ചരിത്രം

അബ്ദുല്ലാഹിബ്‌നു സബഇനെക്കുറിച്ച്…

യമനിലെ സ്വന്‍ആഅ് നിവാസിയായ യഹൂദവിശ്വാസിയായിരുന്നു അബ്ദുല്ലാഹിബ്‌നു സബഅ്. മാതാവ് സൗദ. മാതാവിന്റെ പേരിലേക്ക് ചേര്‍ത്ത് ഇബ്‌നുസ്സൗദാഅ് എന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്. ഉഥ്മാന്‍ (റ)ന്റെ കാലത്താണ് ഇസ്‌ലാം സ്വീകരിച്ചുവെന്ന് അവകാശപ്പെട്ട് അദ്ദേഹം രംഗത്തുവരുന്നത്. യഥാര്‍ഥത്തില്‍ , മുസ്‌ലിംകള്‍ക്കെതിരെ ഗൂഢാലോചന നടത്താനും ഖിലാഫത്തിനെ അട്ടിമറിക്കാനും മുസ്‌ലിംസമൂഹത്തിനകത്ത് പിഴച്ച വിശ്വാസങ്ങളും ചിന്താഗതികളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യംവെച്ച് കൂടെക്കൂടിയ മുനാഫിഖായിരുന്നു അയാള്‍ എന്ന് പണ്ഡിതന്‍മാര്‍ ഐകകണ്‌ഠേന അഭിപ്രായപ്പെട്ടിട്ടുണ്ട്.

വിവിധമുസ്‌ലിം നാടുകളില്‍ ചുറ്റിസഞ്ചരിച്ച് ജനങ്ങളെ അവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കെതിരിലും ഖലീഫക്കെതിരിലും തിരിച്ചുവിട്ട് കലാപം സൃഷ്ടിക്കാന്‍ വട്ടംകൂട്ടുകയായിരുന്നു സബഇന്റെ ജോലി. ജനങ്ങളെ ഇളക്കിവിടാന്‍ അയാള്‍ സ്വീകരിച്ച തന്ത്രങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1. എല്ലാ ഓരോ പ്രവാചകന്നും ഓരോ വസ്വിയ്യ് ഉണ്ടായിരിക്കും. മുഹമ്മദ് നബിയുടെ വസ്വിയ്യ് അലി(റ) ആണ്. നിശ്ചയം, ഉഥ്മാന്‍ അലി(റ)യുടെ അവകാശം തട്ടിയെടുക്കുകയായിരുന്നു. അല്ലാഹുവിന്റെ പ്രവാചകന്റെ വസ്വിയ്യിനെ ഖലീഫയാകാന്‍ അനുവദിക്കാതെ മറച്ചുവെക്കുകയും തടഞ്ഞുവെക്കുകയും ചെയ്തവനെക്കാള്‍ വലിയ അക്രമി ആരാണുള്ളത്. അതിനാല്‍ ഈ വിഷയത്തില്‍ നിങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അവകാശങ്ങള്‍ അതിന്റെ യഥാര്‍ഥ ഉടമകള്‍ക്ക് തിരിച്ചുകൊടുക്കാന്‍ നിങ്ങളുടെ ഭരണാധികാരികള്‍ക്കെതിരെ സമരം ചെയ്യണം.

2. ഖലീഫ ഉഥ്മാന്‍ അധികാരങ്ങളും ഉദ്യോഗങ്ങളും സ്വന്തക്കാര്‍ക്കും ആശ്രിതര്‍ക്കും മാത്രം വീതംവെച്ചിരിക്കുന്നു. ഇത് അനീതിയാണ്. സ്വന്തംകുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കും അദ്ദേഹം വാരിക്കൊടുക്കുകയാണ്. ഈ സ്വജനപക്ഷപാതത്തിനെതിരെ ശബ്ദിച്ച് അവകാശങ്ങള്‍ പിടിച്ചുവാങ്ങണം.

