പ്രപഞ്ചത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്നൊരു പ്രതിഭാസമാണ് വൈവിധ്യം . മനുഷ്യരിലും മനുഷ്യേതര പടപ്പുകളിലും അതുപോലെ സചേതന-അചേതന വസ്തുക്കളിലുമൊക്കെ നമുക്ക് വൈവിധ്യം ദര്‍ശിക്കാനാകും. സൗന്ദര്യമാണ് വൈവിധ്യം എന്നുപറയുന്നതാവും കൂടുതല്‍ ഉചിതം. സൗന്ദര്യബോധമുള്ളവര്‍ക്കേ അത് മനസ്സിലാവൂ. പ്രപഞ്ചത്തിന്റെ പിറവിമുതലിങ്ങോട്ട് ഈ ജൈവവൈവിധ്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് പണ്ഡിതന്‍മാര്‍ പറയുന്നു. ലോകാവസാനംവരെ അത് തുടരുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യരെ സംബന്ധിച്ചിടത്തോളം രൂപ -ഭാവങ്ങള്‍, വര്‍ണ-വംശങ്ങള്‍, ഭാഷാ-ദേശങ്ങള്‍, ആശയ-അഭിരുചികള്‍ ഇവയിലൊക്കെത്തന്നെ പ്രകടമായ വ്യത്യസ്തതകളുണ്ട്. വേണമെങ്കില്‍ എല്ലാത്തിനും കഴിവുള്ള ദൈവത്തിന് സര്‍വതിനെയും ഒരുപോലെയാക്കാമായിരുന്നു. ഒരേ നിറവും ഒരേ ഭാഷയും ഒരേ അഭിപ്രായവും ഒരേചിന്തയുമുള്ള മനുഷ്യരെ സൃഷ്ടിക്കാമായിരുന്നു. ഒരേ പൂക്കളുള്ളചെടികള്‍, ഒരേ ഫലങ്ങള്‍ വിളയിക്കുന്ന വൃക്ഷങ്ങള്‍, ഒരുപോലിരിക്കുന്ന ജന്തുജാലങ്ങള്‍. പക്ഷേ അങ്ങനെ സംഭവിച്ചില്ല. അപ്പോള്‍ വൈവിധ്യമെന്നത് ദൈവകല്‍പിതവും പ്രകൃതി നിശ്ചയവുമാണ്.
‘ദൈവം ആകാശത്തുനിന്ന് മഴ പെയ്യിച്ച് പലനിറത്തിലുള്ള പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് നീ കാണുന്നില്ലേ. പര്‍വതങ്ങളില്‍ വെളുത്തതും ചുവന്നതും കറുത്തതുമായി പല വര്‍ണത്തിലുള്ള ശിലകളുണ്ട്. അതുപോലെ പല നിറത്തിലുള്ള മനുഷ്യരും ജന്തുക്കളും കാലികളുമുണ്ട്.’
വൈവിധ്യം സമൃദ്ധിയുടെ കൂടി അടയാളമാണ്. വ്യത്യസ്തചിന്തകളും അഭിപ്രായങ്ങളും പാരസ്പര്യപ്പെടുമ്പോഴാണല്ലോ സമ്പന്നമായ ആശയങ്ങള്‍ രൂപപ്പെടുന്നത്. ഭിന്നാഭിരുചികള്‍ കൂടിച്ചേരുമ്പോഴേ നൂതനമായ അന്വേഷണവീഥികള്‍ വികസിച്ചുവരൂ. വ്യത്യസ്തതകള്‍ സംഗമിക്കുന്നിടത്താണല്ലോ ഒരു കെട്ടിടം ആകര്‍ഷകവും ഒരു സദ്യ സ്വാദിഷ്ഠവും ഒരു സംഗീതം ആസ്വാദ്യകരവുമാകുന്നത്. ഉത്സവപ്പറമ്പിലേക്ക് പോകാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതും ഉദ്യാനം കാണാന്‍ നമ്മില്‍ താല്‍പര്യമുണര്‍ത്തുന്നതും അവിടങ്ങളിലുള്ള വ്യത്യസ്തതകളും വൈജാത്യങ്ങളുമാണ്. വിവിധതരം പുസ്തകങ്ങളുടെ ശേഖരം തന്നെയാണ് ഗ്രന്ഥാലയത്തിന്റെ പ്രൗഢി വിളിച്ചോതുന്നത്.
വൈവിധ്യത്തെ ഒരു യാഥാര്‍ഥ്യമായി തിരിച്ചറിയാനും തുറന്ന മനസ്സോടെ അതിനെ ഉള്‍ക്കൊള്ളാനും കഴിയുന്ന സാംസ്‌കാരികഭാവമാണ് സഹിഷ്ണുത. ഒന്നിനെ നിവൃത്തികൊണ്ട് സഹിച്ചേക്കാം എന്ന് വിചാരിക്കുന്നത് സഹിഷ്ണുതയല്ല. നീരസത്തോടെയുള്ള വകവെച്ചുകൊടുക്കലാണ്. അപരന്റെ വിശ്വാസത്തോടും അനുഷ്ഠാനങ്ങളോടും വേഷവിതാനങ്ങളോടും ഭക്ഷണരീതിയോടും വിയോജിപ്പുള്ളപ്പോള്‍ തന്നെ അത് പിന്തുടരാനും നിലനിര്‍ത്താനുമുള്ള ജന്‍മദത്തമായ അയാളുടെ അവകാശത്തെ വകവെച്ചുകൊടുക്കുന്നതും സഹിഷ്ണുതയുടെ ഭാഗമാണ്. ശുഭ്രവസ്ത്രപ്രേമിയായ ഒരാള്‍ സഹിഷ്ണുതയുള്ളയാളാണെങ്കില്‍ കാഷായവസ്ത്രധാരിയായ മറ്റൊരാളോട് ഒരിക്കലും നീരസം തോന്നുകയില്ല. ബഹുദൈവവിശ്വാസിയായ ഒരാള്‍ക്ക് ഏകദൈവവിശ്വാസിയായ സഹോദരനോട് വിപ്രതിപത്തിയുണ്ടാവില്ല. സസ്യാഹാരിയായ ഒരാള്‍ക്ക് മാംസാഹാരിയായ സഹജീവിയോട് വെറുപ്പ് കാണുകയില്ല.
