”നിശ്ചയമായും ധര്‍മ്മങ്ങള്‍ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ കാര്യത്തിലും കടപ്പെട്ടവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിയാത്രക്കാരനും തന്നെയാവുന്നു. അല്ലാഹുവില്‍ നിന്നുള്ള നിര്‍ണ്ണയമത്രെ അത്. അഭിജ്ഞനും യുക്തിമാനുമാകുന്നു അല്ലാഹു”(9:60)എന്നാണ് സകാത്തിന്റെ അവകാശികളെ കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശം.
സകാത്തിന് അര്‍ഹര്‍ എട്ടു കൂട്ടരാണ്.
(1) ഫഖീര്‍, (2) മിസ്കീന് – കഷ്ടതകള്‍ അനുഭവിക്കുന്നവരാണ് ഈ പദങ്ങളുടെ പരിധിയില്‍ വരുന്നത്. ചിലര്‍ കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പരസ്യമായി അന്യരോട് അഭിമാനക്ഷതം മൂലം ചോദിച്ചുവാങ്ങാത്തവരാണ്. അവര്‍ക്കും സകാത്ത് നല്‍കണം.
”ദാനധര്‍മ്മം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞെരുക്കപ്പെട്ടു കഴിയുന്ന ദരിദ്രരര്ക്ക് വേണ്ടിയുള്ളതാണ്. അവര്‍ക്ക് ഉപജീവനം തേടി ഭൂമിയില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ല. അവരുടെ ഒതുങ്ങിയ ജീവിതരീതി കാരണം പരിചയമില്ലാത്തവര്‍ അവരെ ധനികരായി കരുതും (2:273)എന്ന ഖുര്‍ആന്‍ വചനത്തിന്റെ പൊരുള്‍ അതാണ്.
(3)ആമില്‍ – സകാത്ത് വകുപ്പിലെ ജോലിക്കാര്‍
ഭരണാധികാരിയോ ഖാസിയോ തങ്ങളുടെ പ്രതിനിധികളായി സകാത്ത് പിരിച്ചെടുക്കാനും വിതരണം ചെയ്യാനും അവയുടെ കണക്കുകള്‍ എഴുതി സൂക്ഷിക്കാനും നിയോഗിച്ചിട്ടുള്ളവരാണ് ഇക്കൂട്ടര്‍. തങ്ങളുടെ അദ്ധ്വാനത്തിന്റെ തോതനുസരിച്ച് ഒരു നിശ്ചിത വിഹിതത്തിന് അവര്‍ക്ക് അവകാശമുണ്ടാവും. ദരിദ്രരല്ലാത്തവര്ക്കും ഈ അര്‍ഹത നല്‍കിയത് ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ്.
(4)മുസ്ലിംകളോട് ഹൃദയൈക്യമുള്ളവര് – മുസ്ലിം സമൂഹത്തെ മുഴുവനും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് സകാത്തിന്റെ ലക്ഷ്യമാണ്. മുസ്ലിംകളെ സഹായിക്കാന്‍ മുന്നോട്ടു വരുന്ന അമുസ്ലിംകളും സകാത്തിന് അര്‍ഹരാവുന്നത് ഈ പശ്ചാത്തലത്തിലാണ്.
(5)അടിമകളെ മോചിപ്പിക്കാന്‍ സകാത്തിന്റെ അംശം വിനിയോഗിക്കാം.
(6)കടം കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് സകാത്തിന്ന് അര്‍ഹതയുണ്ട്.
(7)ദൈവമാര്‍ഗത്തില്‍ പോരാടുന്നവര്‍ക്ക് സകാത്തിന് അര്‍ഹതയുണ്ട്. മതത്തിന്റേയും നിലനില്‍പ്പിന് ആധാരമായ എല്ലാ പൊതുനന്മകള്ക്കും വേണ്ടി പൊരുതുന്നവരും ദൈവമാര്‍ഗത്തില്‍ (ഫീസബീലില്ലാഹി) എന്ന പദത്തിന്റെ പരിധിയില്‍ വരുമെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
(8)യാത്രക്കാര്‍- തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി യാത്രകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നുവെങ്കില്‍ സകാത്തില്‍ നിന്ന് ഒരംശം നല്‍കാം
Add Comment