3. തന്റെ കുടിലതന്ത്രങ്ങള്‍ നടപ്പാക്കാന്‍ ഓരോ പ്രദേശത്തും നിരവധി സഹായികളെ ഇബ്‌നുസബഅ് രഹസ്യമായി ഏര്‍പ്പാട് ചെയ്തു. യഥാര്‍ഥമുഖം മറച്ചുപിടിക്കാനും നന്‍മകല്‍പിക്കുകയും തിന്‍മ വിരോധിക്കുകയുമാണ് ഞങ്ങള്‍ എന്ന പേരില്‍ ശിഥിലീകരണപ്രവൃത്തികള്‍ നടത്താനും അയാള്‍ തന്റെ ആളുകളെ ഉപദേശിച്ചു. ജനങ്ങളെ ആകര്‍ഷിക്കാനും കൂടെക്കൂട്ടാനും സഹായിക്കുമാറ് പ്രവര്‍ത്തനശൈലി സ്വീകരിക്കാന്‍ പ്രത്യേകം ഉണര്‍ത്തി.
4. ഈ രഹസ്യസഹായികളെ ഉപയോഗപ്പെടുത്തി വിവിധ നാടുകളിലേക്ക് കത്തുകളയച്ചു. ‘ഞങ്ങളുടെ നാട്ടിലെ ഗവര്‍ണറും ഉദ്യോഗസ്ഥരും കൊള്ളരുതാത്തവരും സ്വജനപക്ഷപാതികളും അഴിമതിക്കാരുമാണ്-നിങ്ങളുടെ നാട്ടിലെന്താണ് അവസ്ഥ ‘ എന്നന്വേഷിച്ചുകൊണ്ടാണ് കത്തുകള്‍ എഴുതിയത്. ഇത്തരത്തില്‍ അയല്‍നാടുകളില്‍നിന്ന് കത്തുകിട്ടുന്ന പൊതുജനങ്ങള്‍ എല്ലാ പ്രദേശങ്ങളിലും ജനങ്ങള്‍ ഖലീഫക്കെതിരെ ഇറങ്ങുകയാണെന്ന് തെറ്റുധരിച്ചു. ഓരോ പ്രദേശത്തെയും ഗവര്‍ണര്‍മാര്‍ കുഴപ്പക്കാരാണെന്നും ഇതിനെതിരെ ഖലീഫ ഉഥ്മാന്‍ (റ) ഒന്നുംചെയ്യുന്നില്ലെന്നും വരുത്തിത്തീര്‍ന്നു. അലി(റ)നെപ്പോലുള്ള സ്വഹാബിമാരുടെ പേരില്‍ മദീനയെ ആക്രമിച്ച് ഖലീഫയെ പുറത്താക്കണം എന്ന ആഹ്വാനവുമായി കള്ളക്കത്തുകള്‍ പ്രചരിപ്പിച്ചു.

