ഖലീഫ അബ്ദുല്‍മലിക്കിന്റെ സഹോദരന്‍ അബ്ദുല്‍അസീസിന്റെ പുത്രനായി ഈജിപ്തിലെ ഹുല്‍വാനില്‍ ഹി. 61 ലാണ് ഉമര്‍ ജനിച്ചത്. ഖലീഫാ ഉമറിന്റെ പുത്രന്‍ ആസ്വിമിന്റെ പുത്രി ഉമ്മു ആസ്വിമാണ് മാതാവ്. പിതാവ് ഇരുപത് വര്‍ഷം ഈജിപ്തിലെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചെറുപ്പത്തിലേ സ്വഹാബിവര്യന്‍മാരുമായി സഹവസിച്ചു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യം കരസ്ഥമാക്കി. തന്റെ പിതൃവംശം ഖിലാഫത്തിനെ അട്ടിമറിച്ച് രാജാധിപത്യത്തിന് തുടക്കം കുറിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് മനോവേദനയുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: ‘ഇറാഖില്‍ ഹജ്ജാജ്, സിറിയയില്‍ വലീദ്, ഈജിപ്തില്‍ ഖുര്‍റത്തുബ്‌നു ശതീക്, മദീനയില്‍ ഉസ്മാനുബ്‌നു ഹയ്യാന്‍, മക്കയില്‍ ഖാലിദ് ബ്‌നു അബ്ദുല്ല ഖസ്‌റി…ദൈവമേ, നിന്റെ ലോകം അക്രമംകൊണ്ട് നിറഞ്ഞിരിക്കുന്നു. നീ ജനങ്ങള്‍ക്ക് ആശ്വാസമരുളേണമേ’. ഈ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടതാവാമെന്ന് തോന്നുന്നു വലീദിനുശേഷം സുലൈമാനും പിന്നീട് ഉമറുബ്‌നു അബ്ദില്‍അസീസും ഖലീഫമാരായി.
വലീദിന്റെ കാലത്ത് മദീനാഗവര്‍ണറായി നിയമിതനായി. അവിടത്തെ ജനങ്ങളുടെ ആദരവ് പിടിച്ചുപറ്റും വിധം മാതൃകാപരമായ ഭരണമാണ് അദ്ദേഹം കാഴ്ചവെച്ചത്. 37-ാം വയസ്സില്‍ ഖിലാഫത്ത് കയ്യില്‍വന്നപ്പോള്‍ ജനങ്ങളുടെ ബൈഅത്ത് ലഭിക്കാതെ അതേറ്റെടുക്കാന്‍ തയ്യാറായില്ല. ഭരണാധികാരിയായി തന്നെ സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള അവസരം അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കി. ജനത്തിന്റെ അംഗീകാരം ലഭിച്ചതോടെ തന്റെ മുന്‍ഗാമികള്‍ ചെയ്തുവെച്ച സകല കൊള്ളരുതാത്ത കീഴ്‌വഴക്കങ്ങളും തിരുത്തി. രാജകുടുംബാംഗങ്ങള്‍ അനുഭവിച്ചിരുന്ന പ്രത്യേകാവകാശങ്ങള്‍ റദ്ദ് ചെയ്തു. തന്റെതടക്കം മുഴുവന്‍ കുടുംബസ്വത്തും ബൈത്തുല്‍മാലിന് നല്‍കി. അക്രമികളായ ഗവര്‍ണര്‍മാരെ സ്ഥാനത്തുനിന്ന് നീക്കംചെയ്തു. നിയമവാഴ്ച പുനഃസ്ഥാപിച്ചു. അന്യായമായ നികുതികള്‍ ഒഴിവാക്കി. സകാത്ത് വ്യവസ്ഥ കുറ്റമറ്റതാക്കി. ഇസ്‌ലാമികചിട്ടകളിലേക്ക് ജനങ്ങളെ തിരിച്ചുകൊണ്ടുവന്നു. അമുസ്‌ലിംകളില്‍നിന്ന് പൂര്‍വികര്‍ അന്യായമായി കൈവശപ്പെടുത്തിയ ഭൂസ്വത്തുക്കളും മറ്റും തിരികെനല്‍കി. സൈപ്രസിലെയും അഖബയിലെയും ക്രൈസ്തവരില്‍നിന്ന് പിരിച്ച കപ്പം വെട്ടിക്കുറച്ചു. മദ്യപാനം, കുളിപ്പുരകളില്‍വെച്ചുള്ള നഗ്നസ്‌നാനം, സ്ത്രീ-പുരുഷന്‍മാര്‍ ഒരേ കുളിപ്പുര ഉപയോഗിക്കല്‍ തുടങ്ങി പലദുഷ്പ്രവണതകള്‍ക്കും അറുതിവരുത്തി. സ്ത്രീകള്‍ പൊതുസ്‌നാനഗൃഹങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി.
