എന്നതുകൊണ്ടാണ് കത്തെഴുതാന്‍ ഞാന്‍ പറയുന്നത്.

കത്ത് കിട്ടുന്ന പിതാവ് അത് സ്വകാര്യതയില്‍ പലവട്ടം വായിക്കും. കത്തിലെ വരികള്‍ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഹൃദയത്തെ സ്വാധീനിക്കും. അത് അദ്ദേഹത്തെ ഹൃദയാലുവാക്കും.

ഇനി താങ്കള്‍ക്ക് കത്ത് സ്വയം എഴുതാനുള്ള കഴിവില്ലെങ്കില്‍ കുടുംബത്തിലെ ഏറ്റവും അടുത്ത കസിന്‍സിനെയോ സുഹൃത്തുക്കളെയോ ആശ്രയിക്കാം. തന്റെ കത്തെഴുത്ത് എന്ന ആശയത്തിനുപിന്നിലെ വികാരം അവരെ അറിയിച്ചുകൊണ്ടായിരിക്കണം അതെഴുതേണ്ടത്. ഇനി ഈ രീതിയില്‍ മറ്റുള്ളവരെ ആശ്രയിച്ചാല്‍ ആ രഹസ്യം പുറത്താവുകയും (മറ്റുള്ളവര്‍ ഗുണദോഷിക്കുന്നത്) അത് പിതാവിനെ കൂടുതല്‍ കോപാകുലനാക്കുകയും ചെയ്യുമെന്ന ഭയമുണ്ടെങ്കില്‍ മറ്റാരെയും അറിയിക്കാതെ എഴുതുകയും അത് കൈമാറുകയും ചെയ്യുകയാണ് ഉത്തമം. ചുരുക്കത്തില്‍ പിതാവിനെ സ്വാധീനിക്കുംവിധമായിരിക്കണം താങ്കളുടെ നീക്കങ്ങള്‍.

ക്ഷമയവലംബിക്കുക, പ്രാര്‍ഥിക്കുക

പിതാവ് കല്‍പിക്കുന്നതെന്തും ചെയ്യാനല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാം പ്രത്യേകിച്ച് പരാമര്‍ശിച്ചിട്ടില്ലാത്ത വ്യക്തിഗത തെരഞ്ഞെടുപ്പുകളിലെ ഇഷ്ടാനിഷ്ടങ്ങളില്‍ മറ്റുള്ളവരെ അനുസരിക്കേണ്ട ബാധ്യത താങ്കള്‍ക്കില്ല. (ഉദാ: മൂക്കുകുത്തുക, ശരീഅത്ത് വിലക്കാത്ത വസ്ത്രധാരണ രീതി സ്വീകരിക്കുക തുടങ്ങിയവ). അതൊക്കെ ഉണ്ടെങ്കിലും ശരി, നിസ്സാരമായ കാര്യങ്ങളിലാണെങ്കില്‍പോലും അല്ലാഹുവെമുന്‍നിര്‍ത്തി പിതാവിനെ അനുസരിക്കുന്നത് ഉത്തമവും പ്രതിഫലാര്‍ഹവുമാണ്. താങ്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കപ്പെട്ട വിഷയങ്ങളില്‍ പിതാവിനെ തുറന്നെതിര്‍ക്കാതെ യുക്തിയും ബുദ്ധിയും കൈക്കൊള്ളുക. പിതാവിനെ പ്രകോപിപ്പിക്കാതിരിക്കുക. പിരിമുറുക്കം കൂടാതെ ഇടപെടാന്‍ കഴിയുന്ന മനസ്സിനായി പ്രാര്‍ഥിക്കുക.

ഇങ്ങനെയൊക്കെയാണെങ്കിലും പ്രായംചെല്ലുന്നതോടെ രക്ഷിതാക്കള്‍ക്ക് വിട്ടുവീഴ്ചാമനസ്ഥിതി കൈവരുന്നതായാണ് കണ്ടുവരാറുള്ളത്. പ്രത്യേകിച്ചും അവര്‍ ശാരീരികമായും മാനസികമായും ദുര്‍ബലരാകുമ്പോള്‍ . അത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കളോട് കാരുണ്യത്തോടെ പെരുമാറണം. എന്നാല്‍ ദീനിന് വിരുദ്ധമായ കാര്യങ്ങളില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ മാനിക്കേണ്ടതില്ല. പ്രാര്‍ഥിക്കുക, അല്ലാഹു താങ്കളെ എല്ലാവിധ പാരതന്ത്ര്യങ്ങളില്‍നിന്നും മോചിപ്പിക്കുക തന്നെ ചെയ്യും.

Topics