5. തന്റെ ഗൂഢപദ്ധതികള്‍ നടപ്പാക്കാനും ജനങ്ങളെ വശീകരിക്കാനും ഇബ്‌നു സബഅ് എല്ലാ രാജ്യത്തും മാറിമാറി സഞ്ചരിച്ചു. ഹിജാസിലെയും ബസ്വറയിലെയും ജനങ്ങള്‍ക്കിടയില്‍ തന്റെ ആദര്‍ശം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അവിടെ പരാജയപ്പെട്ടതോടെ കൂഫയിലും ശാമിലുമെത്തി. അവിടെയും കുതന്ത്രങ്ങള്‍ വിജയിക്കാതെ വന്നപ്പോള്‍ ഈജിപ്തിലെത്തി. വളരെ സമര്‍ഥമായി ആസൂത്രണംചെയ്ത വാദങ്ങളിലും പരിപാടികളിലും ഈജിപ്തിലെ ധാരാളം ദുര്‍ബലവിശ്വാസികള്‍ മയങ്ങിപ്പോയി. ‘ഈസാനബി തിരിച്ചുവരും എന്നതുപോലെ മുഹമ്മദ് നബിയും തിരിച്ചുവരും’ എന്ന തന്റെ വാദം സമര്‍ഥിക്കാന്‍ ഖുര്‍ആനിലെ ഈ സൂക്തം ഉദ്ധരിച്ചു: ‘ഈ ഖുര്‍ആന്‍ താങ്കളില്‍ ചുമത്തിയവന്‍ ആരാണോ അവന്‍ താങ്കളെ മഹത്തായ ഒരു പരിണതിയിലേക്ക് എത്തിക്കുന്നവനാകുന്നു.’ മുഹമ്മദ് നബിയാണ് ഭൂമിയിലേക്ക് തിരിച്ചുവരാന്‍ ഈസാനബിയെക്കാള്‍ അര്‍ഹന്‍ എന്നയാള്‍ വാദിച്ചു. അലി(റ) യുടെ അവകാശം തട്ടിപ്പറിക്കുകയാണ് ഉഥ്മാന്‍ (റ) എന്നതിനാല്‍ ദീനിന്റെ സംരക്ഷണത്തിന് ഖലീഫയെ വധിക്കണമെന്ന് ഇബ്‌നു സബഅ് ആഹ്വാനംചെയ്തു. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ജിഹാദ് അതാണെന്ന് അദ്ദേഹം പ്രചരിപ്പിച്ചു. ഈ വാദങ്ങള്‍ തെളിയിക്കാന്‍ അലി, ത്വല്‍ഹ, സുബൈര്‍ (റ) തുടങ്ങി സ്വഹാബിമാരുടെ വ്യാജകത്തുകളും പ്രചരിപ്പിച്ചു. അത്തരം കെണികളില്‍ കുടുങ്ങി കൂടുതല്‍ അനുയായികളെ ഈജിപ്തില്‍നിന്നാണ് അയാള്‍ക്ക് കിട്ടിയത്.ഫുസ്ത്വാതിലെ ജനങ്ങളെ അലിയുടെ നേതൃത്വത്തിലേക്കും കൂഫയിലെ ജനങ്ങളെ ത്വല്‍ഹയുടെ നേതൃത്വത്തിലേക്കും ക്ഷണിച്ചു. ബസ്വറയിലെ ആളുകളുടെ മുന്നില്‍ നേതാവായി ഉയര്‍ത്തിക്കാട്ടിയത് സുബൈര്‍ (റ) നെയാണ്.

ഗൂഢാലോചനക്കൊടുവില്‍ കത്തിപ്പടര്‍ന്നുകൊണ്ടിരുന്ന ഉഥ്മാന്‍ വിരുദ്ധതരംഗത്തെ മുതലെടുത്ത് ആയിരത്തോളം വരുന്ന പ്രക്ഷോഭകാരികളുടെ സംഘവുമായി ഇബ്‌നുസബഅ് ഈജിപ്തില്‍നിന്ന് യാത്രതിരിച്ചു. 4 നേതാക്കന്‍മാരുടെ കീഴിലുള്ള നാല് സംഘങ്ങളായാണ് അവര്‍ വന്നത്. അബ്ദുര്‍റഹ്മാനുബ്‌നു അദീബ് ബലവി, സൗആന്‍ ഇബ്‌നു ഇംറാന്‍, കിനാനബ്‌നു ബിശ് ര്‍ ലൈഥി, ഖുതൈറബ്‌നു ഫുലാന്‍ അസ്സുക്കുനി എന്നിവരായിരുന്നു അവര്‍. നാല് സംഘങ്ങളുടെയും പൊതുനേതൃത്വം അല്‍ ഗാഫഖീബ്‌നു ഹര്‍ബില്‍ ഹഖീഖിനായിരുന്നു. ഉഥ്മാന്‍(റ) നെ വധിച്ച് മുസ്‌ലിംസമുദായത്തെ ഛിന്നഭിന്നമാക്കുക എന്നതായിരുന്നു. അവരുടെ ലക്ഷ്യം. എന്നാല്‍ അത് വെളിപ്പെടുത്താന്‍ ഇബ്‌നു സബഅ് തയ്യാറായില്ല. മക്കയില്‍ ഉംറ ചെയ്യാന്‍ പോകുന്നുവെന്ന വ്യാജേന തീര്‍ഥാടകരെ പോലെയാണ് അവര്‍ പുറപ്പെട്ടത്. ഇബ്‌നു സബഉം അവരോടൊപ്പമുണ്ടായിരുന്നു.