മനോഭാവത്തിലും സമീപനത്തിലും അസഹിഷ്ണുത വളരുമ്പോഴാണ് വ്യക്തികള്‍ പരസ്പരം അകലുന്നത്. കുടുംബങ്ങളും സമുദായങ്ങളും അകന്നകന്നുപോകുന്നത്. വിഷലിപ്തമായ ആരോപണങ്ങളുന്നയിക്കുന്നതിന്റെയും അടിസ്ഥാനരഹിതമായ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെയും പിന്നില്‍ പരസ്പരമറിയാന്‍ ശ്രമിക്കാത്തതിന്റെയും തദ്വാരാ രൂപപ്പെടുന്ന അസഹിഷ്ണുതയുടെയും വേരുകള്‍ കണ്ടെത്താനാകും. മനുഷ്യര്‍ തങ്ങള്‍ക്കറിയാത്തതിന്റെ ശത്രുക്കളാണ് എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ്. തെറ്റായ മുന്‍വിധികള്‍ തീര്‍ക്കുന്ന കൊച്ചുകൊച്ചു സ്വകാര്യതുരുത്തുകളില്‍ അഭിരമിച്ചുകൊണ്ട് അവിടംതന്നെയാണ് ലോകം എന്ന് വിശ്വസിക്കുന്ന അല്‍പബുദ്ധികളുടെ എണ്ണം നാള്‍ക്കുനാള്‍ നമുക്കിടയില്‍ വര്‍ധിക്കുകയാണ്. 1893 സെപ്തംബര്‍ 15 ന് ഷിക്കാഗോയില്‍ നടന്ന സര്‍വമതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ ഉദ്ധരിച്ച കഥയുണ്ട്:
ഒരു പൊട്ടക്കിണറ്റില്‍ ഒരു തവള പാര്‍ത്തിരുന്നു. തവള ജനിച്ചതും വളര്‍ന്നതും വലുതായതുമൊക്കെ ആ കിണറ്റില്‍ തന്നെയായിരുന്നു. കിണറിനുപുറത്ത് വിശാലമായൊരു ലോകമുണ്ട് എന്ന യാഥാര്‍ഥ്യം പാവം തവളക്ക് അറിയുമായിരുന്നില്ല. കാരണം ജീവിതകാലം മുഴുവന്‍ അത് കിണറ്റില്‍ തന്നെയായിരുന്നു. അങ്ങനയിരിക്കെ ഒരു ദിവസം കടലില്‍നിന്ന് ഒരു തവള ആ കിണറ്റില്‍ വന്നുവീണു.
‘നീ എവിടുന്നു വരുന്നു’ കടല്‍ തവളയോട് കിണറിലെ തവള പുഛഭാവത്തില്‍ ചോദിച്ചു.
‘ഞാന്‍ കടലില്‍ നിന്ന് വരുന്നു’
‘കടലോ! എന്ത് കടല്‍? ഏത് കടല്‍? ഈ കിണറിനെക്കാള്‍ വലിയൊരു കടലുമില്ല, ലോകവുമില്ല.’
കിണറിലെ തവള കടല്‍തവളയെ പരിഹസിച്ചു.
‘ചങ്ങാതീ, എന്താണ് നീ പറയുന്നത്? നിന്റെ കിണറിനെക്കാള്‍ വലിയ മറ്റൊന്നുമില്ലെന്നോ?!’
കടല്‍ തവള തിരുത്താന്‍ ശ്രമിച്ചു.
‘നീ കള്ളനാണ്. ഉടനെ ഇവിടം വിട്ടുപോകണം.’കിണറിലെ തവള കടല്‍തവളയെ ഭീഷണിപ്പെടുത്തി.
കൂടുതല്‍ പറഞ്ഞുനില്‍ക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് കടല്‍തവളക്ക് മനസ്സിലായി. കിണറിന് പുറത്തിറങ്ങി അത് കടലിലേക്ക് തന്നെ തിരിച്ചുപോയി.
കിണറിലെ തവളയുടെ മനോഭാവമുള്ള ചിലര്‍ മനുഷ്യര്‍ക്കിടയിലുമുണ്ട് എന്ന് ബോധ്യപ്പെടുത്താനാണ് സ്വാമിവിവേകാനന്ദന്‍ കഥയിലൂടെ ശ്രമിച്ചത്.
വൈവിധ്യത്തിന്റെയും വൈജാത്യത്തിന്റെയും പൊരുളറിഞ്ഞവര്‍ക്ക് കിണറിലെ തവളയെപ്പോലെയാകാന്‍ കഴിയില്ല. ഭിന്നതകളോട് പുലര്‍ത്തുന്ന സഹിഷ്ണുതക്ക് മാത്രമേ ജനാധിപത്യത്തെപ്പോലും ശക്തിപ്പെടുത്താനാവൂ.