വലീദിന്റെ സഹോദരനായ സുലൈമാനുബ്‌നു അബ്ദില്‍ മലിക് മതഭക്തനായ ഭരണാധികാരിയായിരുന്നു.വലീദിന്റെ കാലത്ത് ഹജ്ജാജ് ചെയ്ത അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി. രണ്ടരവര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഉമവി ഭരണകാലത്ത് നടന്ന ഇസ്‌ലാമിന്റെ പില്‍ക്കാല ചരിത്രത്തില്‍ ആഴമേറിയ ആഘാതങ്ങള്‍ സൃഷ്ടിച്ച, 3 സേനാനായകന്‍മാരുടെ അന്ത്യം അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
തുര്‍ക്കിസ്താന്‍ കീഴടക്കിയ സേനാനായകന്‍ ഖുതൈബ എന്തോ തെറ്റുധാരണയാല്‍ ഖലീഫ സുലൈമാനെതിരെ അട്ടിമറിക്കൊരുങ്ങി. പക്ഷേ സൈന്യം അദ്ദേഹത്തെ പിന്തുണച്ചില്ല. ഇതിനിടയില്‍, ചില സൈനികര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു.ഹജ്ജാജുബ്‌നു യൂസുഫിന്റെ മരണശേഷം കൂഫയില്‍ അധികാരമേറ്റ ഗവര്‍ണര്‍, മുഹമ്മദ് ബ്‌നു ഖാസിമിനെ സിന്ധില്‍നിന്ന് മടക്കിവിളിക്കുകയായിരുന്നു. ഹജ്ജാജിനോടുള്ള മുന്‍വിരോധം കാരണമായി അദ്ദേഹത്തിന്റെ ബന്ധുക്കളോട് പ്രതികാരംചെയ്ത കൂട്ടത്തില്‍ ഖാസിമും പെട്ടുവെന്നതാണ് സത്യം. അങ്ങനെ കല്‍ത്തുറുങ്കിലാണ് മുഹമ്മദ് ബ്‌നു ഖാസിം മരണപ്പെട്ടത്. സേനാനായകനായ മൂസബ്‌നു നുസൈറിന്റെ സ്വത്തുശേഖരത്തെക്കുറിച്ച് സംശയംതോന്നിയ ഖലീഫ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയാതിരുന്നതുകൊണ്ട് സമ്പത്ത് മുഴുവന്‍ ഖലീഫ കണ്ടുകെട്ടി. അങ്ങനെ അവസാനനാളുകളില്‍ അങ്ങേയറ്റം ക്ലേശത്തിലായിരുന്നു മൂസ ജീവിതം കഴിച്ചുകൂട്ടിയത്. ഇബ്‌നു ഖാസിമിന്റെയും ഖുതൈബയുടെയും ദാരുണാന്ത്യത്തിന് കാരണക്കാരന്‍ പക്ഷേ ഖലീഫയായിരുന്നില്ല.
തന്റെ സഹോദരന്‍ മസ്‌ലമത്തുബ്‌നു അബ്ദില്‍ മലികിന്റെ സൈനികനേതൃത്വത്തില്‍ ഖലീഫ കോണ്‍സ്റ്റാന്റിനോപ്പിള്‍ കര-കടല്‍ മാര്‍ഗേണ ഉപരോധിച്ച സംഭവമാണ് മറ്റൊന്ന്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ചയും ഭക്ഷ്യക്ഷാമവും മൂലം മുസ്‌ലിംപക്ഷത്തിന് കനത്ത നഷ്ടമേല്‍പിച്ച് പ്രസ്തുത നീക്കം പരാജയപ്പെട്ടു. അതിനിടയില്‍ ഖലീഫ സുലൈമാന്‍ മരണപ്പെട്ടതോടെ പുതിയ ഖലീഫ ഉമറുബ്‌നുല്‍ അബ്ദില്‍ അസീസ് ദൗത്യസംഘത്തെ മടക്കിവിളിച്ചു.
ഖലീഫ സുലൈമാന്‍ നടപ്പാക്കിയ പരിഷ്‌കരണ- സത് കൃത്യങ്ങളുടെ പേരില്‍ ചരിത്രകാരന്‍മാര്‍ അദ്ദേഹത്തെ ‘മിഫ്താഹുല്‍ ഖൈര്‍’ എന്ന് വിശേഷിപ്പിക്കാറുണ്ട്. സ്വപുത്രന്‍മാരെയും സഹോദരങ്ങളെയും മാറ്റിനിര്‍ത്തി ഉമറുബ്‌നുല്‍ അബ്ദില്‍ അസീസിനെ അടുത്ത ഖലീഫയായി നാമനിര്‍ദ്ദേശം ചെയ്തതാണ് അദ്ദേഹത്തിന്റെ മഹത്തായ കൃത്യം.