ഈ സംഘം മദീനയിലെത്തുംമുമ്പ് ഒരു ചാരസംഘത്തെ അയച്ചു. തങ്ങളുടെ വരവ് അറിഞ്ഞ് മദീനയില്‍ തങ്ങളെ നേരിടാനുള്ള സന്നാഹങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തലായിരുന്നു മുഖ്യലക്ഷ്യം. അതോടൊപ്പം അലി, ത്വല്‍ഹ, സുബൈര്‍ എന്നീ പ്രമുഖസ്വഹാബാക്കളെ വശീകരിച്ച് തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനും ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാല്‍ സ്വഹാബിമാരും നബിപത്‌നിമാരും അവരുടെ നീക്കത്തെ എതിര്‍ത്തും പിന്തിരിപ്പിച്ചും നിലകൊണ്ടു. ഇതിനിടെ ഖലീഫയെക്കണ്ട് ഈജിപ്ഷ്യന്‍ ഗവര്‍ണറെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ നിലവിലുള്ള ഗവര്‍ണറെ മാറ്റി മുഹമ്മദ്ബ്‌നു അബീബക്‌റിനെ നിയമിക്കാമെന്ന് ഉറപ്പുലഭിച്ചു. ഈ അവസ്ഥയില്‍ ഈജിപ്ഷ്യന്‍ സംഘം തിരിച്ചുപോരാമെന്ന് തീരുമാനിച്ച് മദീനയില്‍നിന്ന് പുറപ്പെട്ടു. എന്നാല്‍ അതൊരു ഗൂഢാലോചനയായിരുന്നു. മദീനയില്‍ സ്വഹാബാക്കളുടെയും ജനങ്ങളുടെയും സാന്നിധ്യമൊഴിഞ്ഞു എന്ന് കണ്ടപ്പോള്‍ കലാപകാരികള്‍ തിരിച്ചുവന്നു.

