ഏതൊരു രണ്ടാംഭാഷയുടെയും പഠനം കുട്ടികളെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണതയുളവാക്കുന്ന പ്രകിയയാണ്. രണ്ടാം ഭാഷകളുടെ ഉച്ഛാരണ രൂപവും ശബ്ദ വ്യവസ്ഥയും വ്യാകരണ ഘടനയുമെല്ലാം മാതൃഭാഷയില്‍ നിന്നും വ്യത്യസ്തമാണ് എന്നതാണ് പ്രശ്‌നം. അറബി ഭാഷയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഇതേ മാനസികാവസ്ഥയാണ് എന്നതാണ് മറ്റൊരു പ്രശ്‌നം. അറബി പഠിക്കാന്‍ എളുപ്പവും സ്വായത്തമാക്കാന്‍ വഴക്കവും ഉള്ള ഭാഷയാണ് എന്ന് അധ്യാപകര്‍ക്ക് ഉറച്ച ധാരണയുണ്ടായിരിക്കണം. മറ്റേതൊരു ഭാഷയേക്കാളും പ്രയോഗ ലാളിത്യം അറബി ഭാഷക്കുണ്ട് എന്ന് മനസ്സിലാക്കുകയും വേണം.
നമുക്കൊരു ഉദാഹരണം നോക്കാം.താഴെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകങ്ങള്‍ ശ്രദ്ധിക്കുക.
He stays in a hostel in Trissur and tomorrow early morning he will leave the station and travel by train.
He will reach at Kozhikode at 10 AM .There is an interview on Wednesday.
മുകളില്‍ അടിവരയിട്ടിരിക്കുന്നത് പ്രത്യയങ്ങള്‍ വന്ന ഭാഗത്താണ്. In, at, by, on എന്നിങ്ങനെ വ്യത്യസ്തപ്രത്യയങ്ങള്‍ വന്നിട്ടുണ്ട്. സൂക്ഷ്മതയും കൃത്യതയും ഇല്ലെങ്കില്‍ തെറ്റിപ്പോകും. എന്നാല്‍ ഇതേ വാചകങ്ങള്‍ അറബിയില്‍ വരുമ്പോള്‍ എങ്ങനെയാണെന്ന് നോക്കാം.
ഇതില്‍ in,on,by,at എന്നിങ്ങനെ വ്യത്യസ്ത പ്രത്യയങ്ങള്‍ ( preposition) വന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ. ഇനി നമുക്ക് അതേ കുറിപ്പ് അറബിയില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്ന് നോക്കാം.
هو يسكن في مسكن في ترشور. و غدا سوف يسافر في قطار و يصل
في كالكوت في الساعة العاشرة صباحا . و هناك مقابلة في يوم الأربعاء.
ഒന്ന് നോക്കൂ.
ഇംഗ്ലീഷ് പ്രത്യയങ്ങള്‍ വന്ന സ്ഥാനത്തെല്ലാം في എന്ന جر ന്റെحرف മാത്രം. എന്തൊരു ലാളിത്യം.എന്തൊരെളുപ്പം. കുട്ടികളെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പങ്ങള്‍ക്കൊന്നും സാധ്യതയില്ല. തെറ്റിപ്പോകുമോ എന്ന് പേടിക്കേണ്ടതുമില്ല.
മറ്റൊരു ഇംഗ്ലീഷ് വാചകം ശ്രദ്ധിക്കുക.
Where are you going? താങ്കള്‍ എവിടെ പോകുന്നു എന്ന് ഇംഗ്ലീഷില്‍ ഇങ്ങനെയേ ചോദിക്കാനാകു. എന്നാല്‍ ഇതേ ചോദ്യം അറബിയില്‍ താഴെ പറയും വിധം ചോദിക്കാനാകും.
