إِنَّ أَصْحَابَ الْجَنَّةِ الْيَوْمَ فِي شُغُلٍ فَاكِهُونَ
55. സംശയംവേണ്ട ; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും.
എല്ലാവിധ മഹത്തായ അനുഗ്രഹങ്ങളും നിറഞ്ഞ ദിനം എന്നര്‍ഥത്തിലാണ് ‘അല്‍യൗം ‘ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്ക് അന്ന് മഹത്തായ ദിനമായിരിക്കും. അതേസമയം, സ്വര്‍ഗവാസികളുടെ ശുഗുല്‍(വ്യവഹാരം)എന്താണെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കെല്ലാം വ്യത്യസ്താഭിപ്രായമാണുള്ളത്.
ഇബ്‌നു മസ്ഊദ് , ഇബ്‌നു അബ്ബാസ് എന്നീ സ്വഹാബികളുടെ അഭിപ്രായത്തില്‍ സ്വര്‍ഗവാസികള്‍ തങ്ങളുടെ കന്യകകളായ തരുണീമണികളോടൊപ്പമായിരിക്കുമെന്നാണ്. സ്വര്‍ഗത്തിലെ അനുഗൃഹീതസൗഭാഗ്യങ്ങള്‍ ആസ്വദിക്കുന്നവരായിരിക്കും അവരെന്ന് വ്യാഖ്യാതാവായ മുജാഹിദ് പറയുന്നു. തങ്ങളുടെ കുടുംബബന്ധുക്കളും സുഹൃത്തുക്കളുമായവര്‍ നരകത്തിലാണെന്ന വസ്തുത പോലും വിസ്മരിച്ചുപോകുമാറ് സൗഭാഗ്യങ്ങളില്‍ മുഴുകുകയായിരിക്കും സ്വര്‍ഗവാസികളെന്ന് ഇമാം ഖുര്‍ത്വുബി വ്യക്തമാക്കുന്നു.
ചുരുക്കത്തില്‍ നരകവാസികളായ ആളുകളുടെ ദൗര്‍ഭാഗ്യത്തെക്കുറിച്ചോര്‍ക്കാന്‍ പോലും കഴിയാത്തവിധം സൗഭാഗ്യസമുദ്രത്തില്‍ നീന്തിത്തുടിക്കുകയായിരിക്കും സത്കര്‍മകാരികള്‍ എന്നാണ് അധികപണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നത്. ഇതേ വീക്ഷണത്തെ പിന്തുണക്കുംവിധമാണ് അവിശ്വാസികളുടെ പുനരുജ്ജീവനവും ഖേദവും തൊട്ടുമുമ്പുള്ള സൂക്തത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്.
മേല്‍പരാമര്‍ശിക്കപ്പെട്ട വ്യത്യസ്താഭിപ്രായങ്ങള്‍ ഒരുപക്ഷേ ശരിയായിരിക്കാം. സലഫുകളായ പണ്ഡിതന്‍മാരുടെ വീക്ഷണങ്ങള്‍ വിരുദ്ധമെന്നതിനേക്കാള്‍ അനുകൂലമായാണ് കൂടുതലും വന്നിട്ടുള്ളത്. സമാനാശയങ്ങള്‍ പകര്‍ന്നുനല്‍കുന്ന അര്‍ഥപരികല്‍പനയാണ് ആ വാക്കിന് അവര്‍ നല്‍കിയിട്ടുള്ളത്.
