അബ്ദുല്‍ മലിക്‌

അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ (ഹി: 65-86)

മര്‍വാനുബ്‌നുല്‍ഹകമിന്റെ മരണശേഷം മകന്‍ അബ്ദുല്‍ മലിക് അധികാരമേറ്റു. മദീനയിലെ പ്രമുഖപണ്ഡിതരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇറാഖും ഇറാനും കേന്ദ്രീകരിച്ച് ഉദയംചെയ്ത ഖവാരിജുകളുടെ കലാപമായിരുന്നു അദ്ദേഹം നേരിട്ട പ്രധാനവെല്ലുവിളി. തന്റെ അക്കാലത്തെ പ്രമുഖ സേനാനായകനായ മുഹല്ലബിന്റെ ശ്രമഫലമായി വര്‍ഷങ്ങളോളം നീണ്ട കലാപം അദ്ദേഹം അടിച്ചമര്‍ത്തി.

അമീര്‍ മുആവിയയുടെ കാലത്ത് ഉത്തരാഫ്രിക്ക ഇസ്‌ലാമികലോകത്തിന് കീഴില്‍വന്നുവെങ്കിലും ഹിജ്‌റ 79-ല്‍ ഉത്തരാഫ്രിക്കന്‍ ഗവര്‍ണറായി നിശ്ചയിക്കപ്പെട്ട മൂസബ്‌നു നുസൈറാണ് തദ്ദേശവാസികള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊണ്ട് അവിടെയുള്ള ബര്‍ബരികളെയും ഖലീഫയെ അംഗീകരിക്കുന്നവരാക്കിയത്. ഇക്കാലത്ത് നാവികസേന വിപുലീകരിക്കുന്നതിനുവേണ്ടി അദ്ദേഹം ഈജിപ്തില്‍ കപ്പല്‍നിര്‍മാണശാല സ്ഥാപിക്കുകയുണ്ടായി.

അബ്ദുല്‍ മലികിന്റെ മറ്റൊരു സംഭാവന ബൈത്തുല്‍ മഖ്ദിസിലെ മസ്ജിദുല്‍ അഖ്‌സായുടെ വളപ്പില്‍ പണി കഴിപ്പിച്ച ‘ഖുബ്ബത്തുസ്സഖ്‌റാ’ യാണ്. അവിടെയുള്ള പാറയില്‍നിന്നാണ് നബി ആകാശത്തേക്കുയര്‍ന്നത്. പ്രസ്തുത പാറയുടെ മുകളില്‍ പണിതതുകൊണ്ടാണ് ഖുബ്ബത്തുസ്സഖ്‌റാ എന്ന പേരുവന്നത്.
പ്രാദേശികഭാഷകള്‍ക്കുപകരം ഔദ്യോഗികഭാഷ ഓഫീസുകളില്‍ അറബിയാക്കിയതും വിദേശനാണയങ്ങള്‍ക്കുപകരം നാണയങ്ങള്‍ അടിച്ചിറക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്. ഉമര്‍(റ) ന്റെ കാലത്ത് ഇസ്‌ലാമികനാണയങ്ങള്‍ അടിക്കാന്‍തുടങ്ങിയെങ്കിലും റോമന്‍നാണയങ്ങള്‍ക്കായിരുന്നു പ്രചാരം കൂടുതല്‍.
ഇങ്ങനെ വിവിധനേട്ടങ്ങളെ മുന്‍നിര്‍ത്തി ഉമവി ഭരണകൂടത്തിന്റെ യഥാര്‍ഥസ്ഥാപകനായി അബ്ദുല്‍മലിക് ഗണിക്കപ്പെടാറുണ്ട്.

About the author

padasalaadmin

Topics

Featured