വലീദിന്റെ കാലത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു. ഖുറാസാനിലെയും തുര്‍ക്കിസ്താനിലെയും പാതകളില്‍ സത്രങ്ങള്‍ ഒരുക്കി. ഈ വഴിയമ്പലങ്ങളില്‍ രോഗികള്‍ക്ക് രണ്ടുദിവസത്തെ സൗജന്യഭക്ഷണവും ഏര്‍പ്പെടുത്തി.
രാജ്യം മുഴുവന്‍ അവശതയനുഭവിക്കുന്നവര്‍ക്ക് തരാതരം പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തി. നിര്‍ധനരായ ആളുകളുടെ കടംവീട്ടാന്‍ സംവിധാനങ്ങളൊരുക്കി. സേഛാധിപത്യം അവസാനിപ്പിച്ച് ഖിലാഫത്തിന് അവസരം നല്‍കിയതുകൊണ്ടാണതെല്ലാം സാധ്യമായത്. ജീവിതത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചു. ഒട്ടേറെ സംഭവങ്ങള്‍ ഇതിന് തെളിവായി ഉദ്ധരിക്കാറുണ്ട്. ഒരിക്കല്‍ ആഗതനുമായി ഭരണകാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹം വ്യക്തിപരമായ കുശലാന്വേഷണങ്ങളിലേക്ക് സംസാരം തിരിഞ്ഞപ്പോള്‍ കത്തിച്ചിരുന്ന വിളക്ക് കെടുത്തിയ സംഭവം അതിലൊന്നാണ്. അവനവന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ സര്‍ക്കാര്‍ വസ്തുക്കള്‍ ഉപയോഗിക്കരുതെന്നായിരുന്നു തന്റെ പ്രവൃത്തിക്ക് അദ്ദേഹം നല്‍കിയ വിശദീകരണം.