ഉഥ്മാന്‍(റ)ന്റെ ദൂതനില്‍നിന്ന് പിടിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ഒരു കത്തുമായാണ് അവര്‍ തിരികെ മദീനയിലെത്തിയത്. കത്ത് മുഹമ്മദ്ബ്‌നു അബീബക്‌റിനെയും ചില സ്വഹാബിമാരെയും പേരെടുത്ത് പറഞ്ഞ് ചില കലാപകാരികളായ നേതാക്കളെ വധിക്കാന്‍ ഈജിപ്ത് ഗവര്‍ണര്‍ക്ക് ഖലീഫ നിര്‍ദേശം നല്‍കിക്കൊണ്ടുള്ളതാണ് എന്നായിരുന്നു പ്രചാരണം. ഖലീഫയുടെ ഒട്ടകപ്പുറത്ത് ഖലീഫ സീല്‍ചെയ്ത കത്ത് ,ഖലീഫയുടെ ദൂതനില്‍നിന്ന് പിടിച്ചെടുത്തത് എന്നവര്‍ പ്രചരിപ്പിച്ചു. ജനങ്ങളിലേറെപ്പേരും ഈ നുണ വിശ്വസിച്ച് ഇളകിവശായി. അലി(റ) അവരുടെ ആരോപണങ്ങളെ ശക്തമായി ചോദ്യംചെയ്യുകയും അവരെ ഉത്തരംമുട്ടിക്കുകയുംചെയ്തു. അതുകൊണ്ടൊന്നും അവര്‍ പിന്തിരിഞ്ഞില്ല. എന്നാല്‍ ഉഥ്മാന്‍ (റ) രാജിവെക്കണമെന്ന് കലാപകാരികള്‍ വാശിപിടിച്ചു. ഈ ആവശ്യമുന്നയിച്ച് ഖലീഫയുടെ അടുത്ത് അവര്‍ ചെല്ലുകയുമുണ്ടായി. കത്തിലെ സീല്‍ വ്യാജമാണെന്ന് ധരിപ്പിച്ച ഖലീഫ തന്റെ നിരപരാധിത്വം വെളിപ്പെടുത്തി. തന്റെ രാജി സമൂഹത്തില്‍ വമ്പിച്ച കുഴപ്പം സൃഷ്ടിക്കുമെന്ന് ഭയന്ന അദ്ദേഹം, അല്ലാഹു തന്നെ ധരിപ്പിച്ച കുപ്പായം അഴിച്ചുവെക്കില്ലെന്ന് പറഞ്ഞ് രാജിവെക്കാന്‍ വിസമ്മതിച്ചു. യഥാര്‍ഥത്തില്‍ ഉഥ്മാന്റെ രാജിക്കുവേണ്ടിയായിരുന്നില്ല, രക്തത്തിനുവേണ്ടിയായിരുന്നു അവര്‍ കൊതിച്ചത്. അതിനായി അവര്‍ ഖലീഫയുടെ വീട് ഉപരോധിക്കുകയും പള്ളിയില്‍ പോകുന്നത് തടയുകയുംചെയ്തു. കുടിവെള്ളംപോലും തടഞ്ഞ് കലാപകാരികള്‍ തങ്ങളുടെ പൈശാചികത തുറന്നുകാട്ടി. വെള്ളവുമായി വന്നവരെ ആക്രമിച്ചു. കലാപകാരികളുടെ മനസ്സില്‍ പകയുടെ അഗ്നിപര്‍വതം പൊട്ടിയൊഴുക്കിയ ഇബ്‌നുസബഇനെയും കൂട്ടരെയും ആഹ്ലാദഭരിതരാക്കി 40 ദിവസത്തെ ഉപരോധത്തിനൊടുവില്‍ ദുല്‍ഹജ്ജ് 18 ന് വെള്ളിയാഴ്ച വീടിന്റെ വാതിലിന് തീവെക്കുകയും കാവല്‍ക്കാരെ കീഴടക്കി അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു. ഈത്തപ്പനപട്ടകൊണ്ടും ചെരിപ്പുകൊണ്ടും ഉസ്മാന്‍ (റ)നെ മര്‍ദ്ദിച്ചു. സംഘത്തിലെ നിഷ്ഠുരനായ അംറുബ്‌നു ഹംഖ് ഖലീഫയെ തുരുതുരാ കുത്തി. ഒമ്പതുകുത്തുകളേറ്റ ഖലീഫ സൂര്യാസ്തമനത്തിനുമുമ്പ് രക്തസാക്ഷിയായി.

ഇസ്‌ലാമിനെതിരെ യഹൂദഭീകരവാദികള്‍ നയിച്ച യുദ്ധത്തിന്റെ അപകടകരമായ വിജയങ്ങളില്‍ രണ്ടാമത്തേതായിരുന്നു ഇത്. നേരത്തേ ഉമര്‍(റ)നെ വധിച്ചതും അവരായിരുന്നല്ലോ. വര്‍ഷങ്ങള്‍ അത്യധ്വാനം ചെയ്തിട്ടും മക്കയിലെ മുശ്‌രിക്കുകള്‍ക്കും മദീനയിലെ യഹൂദഭീകരര്‍ക്കും സാധിക്കാതെപോയത് ഇബ്‌നു സബഇന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേടാനായി എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ആ ചരിത്രം ഇന്നും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

Topics