കുരിശുയുദ്ധങ്ങള്‍

കുരിശുയുദ്ധങ്ങള്‍

ജറൂസലം പുണ്യഭൂമിയുടെ ഉടമസ്ഥതയ്ക്കും അതുവഴി രാഷ്ട്രീയാധിപത്യത്തിനുംവേണ്ടി പോപ്പിന്റെ ആഹ്വാനപ്രകാരം പടിഞ്ഞാറന്‍ യൂറോപ്പിലെ കൈസ്ത്രവരാജാക്കന്‍മാരും ഫ്യൂഡല്‍ പ്രഭുക്കളും മുസ്‌ലിംകള്‍ക്കെതിരായി പതിനൊന്നുമുതല്‍ പതിമൂന്നുവരെയുള്ള നൂറ്റാണ്ടുകളില്‍ നടത്തിയ യുദ്ധങ്ങളുടെ പരമ്പരയാണ് കുരിശുയുദ്ധങ്ങള്‍. ഈ യുദ്ധങ്ങള്‍ യൂറോപ്പിന്റെ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. യൂറോപ്യന്‍ നാടുകളുടെ രാഷ്ട്രീയം മാത്രമല്ല, അവയുടെ വാണിജ്യ-സാമൂഹിക മേഖലകളെല്ലാംതന്നെ കുരിശുയുദ്ധങ്ങളുടെ പ്രത്യാഘാതങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്.
ജറുസലമും പരിസരപ്രദേശങ്ങളും സെമിറ്റിക് മതങ്ങളുടെ പുണ്യഭൂമിയാണ്. ഈ പുണ്യഭൂമിയില്‍ തീര്‍ഥാടനത്തിനുള്ള അവകാശം എന്ന ആശയത്തിന്റെ മറപിടിച്ചാണ്. ക്രിസ്തീയ പൗരോഹിത്യം കുരിശുയുദ്ധങ്ങളാരംഭിച്ചത്. ആദ്യത്തെ കുരിശുയുദ്ധം ക്രി. വ. 1075-ല്‍ ആരംഭിച്ചു.

പശ്ചാത്തലം

പുരാതനകാലം മുതല്‍ക്കുതന്നെ കിഴക്കും പടിഞ്ഞാറും തമ്മിലുണ്ടായിരുന്ന സംഘര്‍ഷങ്ങളുടെ മധ്യകാല പതിപ്പാണ് കുരിശുയുദ്ധങ്ങള്‍. ആദ്യഘട്ടത്തില്‍ പേര്‍ഷ്യയും ഗ്രീക്കും തമ്മിലായിരുന്നു ഏറ്റുമുട്ടലെങ്കില്‍ പിന്നീടത് പേര്‍ഷ്യയും റോമും തമ്മിലായി. മുസ്‌ലിംകള്‍ ഖാദിസിയ്യാ യുദ്ധത്തിലൂടെ നേതൃസ്ഥാനം പേര്‍ഷ്യയില്‍നിന്ന് നേടിയെടുത്തപ്പോള്‍ കിഴക്കും പടിഞ്ഞാറുംതമ്മിലുള്ള സംഘര്‍ഷത്തില്‍ ഇസ്‌ലാം കടന്നുവന്നു.

റോമുമായുള്ള സംഘര്‍ഷത്തിന് ഫലസ്തീനില്‍നിന്നാണ് തുടക്കംകുറിച്ചത്. ആദ്യം ശാമിനെ ബൈസാന്റിയന്‍ ആധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചു. യര്‍മൂക്, അജ്‌നാദൈന്‍ യുദ്ധങ്ങള്‍ക്കൊടുവിലായിരുന്നു അത്. ഹി. 15 -ല്‍ ബൈതുല്‍ മഖ്ദിസും മുസ്‌ലിംകളുടെ നിയന്ത്രണത്തിലായി. തുടര്‍ച്ചയായ വിജയങ്ങള്‍ക്കൊടുവില്‍ മുസ് ലിംകള്‍ റോമിന്റെയും കോണ്‍സ്റ്റാന്റിനോപ്പിളിന്റെയും പടിവാതില്‍ക്കലെത്തി. രണ്ടും ക്രൈസ്തവലോകത്തിന്റെ തലസ്ഥാനങ്ങളായിരുന്നു. അവരുടെ കൈവശമുണ്ടായിരുന്ന ഏഷ്യാമൈനര്‍ സല്‍ജൂഖി മുസ ്‌ലിംകള്‍ പിടിച്ചടക്കിയതോടെ ക്രൈസ്തവയൂറോപ് പരിഭ്രാന്തരായി. 1063-ല്‍ സ്‌പെയിനിലെ ചര്‍ച്ച് ഇസ് ലാമിനെതിരെ പോരാടുന്ന ക്രൈസ്തവയോദ്ധാക്കള്‍ക്ക് ആത്മീയ അഭ്യുന്നതി ഉണ്ടാകുമെന്ന് പ്രചാരണം നടത്തി. ഇതോടെയാണ് പോപ്പ് അര്‍ബന്‍ രണ്ടാമന്‍ ക്ലാര്‍മോണ്‍ കൗണ്‍സിലില്‍ വെച്ച് ജറൂസലം പിടിച്ചെടുക്കാന്‍ ആഹ്വാനംചെയ്തത്.

Topics