അതുപോലെ ‘ഫാകിഹൂന്‍ ‘എന്ന സംജ്ഞയ്ക്ക് ‘ഫരിഹൂന്‍'(അവര്‍ സന്തോഷിക്കുന്നു)എന്നും ‘അജിബൂന്‍'(അവര്‍ അത്ഭുതം കൂറുന്നു)എന്നുമൊക്കെ ചില പണ്ഡിതന്‍മാര്‍ അര്‍ഥം കല്‍പിക്കുന്നുണ്ട്. ബസ്‌റയിലെ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിക്കുന്നത് ധാരാളം പഴങ്ങള്‍ അളവില്ലാതെ നല്‍കപ്പെടുന്നവരാണ് അവരെന്നാണ്. അധികം ഈത്തപ്പഴം (തംറ്) ഉള്ളയാളെ ‘താമിര്‍’ എന്ന് അറബിക്കവികള്‍ വിശേഷിപ്പിക്കാറുണ്ട്. സമാനമായ രീതിയിലാണ് ഫാകിഹൂന്‍ വരുന്നത്. ഇബ്‌നു ആശൂറിന്റെ നിര്‍വചനത്തില്‍ ‘ഫാകിഹ്’ എന്ന കര്‍ത്താവ് വരുന്നത് ഫകിഹ എന്ന ക്രിയയില്‍നിന്നാണ്. ഫാകിഹ് എന്നാല്‍ അങ്ങേയറ്റം സന്തോഷിക്കുന്നവനും നര്‍മബോധമുള്ളവനുമാണ്.
ശുഗുല്‍ , ഫാകിഹൂന്‍ എന്നിങ്ങനെയുള്ള അവസ്ഥകളെ ഇമാം ഇബ്‌നുകഥീര്‍ വിവരിക്കുന്നതിങ്ങനെ: പുനരുത്ഥാനനാളില്‍ വിചാരണകളില്‍നിന്ന് മുക്തരായി സ്വര്‍ഗത്തില്‍ എല്ലാ സൗഭാഗ്യങ്ങളും ആസ്വദിക്കുന്നവരായിരിക്കും അവര്‍.
‘അബ്ദുല്ലാഹിബ്‌നു മസ്ഊദ് , ഇബ്‌നു അബ്ബാസ്, സഅ്ദ് ബ്‌നു മുസയ്യബ്, ഇക്‌രിമ, അല്‍ഹസന്‍,ഖതാദ, അല്‍അഅ്മശ്, സുലൈമാന്‍ അല്‍ തൈമീ, അല്‍ഔസാഈ എന്നിവര്‍ 56-ാമത്തെ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് അഭിപ്രായപ്പെടുന്നത്, സ്വര്‍ഗവാസികള്‍ തങ്ങളുടെ ഇണകളോടൊപ്പം എല്ലാ അര്‍ഥത്തിലുമുള്ള സന്തോഷം പങ്കിടുന്നുവെന്നാണ്. പ്രവാചകതിരുമേനി (സ) പറഞ്ഞു: സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വിശ്വാസി ഇണയെ സംതൃപ്തിപ്പെടുത്താന്‍ തക്ക ലൈംഗികശേഷിയുള്ളവനായിരിക്കും. അപ്പോള്‍ ആരോ പ്രവാചകരോട് ചോദിച്ചു:’അല്ലാഹുവിന്റെ ദൂതരേ, അന്നാളില്‍ അതിന് മനുഷ്യന് ശക്തിയുണ്ടാകുമോ ‘ തിരുനബി പ്രതിവചിച്ചു: ‘ അവന് നൂറുമനുഷ്യരുടെ ശക്തി നല്‍കപ്പെടും.’
هُمْ وَأَزْوَاجُهُمْ فِي ظِلَالٍ عَلَى الْأَرَائِكِ مُتَّكِئُونَ
56. അവരും അവരുടെ ഇണകളും സ്വര്‍ഗത്തണലുകളില്‍ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.
അമ്പത്തിയഞ്ചാംസൂക്തം പറഞ്ഞ ‘അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും’ എന്നതിന്റെ വിശദാംശമെന്നോണമാണ് ഈ ആയത്ത് വന്നിട്ടുള്ളതെന്ന് ഇമാം ഇബ്‌നു ആശൂര്‍ വിശദീകരിക്കുന്നു. തുടര്‍ന്നുവന്ന സൂക്തത്തിലെ ‘അവര്‍’ എന്നത് തരുത്തണലില്‍ തരുണികളായ ഇണകളോടൊത്ത് സന്തോഷംകൊള്ളുന്ന സ്വര്‍ഗവാസികളാണ്.