إلى أين أنت؟
أين تذهب؟
إلى أين تذهب؟
إلى أين أنت ذاهب؟
അത്രക്ക് വഴക്കമുണ്ട് അറബി ഭാഷക്ക്. ഒരേ ആശയം ഭിന്ന രൂപേണ ആവിഷ്‌കരിക്കാന്‍ കഴിയും. ഒരാശയം ചുരുങ്ങിയ വാക്കുകളില്‍ ആവിഷ്‌കരിക്കാന്‍ അറബി ഭാഷയിലൂടെ സാധിക്കും എന്ന പ്രത്യേകതയുമുണ്ട്.
‘ ഇത് ഒരു പേന ആകുന്നു’ ( നാലു വാക്കുകള്‍)
‘ This is a pen’ ( four words) yah ek kalam he ( ഹിന്ദിയിലും നാല് വാക്കുകള്‍)
എന്നാല്‍ ഇതേ ആശയം അറബിയിലേക്ക് വരുമ്പോള്‍ വെറും രണ്ടേ രണ്ടു വാക്കുകള്‍ هذا قلم
ഇതാണ് ലാളിത്യം എന്ന് പറയുന്നത്. ‘നീ എഴുന്നേറ്റു നില്‍ക്കൂ’എന്നത് അറബിയിലേക്ക് വരുമ്പോള്‍ ْقٌم എന്ന രണ്ട് അക്ഷരത്തില്‍ അത് പറയാനാകും.
‘ നീ സൂക്ഷിക്കുക’ എന്നതിന് ِق ( കി) എന്ന ഒരേ ഒരക്ഷരം മതിയാകും.
കുട്ടികളുടെ മുന്നില്‍ ഇത്തരം ഉദാഹരണങ്ങള്‍ നിരത്തി അറബി ഭാഷയുടെ പ്രയോഗ ലാളിത്യം ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് താല്‍പര്യമുണരും. ആത്മവിശ്വാസമുണ്ടാകും.
നാല് അടിസ്ഥാന ഭാഷാശേഷികളെ കുറിച്ച് തുടക്കത്തില്‍ നാം സൂചിപ്പിച്ചിരുന്നു. ശ്രവിക്കുകയും ഗ്രഹിക്കുകയും ചെയ്യാനുള്ള ശേഷി ഇവയില്‍ ആദ്യം വരുന്നു. ‘ കേള്‍വി’ എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.’ കേള്‍ക്കാന്‍ അവസരമുണ്ടാകുക’ എന്നതും പ്രധാനമാണ്. കേള്‍ക്കാനുള്ള അവസരമുണ്ടെങ്കിലേ മിണ്ടാനും പറയാനും കഴിയു. സംസാരിക്കാത്ത ഒരു കുട്ടിയെ ചികിത്സക്കായി ഒരു ആശുപത്രിയില്‍ കൊണ്ടുപോയാല്‍ ആദ്യമെന്താണ് ചെയ്യുക. കുട്ടിയുടെ ചെവി പരിശോധിക്കും. കേള്‍വി ശക്തി യുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടേ നാവും ചുണ്ടും വായുമൊക്കെ പരിശോധിക്കു.
അപ്പോള്‍ കേള്‍വിയുടെ പ്രാധാന്യം ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.
കുട്ടികളെ ഭാഷ കേള്‍പ്പിക്കണം. കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് കേള്‍പ്പിക്കണം. പാട്ടുകള്‍, കഥകള്‍, തമാശകള്‍, രസകരമായ കൊച്ചു സംഭവങ്ങള്‍ അങ്ങനെ തുടങ്ങി പലതും. താളാത്മകമായ പാട്ടുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. പാട്ടുകളുടെ ഒരു ശേഖരം അധ്യാപകരുടെ കയ്യിലുണ്ടായിരിക്കണം. ഭാഷാ പഠനത്തില്‍ താത്പര്യമുണ്ടാക്കാന്‍, ഉച്ചാരണസ്ഫുടത ഉറപ്പാക്കാന്‍, ശബ്ദ വ്യവസ്ഥ പരിശീലിപ്പിക്കാന്‍, വാക്കുകളും പ്രയോഗങ്ങളും പരിചയപ്പടുത്താന്‍ പാട്ടുകള്‍ ഏറ്റവും നല്ലൊരു സങ്കേതമാണ്.
( തുടരും )