നീതിയിലുറച്ചുനിന്നുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഹജ്ജാജുബ്‌നു യൂസുഫിന്റെ ഭരണശൈലി അങ്ങേയറ്റം വെറുത്തതിനാല്‍ അയാള്‍ നിയോഗിച്ച എല്ലാ ഭരണാധികാരികളെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി നീതിയും ന്യായവും മുറുകെപ്പിടിക്കുന്നവരെ പ്രതിഷ്ഠിച്ചു. നേരിയ സംശയത്തിന്റെ പേരിലും ശിക്ഷാനടപടികള്‍ സ്വീകരിച്ച ഉമവി ശൈലിയെ മുന്‍നിര്‍ത്തി ഗവര്‍ണര്‍മാരെ താക്കീത് ചെയ്ത് അദ്ദേഹം പറഞ്ഞു: ‘ശരീഅത്തുപ്രകാരം കുറ്റം സ്ഥിരീകരിക്കപ്പെട്ട ശേഷമല്ലാതെ ശിക്ഷ നല്‍കരുത്. സത്യം കൊണ്ട് ജനങ്ങളെ നന്നാക്കാനാകില്ലെങ്കില്‍ പിന്നെ മറ്റെന്തുകൊണ്ടാണ് അവരെ നന്നാക്കാനാവുക?’. മറ്റൊരിക്കല്‍ ഖുറാസാനിലെ ഗവര്‍ണര്‍ ചമ്മട്ടിയും വാളുമുപയോഗിക്കാതെ തദ്ദേശീയരെ വരുതിയില്‍നിറുത്താനാകില്ലെന്ന് പറഞ്ഞപ്പോള്‍ ‘വാളും ചമ്മട്ടിയും മാത്രമേ, ഖുറാസാന്‍കാരെ നേരെയാക്കുകയുള്ളൂ എന്ന താങ്കളുടെ പറച്ചില്‍ തീര്‍ത്തും തെറ്റാണ്. സത്യത്തിനും നീതിക്കും അവരെ നന്നാക്കാന്‍ കഴിയും. സാധ്യമാകുന്നത്ര അവ രണ്ടുംകൊണ്ടുതന്നെ അവരെ നേരെയാക്കുക’ എന്ന് അദ്ദേഹം തിരുത്തി.
നീതിനിര്‍വഹണത്തില്‍ യാതൊരു വിവേചനവുമില്ലാതിരുന്നതുകൊണ്ട് ദിമ്മി (മുസ്‌ലിംഭരണത്തിലെ മുസ്‌ലിമേതരപൗരന്‍മാര്‍) കള്‍ക്ക് എല്ലാ അവകാശസംരക്ഷണവും ലഭിച്ചിരുന്നു. രാജകുടുംബങ്ങളുടെ അവിഹിതസ്വത്ത് ഖലീഫ പിടിച്ചെടുത്ത് അതിന്റെ യഥാര്‍ഥഅവകാശികള്‍ക്ക് നല്‍കിയ കൂട്ടത്തില്‍ വലീദിന്റെ പുത്രന്‍ അബ്ബാസ് കൈവശംവെച്ച ഭൂമിയുണ്ടായിരുന്നു. ആ സ്വത്ത് പിതാവ് തനിക്ക് തന്നതാണെന്ന അബ്ബാസിന്റെ വാദത്തിന് ഖലീഫ നല്‍കിയ മറുപടി ‘നിന്റെ പിതാവിന്റെ സമ്മതിപത്രത്തെക്കാള്‍ പ്രാമാണികമാണ് അല്ലാഹുവിന്റെ ഗ്രന്ഥം’ എന്നായിരുന്നു. ഇത്തരം നീതിനിഷ്ഠനടപടികളുടെ ഫലമായി ഒട്ടേറെ പേര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു.
പ്രജകളോട് നീതിചെയ്യുന്നതില്‍ രണ്ടാം ഖലീഫ ഉമറിനോടൊപ്പം നില്‍ക്കുന്നതിനാലാണ് അദ്ദേഹത്തിന് ഉമര്‍ രണ്ടാമന്‍ എന്ന പേര് ലഭിച്ചത്. ഖിലാഫത്തുര്‍റാശിദക്ക് ശേഷമുള്ള പ്രഥമ പരിഷ്‌കര്‍ത്താവായും അഞ്ചാമത്തെ സച്ചരിതഖലീഫയായുമൊക്കെ പണ്ഡിതന്‍മാര്‍ അദ്ദേഹത്തെ വിലയിരുത്തിയിട്ടുണ്ട്. 2 വര്‍ഷവും 5 മാസവും മാത്രമേ അദ്ദേഹം ഭരിച്ചുള്ളൂ. ക്രി.വ 720 ഫെബ്രുവരി 9ന് പരിഷ്‌കരണ വിരോധികള്‍ അദ്ദേഹത്തെ വിഷംകൊടുത്തുകൊല്ലുകയായിരുന്നു.