‘ളില്ല് ‘ എന്നതിന്റെ ബഹുവചനമായ ‘ളിലാല്‍’ ന്റെ ആശയം തണല്‍ എന്നാണ്. ‘ളുല്ലഃ’ എന്നതിന്റെ ബഹുവചനരൂപമായ ‘ളുലാല്‍’ എന്നും അതിനെ ചിലര്‍ വായിച്ചിട്ടുണ്ട്. അലങ്കാരത്തുണിത്തരങ്ങള്‍കൊണ്ട് തയ്യാറാക്കിയ മേലാപ്പിന്‍ കീഴെ എന്നാണ് കൂടുതല്‍ യോജിച്ചുവരുന്ന അര്‍ഥം. സ്വര്‍ഗവാസികള്‍ ഇണകളോടൊത്ത് ആരാമത്തിലെ ചാരുമഞ്ചങ്ങളില്‍ വിശ്രമംകൊള്ളുന്നവരാണെന്ന് ചുരുക്കം. ഇമാം ഇബ്‌നു കഥീര്‍ അതെക്കുറിച്ചുപറഞ്ഞത് മരത്തണലില്‍ ചാരുകട്ടിലിലും വിരിപ്പിലും ചാരിയിരുന്ന് ആസ്വദിക്കുന്നവര്‍ എന്നത്രേ.
ഇമാം ഖുര്‍ത്വുബി പറയുന്നു: ‘ഹും’ അഥവാ അവര്‍ എന്ന പ്രയോഗം കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ഉപയോഗിച്ചതാണ്. അതായത്, ആ സ്വര്‍ഗവാസികള്‍ തന്നെയാണ് അല്ലാതെ സത്യനിഷേധികളല്ല, തങ്ങളുടെ ഇണകളോടൊപ്പം സന്തോഷിക്കാന്‍ അവസരം സിദ്ധിച്ചവര്‍.
ഭാഷാമുത്തുകള്‍
ഈ സൂക്തങ്ങളും അതിനുമുമ്പുള്ള സൂക്തങ്ങളും തമ്മില്‍ പരസ്പര ബന്ധമുണ്ട്. അതായത് ഇവിടെ സ്വര്‍ഗവാസികളുടെ സൗഭാഗ്യത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ മുന്‍സൂക്തങ്ങളില്‍ വിവരിച്ചത് സത്യനിഷേധികളുടെ മനോവേദനകളെയും ഖേദങ്ങളെയും തുടര്‍ന്ന് തങ്ങള്‍ ചെയ്തതെന്താണോ അതിനു തക്കപ്രതിഫലം കിട്ടിയെന്ന ആത്മഗതവുമാണ്. അതിനുശേഷം സ്വര്‍ഗവാസികളുടെ ആനന്ദനിമിഷങ്ങള്‍ കാണുമ്പോള്‍ സത്യനിഷേധികളുടെ മനോവേദന പതിന്‍മടങ്ങ് ശക്തമാകുന്നു. തങ്ങള്‍ എങ്ങനെ അഭിശപ്തരായി എന്ന് ചിന്തിക്കാന്‍ തുടങ്ങുന്നു.
