യസീദ്‌

യസീദ് ബ്‌നു മുആവിയ (ഹി: 60-64)

ഇസ്‌ലാമികപാരമ്പര്യമനുസരിച്ച് കൂടിയാലോചനയിലൂടെ ഖലീഫയെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മുആവിയ അതില്‍നിന്ന് വിരുദ്ധമായി തന്റെ മകനായ യസീദിനെ പിന്‍ഗാമിയായി നിയമിച്ചു. നാടിന്റെ ക്രമസമാധാനവും വിഭവവിതരണവും നോക്കിനടത്താനുള്ളതാണ് അധികാരം. അതൊരു ജനസേവനമാണ്. ജനനായകന്‍ സേവകനുംകൂടിയാണെന്ന് നബിതിരുമേനി പറഞ്ഞതനുസരിച്ച് അധികാരമേല്‍പിക്കുന്നത് അതിനനുസരിച്ച യോഗ്യതയുള്ളവരെയായിരിക്കണം.എന്നാല്‍ ആ മാനദണ്ഡമൊന്നും മുആവിയ പരിഗണിച്ചില്ല. അതെത്തുടര്‍ന്ന് ഹുസൈന്‍ ബ്‌നു അലി, അബ്ദുല്ലാഹിബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, അബ്ദുര്‍റഹ്മാനിബ്‌നു അബീബക്ര്‍ എന്നീ സ്വഹാബിമാര്‍ പരസ്യമായി തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചു.

കൂഫാ ഗവര്‍ണറായ അബ്ദുല്ലാഹിബ്‌നു സിയാദ്, ഹുസൈന്‍ (റ)ന്റെ തലയെടുത്ത ഇസ്‌ലാമികചരിത്രത്തിലെ ദാരുണമായ കര്‍ബല സംഭവത്തോടെ മുസ്‌ലിംകള്‍ യസീദിന്നെതിരായി. ഹിജാസിലെ ജനങ്ങള്‍ യസീദിനെതിരെ അബ്ദുല്ലാഹിബ്‌നു സുബൈറിനെ ഖലീഫയായി തെരഞ്ഞെടുത്തു. ഇതിനെ അടിച്ചമര്‍ത്താനായി യസീദ് സൈന്യത്തെ അയച്ചു. ആ സൈന്യം അവിടെ കൂട്ടനരമേധം നടത്തി. അത് ‘ഹര്‍റ സംഭവം ‘ എന്നറിയപ്പെടുന്നു. യസീദിന്റെ സൈന്യം മദീനയില്‍നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. എന്നാല്‍ ഇതിനിടെ യസീദ് മരണമടഞ്ഞപ്പോള്‍ സൈന്യം മടങ്ങിപ്പോരുകയായിരുന്നു. യസീദിന്റെ മരണത്തോടെ മുആവിയ കുടുംബത്തിന്റെ വാഴ്ച അവസാനിച്ചു.

Topics