മയ്യിത്ത് അടക്കംചെയ്യുന്ന സ്ഥലമാണ് ഖബ്‌റിസ്താന്‍. മൃതദേഹം മണ്ണില്‍ കുഴിച്ചിടണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. മനുഷ്യരോടുള്ള ആദരവിന്റെ ഭാഗമാണ് മൃതദേഹങ്ങളെ ആദരവോടെ സംസ്‌കരിക്കുന്നത്. മണ്ണിനടിയില്‍ കുഴിച്ചിടുക എന്നത് ആദം നബിയുടെ കാലം മുതല്‍ക്കേയുള്ള രീതിയാണ്.മണ്ണില്‍നിന്ന് സൃഷ്ടിച്ച ശരീരത്തെ മണ്ണിനുതന്നെ തിരിച്ചേല്‍പിക്കുന്നതാണ് പ്രകൃതിമതം.
ഏതാണ്ട് ആറടിതാഴ്ചയിലാണ് ഖബ്ര്‍ കുഴിക്കുന്നത്. കഅ്ബയ്ക്ക് അഭിമുഖമായാണ് അതില്‍ മൃതദേഹങ്ങള്‍ വെക്കുക. മയ്യിത്ത് ഖബ്‌റില്‍ വെക്കുമ്പോള്‍ ‘അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ സഹായത്തോടെ റസൂലിന്റെ ദീന്‍പ്രകാരം/ റസൂലിന്റെ മാര്‍ഗപ്രകാരം ‘(ഞാനീ മയ്യിത്ത് ഖബ്‌റടക്കുന്നു)എന്ന് ചൊല്ലണം.
സൂറത്തുല്‍ ബഖറയുടെ അവസാനഭാഗമോ ,’ ഞാന്‍ നിങ്ങളെ അതില്‍നിന്ന്(മണ്ണില്‍നിന്ന്) സൃഷ്ടിച്ചു, അതിലേക്ക് തന്നെ നിങ്ങളെ ഞാന്‍ മടക്കുന്നു, അതില്‍നിന്നുതന്നെ ഞാന്‍ നിങ്ങളെ വീണ്ടും പുറപ്പെടുവിക്കുകയും ചെയ്യും'(ത്വാഹാ 55) എന്ന് സൂക്ത ഭാഗമോ ചൊല്ലി മൂന്നുചെറുകല്ലുകളോ മണ്‍കട്ടകളോ തലഭാഗത്ത് (ശിരസ്സു ക്രമീകരിക്കാന്‍)വെക്കണം. മൃതദേഹത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീഴാതിരിക്കാന്‍ വിലങ്ങനെയോ നീളത്തിലോ മരത്തിന്റെയോ കല്ലിന്റെയോ പലകകള്‍ മീതെ വിരിക്കണം. തലഭാഗം മുതല്‍ക്കാണ് മണ്ണിട്ട് മൂടേണ്ടത്.
ഖബ്ര്‍ ആണെന്ന് തിരിച്ചറിയുന്നവിധം ഒരുചാണ്‍ ഉയരത്തില്‍ മണ്ണിട്ട് പൊക്കുന്നത് സുന്നത്താണ്. അതിലധികം ഉയര്‍ത്തുന്നത് കറാഹത്താണ്. രണ്ടറ്റത്തും മരക്കമ്പോ കല്ലോ നാട്ടിവെക്കാം. മയ്യിത്ത് അടക്കം ചെയ്തുകൊണ്ടിരിക്കെ പരേതനുവേണ്ടി തസ്ബീത്ത് (മലക്കുകളുടെ ചോദ്യവേളയില്‍ സ്ഥൈര്യം ഉണ്ടാകാനുള്ള പ്രാര്‍ഥന) നടത്തുന്നത് സുന്നത്താണ്. ഉസ്മാന്‍ (റ)വില്‍നിന്ന് : മയ്യിത്ത് മറമാടിക്കഴിഞ്ഞാല്‍ നബിതിരുമേനി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘നിങ്ങള്‍ നിങ്ങളുടെ സഹോദരന് വേണ്ടി ഇസ്തിഗ്ഫാര്‍ (പാപമോചനം തേടല്‍ ) നടത്തുകയും അവന് തസ്ബീത് (സ്ഥൈര്യം) ലഭിക്കാന്‍ അപേക്ഷിക്കുകയും ചെയ്യുക. ‘എന്നാല്‍ അതിന് കൃത്യമായ രൂപം ഹദീസുകളില്‍ കാണുന്നില്ല. പ്രത്യേകമായ ഒരു പ്രാര്‍ഥനയും ഈ വിഷയത്തില്‍ സ്വഹീഹായി നിവേദനംചെയ്യപ്പെട്ടിട്ടില്ല.
മൃതദേഹത്തെ ഖബ്‌റില്‍ കിടത്തുന്നത് ഒരു വിരിപ്പിന് മുകളിലാകുന്നത് വിരോധമില്ല. നബിയുടെ മയ്യിത്ത് ഒരു ചുവന്ന വിരിപ്പിലാണ് കിടത്തിയത്. ഒരു ഖബ്‌റില്‍ ഒന്നിലധികം അടക്കം ചെയ്യുന്നതില്‍ കുഴപ്പമില്ല. കൂടുതല്‍ ഖുര്‍ആന്‍ അറിയുന്നവരെയാണ് ആദ്യം വെക്കേണ്ടത്. എന്നാല്‍ രക്തസാക്ഷികളെ അവര്‍ മരിച്ചുവീണസ്ഥലത്തുതന്നെ മറവുചെയ്യണം. മറ്റുള്ളവരെയും മരിച്ച സ്ഥലത്തുതന്നെ അടക്കംചെയ്യുന്നതില്‍ വിലക്കുകളൊന്നുമില്ല.
ഖബ്‌റുകള്‍ കുമ്മായവും സിമന്റും ഉപയോഗിച്ച് കെട്ടിപ്പൊക്കുന്നത് നബിതിരുമേനി (സ) വിരോധിച്ചിരിക്കുന്നു. അതിന്‍മേല്‍ കെട്ടിടങ്ങളോ സ്മാരകങ്ങളോ സ്തൂപങ്ങളോ കെട്ടിയുയര്‍ത്താന്‍ പാടുള്ളതല്ല. ശ്മശാനം പൂന്തോട്ടമാക്കുന്നതും അനുവദനീയമല്ല.