ചുറ്റുപാടുകളെയും വ്യക്തികളെയും വിസ്മരിക്കുമാറ് ഒരു വ്യവഹാരത്തില്‍ അകപ്പെടുക എന്നാണ് ‘ശുഗുല്‍’ എന്നതിന്റെ പരികല്‍പന്. അത് ഒരു പക്ഷേ നല്ലതോ ചീത്തതോ ആയ കാര്യമായിരിക്കാം. പ്രവര്‍ത്തനനിരതമായ എന്ന കേവലാര്‍ഥത്തിലല്ല മറിച്ച് കര്‍മബാഹുല്യത്തില്‍ ലയിച്ചുചേര്‍ന്നുപോയ അവസ്ഥയാണത്.സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ സ്വര്‍ഗീയാസ്വാദനത്തിലും സന്തോഷത്തിലും ഇഴുകിച്ചേര്‍ന്നുകഴിഞ്ഞിട്ടുണ്ടാകും.
അബൂഹയ്യാന്‍ എഴുതുന്നു: ‘ഫാകിഹൂന്‍’എന്നത് ‘ഫാകിഹീന്‍ ‘എന്നും ചിലര്‍ വായിച്ചിട്ടുണ്ട്. അങ്ങനെ ഉപയോഗിക്കുമ്പോള്‍ അത് ‘ഹാലി'(അവസ്ഥാവിശേഷം)നെ കുറിക്കുന്നു.
ഇബ്‌നു ആശൂറിന്റെ വീക്ഷണത്തില്‍ ‘അരീകഃ ‘എന്നതിന്റെ ബഹുവചനമാണ് ‘അറാഇക്’ . കിടക്ക എന്നും ‘ഹജലഃ'( മേലാപ്പുള്ള വീട് ) എന്നും അതിനര്‍ഥമുണ്ട്. രണ്ടര്‍ഥംകൂടി ഒരുമിച്ചുവരുന്ന ഘട്ടത്തില്‍ മേലാപ്പിട്ട വീട്ടിലെ ചാരുകിടക്ക എന്നായിരിക്കും അത് പ്രകാശിപ്പിക്കുന്ന ആശയം. രണ്ടര്‍ഥങ്ങള്‍ സംയോജിച്ച് ഒരു ആശയം നല്‍കുന്ന വാക്കിന് മറ്റൊരുദാഹരണമാണ് ‘മാഇദഃ’. ഭക്ഷണം സജ്ജീകരിക്കുന്ന മേശ, ആ മേശയില്‍ വെച്ചിരിക്കുന്ന ഭക്ഷണം എന്നിങ്ങനെയാണ് അതിന്റെ ആശയം.
‘ഇത്തിക്കാഅ്’ എന്നതില്‍നിന്ന് നിഷ്പന്നമായ ‘മുത്തക്കിഊന്‍’ ഇരിക്കുന്നതിന്റെയും കിടക്കുന്നതിന്റെയും ഇടയിലുള്ള അവസ്ഥയാണ്. സന്തോഷത്തോടെ ചാരിയിരിക്കുന്നവര്‍ ആണ് സ്വര്‍ഗാവകാശികള്‍. ആ അവസ്ഥയില്‍ തലയോ , തോളോ വിരിപ്പില്‍ സ്പര്‍ശിക്കുകയില്ല.
അറബികള്‍ക്ക് ഈ പദാവലി കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കോടിയെത്തുക പേര്‍ഷ്യന്‍, റോമാ ചക്രവര്‍ത്തിമാര്‍ രാജകൊട്ടാരത്തിലെ സര്‍വാലംകൃതമായ മഞ്ചങ്ങളില്‍ ചാരിയിരുന്ന് ഭക്ഷണംകൊറിച്ചിരിക്കുന്ന കാഴ്ചയായിരിക്കും. വിശ്വാസികളായ ആളുകള്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ചക്രവര്‍ത്തിമാരുടേതിന് സമാനമായ സൗഭാഗ്യത്തില്‍ സന്തുഷ്ടന്‍മാരായിരിക്കും.
വിവേകമുത്തുകള്‍
‘അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും.’ വിചാരണാനാളില്‍ മലക്കുകള്‍ അവിശ്വാസികളോട് സത്യവിശ്വാസികളായ ആളുകളുടെ അപ്പോഴുള്ള സൗഭാഗ്യത്തെക്കുറിച്ച് പ്രസ്താവിക്കുമെന്ന് ഇമാം ഇബ്‌നു ആശൂര്‍ വിശദീകരിക്കുന്നു.
മലക്കുകളുടെ ആ വെളിപ്പെടുത്തല്‍ സത്യനിഷേധികള്‍ക്ക് വലിയ ആഘാതമായിരിക്കും. അതോടെ, അവരുടെ ഖേദവും പശ്ചാത്താപവും നഷ്ടബോധവും പതിന്‍മടങ്ങ് വര്‍ധിക്കും. സത്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വളരെ പെട്ടെന്ന് പ്രതിഫലം ലഭിച്ചുവെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിയും; അതേസമയം ഇഹലോകത്തെ അവസരം തുലച്ചുകളഞ്ഞതിന് തങ്ങള്‍ ശിക്ഷ കാത്തിരിക്കുകയാണെന്നും.
സ്വര്‍ഗാവകാശി തന്റെ ഇണയോടൊപ്പമാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയെന്ന് അല്ലാഹു സൂചിപ്പിക്കുന്നു. ഖുര്‍ആനില്‍ മറ്റൊരിടത്ത് അക്കാര്യം വ്യക്തമാക്കുന്നുണ്ട്:’സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍, അവരും അവരുടെ മാതാപിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്‌വൃത്തരും അതില്‍ പ്രവേശിക്കും ‘(അര്‍റഅ്ദ് 23).
അങ്ങനെ ദുനിയാവില്‍ സദ്‌വൃത്തരായ നമ്മുടെ കുടുംബാംഗങ്ങളും ബന്ധുക്കളും പരലോകത്തും നമ്മോടൊപ്പം സ്വര്‍ഗത്തിലുണ്ടാകും. അങ്ങനെ സംഭവിക്കണമെങ്കിലുള്ള ഉപാധി അവര്‍ സദ്‌വൃത്തരായിരിക്കണം എന്നതത്രേ. തന്റെ കുടുംബത്തിന്റെ മേലുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഇത് സത്യവിശ്വാസിയെ ബോധ്യപ്പെടുത്തുന്നു. ഈ ദുന്‍യാവില്‍ കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാന്‍ എന്തെല്ലാം കുടുംബനാഥന്‍ ഒരുക്കിക്കൊടുക്കുന്നു. ഈ നശ്വരലോകത്ത് ഇത്രമാത്രം ,സന്തോഷിക്കുന്ന കുടുംബത്തിനായി ത്യാഗംചെയ്യാന്‍ തുനിഞ്ഞിട്ടുണ്ടെങ്കില്‍ നാളെ സ്വര്‍ഗലോകത്തും അവരും തന്നോടൊപ്പം ഉണ്ടാകണം എന്നതില്‍ എത്രമാത്രം നിര്‍ബന്ധബുദ്ധി അവന് ഉണ്ടായിരിക്കണം എന്നോര്‍ത്തുനോക്കൂ!
ഇവിടെ സൂചിപ്പിച്ച രണ്ട് സൂക്തങ്ങള്‍ സ്വര്‍ഗത്തെക്കുറിച്ച സുന്ദരവും സന്തുലിതവുമായ ചിത്രം പകര്‍ന്നുനല്‍കുന്നുണ്ട്. ആഹ്ലാദദായകമായ പ്രവൃത്തികളില്‍ മുഴുകുന്നതിന്റെയും ചാരുമഞ്ചങ്ങളില്‍ വിശ്രമിക്കുന്നതിന്റെയും. ഈ തിരക്കുപിടിച്ച അസ്വസ്ഥമായ നശ്വരജീവിതത്തെക്കാള്‍ എത്രയോ സുന്ദരമാണ് ആ അനശ്വര സ്വര്‍ഗജീവിതം.